ബാലുശ്ശേരിയിൽ അച്ഛനെ മകൻ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ഇന്നലെയാണ് പനായിപുത്തൂർവട്ടം സ്വദേശി അശോകനെ മാനസിക വെല്ലുവിളി നേരിടുന്ന മകൻ സുധീഷ് വെട്ടിക്കൊലപ്പെടുത്തിയത്.
കോഴിക്കോട്: ബാലുശ്ശേരിയിൽ അച്ഛനെ മകൻ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ഇന്നലെയാണ് പനായിപുത്തൂർവട്ടം സ്വദേശി അശോകനെ മാനസിക വെല്ലുവിളി നേരിടുന്ന മകൻ സുധീഷ് വെട്ടിക്കൊലപ്പെടുത്തിയത്. അതിക്രൂരമായ ഈ കൊലപാതകവുമായി ബന്ധപ്പെട്ട് മറ്റൊരു ദുരന്തവും ഈ കുടുംബത്തിൽ സംഭവിച്ചിട്ടുണ്ട്. അശോകന്റെ ഇളയ മകനായ സുമേഷ് 13 വർഷം മുമ്പ് ഇവരുടെ അമ്മ ശോഭനയെ കൊലപ്പെടുത്തിയതിന് ശേഷം ആത്മഹത്യ ചെയ്തിരുന്നു.
ഇന്നലെ രാത്രി വൈകിയിട്ടും വീട്ടിൽ വെളിച്ചം ഇല്ലാത്തതിനെ തുടർന്ന് അയൽവാസി വന്നു നോക്കിയപ്പോൾ ആണ് കൊലപാതകത്തെക്കുറിച്ച് അറിയുന്നത്. വീട്ടിനകത്തെ മുറിയിൽ അശോകൻ മരിച്ചു കിടക്കുകയായിരുന്നു. ദേഹമാസകലം മുറിവേറ്റ പാട് ഉണ്ട്. മാനസിക വെല്ലുവിളി നേരിടുന്ന സുധീഷ് നേരത്തെയും അച്ഛനെ ആക്രമിച്ചിരുന്നതായി നാട്ടുകാർ പറയുന്നു. ഇവർ ഇരുവരും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
ലഹരിക്ക് അടിമയായിരുന്ന സുധീഷിനെ ലഹരി വിമോചന കേന്ദ്രത്തിലെത്തിച്ച് ചികിത്സയും നൽകിയിരുന്നു. കൊലയ്ക്കുപയോഗിച്ച കമ്പി മുറിയിൽ നിന്ന് കണ്ടെത്തി. കൊലപാതക ശേഷം നാട്ടുകാരും പൊലീസും ചേർന്നാണ് സുധീഷിനെ പിടികൂടിയത്. മാനസിക വെല്ലുവിളി നേരിട്ടിരുന്ന ഇളയ മകനും ലഹരിക്കടിമയായിരുണെന്നാണ് ബന്ധുക്കൾ പറയുന്നത്.