Malayalam Short Story ; താമരക്കുളം, സന്തോഷ് ഗംഗാധരന്‍ എഴുതിയ കഥ

By Chilla Lit SpaceFirst Published Feb 16, 2022, 5:03 PM IST
Highlights

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. സന്തോഷ് ഗംഗാധരന്‍ എഴുതിയ കഥ

 

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


Latest Videos


പറവുരുനിന്നും ആലുവയ്ക്കുള്ള ബസിലായിരുന്നു അയാള്‍. കുറേ നാളുകള്‍ക്ക് ശേഷമാണ് കെ. എസ് ആര്‍ ടി സി വണ്ടിയില്‍ കയറുന്നത്. ആനവണ്ടിയെന്നു പറഞ്ഞ് കളിയാക്കിയിരുന്ന ഒരു കാലമുണ്ടായിരുന്നു. പക്ഷേ, ഇന്നിത് ഒരു സൂപ്പര്‍ സാധനമായി മാറിയിരിക്കുന്നു. നല്ല സുഖമുള്ള യാത്ര.

മന്ദം ജങ്ഷന്‍ കഴിഞ്ഞപ്പോഴേയ്ക്കും അയാള്‍ പാതി മയക്കത്തിലായി. ബസിലിരുന്ന് ഉറങ്ങുന്നത് പണ്ടേ ശീലമായിരുന്നു. ഓടുന്ന വണ്ടിയില്‍ ഇരിക്കുമ്പോള്‍ പലതിനെ പറ്റിയും ചിന്തിക്കാന്‍ തുടങ്ങും. ചിന്തകള്‍ മൂര്‍ഛിച്ചാല്‍ പിന്നെ ഉറക്കം എത്തിനോക്കുകയായി.

''ആളിറങ്ങാനുണ്ട്'' എന്ന് ആരോ വിളിച്ചു പറയുന്നതും മണിയടിയുടെ ശബ്ദവും കേട്ട് അയാള്‍ ഞെട്ടിയുണര്‍ന്നു. ഇരുന്നിരുന്ന സീറ്റില്‍ നിന്നും ചാടിയെണീറ്റ് പിറകിലെ വാതിലിന് നേരെ നടന്നു. ബസ് നിര്‍ത്തിയതും അയാള്‍ ബസില്‍ നിന്നും താഴത്തിറങ്ങി.

ഇറങ്ങാനുള്ളവര്‍ ഇറങ്ങികഴിഞ്ഞതും ബസ് സ്ഥലം വിട്ടു. അയാള്‍ ചുറ്റിനും നോക്കി. കൂടെ ഇറങ്ങിയവര്‍ പല വഴിയ്ക്ക് പോയി കഴിഞ്ഞിരുന്നു. വഴിയുടെ രണ്ട് വശത്തും നെല്‍പ്പാടങ്ങള്‍ നീണ്ടുനിവര്‍ന്നു കിടക്കുന്നു. ചുറ്റിനും ആരേയും കാണാനില്ല. താന്‍ ഇവിടെയൊരു ഏകാന്ത പഥികന്‍ ആണെന്ന് അയാള്‍ക്ക് തോന്നി. 

'ഇത് ഏതാണാവോ സ്ഥലം?' അയാള്‍  തന്നോട് തന്നെ ചോദിക്കുകയായിരുന്നു. ആലുവയിലേയ്ക്ക് പോകേണ്ട താനെന്തിനാണാവോ ആരുമില്ലാത്ത ഈ സ്റ്റോപ്പില്‍  ഇറങ്ങിയത്? 

അയാള്‍ മുന്നില്‍  കണ്ട മാവിന്റെ ചുവട്ടിലേയ്ക്ക് നീങ്ങിനിന്നു. വെയിലിന് നല്ല ചൂട്. 

ചുറ്റിനും കണ്ണോടിച്ചപ്പോള്‍ എല്ലാം പരിചയമുള്ള സ്ഥലങ്ങളാണെന്നു തോന്നി. ഈ മാവിന്റെ ചുവട്ടില്‍ ഇതിന് മുന്‍പും ഇതേപോലെ നിന്നിരുന്നു എന്ന് തോന്നുന്നു. പക്ഷേ, അന്ന് അയാള്‍ ഒറ്റയ്ക്കായിരുന്നില്ല. പിന്നെ ആരായിരുന്നു കൂടെ?

