പുലിയുടെ ദൃശ്യം കാമറയില്‍ പതിഞ്ഞ വീട്ടില്‍ നിന്നും നാനൂറോളം മീറ്റര്‍ അകലെയുള്ള ക്ഷേത്ര പറമ്പിലാണ് കൂട് സ്ഥാപിച്ചത്
തൃശൂർ: ചാലക്കുടിക്കാരെ കുറച്ച് ദിവസങ്ങളായി ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന പുലിയെ പിടികൂടാനായി കൂട് സ്ഥാപിച്ചു. കണ്ണമ്പുഴ ക്ഷേത്ര പറമ്പിലാണ് കഴിഞ്ഞ ദിവസം കൂട് സ്ഥാപിച്ചത്. 24ന് പുലിയുടെ ദൃശ്യം കാമറയില്‍ പതിഞ്ഞ വീട്ടില്‍ നിന്നും നാനൂറോളം മീറ്റര്‍ അകലെയുള്ള ക്ഷേത്ര പറമ്പിലാണ് കൂട് സ്ഥാപിച്ചത്. പുലിയെ ആകര്‍ഷിക്കാനായി കൂട്ടില്‍ ആടിനെ കെട്ടിയിട്ടുണ്ട്. ക്ഷേത്ര പറമ്പില്‍ പലയിടത്തുമായി പുലിയുടെ കാല്‍പാടുകളും കണ്ടെത്തിയിട്ടുണ്ട്. ചാലക്കുടി ഡിഎഫ്ഒ ആര്‍ വെങ്കിടേഷ് ഐഎഫ്എസിന്‍റെ നേതൃത്വത്തിലാണ് കൂടൊരുക്കിയത്. അടുത്ത ദിവസം പ്രദേശത്ത് നിരീക്ഷണ കാമറകള്‍ സ്ഥാപിക്കും.
ആര്‍ആര്‍ടി പ്രവര്‍ത്തകര്‍ മൂന്ന് ടീമുകളായി തിരിഞ്ഞ് 18, 20, 22, 23 വാര്‍ഡുകളില്‍ നിരീക്ഷണം ആരംഭിച്ചു. വെള്ളിയാഴ്ച വനം വകുപ്പിന്റെ നേതൃത്വത്തില്‍ പുഴയില്‍ വഞ്ചിയുപയോഗിച്ച് പുഴയോരങ്ങളില്‍ നിരീക്ഷണ നടത്തും. ഇതിന് പുറമെ ഡ്രോണ്‍ പറത്തിയുള്ള നിരീക്ഷണവും നടത്താന്‍ പദ്ധതിയുണ്ട്. കണ്ണംമ്പുഴ ക്ഷേത്രത്തിന് സമീപം ഐനിക്കാട് മഠത്തില്‍ രാമനാരായണന്റെ വീട്ടിലെ സിസിടിവി കാമറയിലാണ് 24ന് പുലര്‍ച്ചെ പുലിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞത്. വിദേശത്ത് ജോലിനോക്കുന്ന ഇവരുടെ മകന്‍ ബുധനാഴ്ച മൊബൈലില്‍ സിസിടിവി കാമറ പരിശോധിച്ചപ്പോള്‍ വീടിന് മുന്നിലൂടെ ഓടിപോകുന്ന അജ്ഞാത ജീവിയുടെ ദൃശ്യം ശ്രദ്ധയില്‍പെട്ടു.
കാമറ പരിശോധിച്ച വനംവകുപ്പ് കാമറയില്‍ പതിഞ്ഞ ചിത്രം പുലിയുടേതാണെന്ന് സ്ഥിരീകരിച്ചു. ഇതിനിടെ സിഎംഐ പബ്ലിക് സ്‌കൂളിന് സമീപവും പുലിയുടെ കാല്‍പാടുകള്‍ കണ്ടെത്തി. കണ്ണമ്പുഴ ക്ഷേത്രത്തിന് സമീപം പുലിയെ കണ്ടതിന് രണ്ട് ദിവസം മുമ്പാണ് സ്‌കൂള്‍ പരിസരത്ത് പുലിയെത്തിയത്. 22നാണ് ഇവിടെ പുലിയുടെ കാല്‍പാടുകള്‍ കണ്ടത്. ഇതും പുലിയുടേതാണെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു.
ഈ സാഹചര്യത്തില്‍ പുലിയ കഴിഞ്ഞ ഒരാഴ്ചകാലമായി ഈ ഭാഗത്തുണ്ടെന്ന നിഗമനത്തിലാണ് വനം വകുപ്പ്. ഒന്നില്‍ കൂടുതല്‍ പുലിയുണ്ടോയെന്ന കാര്യത്തിലും സംശയമുണ്ട്. എന്നാല്‍ ഈ ഭാഗത്ത് വളര്‍ത്തുമൃഗങ്ങളോ നായകളോ ആക്രമിക്കപ്പെട്ടതായി അറിവില്ല. പ്രൈവറ്റ് ബസ് സ്റ്റാന്റിലും സമീപ പരിസരങ്ങളിലും സ്ഥിരമായി തമ്പടിച്ചിരുന്ന തെരുവുനായ കൂട്ടങ്ങള്‍ പെട്ടെന്ന് അപ്രത്യക്ഷമായതും പുലി സാന്നിധ്യത്തിന്‍റെ തെളിവാണെന്ന് വിലയിരുത്തപ്പെടുന്നു.
ഇക്കഴിഞ്ഞ 14നാണ് കൊരട്ടി ചിറങ്ങരക്ക് സമീപം വീട്ടുമുറ്റത്ത് നിന്ന് വളര്‍ത്തു നായയെ പുലി പിടിച്ചുകൊണ്ടുപോയത്. തുടര്‍ന്ന് കൊരട്ടി പഞ്ചായത്തിലെ പല ഭാഗത്തും പുലിയെ കണ്ടതായുള്ള വാര്‍ത്തകളും പരന്നു. പുലിയെ പിടികൂടാനായി രണ്ട് കൂടുകളും സ്ഥാപിച്ചു. ഇതിനിടെയാണ് പുലി ചാലക്കുടിയിലും എത്തിയത്. മുന്‍ കരുതലിന്റെ ഭാഗമായി പ്രഭാത - സായാഹ്ന സഫാരിയടക്കമുള്ളവ നിര്‍ത്തിവക്കണമെന്ന നിര്‍ദേശം വനംവകുപ്പ് നല്കിയിട്ടുണ്ട്. പുലിപേടിയില്‍ പുറത്തിറങ്ങാൻ പോലും ഭയക്കുകയാണ് പ്രദേശവാസികൾ.
കൊളത്തൂരിൽ റബർതോട്ടത്തിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ വീണ്ടും പുലി കുടുങ്ങി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം