ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. സ്മിത രഞ്ജിത്ത് എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
രാവിന്‍ യാമങ്ങള്‍ നിശ്ശബ്ദതയിലൂടെ ഒഴുകി നീങ്ങുന്നിടത്ത് നിന്ന് അവളുടെ കഥ ആരംഭിക്കുകയാണ്. തല്‍ക്കാലം അവളെ ഞാന്‍ എന്ന് വിളിക്കട്ടെ, സങ്കല്‍പ്പിക്കട്ടെ.
ഒന്നിടവിട്ട ഓരോ മിനിറ്റുകളില്‍ മൂന്ന് അലാറങ്ങള്‍ ആരോടോ വാശി തീര്‍ക്കാനെന്ന പോലെ ശബ്ദം താഴ്ത്തിയും പിന്നെ ഉയര്‍ത്തിയും അടിച്ചു കൊണ്ടിരിക്കുകയാണ്. ജന്മസിദ്ധമായി കിട്ടാഞ്ഞിട്ടും എപ്പോഴോ കയറി വന്ന ഞെട്ടിയുണരാനുള്ള ആ കഴിവ്. അതിന് പതിവ് ശൈലിയില്‍ വലിയ മാറ്റമൊന്നുമില്ലാതെ ആ ശനിയാഴ്ചയും ഞാന്‍ ഞെട്ടിയുണര്‍ന്നു. സമയം 4:15. മോന് ട്യൂഷന്‍ ഉണ്ട്, ഞാന്‍ തന്നെ ഉറക്കമുണര്‍ന്ന് വിളിച്ചില്ലെങ്കില്‍ ആള് എഴുന്നേല്‍ക്കില്ല. കിടന്നിട്ട് നാല് മണിക്കൂര്‍ ആയോ, ഉറക്കച്ചടവിലും ഞാന്‍ കൈവിരലുകള്‍ എടുത്ത് എണ്ണി നോക്കി. നാല് തികയാന്‍ ഇനിയും മിനിറ്റുകള്‍ ബാക്കിയുണ്ട്. 'ഞാന്‍ എന്ന് നന്നാവും ഈശ്വരാ..'
ആകെ ഒരു സമാധാനം നാളെ ഞായര്‍, ഒരു അരമണിക്കൂര്‍ എങ്കിലും കൂടുതല്‍ നേരം കിടക്കാം. എന്നാലും സൂര്യന്‍ വന്ന് എന്റെ ജനാലപ്പാളിയിലൂടെ ഒളിഞ്ഞു നോക്കും മുന്‍പേ ഞാന്‍ എണീറ്റിട്ടുണ്ടാവും.
ഇന്നലെ വൈകീട്ട് ഒരു മാര്യേജ് റിസപ്ഷനില്‍ കണ്ടുമുട്ടിയ ഫ്രണ്ട് വര്‍ത്തമാനത്തിനിടയില്‍ അയാള്‍ എല്ലാ ദിവസവും ഒന്‍പത് മണിക്ക് കിടക്കും എന്ന് പറഞ്ഞ് കേട്ടപ്പോള്‍ സത്യത്തില്‍ എനിക്ക് കൊതിയായിപ്പോയി. ഇത് എന്റെ സ്വപ്നങ്ങളില്‍ മാത്രം, ഇത് നടത്തിയെടുക്കാന്‍ ഞാന്‍ ഒന്നുകൂടി ഭൂമിയില്‍ അവതരിക്കേണ്ടി വരും.
'ഹാ, പറഞ്ഞിട്ട് കാര്യമില്ല, എന്റെ തലവരയ്ക്ക് ഇത് വരെ വലിയ മാറ്റമില്ല' പാവം എന്റെ ആത്മഗതം എന്നോടായി മന്ത്രിച്ചു. ആത്മഗതത്തിന് ഓരോന്ന് പറഞ്ഞാല്‍ മതിയല്ലോ, ഈ ഞാന്‍ മാത്രമല്ലേ ഉള്ളൂ കേള്‍ക്കാന്‍!
റോക്കറ്റ് വിട്ടതുപോലെ നേരെ അടുക്കളയിലേയ്ക്ക്. 'താന്‍ എന്നോടിങ്ങനെ സങ്കടം പറഞ്ഞിട്ട് ഞാന്‍ എന്ത് ചെയ്യാനാ' -എന്റെ വേദനിക്കുന്ന മനസ്സിനോട് പറയാന്‍ എനിക്കീ ഉത്തരം മാത്രേ ഉള്ളൂ.