''പന്ത്രണ്ട് മണീടെ ആലുവ ബസ് പോയോ ആവോ?'' പുറകില്‍ നിന്നും വന്ന ശബ്ദം കേട്ട് അയാള്‍  തിരിഞ്ഞുനോക്കി. 

പ്രായമായൊരു കാരണവരും കൂടെ ഒരു പെണ്‍കുട്ടിയും. എഴുപതിന്റേയും ഏഴിന്റേയും വ്യത്യാസങ്ങള്‍ പ്രകടമായി കാണാമായിരുന്നു അവരില്‍.

''പോയല്ലോ ചേട്ടാ''. അമ്മാവന്‍ എന്ന് വിളിച്ച് കാരണവരെ ബുദ്ധിമുട്ടിക്കണ്ടായെന്നു കരുതി അയാള്‍ പറഞ്ഞു. ''ഞാന്‍ അതിലാണ് വന്നിറങ്ങിയത്.'' പറഞ്ഞു കഴിഞ്ഞപ്പോള്‍  തോന്നി അങ്ങനെ പറയേണ്ടിയിരുന്നില്ല എന്ന്. 

അയാള്‍ സംശയിച്ചപോലെ തന്നെ അടുത്ത ചോദ്യം വന്നു. ''പിന്നെന്താ ഇവിടെ തന്നെ നിന്നു കളഞ്ഞത്? ഇവിടെ എവിടെയാ പോകേണ്ടത്?'' 

'അതറിഞ്ഞിട്ട് ഇയാള്‍ക്കെന്ത് കാര്യം' എന്നാണ് മനസ്സില്‍ പറഞ്ഞതെങ്കിലും ''ഈ സ്ഥലം ഏതാണ്?'' എന്നാണ് അയാള്‍ ചോദിച്ചത്. കാരണവര്‍ ഒന്ന് വട്ടം കറങ്ങുന്നത് കാണാമെന്നയാള്‍ കരുതി. എന്തായാലും സത്യത്തില്‍ ആ സ്ഥലമേതെന്ന് അയാള്‍ക്ക് അറിയില്ലായിരുന്നു. അവിടെ ഇറങ്ങിയതെന്തിനാണ് എന്നുള്ളതിനും അയാളുടെ പക്കല്‍ മറുപടിയില്ലായിരുന്നു.

''ഇതെന്താ കഥയറിയാതെ ആട്ടം കാണുന്ന മാതിരി സ്ഥലമറിയാതെ സ്റ്റോപ്പിലിറങ്ങിയത്?'' കാരണവര്‍ സ്വല്പം അത്ഭുതവും പുച്ഛവും കലര്‍ന്ന സ്വരത്തില്‍ ചോദിച്ചു.

അയാള്‍ ഒരു മണ്ടനെ പോലെ പല്ലിളിച്ചു. ''ഉറക്കത്തില്‍ ഇറങ്ങി പോയതാണ് ചേട്ടാ. ക്ഷമിച്ചുകള. ഈ സ്ഥലത്തിന് പേരൊന്നും ഇല്ലേ?''

''താമരക്കുളം.'' 

അതുകേട്ട് അയാളൊന്ന് ഞെട്ടി. പെട്ടെന്ന് ചിന്തകള്‍ പുറകോട്ട് പറക്കാന്‍ തുടങ്ങി. ഉറക്കത്തിലാണെങ്കിലും കൂട്ടുകാരുടെ വര്‍ത്തമാനം അയാള്‍ക്ക് കേള്‍ക്കാമായിരുന്നു. ''ന്യൂട്ടന്റെ ഗുരുത്വാകര്‍ഷണനിയമം സത്യമാണെങ്കില്‍ ഇവനിപ്പോള്‍ ഉണരും, ഈ സ്റ്റോപ്പില്‍ ഇറങ്ങുകയും ചെയ്യും.'' ശശിയാണത് പറഞ്ഞത്.

