മുക്കുപണ്ടം പണയംവെച്ച് പണം തട്ടുന്നതിന് പിന്നിൽ വൻ ആസൂത്രണവും നിരവധിപ്പേരുള്ള സംഘവും; മുഖ്യപ്രതി പിടിയിൽ

By Web TeamFirst Published Oct 5, 2024, 12:38 AM IST
Highlights

നേരത്തെ തന്നെ വിവരം കിട്ടിയെങ്കിലും പൊലീസിന് ഇയാളെ പിടികൂടാൻ സാധിച്ചിരുന്നില്ല. പൊലീസ് എത്തുമ്പോൾ വനത്തിലേക്ക് രക്ഷപ്പെടും. 

കൊല്ലം: അഞ്ചലിൽ മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ് നടത്തിയ കേസിൽ മുഖ്യ പ്രതി പിടിയിൽ. ഇടുക്കി കീരിത്തോട് സ്വദേശി സുനീഷാണ് അറസ്റ്റിലായത്. പലയിടത്തും സുനീഷ് ഇത്തരത്തിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

അഞ്ചലിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ കേസില്‍ കൊട്ടാരക്കര സ്വദേശി സജയകുമാർ ഒരു മാസം മുമ്പ് പിടിയിലായിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് മുഖ്യ പ്രതിയായ ഇടുക്കി കീരിത്തോട് സ്വദേശി സുനീഷിനെ കുറിച്ച് വിവരം ലഭിച്ചത്. രണ്ട് തവണ പ്രതിയെ പിടികൂടാനുള്ള പൊലീസിന്റെ ശ്രമം വിഫലമായിരുന്നു. 

Latest Videos

വന അതിര്‍ത്തിയോട് ചേര്‍ന്ന് താമസിക്കുന്ന സുനീഷ് പൊലീസ് സാന്നിധ്യം മനസിലാക്കി വനത്തിലേക്ക് കടന്ന് രക്ഷപ്പെടുന്നതായിരുന്നു രീതി. ഒടുവിൽ അഞ്ചൽ പൊലീസ് നടത്തിയ രഹസ്യ നീക്കത്തിലൂടെ പ്രതിയെ പിടികൂടുകയായിരുന്നു. തെക്കൻ കേരളത്തിലെ വിവിധ സ്ഥാപനങ്ങളിൽ സുനീഷ് തട്ടിപ്പ് നടത്തിയിട്ടുണ്ട്.

ഇത്തരം തട്ടിപ്പുകാർ കാരണം തൊഴിൽ ചെയ്യാൻ കഴിയാത്ത അവസ്ഥയാണെന്ന് ആള്‍ കേരള കേരള പ്രൈവറ്റ് ബങ്കേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. അഞ്ചൽ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തു. തട്ടിപ്പ് സംഘത്തിൽ കൂടുതൽ കണ്ണികളുണ്ടെന്നാണ് പൊലീസിന്റ കണ്ടെത്തൽ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!