ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. സന്തോഷ് ഗംഗാധരന്‍ എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
undefined
അലാറം അടിക്കുന്നത് കേട്ടാണ് അമല കണ്ണ് തുറന്നത്. കുറച്ചു നേരം അനങ്ങാതെ കിടന്നു. ഇന്നെന്താണ് ദിവസം? കോളജില്‍ പോകേണ്ടേ? അപ്പോള്‍ തലയില്‍ മന്ത്രണം എത്തി - ഇന്ന് ഞായറാഴ്ചയാണ് മോളേ, അമലേ!
വെറുതേ ഉറക്കം കളഞ്ഞു. എന്തിനാണാവോ ഇന്നലെ ഉറങ്ങുന്നതിന് മുമ്പ് അലാറം വച്ചത്? അഞ്ചു മണിയെ ആയിട്ടുള്ളു. ഇനിയിപ്പോള്‍ കിടന്നിട്ട് കാര്യമില്ല. പോയ ഉറക്കം തിരിച്ചു പിടിക്കാന്‍ സാധിക്കില്ല. എഴുന്നേല്‍ക്കുക തന്നെ.
അമല എഴുന്നേറ്റ് പടിഞ്ഞാറ് ഭാഗത്തുള്ള ജനലിലേയ്ക്ക് നോക്കി. അത് തുറന്നിട്ട് ഒരു ഗുണവുമില്ല. അപ്പുറത്തെ വീട്ടിലെ ചുവരും അടച്ചിട്ട ജനലും മാത്രമേ കാണുകയുള്ളു. ഏറ്റവും സ്വകാര്യതയുള്ള മൂലയ്ക്കലെ മുറിയാണെന്ന് പറഞ്ഞിട്ടെന്ത് പ്രയോജനം! നിര്‍ഭാഗ്യവശാല്‍ പ്രകൃതിഭംഗി കോളനിയുടെ തെക്കും വടക്കും ആണ്. അവിടേയ്ക്ക് തുറക്കുന്ന ജനലുകള്‍ ഇല്ലാതെ പണിഞ്ഞ ആര്‍ക്കിടെക്റ്റിനെ കണ്ടാല്‍ രണ്ടെണ്ണം കൊടുക്കേണ്ടതാണ്. അയാള്‍ ഇനി ഈ വഴിയൊന്നും വരുമെന്ന് തോന്നുന്നില്ല.
എന്നാലും കിഴക്കുദിക്കുന്ന സൂര്യന്റെ പ്രകാശം ചുറ്റിത്തിരിഞ്ഞ് പടിഞ്ഞാറെ ജനലില്‍ കൂടി അകത്തേയ്ക്ക് വരട്ടെയെന്ന് പ്രാര്‍ത്ഥിച്ച് അമല ജനല്‍ തള്ളിത്തുറന്നു.
അപ്പുറത്തെ കാഴ്ച കണ്ട് അമല അമ്പരന്നു.
രണ്ട്
അമലയുടെ അമ്മ ശാരദയുടെ ഏറ്റവും വലിയ ആനന്ദം വീടിന് ചുറ്റും മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നതിലാണ്. രണ്ട് കൊല്ലം മുമ്പ് കണ്ണൂരില്‍ പോയപ്പോളാണ് ആദ്യമായി നാളുകളും മരങ്ങളും തമ്മിലുള്ള ബന്ധം മനസ്സിലാക്കിയത്. ഓരോ നാളിനും ചേരുന്ന മരങ്ങളുണ്ട്. കളരിവാതുക്കല്‍ ഭഗവതിയെ തൊഴുന്നതിനോടൊപ്പം അതിന് ചുറ്റും നട്ടിരിക്കുന്ന മരങ്ങളെ പറ്റിയുള്ള അറിവും പകര്‍ന്നു തന്നു, കൂടെയുണ്ടായിരുന്ന കളരിയാശാന്‍.
പക്ഷേ, കളരിവാതുക്കല്‍ ക്ഷേത്രത്തിന് ചുറ്റം നട്ട് പിടിപ്പിച്ച മരങ്ങള്‍ എന്തൊക്കെയാണെന്ന് അവിടെ എഴുതി വയ്ക്കാത്തതിനാല്‍ അതിനെ പറ്റി കൂടുതല്‍ മനസ്സിലാക്കാന്‍ സാധിച്ചില്ല.
പിന്നീട് ആനക്കൊട്ടില്‍ കാണാനായി കോടനാട് പോയപ്പോളാണ് അവിടെ നട്ടിരിക്കുന്ന മരങ്ങളും അതിനനുയോജ്യമായ നാളുകളും എഴുതിവച്ചിരിക്കുന്നത് കണ്ടത്. അതെല്ലാം മൊബൈലില്‍ പകര്‍ത്തി.
മരത്തൈകള്‍ക്കായി ഒരു നാള്‍ മണ്ണൂത്തിയില്‍ പോയി. അങ്ങനെ വീടിന്റെ പിന്നാമ്പുറത്ത് നിരയായി നാല് തൈകള്‍ നട്ടു.
വിജയന്റെ ഉത്രാടം നാളിന് വേണ്ടി പ്ലാവ്. ശാരദയുടെ മകം നാളിനായി പേരാല്‍. അമലയ്ക്ക് നെല്ലി മരം ഭരണി നാളിനെ കുറിക്കാന്‍. പിന്നെ രാജീവന്റെ തിരുവോണത്തിന് എരുക്കും. നാല് തൈകളും വേര് പിടിച്ച് വളരാന്‍ തുടങ്ങിയിരിക്കുന്നു.
ബാക്കിയുള്ള ഇരുപത്തിമൂന്ന് നാളുകളുടേയും ഇഷ്ടമരങ്ങള്‍ക്കായി ശാരദ തെരച്ചില്‍ തുടങ്ങിയതാണ്. പക്ഷേ, വിജയന്‍ സമ്മതിക്കാഞ്ഞത് കൊണ്ട് മാത്രം ആ പ്രൊജക്റ്റ് മാറ്റി വച്ചിരിക്കുന്നു എന്നേയുള്ളു. ഓരോ വീടിനും ഒരു പൂങ്കാവനം എന്ന മുദ്രാവാക്യത്തിന് പകരം ശാരദാലയത്തിന് ഒരു വനം എന്ന് തിരുത്തേണ്ടി വരുമെന്ന് ബാക്കി മൂന്നുപേരും കളിയാക്കിയിരുന്നു. ഒന്നാലോചിച്ചാല്‍ അത് ശരിയാണെന്ന് ശാരദയ്ക്കും തോന്നിയിരുന്നു. ഇതില്‍ പറയുന്ന മിക്ക മരങ്ങളും വനവൃക്ഷങ്ങള്‍ തന്നെയാണ്.
അമ്മയുടെ മരങ്ങളോടുള്ള പ്രേമം ഒരു പരിധി വരെ നന്നെന്ന് അമലയ്ക്കും തോന്നായ്കയില്ല. പക്ഷേ, അവള്‍ക്കിഷ്ടം എന്നും പൂക്കളോടായിരുന്നു. പ്രത്യേകിച്ചും റോസാപ്പൂക്കളോട്. വീടിന് മുന്നിലെ റോസ് ഗാര്‍ഡന്‍ അമലയ്ക്ക് സ്വന്തം.
രാജീവന് പിന്നെ പഠിത്തമല്ലാതെ വേറൊന്നിനോടും ഒരു പ്രതിപത്തിയില്ലായിരുന്നു. 'എരുക്കും കരിക്കും തിരിച്ചറിഞ്ഞു കൂടാത്ത ചെക്കന്‍' എന്നായിരുന്നു അനിയനെ പറ്റി അമലയുടെ അഭിപ്രായം. അവന്റെ മുഖത്തു നോക്കി അത് പറഞ്ഞാലും അവന് യാതൊരു ഭാവഭേദവും ഉണ്ടാകില്ല. അവന്റെ സ്വഭാവത്തിന് പറ്റിയ നാള്‍മരം തന്നെ എരുക്ക്!
അച്ഛന് പിന്നെ അച്ഛന്റെ ജോലി. ഓഫീസില്‍ തീര്‍ക്കാന്‍ പറ്റാത്തത് വീട്ടിലും കൊണ്ട് വന്ന് ചെയ്യുന്നത് കാണാം. മൊത്തത്തില്‍ നാല് പേരും നാല് ലോകത്തെന്ന് തോന്നാമെങ്കിലും തീന്‍മേശയില്‍ നാലാളും കര്‍ശനമായും ഒന്നിച്ചിരുന്നാണ് ആഹാരം കഴിച്ചിരുന്നത്. ആശയവിനിമയത്തിന്റെ ഇരുപത് മിനിറ്റുകളായിരുന്നു അത് എപ്പോഴും. മൂന്ന് നേരത്തെ ആഹാരമാകുമ്പോള്‍ ഒഴിവ് ദിവസങ്ങളില്‍ ഒരു മണിക്കൂര്‍ വീതം കൂടിയിരുന്ന് സംസാരിക്കാന്‍ അവസരം.
കോഴിക്കോട്-കണ്ണൂര്‍ പരിപാടിയൊരുങ്ങിയത് തീന്‍മേശയില്‍ നിന്നാണ്. അതുപോലെ തന്നെ ഇരിങ്ങോള്‍ക്കാവ്-കോടനാട്-പാണിയെലി പോര് യാത്രയ്ക്ക് അരങ്ങൊരുങ്ങിയതും അവിടെ നിന്ന് തന്നെ. ടിവിയുടെ മുമ്പിലിരുന്ന് ആഹാരം കഴിക്കുന്നതിനോട് നാലാള്‍ക്കും ഒരേ പോലെ എതിര്‍പ്പായിരുന്നു. അങ്ങനെ ഈ ഒരു കാര്യത്തില്‍ ഒത്തൊരുമയോടെ അവര്‍ നീങ്ങി.
അപ്പോഴാണ് അടുത്ത വീട്ടില്‍ പുതിയ കൂട്ടര്‍ ചേക്കേറിയത്. അച്ഛനും അമ്മയും ഒരു മകനും. മകന് ഒമാനിലെ മസ്‌ക്കറ്റില്‍ ജോലി.
മൂന്ന്
അമല അടുത്ത വീട്ടിലെ ജനലിനരികില്‍ കണ്ട കാഴ്ചയില്‍ അത്ഭുതം പൂണ്ട് നിന്നു. ജനല്‍പ്പടിയില്‍ ഒരു ചെടിച്ചട്ടിയില്‍ നില്‍ക്കുന്ന റോസാച്ചെടി. അതില്‍ വിടരാറായ ഒരു പൂമൊട്ടും.
ആ റോസാപ്പൂവിനെ തൊടാനെന്നവണ്ണം അവള്‍ കൈ നീട്ടി. അവളുടെ കൈയ്യില്‍ ആദ്യത്തെ മഴത്തുള്ളികള്‍ പൊടിഞ്ഞ് വീണു. പെട്ടെന്ന് അനുഭവപ്പെട്ട തണുപ്പില്‍ അവള്‍ കൈ പിന്‍വലിച്ചെങ്കിലും വീണ്ടും കൈ പുറത്തേയ്ക്ക് നീട്ടി. ഇത്തവണ റോസിന് വേണ്ടിയായിരുന്നില്ല. മഴവെള്ളം കൈയ്യില്‍ സ്വീകരിക്കാനായിരുന്നു.
മഴ ചെറിയ തോതില്‍ പെയ്യാന്‍ തുടങ്ങിയിരുന്നു. മഴ തന്ന ആഹ്ലാദത്തില്‍ അല്പ സമയത്തേയ്ക്ക് അവള്‍ അങ്ങേ വീട്ടിലെ അത്ഭുത റോസാപ്പൂവിനെ വിസ്മരിച്ചു. മഴക്കാലത്ത് മഴ പെയ്യുന്നതൊരു അത്ഭുതമല്ല. എങ്കിലും മഴ എപ്പോഴും അമലയ്ക്ക് ഉത്തേജനം ആയിരുന്നു. ഇന്നത്തെ ദിവസത്തിന്റെ തുടക്കം കൊള്ളാം - പൂമൊട്ടിനോടൊപ്പം മഴയും!
എങ്കിലും അപ്പുറത്തെ വീട്ടിലെ അത്ഭുത റോസ് എങ്ങനെ വന്നെന്ന് അറിയുവാന്‍ ഒരു ആകാംക്ഷ അമലയില്‍ വളര്‍ന്നു. അവിടെ പോയി ലളിതാന്റിയോട് ചോദിക്കാം. നേരം നല്ലവണ്ണം ഒന്ന് വെളുക്കട്ടെ.
മഴ പെയ്തുകൊണ്ടേയിരുന്നു. ഞായറാഴ്ച ആയതിനാല്‍ എല്ലാവരും മഴയില്‍ കുതിര്‍ന്ന ഒരു ഒഴിവ് ദിവസത്തിന്റെ ആലസ്യത്തില്‍ ആണ്ടു. പുറത്ത് കടയില്‍ പോകാന്‍ ഭാര്യമാര്‍ ആവശ്യപ്പെടുകയില്ലെന്ന നിശ്ചയത്തിന്റെ ഉത്സാഹത്തിലായിരുന്നിരിക്കണം ഭര്‍ത്താക്കന്മാര്‍.
ഒഴിവ് ദിവസമാണെങ്കിലും എട്ട് മണിയോടെ പ്രഭാതഭക്ഷണം കഴിക്കുന്ന പതിവായിരുന്നു ശാരദാലയത്തില്‍. ഇന്നും ആ പതിവ് തെറ്റിക്കാതെ നാലാളും മേശയ്ക്ക് ചുറ്റുമെത്തിയിരുന്നു.
''മഴയായതുകൊണ്ട് ഇന്ന് പുതിയ മരങ്ങളൊന്നും നടുന്നില്ലായിരിക്കും!'' എന്നുമെന്ന പോലെ ഭാര്യയുടെ നേരെ ആദ്യത്തെ അസ്ത്രം എയ്തുകൊണ്ടാണ് വിജയന്‍ ഭക്ഷണം കഴിക്കുവാന്‍ തുടങ്ങിയത്.
''കൂടുതല്‍ മരങ്ങള്‍ നട്ട് വനമാക്കിയാല്‍ പിന്നെ കാനന ഛായയില്‍ ആട് മേയ്ക്കാന്‍ പോയി നിങ്ങള്‍ ഒരു രമണന്‍ ആയി മാറിയാലോ? അതുകൊണ്ട് വേണ്ടാന്ന് വച്ചു.'' ശാരദയും നല്ല സംസാര മൂഡിലായിരുന്നു. കാലത്തെ പെയ്ത് തുടങ്ങിയ മഴ എല്ലാവരിലും ഉത്സാഹം വര്‍ദ്ധിപ്പിച്ചിരിക്കുന്നു.
''ഒരു നാള്‍മരം കൂടി വയ്ക്കാന്‍ സ്ഥലം കണ്ട് വയ്‌ക്കേണ്ടേ?'' വിജയന്‍ ചോദിച്ചു.
അച്ഛന്‍ എന്താണ് പറഞ്ഞു വരുന്നതെന്ന് അമലയ്ക്ക് മനസ്സിലായി. പക്ഷേ, അത് അമ്മയുടെ തലയിലെത്തിയെന്ന് തോന്നുന്നില്ല.
''നമ്മള്‍ നാലാളല്ലേയുള്ളു. പിന്നെന്തിനാണാവോ അഞ്ചാമത്തെ ഒരെണ്ണം? എന്താണ് വയസ്സുകാലത്ത് ഒന്നു കൂടി കെട്ടാനുള്ള ഭാവമുണ്ടോ?'' ശാരദ ഗൗരവം വിടാതെ തന്നെ ചോദിച്ചു.
വിജയന്‍ അമലയ്ക്ക് നേരെ നോക്കി തല കുലുക്കി. ''ഈ കടമ്പ കടക്കണ്ടേ?''
അമലയുടെ നിസ്സംഗഭാവം കണ്ടപ്പോള്‍ ശാരദയ്ക്ക് ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.
''അതിന് നിങ്ങള്‍ ബുദ്ധിമുട്ടണമെന്നില്ല. ഞാന്‍ കണ്ടുപിടിച്ചോളാം.'' അമലയും സംസാരത്തിലെ ഹാസ്യത്തിന് ഭംഗം വരാതെ പറഞ്ഞു. തീന്‍മേശയ്ക്കു ചുറ്റുമിരുന്നുള്ള ഇത്തരം രസകരമായ സംഭാഷണങ്ങളായിരുന്നു ആ കുടുംബത്തിന്റെ ജീവനാഡി.
''കണ്ടുപിടിക്കുന്നതൊക്കെ കൊള്ളാം. നാള് നോക്കി പ്രേമിച്ചാല്‍ മതി. അല്ലെങ്കില്‍ അമ്മ ബുദ്ധിമുട്ടും. മണ്ണൂത്തിയില്‍ കിട്ടുന്ന മരമായിരിക്കണം എന്ന് മാത്രം.'' വിജയന്‍ ശാരദയെ വിടാനുള്ള ഭാവമില്ലായിരുന്നു.
''മണ്ണൂത്തിയില്‍ കിട്ടിയില്ലെങ്കില്‍ സാരമില്ല അമ്മേ. ഞാന്‍ ആമസോണില്‍ നിന്നും വരുത്തിച്ച് തരാം.'' അമല അമ്മയുടെ പക്ഷം ചേര്‍ന്നു.
പുറത്ത് മഴ കനത്തു തുടങ്ങിയിരുന്നു. ആകാശം ഇരുട്ടടച്ചു തന്നെ നിന്നു. മഴ ഉടനെ കുറയാനുള്ള ഭാവമില്ലെന്നു തോന്നിച്ചു.
''ഹായ് നല്ല മഴ. ഇത്തവണയെങ്കിലും ഒരു വെള്ളപ്പൊക്കം കാണുവാന്‍ പറ്റിയിരുന്നെങ്കില്‍ എന്ത് രസമായിരുന്നു!'' അത്രയും നേരം മിണ്ടാതെയിരുന്ന രാജീവനായിരുന്നു അത്.
''അതേ, ചെക്കന് വെള്ളപ്പൊക്കം കാണാത്തതിന്റെ കുറവേയുള്ളു. മലവെള്ളത്തിന്റെ ശക്തിയെ പറ്റി അറിയാഞ്ഞിട്ടാണ്.'' ശാരദ രാജീവന് നേരെ കടുപ്പിച്ചു. തൊണ്ണൂറ്റിയൊന്‍പതിലെ വെള്ളപ്പൊക്കത്തെ പറ്റി അമ്മാമ്മ പറഞ്ഞു കേട്ടിട്ടുണ്ട്. അന്ന് കരിമ്പാടവും ചേന്ദമംഗലവുമൊക്കെ വെള്ളത്തിനടിയില്‍ പോയതാണ്. അതിന് ശേഷം ചെറിയ രീതിയില്‍ വെള്ളം കയറിയതായിട്ടേ കേട്ടിട്ടുള്ളു. അതുകൊണ്ട് കര്‍പ്പകം ഗാര്‍ഡനില്‍ സ്ഥലം വാങ്ങി വീട് വയ്ക്കുന്നതില്‍ രണ്ടാമതൊന്ന് ആലോചിക്കുകയേ ഉണ്ടായില്ല.
പറവൂര്‍ നിന്നും ചേന്ദമംഗലത്തേയ്ക്ക് പോകുമ്പോള്‍ പാലം കടന്നയുടനെയായിരുന്നു ഈ പുതിയ വീട്ടുകൂട്ടം. ടൗണില്‍ പോകാനും അമ്പലത്തില്‍ പോകാനും സൗകര്യം. നല്ല അയല്‍പക്കം. ഇടയ്ക്കിടെ എല്ലാ വീട്ടുകാരുടേയും ഒത്തുചേരല്‍. എല്ലാം കൊണ്ടും മനസ്സിനിണങ്ങിയ സ്ഥലം. കുട്ടികള്‍ക്കും സന്തോഷമായി.
''വെള്ളം വന്നാല്‍ നല്ലതല്ലെ. അമ്മയുടെ മരങ്ങള്‍ പെട്ടെന്ന് വളര്‍ന്ന് വലുതാകും.'' രാജീവനും അമ്മയെ കളിയാക്കാനാണെങ്കില്‍ നാക്കിന് നീളം കുറവില്ലായിരുന്നു.
''നീ നോക്കിക്കോ, നിനക്ക് ഉത്രട്ടാതി നക്ഷത്രക്കാരിയെ തന്നെ ഞാന്‍ കണ്ടുപിടിക്കുന്നുണ്ട്. എന്നിട്ട് വേണം ഒരു കരിമ്പന നടാന്‍.'' അമ്മയുടെ ദേഷ്യം ബാക്കി മൂന്നുപേരിലും ചിരിയാണ് വരുത്തിയത്.
''അത് നല്ലതാണ്. കരിമ്പനയില്‍ താമസിക്കാന്‍ ഒരു യക്ഷി ഇപ്പോഴേ ഇവിടെയുണ്ട്.'' വിജയന്‍ വിടാതെ ശാരദയുടെ പുറകേ തന്നെ.
''എന്നെ അതിന് കണക്കാക്കേണ്ടാ. ആ പഴയ വിജയത്തിനെ കൂട്ടിക്കൊണ്ട് വന്നോളു.'' അമ്മയുടെ മര്‍മ്മത്തുള്ള ഞോണ്ടലില്‍ അമലയും രാജീവും ചിരിച്ച് തകര്‍ത്തു.
''വിജയന്‍ ആന്റ് വിജയം! കേള്‍ക്കാന്‍ തന്നെ ഒരു രസമുണ്ട്! വിജയനും ദാസനും പോലെ ആകാതിരുന്നാല്‍ മതിയായിരുന്നു.'' അമല അമ്മയുടെ ചുവട് പിടിച്ചു.
വഴിക്കുളങ്ങരയുണ്ടായിരുന്ന വിജയവുമായുള്ള വണ്‍വേ പ്രേമത്തിന്റെ കഥ ഇവരോടെല്ലാം തമാശയ്ക്ക് പറഞ്ഞത് അബദ്ധമായെന്ന് വിജയന് തോന്നി.
''പിന്നെ ഒരു വിജയം! അവളെ ഞാനെന്നേ മുഖത്തു നോക്കി ഉപേക്ഷിച്ചതാണ്. അവളെങ്ങനെ കരിമ്പന കയറാന്‍ വരും. അതുകൊണ്ടല്ലേ ഞാന്‍ മലയാറ്റൂര്‍ രാമകൃഷ്ണന്റെ യക്ഷിയെ തന്നെ പിടികൂടിയത്.'' വിജയന്‍ വിട്ടുകൊടുക്കാന്‍ തയ്യാറല്ലായിരുന്നു.
''അതാണിപ്പോള്‍ ഭേഷായത്. മലയാറ്റൂരെങ്ങനെ കരിമ്പാടത്തെത്തി?'' ശാരദ ശബ്ദത്തില്‍ ഒരു പുച്ഛരസം വരുത്തി.
''അയ്യയ്യോ, അമ്മേ, യക്ഷി സിനിമയില്‍ ശാരദയായിരുന്നില്ലേ യക്ഷിയായിട്ട്. അതിത്ര പെട്ടെന്ന് മറന്നുപോയോ?'' അമലയ്ക്ക് മലയാള സിനിമയെ പറ്റി നല്ല വിവരമായിരുന്നു.
''അപ്പുറത്തെ ലളിതയുടെ മകന്‍ പ്രണവ് വന്നിട്ടുണ്ട്. മസ്‌കറ്റില്‍ നിന്നും ഒരു മാസത്തെ ലീവിന്.'' കരിമ്പന സംഭാഷണം പന്തിയല്ലെന്ന് കണ്ട് ശാരദ വിഷയം മാറ്റി.
പ്രണവ് - നല്ല പേര്. ഓംകാരമന്ത്രം. അമലയുടെ മനസ്സില്‍ ജനാലപ്പടിയിലെ പുതിയ റോസാച്ചെടി ഓടിവന്നു. പുതിയ ആളുടെ വരവോടെ അടുത്ത വീട്ടില്‍ പൂക്കളുടെ വരവായെങ്കില്‍, ആ പുതിയ ആള്‍ ഒരു സുന്ദരന്‍ ആയിരിക്കും. തനിക്കിഷ്ടമുള്ള റോസ് തന്നെ വച്ചത് എന്തിന്റെയെങ്കിലും ഒരു നിമിത്തമായി കൂടെന്നില്ല.
''മോഹന്‍ പറഞ്ഞിരുന്നു, മകന്‍ വരുന്ന കാര്യം. കര്‍പ്പകത്തിലേയ്ക്ക് മാറിയിട്ട് ആദ്യത്തെ വരവാണ്. മഴ മാറിയിട്ട് നമുക്ക് അവിടം വരെയൊന്ന് പോകാം.'' വിജയന്‍ ഭക്ഷണം മതിയാക്കി എഴുന്നേറ്റു.
അമലയും ഉടനെ എഴുന്നേറ്റ് പാത്രം കഴുകി വച്ചിട്ട് മുറിയിലേയ്ക്ക് പോയി. ജനലരികില്‍ ചെന്നാല്‍ പുതിയ ആളെ കാണാമെന്നുള്ള പ്രതീക്ഷയിലായിരുന്നു അവള്‍.
പുറത്ത് മഴ നില്‍ക്കാതെ പെയ്യുക തന്നെയായിരുന്നു. ആഗസ്റ്റ് മാസത്തില്‍ മഴ അവസാനിക്കുന്നതിന് മുമ്പ് നല്ലവണ്ണം പെയ്ത് തീര്‍ക്കാന്‍ ഒരുമ്പെട്ടിറങ്ങിയ പോലെ തോന്നിച്ചു. ഇടയ്ക്കിടെ മഴയുടെ ഘനം കുറയുന്നത് കണ്ടു. പക്ഷേ, അടുത്ത നിമിഷത്തില്‍ തുള്ളിക്കൊരു കുടം കണക്കെ കോരിച്ചൊരിയും. വലിയ വീടുകളിലുള്ളവര്‍ മഴ ആസ്വദിച്ചിരിക്കുമ്പോള്‍ പുഴയ്ക്കരികിലും തോടിന്റെ വക്കത്തും താമസിച്ചിരുന്നവര്‍ അവരവരുടെ ചെറിയ കൂരക്കുള്ളില്‍ 'അരുതാത്തതൊന്നും വരുത്തല്ലേ ദൈവമേ' എന്ന് പ്രാര്‍ത്ഥിച്ച് ഒതുങ്ങിക്കൂടി.
അമല തുറന്നിട്ടിരുന്ന ജനലിനരികില്‍ ചെന്ന് നിന്നു. മഴ ശക്തിയായി തന്നെ പെയ്യുന്നുണ്ട്. അടുത്ത വീട്ടിലെ റോസാച്ചെടി കാറ്റത്താടി കൊണ്ടിരിക്കുന്നത് കാണാന്‍ ഒരു സുഖം. ഇതിന്റെ ഉടമസ്ഥന്‍ വരാതിരിക്കില്ല.
അമല രണ്ടു കൈയും പുറത്തേയ്ക്കിട്ട് മഴവെള്ളം പിടിച്ചു. എന്നിട്ട് ആ വെള്ളം മുഖത്ത് ഒഴിച്ചു. മുഖം കഴുകി കണ്ണ് തുറന്നപ്പോള്‍ അതാ അപ്പുറത്തെ ജനാലക്കല്‍ ഒരു മുഖം. അയാള്‍ അമലയെ നോക്കി ചിരിക്കുകയാണ്. ''എന്താ വീട്ടിലെ പൈപ്പില്‍ വെള്ളമില്ലേ?'' അയാള്‍ ചോദിച്ചു.
പെട്ടെന്ന് താന്‍ പ്രതീക്ഷിച്ചിരുന്ന ആളെ മുമ്പില്‍ കണ്ട ചമ്മലില്‍ നിന്നും രക്ഷപ്പെടാനായി അമല മുഖം ഒന്നുകൂടി കൈകൊണ്ട് തുടച്ചു. ''മഴ കണ്ടപ്പോഴുള്ള ഒരു ത്രില്‍.''
''അമല. നല്ല പേര്.'' അയാള്‍ പറഞ്ഞു. ''ഞാന്‍ പ്രണവ്.''
പ്രണവ് - വിചാരിച്ച പോലെ സുന്ദരന്‍ തന്നെ. ''ഹായ്. എന്റെ പേരെങ്ങനെ മനസ്സിലായി?''
''റോസാച്ചെടികളെ സ്‌നേഹിക്കുന്ന അമലയെ അറിയാത്തവര്‍ ആരാ ഉള്ളത്! വീട്ടിലെത്തിയപ്പോള്‍ മുതല്‍ അമ്മയുടെ വായില്‍ നിന്നും അമലയെ പറ്റിയുള്ള വിവരണമാണ്. ഇപ്പോള്‍ കണ്ടപ്പോള്‍ അമ്മ പറഞ്ഞതപ്പടി സത്യമെന്ന് മനസ്സിലായി.''
തനിയ്ക്ക് വേണ്ടിയാണ് ജനല്‍പ്പടിയിലെ റോസാച്ചെടിയെന്ന് അപ്പോള്‍അമലയ്ക്ക് മനസ്സിലായി. ''അമ്മ എന്താണാവോ പറഞ്ഞു തന്നത്?''
പ്രണവ് എന്താണ് പറഞ്ഞതെന്ന് മനസ്സിലാക്കാന്‍ പറ്റുന്നതിന് മുന്നെ അടുക്കളയില്‍ നിന്നും അമ്മയുടെ ഉറക്കെയുള്ള വിളി കേട്ടു. ''അമലേ, വേഗം ഇങ്ങ് വന്നെ.''
പ്രണവിനോട് 'പിന്നെ കാണാം' എന്ന് ആംഗ്യം കാട്ടിയിട്ട് അമല തിരിഞ്ഞു നടന്നു. തന്റെ കൈയില്‍ ആദ്യം പൊടിഞ്ഞു വീണ മഴത്തുള്ളികള്‍ പോലെ തന്റെ മനസ്സില്‍ അനുരാഗത്തിന്റെ ആദ്യനാമ്പുകള്‍ വിരിയുന്നത് അമല അറിഞ്ഞു.
തൊടിയില്‍ മുഴുവന്‍ വെള്ളം കെട്ടാന്‍ തുടങ്ങിയിരിക്കുന്നു. അടുക്കള ഭാഗത്തായിരുന്നു കൂടുതല്‍. അതാണ് ശാരദ അമലയെ വിളിച്ചത്. വര്‍ക്ക് ഏരിയയിലെ വാതില്‍പ്പടിയില്‍ കൂടി വെള്ളം അകത്ത് കടക്കാതിരിക്കാനായി കുറേ പഴയ തുണികഷണങ്ങള്‍ വച്ച് അടയ്ക്കാനായിരുന്നു അവരുടെ ശ്രമം.
അതിനിടയില്‍ മഴ തോര്‍ന്നു. കുറച്ചു നേരമായി നിര്‍ത്താതെ പെയ്യുന്ന മഴയില്‍ ഒരു ശമനം കണ്ടപ്പോള്‍ ശാരദയ്ക്ക് സമാധാനമായി. മുറ്റത്ത് കെട്ടിക്കിടക്കുന്ന വെള്ളം ഇനി വലിഞ്ഞുകൊള്ളും. തെക്കുവശത്ത് നട്ടിരുന്ന മരത്തൈകളുടെ പകുതിയോളം വെള്ളം എത്തിയിരുന്നു.
പിന്നീട് വൈകുന്നേരം വരെ മഴ പെയ്യാതെ ആകാശം കാര്‍മേഘാവൃതമായി തന്നെ നിന്നു. അതിനിടയില്‍ ചുറ്റിനും കെട്ടിക്കിടന്നിരുന്ന വെള്ളമെല്ലാം ഒഴുകിയും വലിഞ്ഞും അപ്രത്യക്ഷമായി.
വൈകുന്നേരം വിജയനും കുടുംബവും അപ്പുറത്തെ വീട്ടിലെത്തി, പുതിയ കഥാപാത്രത്തെ പരിചയപ്പെടാനായി. എല്ലാവരും ഇരുന്ന് സംസാരിക്കുമ്പോഴും അമലയുടെ കണ്ണുകള്‍ പ്രണവിന്റെ മുഖത്തെ ഭാവമാറ്റങ്ങള്‍ ശ്രദ്ധിച്ചു പഠിക്കുകയായിരുന്നു. ബാക്കിയുള്ളവര്‍ കാണാതെ ഇടയ്ക്കിടയ്ക്ക് തന്റെ നേരെ പ്രണവിന്റെ കണ്ണുകള്‍ നീളുന്നതായി അമലയ്ക്ക് മനസ്സിലായി. അന്ന് രാത്രി അമലയുടെ ഹൃദയത്തില്‍ അനുരാഗത്തിന്റെ ഒരായിരംറോസാപ്പൂക്കള്‍വിരിഞ്ഞിരുന്നു.
രാത്രി വീണ്ടും മഴ പെയ്യാന്‍ തുടങ്ങി. വെളുക്കുന്നത് വരെ നിര്‍ത്താതെപെയ്തു.
കോളനിയുടെ മുമ്പിലുള്ള റോഡില്‍ മുഴുവന്‍ കണങ്കാലിനൊപ്പം വെള്ളം കെട്ടി നില്‍ക്കുന്നു. ശാരദാലയത്തിന് ചുറ്റും ഒരു തടാകം തീര്‍ത്തു രാത്രി മഴ. ഭാഗ്യത്തിന് രാവിലെ മഴ പെയ്യണോ വേണ്ടയോ എന്ന സംശയത്തില്‍ പെയ്യാതെ നിന്നു.
''നാല് വശവും വെള്ളത്താല്‍ ചുറ്റപ്പെട്ട കരയെ ദ്വീപ് എന്ന് പറയുന്നു.'' രാവിലെ എഴുന്നേറ്റ് വന്നയുടനെ രാജീവന്‍ ഉറക്കെ പ്രഖ്യാപിച്ചു. ''അതുകൊണ്ട് ഞാനിന്ന് കോളജില്‍ പോകുന്നില്ല.''
പക്ഷേ, വിജയന്‍ കാറെടുത്ത് തന്റെ ഓഫീസിലേയ്ക്ക് പോയി. അമല അമ്മയെ സഹായിക്കാന്‍ കൂടി. എങ്കിലും അവളുടെ മനസ്സ് തന്റെ ജനാലയ്ക്കരികില്‍ തന്നെയായിരുന്നു.
അതിനിടയില്‍ കൊച്ചി വിമാനത്താവളം ഒരു ദിവസത്തേയ്ക്ക് പ്രവര്‍ത്തനം നിര്‍ത്തി വച്ചതായി വാര്‍ത്ത വന്നു. ചെങ്കല്‍ത്തോട് നിറഞ്ഞ് റണ്‍വേയിലെല്ലാം വെള്ളം നിറഞ്ഞതായിരുന്നു കാരണമായി പറഞ്ഞത്. മഴ പെയ്യാതെ നിന്നാല്‍ വെള്ളം പമ്പ് ചെയ്ത് കളഞ്ഞ് പ്രവര്‍ത്തനം പുനരാരംഭിക്കുവാന്‍ സാധിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അവകാശപ്പെട്ടു.
പക്ഷേ, മഴ മനുഷ്യരുടെ വരുതിയില്‍ അല്ലല്ലോ. അത് അതിന്റെ ഇഷ്ടപ്രകാരം പെയ്യുകയോ പെയ്യാതിരിക്കുകയോ ചെയ്യും. ഉച്ചയോടെ വീണ്ടും മഴ തന്റെ കലാപരിപാടികള്‍ ആരംഭിച്ചു.
അമല തന്റെ മുറിയിലെ ജനലിനരികില്‍ ഇടയ്‌ക്കൊക്കെ വന്ന് നോക്കിയിരുന്നു. പക്ഷേ, പ്രണവിനെ കണ്ടുകിട്ടിയില്ല. അപ്പോഴാണ് അവള്‍ക്ക് ഒരു കുസൃതി തോന്നിയത്. ഒരു കടലാസ്സില്‍ 'ഓംകാരം' എന്നെഴുതി അതിനെ ഒരു 'ആരോ' ആക്കി അപ്പുറത്തെ തുറന്നിട്ട ജനലിലൂടെ പ്രണവിന്റെ മുറിയിലേയ്ക്ക് തെന്നിച്ചു. എപ്പോഴെങ്കിലും പ്രണവ് അത് കാണാതിരിക്കില്ലെന്ന് അമലയ്ക്ക് ഉറപ്പുണ്ടായിരുന്നു. തന്റെ സന്ദേശത്തിന്റെ അര്‍ത്ഥം മനസ്സിലാക്കുമോ എന്നേ ഒരു സന്ദേഹമുണ്ടായിരുന്നുള്ളു.
മൂന്ന് മണിയോടെ വിജയന്‍ തിരിച്ചെത്തി. മഴവെള്ളം പല സ്ഥലത്തും കയറി തുടങ്ങിയതായി വിവരം ലഭിച്ചത് കൊണ്ട് എല്ലാവരും നേരത്തെ തന്നെ ഓഫീസുകളില്‍ നിന്നും ഇറങ്ങിത്തുടങ്ങി. സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചിരിക്കുന്നു.
പല അണക്കെട്ടുകളുടേയും മൂന്നും നാലും ഷട്ടറുകള്‍വീതം തുറന്നിരിക്കുന്നു. ചാലക്കുടിയിലും ആലുവായിലും പട്ടണത്തിലേയ്ക്ക് വെള്ളം കയറി. പെരിയാര്‍ കര കവിഞ്ഞൊഴുകുന്നു. ഇങ്ങനെ പല വാര്‍ത്തകളുമായിട്ടാണ് വിജയന്‍ വന്നത്. അപ്പോഴും മഴ ഉടനെ ശമിക്കാതിരിക്കില്ല എന്നൊരു വിശ്വാസത്തിലായിരുന്നു ജനം. എത്രയോ കൊല്ലങ്ങളായി മഴ പലതരത്തിലും പെയ്യുകയും പെയ്യാതിരിക്കുകയും ചെയ്ത് അണക്കെട്ടുകളിലെ ജലനിരപ്പ്കൂടുകയും കുറയുകയും ചെയ്യുന്നു.
അമല തന്റെ മുറിയിലേയ്ക്ക് വീണ്ടും കയറി. കുറച്ചുനേരം എന്തെങ്കിലും വായിക്കാമെന്ന ചിന്തയിലായിരുന്നു. അറിയാതെ ജനലില്‍ കൂടി അപ്പുറത്തേയ്ക്ക് നോക്കി. ആരുമില്ല. ഇന്നെന്ത് പറ്റിയാവോ? ചിലപ്പോള്‍ താന്‍ വിചാരിച്ച പോലെ ഒന്നുമുണ്ടാകില്ല. ഇനിയിപ്പോള്‍ താന്‍ എഴുതിയത് ഇഷ്ടപ്പെട്ടില്ലെന്ന് വരുമോ?
അപ്പോഴാണ് കാലില്‍ എന്തോ തടഞ്ഞത്. താന്‍ എറിഞ്ഞ കടലാസ്സ്. ചെറിയൊരു നെഞ്ചിടിപ്പോടെ അതെടുത്ത് നോക്കി. താന്‍ എഴുതിയതിന് താഴെ നല്ല വടിവൊത്ത കൈപ്പടയില്‍ എഴുതിയിരിക്കുന്നു. 'നെല്ലിയ്ക്ക് കൂട്ടായി ഒരു കടമ്പ് നടാന്‍ അമ്മയോട് പറഞ്ഞു കൂടേ?'
അമലയുടെ മനസ്സ് വല്ലാത്തൊരു ആഹ്ലാദതിമിര്‍പ്പില്‍ നൃത്തം ചെയ്തു.
അവള്‍ തന്റെ നോട്ട്ബുക്കെടുത്ത് നാള്‍മരങ്ങളുടെ ലിസ്റ്റ് നോക്കി. കടമ്പ് ചതയം നാളിന്റെ മരമാണ്. ഭരണിയ്ക്ക് പറ്റിയ നാള്‍ തന്നെ ചതയം.
അമല ജനലിനടുത്തേയ്ക്ക് നീങ്ങി നിന്നു. കൈ വായയ്ക്ക് ഇരുവശവുമായി ചുറ്റി പിടിച്ചിട്ട് ശബ്ദം കുറച്ച് വിളിച്ചു. ''ഓം....ഓം...''
ശബ്ദം അധികം പരന്നു പോകാതെ അപ്പുറത്തെ ജനലില്‍ കൂടി അവിടെയുള്ള ആള്‍ക്ക് മാത്രം കേള്‍ക്കാന്‍ പാകത്തിനായിരുന്നു ആ വിളി. പ്രണവിന് അത് മനസ്സിലാവുമെന്ന് അമലയ്ക്കുറപ്പായിരുന്നു.
താമസിയാതെ അമലയുടെ മനസ്സില്‍ തെളിഞ്ഞ ആ മുഖം അപ്പുറത്തെ ജനലരികില്‍ എത്തി.
''എന്താണ് അംല മന്ത്രം ജപിച്ചുകൊണ്ടിരിക്കുന്നത്?''
''അംലയല്ല, അമലയാണ്.'' പേര് ശരിക്ക് മനസ്സിലായില്ലെന്നുണ്ടോ?
''അതെനിക്കറിയാം. പക്ഷേ, നാളിന് യോജിപ്പ് അംലയല്ലേ? നെല്ലിക്ക. ആദ്യം കയ്ക്കും പിന്നം മധുരിക്കും.'' പ്രണവ് പുഞ്ചിരിച്ചു.
അമല തലയാട്ടി. അംലയെങ്കില്‍ അംല. വര്‍ത്തമാനം പറയാന്‍ ആളെ കിട്ടിയല്ലോ. അതു മതി.
''ഈ കടമ്പ് എന്താണ് സാധനം? ഞാനിതു വരെ കണ്ടിട്ടില്ല. മണ്ണൂത്തിയില്‍ കിട്ടുമോ എന്തോ?''
''മണ്ടി. അറിഞ്ഞു കൂടാത്ത സാധനങ്ങള്‍ മനസ്സിലാക്കാനല്ലേ ഗൂഗിള്‍.''
കാറ്റിന് ശക്തി കൂടി വന്നു. മഴയും തകര്‍ത്തു പെയ്യാന്‍ തുടങ്ങി. മഴചാറ്റല്‍ ജനലു വഴി അകത്തേയ്ക്ക് തെറിച്ചു. കാറ്റിന്റേയും മഴയുടേയും ശബ്ദത്തില്‍ സംസാരം കേള്‍ക്കാന്‍ ദുസ്സഹമായി.
''ജനലടച്ച് അകത്തേയ്ക്ക് പൊയ്‌ക്കൊള്ളു. ഇവിടെ നിന്ന് മഴ കൊള്ളണ്ട.'' പ്രണവ് മഴയുടെ ശബ്ദത്തിന്റെ മുകളില്‍ ഒച്ചയുയര്‍ത്തി പറഞ്ഞു.
അമല തലയാട്ടികൊണ്ട് ജനല്‍പാളികള്‍ വലിച്ചടച്ചു. ബാക്കിയുള്ള ജനലും വാതിലുമെല്ലാം അടയ്ക്കണം. അവള്‍ തിരക്കിട്ട് തിരിഞ്ഞ് നടന്നു. ധൃതിയിലുള്ള നടത്തത്തില്‍ വലത് കാല്‍പാദം കട്ടിലിന്റെ കാലില്‍ തട്ടി. മുന്നോട്ടുള്ള ആയത്തില്‍ പാദം വളഞ്ഞു. പുളയുന്ന വേദന കാലില്‍ കൂടി ശരീരമാസകലം പ്രസരിച്ചു.
എന്നാലും വേദന സാരമാക്കാതെ അമല അടുക്കളയില്‍ അമ്മയെ സഹായിക്കാന്‍ എത്തി. അപ്പോഴേയ്ക്കും കാറ്റും മഴയും പ്രകമ്പനം കൊണ്ടിരുന്നു.
എല്ലാ ജനലുകളും വാതിലുകളും അടച്ചതിന് ശേഷം നാലാളും സ്വീകരണമുറിയില്‍ ഒത്തുകൂടി. ടിവി ഓണാക്കി വാര്‍ത്തകള്‍ കേള്‍ക്കാന്‍ ആരംഭിച്ചു.
മഴ അതിന്റെ തേരോട്ടം തുടരുകയാണ് എല്ലായിടത്തും. കൊച്ചി വിമാനത്താവളം ഒരാഴ്ചത്തേയ്ക്ക് അടച്ചിടുമെന്ന ശ്രുതി സത്യമായിരുന്നു. എല്ലാവരോടും ജാഗ്രത പാലിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇടുക്കി അണക്കെട്ടിന്റേയും ഷട്ടര്‍ തുറക്കേണ്ടി വരുമെന്നു കൂടി മുന്നറിയിപ്പ് വന്നു.
ഇടയ്ക്ക് കറണ്ട് പോകുകയും പിന്നീട് വരുകയും ചെയ്തു. ഈ കാറ്റത്തും മഴയത്തും കറണ്ട് പോയാല്‍ അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. രാത്രി പത്തു മണിയോടെ മഴ ഒരുവിധം ഒതുങ്ങി. കാറ്റിനും ശമനമായി.
ഇനി പ്രശ്‌നങ്ങളൊന്നും ഉണ്ടാകുകയില്ലെന്ന സമാധാനത്തോടെയാണ് അവര്‍ ഉറങ്ങാന്‍ കിടന്നത്. അപ്പുറത്തെ വീട്ടിലേയും വിളക്കുകള്‍ അണയുന്നത് കണ്ടുകൊണ്ട് അമല കിടക്കയില്‍ അമര്‍ന്നു.
വലതു കാലിന്റെ പാദം ചെറിയ വേദന തരുന്നുണ്ടായിരുന്നെങ്കിലും അത് കാര്യമാക്കാതെ അമല ഉറക്കത്തിലേയ്ക്ക് വഴുതി വീണു. മനസ്സില്‍ കടമ്പ് എന്താണെന്ന് അറിയാനുള്ള ആഗ്രഹം ഊറി നിന്നു.
നാല്
പതിവ് പോലെ അമല അഞ്ച് മണിയ്ക്ക് തന്നെ ഉണര്‍ന്നു. കട്ടിലില്‍ തന്നെ എഴുന്നേറ്റിരുന്ന് കണ്ണുകള്‍ തുറക്കുന്നതിന് മുമ്പ് ഇന്നത്തെ ദിവസം എന്താണ് ചെയ്യാനുള്ളതെന്ന് ആലോചിച്ചു. പക്ഷേ, എന്തെങ്കിലും മനസ്സില്‍ എത്തുന്നതിന് മുമ്പേ തന്നെ കണ്ണുകള്‍ തുറന്നു. താഴേയ്ക്ക് നിവര്‍ത്തിയ കാലുകള്‍ നനഞ്ഞിരിക്കുന്നു.
അമല തറയിലേയ്ക്ക് നോക്കി. മുറിയില്‍ മുഴുവന്‍ വെള്ളം കയറിയിരിക്കുന്നു. അവള്‍ എഴുന്നേറ്റ് ലൈറ്റിട്ടു. കണങ്കാലിനൊപ്പം വെള്ളം. ''അമ്മേ'' എന്ന് വിളിച്ച് മുറിയ്ക്ക് പുറത്തേയ്ക്ക് നടക്കാന്‍ ശ്രമിച്ചു. അപ്പോഴാണ് കാലിന്റെ വേദന ശരിയ്ക്കും പിടികൂടിയത്. എങ്കിലും വലത് കാല് വലിച്ച് വച്ച് നടന്നു.
അമ്മയും മുറിയ്ക്ക് പുറത്തെത്തിയിരിക്കുന്നു. അവര്‍ വിജയനേയും രാജീവനേയും ഉണര്‍ത്തി. ജനലില്‍ കൂടി പുറത്തേയ്ക്ക് നോക്കിയപ്പോള്‍ മനസ്സിലായി കോളണി മുഴുവന്‍ വെള്ളം കയറിയിട്ടുണ്ടെന്ന്. രാത്രി മഴ അധികം പെയ്തില്ലെങ്കിലും അണക്കെട്ടില്‍ നിന്നും തുറന്നു വിട്ട വെള്ളമായിരിക്കണം ഇതിന് കാരണം.
മഴ പെയ്യാത്തതുകൊണ്ട് സാവധാനം വെള്ളം താഴ്ന്നുകൊള്ളുമെന്ന് വിജയന്‍ പറഞ്ഞു. എന്തായാലും വിലപ്പെട്ട സാധങ്ങളെല്ലാം അവര്‍ അലമാരകളുടെ മുകളിലേയ്ക്ക് എടുത്തു വച്ചു.
വീട്ടിനകത്ത് വെള്ളം കയറിയത് കൊണ്ട് അധികം നടക്കാതെ കഴിച്ചുകൂട്ടി. ഇടയില്‍ അമല തന്റെ മുറിയില്‍ എത്തിയപ്പോള്‍ അടുത്ത വീട്ടിലെ ജനല്‍ തുറന്നു കിടക്കുന്നത് കണ്ടു. തലേന്ന് ചെയ്ത പോലെ അമല കൈ രണ്ടും വായയ്ക്ക് ഇരുവശവും കുഴലുപോലെ പിടിച്ച് 'ഓം ...' എന്ന് വിളിച്ചു.
അധികം താമസിയാതെ പ്രണവ് അപ്പുറത്തെത്തി. ''അമലാ, അമ്മയോട് കടമ്പിനെ പറ്റി ചോദിച്ചപ്പോള്‍ കണ്ണൂരിലുള്ള കടമ്പേരി അമ്പലത്തിനെ പറ്റി പറഞ്ഞു തന്നു. അമ്മയുടെ വീട് ഇരിട്ടിയാണ്. അവിടെ നിന്നും വലിയ ദൂരമില്ല.''
''അതെന്താ കടമ്പ് മരമുള്ള സ്ഥലമാണോ?''
''പണ്ടുണ്ടായിരുന്നു. പക്ഷേ, ഇപ്പോള്‍ കണ്ടു കിട്ടാന്‍ പ്രയാസമാണ്.''
''പിന്നെന്ത് കാര്യം? കാണാന്‍ അവിടെ പോയിട്ടും ഫലമില്ലല്ലോ!''
''കടമ്പേരിയമ്പലത്തിന്റെ ഐതിഹ്യമാണ് രസം. പണ്ട് യോഗമായ നഗ്‌നയായി അവിടുത്തെ ഒരു കടമ്പ് വൃക്ഷത്തിലിരുന്ന് ഊഞ്ഞാലാടുമ്പോള്‍ അതുവഴി വന്ന ഒരു തിരുമേനി തന്റെ ഉത്തരീയം എറിഞ്ഞ് കൊടുത്തെന്നും പുടവ കൊടുത്തത് കൊണ്ട് ദേവി തിരുമേനിയെ ഭര്‍ത്താവായി കരുതി കൂടെച്ചെന്നെന്നും അദ്ദേഹം ദേവിയെ പ്രതിഷ്ഠിച്ച സ്ഥലമാണ് പിന്നെ കടമ്പേരി അമ്പലമായതെന്നുമാണ് പറയുന്നത്''
''നല്ല കഥ. എന്നെ അങ്ങനെ ഊഞ്ഞാലാടാനൊന്നും കിട്ടുകയില്ലാട്ടോ. പുടവ തരാന്‍ മുന്നിലെ ഗേറ്റ് കടന്ന് വന്നാല്‍ മതി.'' അമല പുഞ്ചിരിച്ചു കൊണ്ട് മുഷ്ടി ചുരുട്ടി പ്രണവിനെ ഇടിയ്ക്കുമെന്ന് കാണിച്ചു.
പ്രണവ് കൈ രണ്ടും പൊക്കി. രണ്ടാളും ചിരിക്കുന്നതിനിടയില്‍ ശാരദ വിളിക്കുന്നത് കേട്ടു. അതോടെ അമല കൈ രണ്ടും തൊഴുന്ന പോലെ ചേര്‍ത്ത് പിടിച്ച് 'ബൈ' പറഞ്ഞ് മുറിയില്‍ നിന്നും പുറത്ത് കടന്നു.
ഉച്ച വരെ വീട്ടിലെ അടുക്കലും ഒതുക്കലുമായി സമയം നീങ്ങി. അതിനിടയില്‍ വിജയന്‍ മോഹനായിട്ടും ലളിതയായിട്ടും ഇനിയങ്ങോട്ട് എന്താണ് വേണ്ടതെന്നെല്ലാം ചര്‍ച്ച ചെയ്തു. പല സ്ഥലങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നതായി വാര്‍ത്താചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇനിയും വെള്ളത്തിന്റെ നില ഉയരുകയാണെങ്കില്‍ എല്ലാവരും കൂടി വീടുകള്‍ പൂട്ടിയിറങ്ങണമെന്ന കൂട്ടായ ഒരു തീരുമാനത്തിലെത്തി കോളനിവാസികള്‍. അവരുടെ അടുത്തുള്ള ക്യാമ്പുകള്‍ ടൗണ്‍ഹാളിലും പുല്ലുങ്കുളം സ്‌കൂളിലുമാണെന്ന വിവരവും കിട്ടിയിരുന്നു.
അമല അമ്മയോട് പറഞ്ഞ് കാലില്‍ മുറിവെണ്ണ പുരട്ടിത്തിരുമ്മി. അത് തല്ക്കാലം വേദനയ്‌ക്കൊരു ആശ്വാസം നല്കി.
ഉച്ചയായപ്പോഴേയ്ക്കും വീണ്ടും ആകാശം കാര്‍മേഘങ്ങള്‍ കൊണ്ട് നിറഞ്ഞു. പെട്ടെന്ന് മഴ പെയ്യാന്‍ തുടങ്ങി. അതോടെ മുറിയിലെ ജലനിരപ്പും ഉയര്‍ന്നു. കാറിന്റെ ടയറിന്റെ പൊക്കത്തില്‍ വെള്ളം എത്തിക്കഴിഞ്ഞിരുന്നു.
വിജയനും ശാരദയും എന്താണ് ചെയ്യേണ്ടതെന്ന് ഒരു രൂപവുമില്ലാത്ത അവസ്ഥയിലായിരുന്നു. ഇനിയിപ്പോള്‍ കാറ് വെളിയിലേയ്ക്ക് എടുക്കാന്‍ പറ്റില്ലെന്നുറപ്പായി. അവര്‍ ഓരോ ചെറിയ പെട്ടികളില്‍ അത്യാവശ്യം വേണ്ടതെല്ലാം എടുത്ത് വച്ചു.
ബാക്കി വീട്ടുകാരും വീടുകള്‍ അടച്ചു പൂട്ടി പെട്ടികളുമായി പുറത്തേയ്ക്കിറങ്ങി. എല്ലാവരും കൂടി നടന്ന് പറവൂര്‍ക്ക് കടക്കാമെന്ന് തീരുമാനിച്ചു.
അപ്പോഴാണ് അമല പറഞ്ഞത് തനിക്ക് നടക്കുവാനേ പറ്റുന്നില്ലെന്ന്. കാല്‍പാദം നല്ലവണ്ണം നീര് വച്ച് വീര്‍ത്തിരുന്നു. ഒരു കാല് വലിച്ച് വച്ച് പറവൂര്‍ വരെ നടക്കുകയെന്നത് അസാദ്ധ്യം.
അമലയുടെ സ്ഥിതി കണ്ടയുടനെ അവിടെയുണ്ടായിരുന്ന ചെറുപ്പക്കാര്‍ ചേര്‍ന്ന് കോളനിയിലെ കേറ്ററിംഗ് കമ്പനിയുടമ ബീരാനിക്കയുടെ വീട് തുറന്ന് ഒരു ബിരിയാണിച്ചെമ്പുമായി എത്തി. അമലയെ അതില്‍ കയറ്റി ഇരുത്തി. എല്ലാവരും നടക്കുന്നതിന്റെ കൂടെ ചെമ്പും മുന്നോട്ട് നീങ്ങി.
എല്ലാവരും നടക്കുമ്പോള്‍ താന്‍ മാത്രം ചെമ്പില്‍ യാത്ര ചെയ്യുന്നതില്‍ അമലയ്ക്ക് വല്ലായ്മ തോന്നിയെങ്കിലും ഈയൊരവസരത്തില്‍ അഭിമാനം വിചാരിച്ചിട്ട് കാര്യമില്ലെന്ന് സ്വയം വിശ്വസിച്ച് മിണ്ടാതെ അതില്‍ ഇരുന്നു. പ്രണവിനെ ആയിരുന്നു അമലയുടെ കണ്ണുകള്‍ തെരഞ്ഞിരുന്നത്.
നേരെ പുറകില്‍ നിന്നും വളരെ പതിഞ്ഞ സ്വരത്തില്‍ 'അംല' എന്ന വിളി കേട്ട് തിരിഞ്ഞപ്പോള്‍ അമല പ്രണവിനെ കണ്ടു. തന്നെ വിട്ടുപിരിയാതെ തൊട്ടരികില്‍ തന്നെ നില്‍ക്കുന്ന തന്റെ ഓംകാരം.
കോളനിയില്‍ നിന്നും പുറത്തു കടന്ന് ആ സംഘം പറവൂര്‍ക്കുള്ള റോഡിലെത്തി. കൂട്ടത്തിലെ ചെറുപ്പക്കാര്‍ എല്ലാവരേയും ഇടയ്ക്കിടെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു, ''അടിയൊഴുക്കുള്ള വെള്ളമാണ്. കാലുകള്‍ ഉറപ്പിച്ച് ചവുട്ടി വേണം നടക്കാന്‍. പറവൂര്‍ക്കുള്ള പാലം കടക്കുവോളം നല്ലവണ്ണം സൂക്ഷിക്കണം. ഒഴുക്കില്‍ പെട്ടാല്‍ പെരിയാറിലായിരിക്കും എത്തുക. നീന്തല്‍ അറിഞ്ഞതുകൊണ്ട് മാത്രം കാര്യമില്ല. ഭാഗ്യവും കൂടെയുണ്ടാകണം.''
അവര്‍ ഏകദേശം പാലത്തിനടുത്തെത്തിയിട്ടുണ്ടാകും. അപ്പോഴാണ് അത് സംഭവിച്ചത്.
വടക്ക് പടിഞ്ഞാറ് നിന്ന് പെട്ടെന്ന് വെള്ളം വലിയ ശക്തിയോടെ അലയടിച്ച് വന്ന് എല്ലാവരേയും തള്ളിക്കൊണ്ട് എതിര്‍ ദിശയിലേയ്ക്ക് പാഞ്ഞു. വെള്ളത്തിന്റെ അപ്രതീക്ഷിതമായ തള്ളിച്ചയില്‍ പലരും തപ്പിത്തടഞ്ഞ് താഴെ വീണെങ്കിലും അങ്ങോട്ടും ഇങ്ങോട്ടും സഹായിച്ച് ഓരോരുത്തരായി എഴുന്നേറ്റു.
പെട്ടെന്നുണ്ടായ ബഹളം ഒന്നടങ്ങിയപ്പോഴാണ് പ്രണവിന്റെ ശബ്ദം ഇടിയൊച്ച പോലെ മുഴങ്ങിയത്. ''അയ്യോ, അമലയെവിടെ?''
വിജയനും ശാരദയും ഉറക്കെ വിളിച്ചു. ''അമലേ!'' പക്ഷേ, വിളി കേള്‍ക്കാന്‍ അമലയെ ചുറ്റിനെവിടേയും കാണാനില്ലായിരുന്നു. ആ മലവെള്ളപ്പാച്ചിലില്‍ ചെമ്പിനോടൊപ്പം അമലയും ഒഴുക്കില്‍ പെട്ട് അപ്രത്യക്ഷയായിരുന്നു.
അഞ്ച്
ശാരദാലയത്തിലെ തീന്‍മേശയ്ക്ക് ചുറ്റും എല്ലാവരും ഇരുന്നു. കഴിഞ്ഞ നാലഞ്ച് ദിവസത്തെ കഷ്ടപ്പാടുകളുടെ പാരവശ്യം അവരുടെയെല്ലാം മുഖത്ത് പ്രതിഫലിച്ചു.
''പ്രണവ് അന്ന് അമലയുടെ പിറകേ ചാടാഞ്ഞത് ഭാഗ്യം. അത്രയും ശക്തിയുള്ള ഒഴുക്കില്‍ നല്ലൊരു നീന്തല്‍ക്കാരനു പോലും പിടിച്ചു നില്‍ക്കാന്‍ കഴിയുമായിരുന്നില്ല.'' വിജയന്‍ എല്ലാവരോടുമായി പറഞ്ഞു.