അവളേ, എന്റെ മനസ്സ്, എന്നോട് പരിഭവിച്ച് കുറച്ചു നേരത്തേയ്ക്ക് ഒന്നും മിണ്ടിയില്ല. 'ഹാ, കുറച്ചു നേരം മിണ്ടാതിരി' എന്ന് ഞാനും. എന്നാല്‍ ഇനി അങ്കം തുടങ്ങാം, അടുക്കള വാതില്‍ ഇപ്പൊ തുറക്കണോ? വേണ്ട, ഇരുട്ട് ഒന്ന് മാറട്ടെ, വല്ല കള്ളന്മാരും പതുങ്ങി നില്‍പ്പുണ്ടെങ്കിലോ? വേറെ ആരും എഴുന്നേറ്റിട്ടുമില്ല. പതുക്കെ ഓടിത്തുടങ്ങിയ ജോലിവണ്ടിയ്ക്ക് വേഗം കൂടിത്തുടങ്ങി. എന്നാല്‍ അതിനേക്കാള്‍ വേഗം ഇടയ്ക്കിടെ ഞാന്‍ എത്തി നോക്കാറുള്ള, ഹാളില്‍ തൂക്കിയിട്ടിരിക്കുന്ന ഘടികാരത്തിന് ആണ് ട്ടോ.
അടുക്കളയില്‍ നിന്ന് തെല്ലൊന്ന് സുല്ലിട്ട് ഞാന്‍ പുറത്തിറങ്ങി. വീട്ടിലെ ഫ്രീ ആയിരിക്കുന്ന എല്ലാ പ്ലഗ്ഗിലും ചാര്‍ജര്‍ കണക്ട് ചെയ്ത് മൊബൈലുകള്‍ ചാര്‍ജ് ചെയ്യാന്‍ വയ്ക്കുന്നു. ഇടയ്ക്ക് എപ്പോഴോ തൊണ്ട നനയ്ക്കാന്‍ കുറച്ച് വെള്ളമിറക്കുന്നു. സ്‌കൂളില്‍ പോകാനും ഓഫീസില്‍ പോകാനും ഉള്ളവരെ കുലുക്കി വിളിച്ച് എഴുന്നേല്‍പ്പിക്കുന്നു. എല്ലാത്തിനും എന്റെ കൈ എത്തണം എന്ന് പറഞ്ഞാല്‍ കുറച്ച് കഷ്ടം ആണേ. ഒരു വിളിയിലൊന്നും എഴുന്നേല്‍ക്കാത്ത എന്റെ നല്ല പാതിയോട് കൊച്ചു വെളുപ്പാന്‍കാലത്തു തന്നെ ഞാന്‍ മൂധേവി ആകുന്നു. ഹാ, ലക്ഷ്മീദേവിയെപ്പോലെ തങ്കപ്പെട്ട സ്വഭാവമുണ്ടായിരുന്ന എന്നെ എല്ലാവരും കൂടി മൂധേവിയാക്കി മാറ്റിയല്ലേ.
അടുക്കളയില്‍ എന്നും ചെയ്യാറുള്ള ആവര്‍ത്തനവിരസത ഉണ്ടാക്കുന്ന ജോലികള്‍ ഒരുവിധം ഒതുങ്ങി, ഇനിയാണ് നമ്മുടെ ഹോട്ടല്‍ പണി. ഇന്നത്തെ ബ്രേക്ഫാസ്റ്റ് ടൈംടേബിള്‍ പറയുന്നത് ദോശ എന്നാണ്. അച്ഛന് പേപ്പര്‍ ദോശ, മോന് നെയ് റോസ്റ്റ്, മോള്‍ക്ക് കുട്ടി ദോശ, അച്ഛന് ഉള്ളിച്ചമ്മന്തി, മോള്‍ക്ക് തേങ്ങാ ചട്ണി, മോന് ഒന്നും വേണ്ട ഭാഗ്യം! ഇതില്‍ എന്റെ ഇഷ്ടങ്ങള്‍ ഞാന്‍ എന്നേ മറന്നേ പോയി, ഇന്ന് അവരുടെ ഉച്ഛിഷ്ടമാണ് എന്റെ ഇഷ്ടം.