''അത് വെറുതേ'' എന്ന് രാജന്‍ പറയുന്നതിനൊപ്പം ബസ് ബ്രേക്കിട്ട് നിര്‍ത്തി. ഉറക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്ന അയാള്‍ ധൃതിയില്‍ ബസില്‍ നിന്നും പുറത്തേയ്ക്കിറങ്ങി. കൂട്ടകാരുടെ വിളികളൊന്നും അയാളുടെ ചെവിയില്‍ എത്തുന്നുണ്ടായിരുന്നില്ല. അതിനിടയില്‍ കണ്ടക്റ്ററുടെ രണ്ടു മണിയ്‌ക്കൊപ്പം ഡ്രൈവര്‍ ബസ് മുന്നോട്ടെടുത്തു.

അയാള്‍ എന്നത്തേയും പോലെ താമരക്കുളത്തെ പുഞ്ചിരിതൂകുന്ന മുല്ലപ്പൂമ്പല്ലുകളെ തെരയുകയായിരുന്നു.

''അതേയ്, താമരക്കുളം എന്ന് പേരു മാത്രമേയുള്ളേ, താമരയൊന്നുമില്ല. ആമ്പല്‍പ്പൂക്കളെ കണ്ട് പണ്ടാരോ താമരയാണെന്ന് തെറ്റിദ്ധരിച്ചതാണ്.'' കാരണവര്‍ അയാളെ വിടുന്ന ഭാവമില്ലായിരുന്നു. വളരെ നാളുകള്‍ കൂടി കത്തിവയ്ക്കാന്‍ ഒരിരയെ കിട്ടിയ സന്തോഷത്തിലായിരുന്നു വയസ്സന്‍. 

അയാളുടെ വിമ്മിഷ്ടം കണ്ട് കാരണവരുടെ കൂടെയുള്ള പെണ്‍കുട്ടി ചുണ്ടുകള്‍ അമര്‍ത്തി ചിരിക്കുന്നത് അയാള്‍ കണ്‍കോണിലൂടെ ശ്രദ്ധിച്ചു. ഈ കുട്ടിയ്ക്ക് എവിടെയോ കണ്ട ആരുടേയോ ഒരു ഛായ ഇല്ലേയെന്ന് അയാള്‍ക്ക് തോന്നി. 

കാരണവര്‍ പഴയകാലം അയവിറക്കാന്‍ തുടങ്ങിയിരുന്നു. ''എന്നാലും പണ്ടുമുതലേ ഈ സ്ഥലം താമരക്കുളം തന്നെ. പിന്നെ രാധയാണ് ഈ പേര് എല്ലാവരുടേയും മനസ്സില്‍ അങ്ങ് ഉറപ്പിച്ചത്.'' 

''എന്താ എന്നെ കണ്ടിട്ടും കാണാത്തപോലെ തലതിരിച്ച് നില്‍ക്കുന്നത്?'' രാധയുടെ ശബ്ദം കേട്ട് അയാള്‍ ഞെട്ടിതിരിഞ്ഞു നോക്കി. ഇവളെന്തിനാണ് ഈ സമയത്ത് ഇവിടെ എത്തിയത്? അയാള്‍ക്ക് രാധയോട് വല്ലാത്ത അരിശം തോന്നി. എത്ര തെന്നിമാറി നടന്നാലും എങ്ങനെയെങ്കിലും ഇവള്‍ പുറകേയെത്തും. വല്ലാത്തൊരു സാധനം തന്നെ. 

രാധയുടെ അടുത്ത് നില്‍ക്കുന്നത് കണ്ടാല്‍ പിന്നെ അമ്മുവിന്റെ കെറുവ് വേറെയും. അമ്മു വരുന്നതിന് മുന്നെ ഇതിന്റെ അടുത്തുനിന്ന് മാറണം. അയാള്‍ അതിനുള്ള ഉപായങ്ങള്‍ തെരയുകയായിരുന്നു.

അമ്മുവിനെ ദിവസത്തില്‍ ഒരു പ്രാവശ്യമെങ്കിലും കണ്ടില്ലെങ്കില്‍ എന്തോ നഷ്ടപ്പെട്ട പ്രതീതിയാണ്. അമ്മു കോളജില്‍ വരാത്ത ദിവസം അവള്‍ ബസ് കാത്ത് നില്‍ക്കാറുള്ള സ്റ്റോപ്പില്‍ ഇറങ്ങി അവളെ എങ്ങനെയെങ്കിലും ഒന്ന് കാണുക എന്നത് അയാള്‍ പതിവാക്കിയിരുന്നു. ഇന്നവള്‍ മാവിന്‍ ചുവട്ടില്‍ കാത്തു നില്‍ക്കാനാണ് പറഞ്ഞത്. അപ്പോഴാണ് ഈ രാധയുടെ വരവ്.

