ഐപിഎല്ലില്‍ അവസരം ലഭിക്കാത്തതിനാല്‍ കൗണ്ടി ചാമ്പ്യൻഷിപ്പില്‍ എസെക്സിനായി കളിക്കാന്‍ തയാറെടുക്കവെയാണ് ഷാര്‍ദ്ദുലിനെ തേടി ലക്നൗവിന്‍റെ വിളിയെത്തിയത്.
ഹൈദരാബാദ്: ഐപിഎല്‍ ലേലത്തില്‍ ആര്‍ക്കും വേണ്ടാത്ത താരമായിരുന്നു ഷാര്‍ദ്ദുല്‍ താക്കൂര്‍. ഐപിഎല്‍ മെഗാ താരലേലത്തിനുശേഷം മുംബൈക്കായി ആഭ്യന്തര ക്രിക്കറ്റില്‍ മിന്നിത്തിളങ്ങിയപ്പോഴും ഷാര്‍ദ്ദുലിനെ പരിക്കേറ്റവരുടെ പകരക്കാരായിപ്പോലും ആരും പരിഗണിച്ചില്ല. എന്നാല്‍ ഐപിഎല്ലിന് തൊട്ടുമുമ്പ് മൊഹ്സിന്‍ ഖാനേറ്റ പരിക്കിന്‍റെ രൂപത്തില്‍ ഷാര്‍ദ്ദുലിനെ ഭാഗ്യം തേടിവന്നു. ഇന്ത്യൻ കുപ്പായത്തില്‍ ഇറങ്ങുമ്പോഴെല്ലാം എതിരാളികളുടെ കൂട്ടുകെട്ടുകള്‍ പൊളിക്കുന്നതിനാല്‍ ലോര്‍ഡ് ഷാര്‍ദ്ദുല്‍ എന്ന് വിളിപ്പേര് വീണ ഷാര്‍ദ്ദുല്‍ താക്കൂര്‍ അങ്ങനെ ലക്നൗ സൂപ്പര്‍ ജയന്‍റ്സ് കുപ്പായത്തില്‍ എത്തി.
ഐപിഎല്ലില്‍ അവസരം ലഭിക്കാത്തതിനാല്‍ കൗണ്ടി ചാമ്പ്യൻഷിപ്പില്‍ എസെക്സിനായി കളിക്കാന്‍ തയാറെടുക്കവെയാണ് ഷാര്‍ദ്ദുലിനെ തേടി ലക്നൗവിന്‍റെ വിളിയെത്തിയത്. ഒടുവില്‍ ഐപിഎല്ലിലെ ആദ്യ രണ്ട് കളികള്‍ കഴിഞ്ഞപ്പോള്‍ വിക്കറ്റ് വേട്ടക്കാരിലെ ഒന്നാമനായി ഷാര്‍ദ്ദുല്‍ തല ഉയര്‍ത്തി നില്‍ക്കുന്നു. രണ്ട് മത്സരങ്ങളില്‍ നിന്ന് ആറ് വിക്കറ്റുമായാണ് ഷാര്‍ദ്ദുല്‍ വിക്കറ്റ് വേട്ടയില്‍ ഒന്നാമതെത്തിയത്. ഒരു മത്സരത്തില്‍ നാലു വിക്കറ്റെടുത്ത ചെന്നൈയുടെ നൂര്‍ അഹമ്മദാണ് വിക്കറ്റ് വേട്ടയില്‍ രണ്ടാം സ്ഥാനത്ത്. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ഖലീല്‍ അഹമ്മദ്, ക്രുനാല്‍ പാണ്ഡ്യ, ആര്‍ സായ് കിഷോര്‍ വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ക്കൊപ്പം മലയാളി താരം വിഗ്നേഷ് പുത്തൂര്‍ ഏഴാം സ്ഥാനത്തുണ്ട്.
വമ്പന്‍ താരങ്ങളെ കൈയൊഴിഞ്ഞു, പകരക്കാരെ എടുത്തതുമില്ല; രാജസ്ഥാന്‍ റോയല്‍സിനെക്കുറിച്ച് മുന്‍ താരം
റണ്‍വേട്ടയില്‍ ഒന്നാം സ്ഥാനത്തും മറ്റൊരു ലക്നൗ താരമാണ്. മധ്യനിര ബാറ്ററായ നിക്കോളാസ് പുരാന്‍. രണ്ട് കളികളില്‍ 145 റണ്‍സാണ് പുരാന്‍ അടിച്ചെടുത്തത്. അതും 258.93 പ്രഹരശേഷിയില്‍. രണ്ടാം സ്ഥാനത്തും മറ്റൊരു ലക്നൗ താരമാണ്. മിച്ചല്‍ മാര്‍ഷ്, രണ്ട് കളികളില്‍ 185.07 പ്രഹരശേഷിയില്‍ 124 റണ്‍സാണ് മിച്ചല്‍ മാര്‍ഷിന്‍റെ സമ്പാദ്യം.
സണ്‍റൈസേഴ്സ് ഹൈദരാബാദിന്‍റെ ട്രാവിസ് ഹെഡ്(114), ഇഷാന്‍ കിഷന്‍(106), ധ്രുവ് ജുറെല്‍(103), ക്വിന്‍റണ്‍ ഡി കോക്ക്(101), ശ്രേയസ് അയ്യര്‍(97) എന്നിവര്‍ക്ക് പിന്നിലായി എട്ടാം സ്ഥാനത്താണ് രാജസ്ഥാന്‍ റോയൽസ് താരം സഞ്ജു സാംസണ്‍(79) ഉള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക