യുവ തലമുറയ്ക്ക് ആവേശമായി ആദ്യകാല മലയാള ദിനപത്രങ്ങളുടെ പ്രദര്‍ശനം

By Web TeamFirst Published Jul 6, 2024, 2:43 AM IST
Highlights

റിട്ട. വില്ലേജ് ഓഫീസർ കൂടിയായ മുണ്ടക്കയം അമ്പഴത്തിനാൽ എ.എസ് മുഹമ്മദ്(56) ആണ് യുവതലമുറയ്ക്ക് പഴമയുടെ പുതിയ അറിവിന്റെ ശേഖരങ്ങളുടെ കെട്ട് തുറന്നത്.

ചേർത്തല: കേരള ചരിത്രത്തിലെ ആദ്യകാല മലയാളദിന പത്രങ്ങളുടെ ശേഖരം പ്രദർശനത്തിനായി നിരത്തിയപ്പോൾ യുവ തലമുറകൾക്ക് പുത്തൻ അറിവും അതിലുപരി ആവേശവുമായി. ചേർത്തല കളവംകോടം കരപ്പുറം മിഷൻ യു പി സ്കൂളിലാണ് വായനാവാരാചരണത്തിന്റെ സമാപനവും കഥാകൃത്ത് വൈക്കം മുഹമ്മദ് ബഷീറിന്റെ 116-ാമത് ജന്മദിനവും പ്രമാണിച്ച് സ്ക്കൂളിൽ പഴമയുടെ പൊരുൾ തേടി വേറിട്ട പ്രദർശനം ഒരുക്കിയത്. 

റിട്ട. വില്ലേജ് ഓഫീസർ കൂടിയായ മുണ്ടക്കയം അമ്പഴത്തിനാൽ എ.എസ് മുഹമ്മദ്(56) ആണ് യുവതലമുറയ്ക്ക് പഴമയുടെ പുതിയ അറിവിന്റെ ശേഖരങ്ങളുടെ കെട്ട് തുറന്നത്. മഹാത്മാ ഗാന്ധിയും, ഇന്ദിരാഗാന്ധിയും വെടിയേറ്റ് മരിച്ച വാർത്തയുടെ തലക്കെട്ടുകൾ ഉള്ള വിവിധ പത്രങ്ങളും, ജവഹർലാൽ നെഹ്റു ഇന്ത്യയുടെ പ്രധാന മന്ത്രിയായ വാർത്ത മുതൽ മരണം വരെയുള്ള വാർത്തകൾ അടങ്ങിയ പത്രങ്ങളും പ്രദർശനത്തിൽ കണ്ടത് വിദ്യാർത്ഥികൾക്ക് പുത്തൻ അനുഭവമായി. 1997 ൽ മദർ തെരേസാ മരണത്തിന് കീഴടങ്ങിയ വാർത്തയും, ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി കൊല്ലപ്പെട്ട വാർത്തകളും അടങ്ങിയ പത്രങ്ങളും പ്രദർശനത്തിലുണ്ടായിരുന്നു. 

Latest Videos

കേരളത്തിലെ വിവിധ സ്കൂളിലായി 150 ഓളം പ്രദർശനങ്ങൾ മുഹമ്മദ് നടത്തി. ഒന്നര പതിറ്റാണ്ട് മുതൽ തുടങ്ങിയ ഹരമാണ് മുഹമ്മദിന് പഴയ പത്രങ്ങൾ ശേഖരിക്കുക എന്നത്. പത്രങ്ങൾക്ക് വേണ്ടി അനവധി യാത്രകളും നടത്തി. ഓരോ ബുക്ക് സ്റ്റാളുകളും, സുഹൃത്തുക്കൾ കേന്ദ്രീകരിച്ചുമാണ് മുഹമ്മദ് പഴയ പത്രങ്ങൾ ശേഖരിച്ചത്. കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും പുറത്തിറങ്ങിയ ചെറുതും, വലുതുമായ 216 ഓളം വ്യത്യസ്ത പത്രങ്ങൾ മുഹമ്മദിന്റെ ശേഖരത്തിലുണ്ട്. പത്രങ്ങൾ കൂടാതെ 1500ൽ അധികം ആനുകാലിക പ്രസിദ്ധീകരണങ്ങളും തന്റെ കൈയിലുണ്ടെന്നും ഇന്റർ നെറ്റിന്റേയും മറ്റ് സാങ്കേതികവിദ്യകളുടേയും ചുവടുപ്പിടിച്ചു നടക്കുന്ന യുവത്വത്തെ വായനയുടെയും ചരിത്രത്തിന്റെയും ലോകത്തേക്ക് ആകർഷിക്കുകയെന്നതാണ് ലക്ഷ്യമെന്നും മുഹമ്മദ് പറഞ്ഞു. 

സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം ചേർത്തല ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എ എസ് ബാബു ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് എൻ ബി സ്റ്റാലിൻ അധ്യക്ഷത വഹിച്ചു. ലോക്കൽ മാനേജർ ഫാ. തോമസ് കെ പ്രസാദ്, പ്രധാന അധ്യാപിക പി എസ് സന്ധ്യ, സ്റ്റാഫ് സെക്രട്ടറി ലിൻസി മേരി പോൾ, വെട്ടയ്ക്കൽ മജീദ് എന്നിവർ സംസാരിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!