ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.മര്‍വ എം കാദര്‍ എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കം വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
undefined
നല്ല പാതി
എന്റെ കണ്ണിന്റെ വലതുവശത്തെ മുറിവ് വയലറ്റ് നിറമാണ്.
അന്ന് നീ എന്നെ എറിഞ്ഞ് എന്റെ മുഖം ഉടച്ചു, എന്നിട്ട് എപ്പോഴത്തേയും പോലെ, നീ ആദ്യം കരഞ്ഞു. മറ്റാരെങ്കിലും നിന്നെ നോവിക്കുമ്പോഴൊക്കെ, നീ എന്തിനാണ് തിരിച്ച് എന്നെ നോവിക്കുന്നത്?
ഒരു തരി ഉറക്കം വരാത്ത, അസ്വസ്ഥമായ നിന്റെ എല്ലാ രാത്രികളിലും, ഞാന്‍ നിന്റെ കൂടെ ഉണര്‍ന്നിരിക്കാറില്ലേ? എന്നിട്ടും ഓരോ ദിവസത്തിന്റെ ഭാരമേറി നേരം പുലരുമ്പോള്‍, എന്നിലേക്ക് ചാരി പാതി മയക്കത്തിലായ നിന്നെ ഞാന്‍ ഉണര്‍ത്തും...,സ്‌നേഹത്തോടെ.
പക്ഷേ നീ എന്നെ തട്ടിമാറ്റും, എങ്കിലും നിന്റെ ജോലിയോടുള്ള പ്രതിബദ്ധത അറിയുന്നതുകൊണ്ട് ഞാന്‍ നിന്നെ വീണ്ടും വിളിക്കും. നിന്നെ കുറിച്ച് എല്ലാം അറിഞ്ഞിട്ടും, ഞാന്‍ എന്നും നിന്റെ കൂടെയുണ്ടായിരുന്നു. നീ പരമരഹസ്യത്തില്‍ എന്നോട് ആവശ്യപ്പെട്ട അറപ്പും വെറുപ്പും തോന്നിപ്പിച്ചത് പോലും ഞാന്‍ നിനക്ക് നല്‍കി. നീയതില്‍ ആര്‍ത്തിയോടെ അര്‍മാദിക്കുന്നത്, ഒന്നും മിണ്ടാതെ ഞാന്‍ കണ്ടു.
കണ്ണാടിയില്‍ നോക്കി നീ കുടവയര്‍ അളന്ന് വിഷമിച്ചപ്പോള്‍, ഞാന്‍ വ്യായാമങ്ങളെപ്പറ്റി പറഞ്ഞുതന്നു, പക്ഷേ നീ ദേഷ്യപ്പെട്ടു. വേവുന്ന വേനല്‍രാത്രിയില്‍, വൈകി നീ ഐസ്‌ക്രീമിനായി വല്ലാതെ കൊതിച്ചപ്പോള്‍, നഗരത്തിന്റെ അങ്ങേ തലയ്ക്കല്‍ ആകെ തുറന്നിരുന്ന അവസാനത്തെ കടയില്‍നിന്നും അതടയ്ക്കുന്നതിന് വെറും മൂന്നു മിനിറ്റ് മുന്നെ ഞാന്‍ നിനക്കത് വാങ്ങിത്തന്നു. ബ്ലാക്ക് കറന്റ്-നിന്റെ ഏറ്റവും ഇഷ്ടപ്പെട്ട ഫ്‌ലേവര്‍.
ഇരുണ്ട നഗരവഴികളില്‍ നീ വഴിതെറ്റി വലഞ്ഞപ്പോള്‍ നിന്നെ ഞാന്‍ വീട്ടിലെത്തിച്ചു. ഞാന്‍ നിന്റെ ധ്രുവനക്ഷത്രമായിരുന്നില്ലേ, എന്നിട്ടും ജീവിതം ദിശ തെറ്റുമ്പോള്‍ നീ ആദ്യം എന്റെ തിളക്കം കെടുത്തും. അവള്‍ നിന്നെ വിട്ടു പോയപ്പോഴും, ഞാന്‍ നിനക്ക് വേണ്ടി വിരഹഗാനങ്ങള്‍ പാടി, നിനക്ക് ഉള്ളു തുറന്ന് കരയാന്‍ വേണ്ടി, എന്റെ തൊണ്ട ഇടറിയെങ്കിലും, ശബ്ദം പതറിയെങ്കിലും.
എന്റെ ഊര്‍ജം നീ ഊറ്റുന്ന വേഗത്തില്‍ നിന്നെ കോപം കീഴടക്കുമ്പോള്‍, നീ എന്നെ മുറുക്കി പിടിക്കും; സ്‌നേഹത്തിന്റെ ഇറുക്കമെന്ന് ഞാന്‍ വിചാരിക്കുമ്പോഴേക്കും നീ എന്നെ നിനക്കാകുന്ന അത്രയും ക്രൂരമായെറിയും.
പക്ഷേ ഇത്തവണ... ഇത്തവണ എനിക്ക് വയ്യ.
ഇനി വയ്യ.
ഈ അഗാധ അന്ധകാരത്തില്‍ നിന്നും ഞാന്‍ ഇനി പ്രകാശിക്കില്ല. നീ പിന്നെ, പുതിയ എന്നെ ഇപ്പോഴേ തിരഞ്ഞെടുത്തു കാണും. ഇത്തിരി രൂപയ്ക്ക് നീ എന്നെ പകരംകൊടുക്കും. എന്റെ മേലുള്ള പരിക്കുകളേയും പാടുകളേയും പറ്റി അവര്‍ ചോദിക്കുമ്പോള്‍ നീ സ്വയം ന്യായീകരിക്കാന്‍ പോലും ശ്രമിക്കില്ല.
എന്നെക്കാളും നല്ല പിക്‌സല്‍ ക്യാമറയും സ്റ്റീരിയോ സ്പീക്കറും ബാറ്ററി ദൈര്‍ഘ്യവുമുള്ള ഒരാള്‍ എനിക്ക് പകരം വരും. നിന്റെ ഓരോരോ ഓര്‍മകളും നീയെന്നില്‍ നിന്നും മായ്ക്കാന്‍ ശ്രമിക്കും, but guess what I shall still see you in the clouds.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...