സംസ്ഥാന ഹജ്ജ് ക്യാമ്പിന് കരിപ്പൂരില്‍ തുടക്കം; ആദ്യ വിമാനം ഇന്ന് രാത്രി 

By Web TeamFirst Published May 20, 2024, 7:33 PM IST
Highlights

എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ഐ.എക്സ് 3011 നമ്പര്‍ വിമാനത്തില്‍ 166 തീര്‍ത്ഥാടകരാണ് യാത്ര തിരിക്കുന്നത്.

മലപ്പുറം: സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഹജ്ജ് കര്‍മ്മത്തിന് പുറപ്പെടുന്നവരുടെ ആദ്യസംഘം ഇന്ന് രാത്രി കരിപ്പൂരില്‍ നിന്ന് യാത്ര തിരിക്കും. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ഐ.എക്സ് 3011 നമ്പര്‍ വിമാനത്തില്‍ 166 തീര്‍ത്ഥാടകരാണ് യാത്ര തിരിക്കുന്നത്. വിമാനം 3.50ന് ജിദ്ദയിലെത്തും. ചൊവ്വാഴ്ച രാവിലെ എട്ടിനും വൈകീട്ട് മൂന്നിനും രണ്ടാമത്തെയും മൂന്നാമത്തെയും വിമാനങ്ങള്‍ 166 വീതം യാത്രക്കാരുമായി തിരിക്കും. ഹജ്ജ് ക്യാമ്പിന്റെ ഉദ്ഘാടനം മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍വഹിച്ചു. 

തീര്‍ത്ഥാടകരെ സ്വീകരിക്കുന്നതിനും യാത്രായാക്കുന്നതിനും വിപുലമായ സജ്ജീകരണങ്ങളാണ് ഹജ്ജ് ക്യാമ്പില്‍ ഒരുക്കിയിട്ടുള്ളതെന്ന് അധികൃതര്‍ അറിയിച്ചു. വിമാനത്താവളത്തിലും ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 17,883 പേരാണ് മൂന്ന് എംബാര്‍ക്കേഷന്‍ പോയിന്റുകള്‍ വഴി ഈ വര്‍ഷം യാത്രയാവുക. ചരിത്രത്തിലാദ്യമായാണ് സംസ്ഥാനത്ത് നിന്നും ഇത്രയും കൂടുതല്‍ പേര്‍ക്ക് അവസരം ലഭിക്കുന്നത്. ആകെ തീര്‍ത്ഥാടകരില്‍ 7279 പേര്‍ പുരുഷന്മാരും 10,604 പേര്‍ സ്ത്രീകളുമാണ്. കൂടാതെ രണ്ട് വയസിനു താഴെയുള്ള എട്ട് കുഞ്ഞുങ്ങളും ഇതില്‍ ഉള്‍പ്പെടും. കോഴിക്കോട് എംബാര്‍ക്കേഷന്‍ വഴി 10,430 പേരും കൊച്ചി വഴി 4,273, കണ്ണൂര്‍ വഴി 3,135 പേരുമാണ് യാത്ര ചെയ്യുക. സംസ്ഥാനത്ത് നിന്നുള്ള 37 പേര്‍ ബംഗളൂരു, അഞ്ച് പേര്‍ ചെന്നൈ, മൂന്ന് പേര്‍ മുംബൈ എംബാര്‍ക്കേഷന്‍ പോയിന്റുകള്‍ വഴിയാണ് പുറപ്പെടുക. 

Latest Videos

മെയ് 26നാണ് കൊച്ചിയില്‍ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം. ജൂണ്‍ ഒന്നിന് കണ്ണൂരില്‍ നിന്നും യാത്ര തുടങ്ങും. സൗദി അറേബ്യന്‍ എയര്‍ലൈന്‍സാണ് ഈ രണ്ട് കേന്ദ്രങ്ങളില്‍ നിന്നും സര്‍വ്വീസ് നടത്തുക. കൊച്ചിയില്‍ നിന്നും ജൂണ്‍ ഒമ്പത് വരെ 17 സര്‍വ്വീസുകളും കണ്ണൂരില്‍ നിന്നും ഒമ്പത് വിമാനങ്ങളുമാണ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളതെന്നും അധികൃതര്‍ അറിയിച്ചു. 

കെഎസ്ആര്‍ടിസിയിൽ വൻ നടപടി: ഒരു ഡ്രൈവറെ പിരിച്ചുവിട്ടു, ഒരാൾക്ക് സസ്‌പെൻഷൻ 

 

tags
click me!