സ്‌കൂളിലേക്കു കൊടുത്തുവിടുന്ന ലഞ്ചിനും ഉണ്ട് ഈ പണി, ഒരാള്‍ക്ക് വേണ്ടത് മറ്റൊരാള്‍ക്ക് വേണ്ട, എത്ര നേരമായി ഈ നില്‍പ്പും ഓട്ടവും തുടങ്ങിയിട്ട്, ഒന്ന് ഇരിക്കാന്‍ മുട്ടിയിട്ട് വയ്യ, കാലുകള്‍ എന്നോട് കേഴുന്നു. ' ഒന്ന് വെയിറ്റ് ചെയ്യുട്ടോ, ഇത്തിരി കൂടി പണിയുണ്ട്', അല്ലാതെ ഞാന്‍ എന്ത് പറയാന്‍!
എന്നും ഓഫീസിലെ പഞ്ചിങ് മെഷീന് മുന്നിലെത്തുമ്പോള്‍ വിചാരിക്കും, നാളെ എങ്കിലും നേരത്തെ എത്തണം. കാലങ്ങളായി മാറ്റമില്ലാത്ത ലേറ്റ് കമേഴ്സ് ലിസ്റ്റില്‍ നിന്നൊരു മോചനം വേണം എന്റെ പേരിന്. ഒരിക്കലും മായ്ക്കാത്തതുകൊണ്ട് എന്റെ പേരെഴുതിയ ഭാഗം മാത്രം ആകെ പൊടിപിടിച്ച് മോശമായിരിക്കുന്നു. ഇന്നും അത് തന്നെ ആയിരുന്നു മനസ്സില്‍, എന്നാലോ പണി ഒക്കെ കഴിഞ്ഞപ്പോഴേയ്ക്കും പതിവ് നേരത്ത് തന്നെ കറങ്ങിത്തിരിഞ്ഞ് ഞാന്‍ എത്തി. എന്റെ സങ്കടത്തിന്റെയും രോഷത്തിന്റെയും അണ പൊട്ടി ഒഴുകുന്ന സമയം തുടങ്ങുന്നത് ഇവിടെയാണ്.
ഒരു കൈ സഹായം പോലുമില്ലാതെ ചെയ്യേണ്ടതെല്ലാം ചെയ്തു വച്ചു, ഓരോരുത്തര്‍ക്ക് ഇഷ്ടമുള്ള രീതിയിലെല്ലാം. എന്നിട്ടും ഒരു ഗ്ലാസ് വെള്ളം പോലും അവര്‍ എടുത്തു കുടിക്കാന്‍ മടി കാണിക്കുമ്പോള്‍, എനിക്ക് ഭ്രാന്ത് പിടിക്കുകയാണ്. അവിടെ 'നിന്റെ കയ്യില്‍ നിന്ന് വെള്ളം കുടിച്ചാലേ എന്റെ ദാഹം ശമിക്കൂ' എന്ന് പറയുമ്പോള്‍ അപ്പോള്‍ പ്രേമമല്ല എനിക്ക് തോന്നുന്നത്, കടുത്ത രോഷമാണ്. എന്നാലോ, വെറുതെ ഇരിക്കുന്ന നേരത്ത് ഇങ്ങനെ ഒക്കെ കേള്‍ക്കാന്‍ കൊതിച്ചാലും അതൊന്നും പറയുകയുമില്ല, എന്നതാണ് അതിലേറെ രസം. ഓഫീസില്‍ പോകാന്‍, സമയത്തിന് ആഹാരം കഴിക്കാന്‍, ആരോഗ്യപരമായ രീതിയില്‍ വല്ലപ്പോഴും എങ്കിലും കിടന്നുറങ്ങാന്‍ എനിക്കാവാത്തപ്പോള്‍ 'ഇങ്ങനെ പോയാല്‍ എനിക്ക് വട്ട് പിടിക്കും', ചെറുതൊന്നുമായിരിക്കില്ല അത്, വലുത് എന്തോ ഒന്ന്.