''നമ്മുടെ കോളനിയിലെ ചെറുപ്പക്കാരെ സമ്മതിക്കണം. എത്ര പെട്ടെന്നാണ് വഞ്ചിയുമായി എത്തിയത്.'' മോഹന്‍ പറഞ്ഞത് എല്ലാവരുടേയും മനസ്സിലുള്ളത് തന്നെയായിരുന്നു. ''വെള്ളത്തിന്റെ നിരപ്പ് കൂടുകയാണെങ്കില്‍ ഉപയോഗിക്കാന്‍ അവര്‍ അതും തെയ്യാറാക്കി നിര്‍ത്തിയിരുന്നു.''
''ആ ചെമ്പ് എന്തുകൊണ്ടാണ് നേരെ കിഴക്കോട്ട് ഒഴുകാഞ്ഞതെന്നാണ് എന്റെ സംശയം. അന്ന് രാത്രി മുഴുവന്‍ പെരിയാറിന് നേരെ വഞ്ചിയില്‍ പോയിട്ട് കാണാഞ്ഞപ്പോള്‍ ഞാന്‍ കരുതിയത് എല്ലാം അവസാനിച്ചു എന്നാണ്.'' അത് പറയുമ്പോള്‍ പ്രണവിന്റെ ശബ്ദം ഇടറി.
''നീ ഞങ്ങളെയൊക്കെ തീ തീറ്റിച്ചു പെണ്ണേ!'' ശാരദ അത് പറഞ്ഞപ്പോള്‍ എല്ലാവരുടേയും കണ്ണുകള്‍ മേശയുടെ ഒരു തലയ്ക്കല്‍ ഇരുന്നിരുന്ന അമലയുടെ നേരെ തിരിഞ്ഞു.
അമല ചെറുതായിട്ടൊരു പുഞ്ചിരി ചുണ്ടുകളില്‍ വരുത്തി. അന്നത്തെ ദിവസം ഒരു ഞെട്ടലോടെ മാത്രമേ ഓര്‍ക്കുവാന്‍ കഴിയുകയുള്ളു. ഇന്നിവിടെ എല്ലാവരുടേയും ഒപ്പം ഇരിക്കുന്നത് അച്ഛനമ്മമാര്‍ ചെയ്ത പുണ്യം!
അമലയേയും കൊണ്ട് ആ ചെമ്പ് ഒഴുക്കില്‍ പെട്ട് അതിവേഗത്തില്‍ പാലത്തിന്റെ കുറുകെ കിടക്കുന്ന തോട്ടില്‍ കൂടി പാഞ്ഞു. ചെമ്പില്‍ നിന്നും തെറിച്ച് പോകാതിരിക്കാന്‍ അവള്‍ കൈകള്‍ രണ്ടും കൊണ്ട് അതിന്റെ അരികില്‍ മുറുക്കിപ്പിടിച്ചു.
വടക്ക് പടിഞ്ഞാറ് നിന്നു വന്ന വെള്ളപ്പാച്ചിലായതിനാല്‍ അത് തോട് കുറുകെ കടന്ന് തെക്കോട്ട് പോകുന്ന പഷ്ണിത്തോട്ടിലാണ് ചെന്നു കയറിയത്. അതുകൊണ്ട് മാത്രമാണ് അമല രക്ഷപ്പെട്ടതും.
തോടും കരയും ഒന്നായി കിടന്നിരുന്നു. എപ്പോഴെന്നറിഞ്ഞില്ല ചെമ്പ് മറിഞ്ഞ് അമല വെള്ളത്തിലായി. ആ ഒഴുക്കിലെപ്പോഴോ അവളുടെ കൈകള്‍ ഒരു മരത്തിന്റെ തടിയില്‍ തടഞ്ഞു. കുറേ നേരം ആ മരത്തില്‍ പിടിച്ച് കിടന്നു. പിന്നെ ഒരുവിധം ശക്തി സംഭരിച്ച് അതിന് മുകളില്‍ കയറിപ്പറ്റി. രണ്ട് ശിഖരങ്ങളുടെ ഇടയില്‍ ഇരുന്നതേ ഓര്‍മ്മയുള്ളു. പിന്നെ ഉണരുന്നത് ആശുപത്രി കിടക്കയിലാണ്.
അന്നത്തെ രാത്രിയില്‍ അമലയെ കിട്ടാതെ അന്വേഷണസംഘം തിരിച്ച് പുല്ലുങ്കുളം സ്‌കൂളിലെ ദുരിതാശ്വാസക്യാമ്പില്‍ എത്തി. പിറ്റേന്ന് രാവിലെ വീണ്ടും പ്രണവിന്റെ നേതൃത്വത്തില്‍ അവര്‍ അന്വേഷണം പുനരാരംഭിച്ചു. ഉച്ചയായിട്ടും അമലയെ കണ്ടുകിട്ടാഞ്ഞത് കൊണ്ട് അവര്‍ പഷ്ണിത്തോട്ടിലൂടെ തെക്കോട്ട് യാത്ര ചെയ്തു. അങ്ങനെ ഏതാണ്ട് വാണിയക്കാടിന് അടുത്തെത്തിയപ്പോഴാണ് വെള്ളം ഇറങ്ങിയ ഒരു ചതുപ്പില്‍ കിടക്കുന്ന അമലയെ കണ്ടെത്തിയത്.
പ്രണവ് വഞ്ചിയില്‍ നിന്നും ചാടിയിറങ്ങി അമലയെ വാരിയെടുത്തു. തണുത്ത് വിറച്ചിരുന്ന അവളെ തന്റെ ഷര്‍ട്ടൂരി പുതപ്പിച്ച് വഞ്ചിയിലേയ്ക്ക് കയറ്റി. ബോധമില്ലാതിരുന്ന അമലയെ നേരെ താലൂക്കാശുപത്രിയിലെത്തിച്ചു. നാല് ദിവസം ബോധമില്ലാതെ പനി പിടിച്ച് കിടന്നു അവള്‍.
കര്‍പ്പകം ഗാര്‍ഡന്‍സിലെ വെള്ളമിറങ്ങിയപ്പോള്‍ അമലയേയും കൊണ്ടവര്‍ ആശുപത്രി വിട്ടു. അപ്പോഴേയ്ക്കും അമലയുടെ പനി മാറി, സ്വബോധം വീണ്ട് കിട്ടിയിരുന്നു.
''പക്ഷേ, ഒന്ന് ചോദിക്കട്ടെ അമലേ. താന്‍ പറയുന്നു ഇയ്യാളൊരു മരത്തിന് മുകളിലായിരുന്നെന്ന്. താന്‍ കിടന്നിരുന്ന സ്ഥലത്തിനടുത്തൊന്നും മരങ്ങളില്ലായിരുന്നു. അതെങ്ങനെയാണ്?'' പ്രണവിന് അമലയെ തിരിച്ചുകിട്ടിയത് ഒരത്ഭുതമായി തന്നെ നിന്നു.
''എനിയ്ക്ക് ഓര്‍മ്മയുള്ളപ്പോള്‍ ഞാന്‍ മരത്തിന് മുകളില്‍ ആയിരുന്നു. വിശന്നപ്പോള്‍ അതില്‍ കണ്ട ഒരു ഉരുണ്ട പഴം പറിച്ച് തിന്നതും ഓര്‍മ്മ വരുന്നു.'' അമല ഉറപ്പിച്ചു പറഞ്ഞു.
''പിന്നീടെപ്പോഴെങ്കിലും ബോധം പോയപ്പോള്‍ കൈ വിട്ട് താഴെ വീണ് ഒഴുകി പോയതാവും.'' ലളിത തന്റേതായ ഒരു വിശദീകരണത്തിനൊരുങ്ങി.
''കണ്ണീക്കണ്ട പഴമൊക്കെ പറിച്ച് തിന്നിട്ടാവും ബോധം പോയത്.'' ശാരദയിലെ അമ്മ പുറത്തുവന്നു. ''എന്ത് പഴമായിരുന്നു അത്?''
അമല ആലോചിച്ചു. എന്തായിരുന്നു താന്‍ തിന്ന പഴം? ഇതിന് മുമ്പ് കാണാത്ത ഒന്നായിരുന്നു. ''ഉരുണ്ട ഒരു പഴം. അതിന്റെ പുറന്തോടിന് ചുറ്റും വെളുത്ത മെലിഞ്ഞ വടികള്‍ പോലെ ചെറിയ രോമങ്ങള്‍ നീണ്ട് നിന്നിരുന്നു.''
അത് കേട്ടയുടനെ ലളിതയില്‍ നിന്നും ഒരു നെടുവീര്‍പ്പുയര്‍ന്നു. ''ദൈവമേ, കടമ്പ്! എന്റെ കടമ്പേരി ഭഗവതി!''
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...