ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.ഫായിസ് അബ്ദുള്ള തരിയേരി എഴുതിയ കവിതകള്‍
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കം വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
ചളിക്കത്ത്
ഞാനാ വാതില്‍ പിന്നെയും തുറന്നിടാറുണ്ടായിരുന്നു.
മട്ടുപ്പാവിന്റെ മുകളില്‍ കൂടി നീ വന്നിരിക്കുമെന്ന് നിനച്ചു.
പാഞ്ഞു പോകുന്ന താരകങ്ങള്‍, നിലാവിലൊളിയുന്ന വയലറ്റു കസവ്,
നിശയുടെ ദീര്‍ഘ നിശ്വാസം, പൊട്ടിച്ചിരികള്‍
ഒന്നൂടെ കാണാമെന്ന് മോഹിച്ചു.
ഇന്നലത്തെ മഴയോട് കൂടി ഞാനതെല്ലാം നിര്‍ത്തി,
എന്റെ കത്തു പെട്ടി ഏതോ പാറക്കൂട്ടങ്ങളില്‍ കണ്ടെന്നാരോ പറഞ്ഞു കേട്ട്,
സ്നേഹവീട്ടിലാകാശം കല്ലെറിഞ്ഞത്
ടീവിയില്‍ കണ്ട്
സത്യമായിട്ടും
ഇനി മഴയെപ്പറ്റി പറയില്ല,
മഴയുടെ ചൂരിനെപ്പറ്റി പറയില്ല,
മഴയുടെ പ്രണയത്തെപ്പറ്റി പറയില്ല
വരില്ലെന്ന് പറഞ്ഞിട്ടും
വാക്ക് തെറ്റിച്ചു ഞാനിതാ വരുന്നു
അവസാനമായൊന്ന് കാണണമായിരുന്നു
ചുംബിക്കണമായിരുന്നു
മണ്ണിലെങ്കിലും അനുഗമിക്കണമായിരുന്നു
ചളിയില്‍ പുതഞ്ഞ കഷണങ്ങളിലൊന്നും
നിന്റെ കയ്യില്ലായിരുന്നു
ആരോ കണ്ടം വച്ചു പോയിരുന്നു.
ഫ്‌ളിപ്കാര്‍ട്ടില്‍ ഓര്‍ഡറിനു വെച്ച പോലെ മനുഷ്യരെയിങ്ങനെ തുണ്ടമായി പാക്ക് ചെയ്തിരിക്കുന്നു.
സന്ധ്യക്ക് കോതിയിടാറുള്ള മുടിത്തുമ്പുകള്‍ മണ്ണിലൊരു കവരൊട്ടിക്കുന്നത് കണ്ടെനിക്ക്
തലചുറ്റി
വഴി മാറിയോ
ഇല്ലെങ്കില്‍ ഞാനാരോട് ചോദിക്കും
നിന്റെ പച്ചപ്പട്ടാരാണ്
മാറിയുടുത്തതെന്ന്?
കാറ്റിലാടുന്ന ജിമിക്കിയുടെ താളങ്ങളില്‍ ആരാണ് ഒപ്പീസെഴുതുന്നതെന്ന്?
ആലിപ്പഴം പെറുക്കാനിറങ്ങിയ കുട്ടികളുടെ തൊണ്ടയിലെങ്ങനെ
നനഞ്ഞ മരുഭൂമി കയറിപ്പാര്‍ത്തുവെന്ന്?
ആരും മിണ്ടിയില്ല
അവളെ കാണണമെന്ന് പറഞ്ഞു
ആരും മിണ്ടിയില്ല
ആ കത്തുകളെന്റെതെന്ന് പറഞ്ഞു
ആരും മിണ്ടിയില്ല
ശവപ്പറമ്പില്‍ ആര് മിണ്ടാനാണ്
മരിച്ചോരല്ലാതെ.
പാലത്തിന്നക്കരെയൊരാള്‍
ഉറക്കെ ഉറക്കെ കൂവുന്നു
മഴയിതാ കോളും കൊണ്ടു വരുന്നു,
ഞാനാ വാതിലടക്കുന്നു
അതൊരു മഴ അല്ലായിരുന്നു..
അവസാന ശ്വാസത്തില്‍ ദൂരെയെവിടെന്നോ മനുഷ്യരൊഴുക്കുന്ന കണ്ണീരായിരുന്നു.
തുടച്ചാലും തുടച്ചാലും ഒഴുകുന്ന അവസാനത്തെ പിടച്ചിലുകള്‍
എന്റെയും നിന്റെയും ചിതയൊരുക്കുന്ന
ചെളിക്കത്ത്.
കുത്തനെ നില്‍ക്കുന്ന രാത്രി
നിലാവ് പാര്‍ന്നു പോയ
വെളിച്ചങ്ങളെ നോക്കി
കണ്ണിമ വെട്ടാതെ പാട്ടൊലിപ്പിച്ചു വരിയെഴുതുന്നത്
ഇരുപത്തി നാലാം
നിറങ്ങളില്‍.
ആകാശപ്പടവുകള്‍ കയറി
നക്ഷത്രങ്ങള്‍ കയ്യിട്ടു പിടിക്കുന്നതിന് മജീദിന്റുമ്മ വൈദ്യര്‍ക്കെഴുതി.
'പെണ്ണ് കേറിക്കൂടീക്ക് '
പുണ്ണ് പിടിച്ച
മണ്ണിന്റെ കൂനക്ക്
അവള് വെക്കുന്ന
പുളിങ്കറി മാത്രമേ
ഒഴിച്ചു കൊടുക്കാവൂയെന്ന്
വാദ്യാരും.
അവള്
തുണി നനച്ചിട്ട
അയല് വരിഞ്ഞു മുറുകിയ
നെഞ്ചില്‍ കൈവച്ചു ഞാന്‍ വെറുതെ ചോദിക്കും
ഇനിയുമെത്ര ചോര കുതിര്‍ത്തു
കവിത കുറിച്ചാലാണിനി
ഒരിക്കല്‍ നീയെന്റെ പ്രാണനായിരുന്നുവെന്ന്
അയാളറിയുന്നത്?
സത്യമായിട്ടും
എനിക്കറിയില്ല
ഈ മൗനങ്ങളുടെയൊന്നും
രഹസ്യം.
പുതുനാരി കുണുങ്ങുന്ന നേരത്തെയോര്‍ത്ത്
പിണങ്ങുന്ന പ്രേമത്തെ
ചുംബനപ്പൊതികളില്‍
കൊത്തിവലിച്ചു നീട്ടി
കൂര്‍ക്കം വലിക്കുന്നതിന്റെ
അലര്‍ച്ചകള്‍
പിളര്‍ന്നു പോയി
ആകാശങ്ങള്‍ തുളച്ചന്ന്
രാത്രി കുത്തനെ നിന്നിട്ടും
നീല നക്ഷത്രം ഇറങ്ങി വരുന്നില്ല
പിന്നെങ്ങനെയാണ്
ഒറ്റ മുറിയിലെ ചിതല്‍ ചീളുകള്‍ക്ക് സുഖമായുറങ്ങാനാവുന്നത്?
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...