ഓടിപ്പോയി ഒരു കുളി കുളിച്ചെന്ന് വരുത്തിയിട്ട് പാത്രത്തില്‍ ഉച്ചയ്ക്ക് കഴിക്കാനുള്ള ഭക്ഷണം ആക്കി വീണ്ടും ക്ലോക്കില്‍ നോക്കിയപ്പോള്‍ തന്നെ മനസ്സിലായി, ഇന്നും ലേറ്റ് ആയിട്ടായിരിക്കും ഞാന്‍ ഓഫീസില്‍ എത്തുക. അവരെല്ലാം കഴിച്ചു ബാക്കി വച്ച പാത്രത്തില്‍ ഇരിക്കുന്ന പലതരം ദോശകള്‍ എന്നെ നോക്കി സഹതപിച്ചതൊന്നും കാണാന്‍ നില്‍ക്കാതെ പതിവായി രാവിലെ എന്നും എന്റെ ഭക്ഷണത്തിനായി മുറ്റത്ത് കാത്തു നില്‍ക്കുന്ന കാക്കകള്‍ക്ക് ഞാന്‍ ആ ദോശയെല്ലാം വീതിച്ചു കൊടുത്തു. പണ്ടേ ഇങ്ങനെയാണ്, കയ്യില്‍ എത്തിയിട്ടും കഴിക്കാന്‍ പറ്റാത്ത വായ് ഭാഗ്യമില്ലാത്തവള്‍ ഞാന്‍. ആത്മാര്‍ത്ഥമായി അന്നൊക്കെ അതില്‍ സഹതപിച്ചിരുന്നത് എന്റെ അമ്മ മാത്രം.
'മോളെ നീ എന്തെങ്കിലും കഴിച്ചിട്ടാണോ ഓഫീസില്‍ വന്നത്, അതോ പട്ടിണിയാണോ?'-എന്ന് ചോദിക്കാനായി അമ്മ രാവിലെ എന്നും വിളിച്ചിരുന്നു. അമ്മ ഇല്ലാതെ ആയപ്പോള്‍ ആ ഒരു സ്‌നേഹത്തണല്‍ എനിക്കായി വിരിക്കാന്‍ ഇനി ആരുമില്ലെന്നറിഞ്ഞപ്പോള്‍ 'ഇങ്ങനെ ആയാല്‍ എനിക്ക് വട്ട് പിടിക്കും, മുഴുത്ത വട്ട്'.
ഇനി ഓഫീസില്‍ പോകുന്ന കഥയാണ്, പിന്നീട് ചിന്തിക്കുമ്പോള്‍ ഏറെ രസവും അപ്പോള്‍ ചിന്തിക്കുമ്പോള്‍ വട്ട് പിടിക്കുന്നതും. രണ്ടും നാലും ചക്ര വാഹനങ്ങള്‍ ഓടിക്കാനുള്ള ലൈസന്‍സ് കയ്യില്‍ ഉണ്ടായിട്ടും അതും പിടിച്ചു കൊണ്ട് വഴിയിലൂടെ ഓട്ടമോ അതോ കാണുന്ന ഓട്ടോകള്‍ക്ക് നേരെ കൈ കാണിക്കലോ ആയിരിക്കും എന്നും രാവിലെ ഞാന്‍. ഒന്നും നിര്‍ത്താതെ ആകുമ്പോള്‍.. സമയം പിന്നെയും വൈകുമ്പോള്‍ എന്റെ കണ്ണുകളില്‍ നിന്ന് ഒഴുകുന്ന കണ്ണുനീരിന് സങ്കടത്തിന്റെ തണുപ്പും രോഷത്തിന്റെ ചൂടും ആയിരിക്കും.
നടക്കുന്നതിനിടയിലും എന്റെ ചിന്തകള്‍ നല്ല പാതിയോട് സംവദിക്കുകയായിരിക്കും, രാത്രി ചെന്നാലും ഇന്നലത്തേതോ ചൂട് കുറഞ്ഞതോ ആയ ഭക്ഷണം ഒന്നും ആര്‍ക്കും പാടില്ല. എല്ലാ ഭക്ഷണവും ഫ്രഷ് ആയിരിക്കണം. ചൂട് ഉണ്ടായിരിക്കണം. ഈ അടുക്കളജീവിയ്ക്ക് മാത്രം ആണ് ഒന്നിനും പരാതി ഇല്ലാത്തത്. ഓഫീസില്‍ നിന്ന് തിരികെ എത്തിയാലും പാതിരാക്കോഴി കൂവും വരെ ഇരിക്കാന്‍ പോലും സമയമില്ലാതെ, എന്നിട്ടും അവസാനം എനിക്ക് അന്യമാക്കപ്പെട്ട നിദ്രയോട് പരിഭവം പറയാനേ എനിക്ക് നേരമുള്ളൂ. ആ സമയവും തങ്ങളുടെ സന്തോഷങ്ങള്‍ ആവോളം ആസ്വദിച്ച് ഫോണില്‍ തോണ്ടിയിരുന്ന് ഓഫീസ് ജോലികളുടെ ആലസ്യം തീര്‍ക്കുന്നവരോടും സന്ധ്യാസമയം മുതല്‍ രാത്രി വരെ കണ്ണീര്‍മഴ പെയ്യിക്കുന്ന മെഗാസീരിയല്‍ കാണുന്നവരോടും എനിക്ക് അമര്‍ഷമാണ്. എനിക്കുമുണ്ട് ഫോണും വാട്ട്‌സ്അപ്പും പല ഗ്രൂപ്പുകളും. എന്നിട്ടും തിരിഞ്ഞൊന്ന് നോക്കാന്‍ നേരമില്ലാതെ എല്ലാവരുടെയും പരിഭവങ്ങള്‍ ഏറ്റു വാങ്ങുകയാണ് ഞാന്‍. അവര്‍ക്കറിയില്ലല്ലോ എന്റെ ശോചനീയമായ അവസ്ഥ!
അങ്ങനെ ഓരോന്ന് ആലോചിച്ച് ഞാന്‍ ഓഫീസില്‍ എത്തി. എന്റെ ഊഹം ശരിയായിരുന്നു, ഇന്നും ലേറ്റ്. 'ഇന്നും ലേറ്റാണല്ലോ' എന്ന് ഞാന്‍ ധൃതിയില്‍ നടന്നു സ്റ്റെപ്പുകള്‍ കയറുന്നതിനിടയില്‍ പിന്നില്‍ നിന്ന് ആരോ പറയുന്നത് കേട്ടു. തമാശ ഇഷ്ടായി എന്ന മട്ടില്‍ ചിരിച്ചു എന്നൊന്ന് വരുത്തിയിട്ട് ഞാന്‍ വേഗം കയറിപ്പോയി. എന്നുമുണ്ടാകാറുള്ള, എങ്കിലും ജാള്യത മാറാതെ ഞാന്‍ ഇന്നും എന്റെ കാബിനില്‍ കയറി ഇരിക്കും മുന്‍പേ എനിക്കായുള്ള ഫോണ്‍ വിളികളും ഞാന്‍ നോക്കിയാല്‍ മാത്രം ശരിയാവുകയുള്ളൂ എന്ന് വാശി പിടിക്കുന്ന ഫയലുകളും എന്റെ ടേബിളില്‍ എന്റെ വരവും കാത്ത് ഇരിക്കുകയായിരിക്കും.
സ്വസ്ഥമായി ചാര് കസേരയില്‍ ഒന്നു ചാഞ്ഞ് ഇരിക്കും മുന്‍പേ വീട്ടില്‍ നിന്ന് അമ്മായിയമ്മയുടെ ഫോണ്‍ കോള്‍, 'വൈകുന്നേരം നീ വരുമ്പോഴേ കുറച്ച് പച്ചക്കറിയും മീനും വാങ്ങിട്ടു വാ, ഇന്ന് വൈകുന്നേരം എന്റെ കുറച്ച് ബന്ധുക്കള്‍ വരുന്നുണ്ട്. നാളെ അവര്‍ക്ക് വേണ്ടതൊക്കെ ഒരുക്കണം'. ഫോണ്‍ താഴെ വച്ച് ഒരു നിമിഷം ഞാന്‍ രണ്ടു കയ്യും തലയില്‍ വച്ച് ഇരുന്നപ്പോള്‍ അടുത്തിരുന്ന സഹപ്രവര്‍ത്തക, 'എന്ത് പറ്റി ഡോ?'
'നാളത്തെ എന്റെ കാര്യം ഓര്‍ത്തിട്ട്... ഇങ്ങനെ പോയാല്‍ എനിക്ക് വട്ട് പിടിക്കും.'
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...