അയാളുടെ പുറകേ നടന്ന് കൊഞ്ചലാണ് രാധയുടെ സ്ഥിരം ഏര്‍പ്പാട്. എങ്ങനെയെങ്കിലും അയാളും അമ്മുവുമായി തെറ്റണമെന്നാണ് ഈ അസത്തിന്റെ മനസ്സില്‍. അയാള്‍ എത്ര ഒഴിഞ്ഞു മാറിയാലും രാധ കൂടുതല്‍ അടുക്കാനാണ് ശ്രമിക്കാറ്.

''എന്താ, രാധയെ നിങ്ങള്‍ക്ക് അറിയില്ലേ?'' കാരണവര്‍ രാധയുടെ ചരിത്രത്തിലേയ്ക്ക് കടക്കുമെന്ന അവസ്ഥയിലാണെന്ന് അയാള്‍ക്ക് മനസ്സിലായി. 

താമരക്കുളം രാധയുടെ പേരു കേട്ടപ്പോള്‍ അയാള്‍ക്ക് ആ മാവിനോടുള്ള അടുപ്പം ഓര്‍മ്മയിലെത്തി. എത്രയോ പ്രാവശ്യം ഇതിനു ചുവട്ടില്‍ നിന്ന് അമ്മുവുമായി വര്‍ത്തമാനം പറഞ്ഞിരിക്കുന്നു. എന്തെല്ലാം കഥകള്‍ കൈമാറിയിരിക്കുന്നു!

''രാധ ഒരു മിടുക്കി തന്നെയായിരുന്നു. അവളുടെ ഒന്നാം റാങ്ക് കാരണമാണല്ലോ ഞങ്ങളുടെ ഈ സ്ഥലത്തിനെ പറ്റി നാലാള്‍ അറിഞ്ഞത്.'' കാരണവര്‍ രാധയെ പറ്റി പറഞ്ഞത് അയാള്‍ക്ക് പുതിയ അറിവായിരുന്നു. രാധ അത്ര മിടുക്കിയായിരുന്നു എന്നൊന്നും അയാള്‍ക്ക് അറിയില്ലായിരുന്നു. അല്ലെങ്കിലും പ്രീഡിഗ്രി കഴിഞ്ഞയുടനെ നാട് വിട്ട അയാള്‍ പിന്നെ നാട്ടില്‍ നടക്കുന്ന കാര്യങ്ങള്‍ എങ്ങനെ അറിയാനാണ്?

രാധയെ പറ്റി പറയുന്ന ഈ കാരണവര്‍ക്ക് ചിലപ്പോള്‍ അമ്മുവിനെ പറ്റിയും അറിയുമായിരിക്കും. ഒന്നരക്കൊല്ലം കൂടെ നടന്ന അമ്മുവിനെ പറ്റി അയാള്‍ പലപ്പോഴും ഓര്‍ക്കാറുണ്ടെങ്കിലും ആരോടും അവളെ പറ്റി അന്വേഷിക്കാനുള്ള തന്റേടം അയാള്‍ക്കില്ലായിരുന്നു. അതുകൊണ്ടു തന്നെ അവള്‍ക്ക് എന്തു സംഭവിച്ചു എന്ന് അയാള്‍ക്കറിയില്ലായിരുന്നു.

ഇന്നിപ്പോള്‍ ഓര്‍ക്കാപ്പുറത്ത് അമ്മുവിന്റേയും രാധയുടേയും നാട്ടില്‍ എത്തിപ്പെട്ടിരിക്കുന്നു. ഒരു നിമിത്തം പോലെ.

''ചേട്ടന്‍ രാധയുടെ അമ്മാവനോ മറ്റോ ആണോ? രാധയെ പറ്റി സകല വിവരങ്ങളും കൈയ്യില്‍  ഉണ്ടല്ലോ?'' അയാള്‍  തമാശ രൂപത്തില്‍  ആരാഞ്ഞു. രാധയില്‍ കൂടി അമ്മുവില്‍  എത്താമെന്നൊരു മോഹം അയാളില്‍  ഉറവെടുത്തിരുന്നു. 

''അല്ലല്ലോ, രാധയുമായി ഒരു ബന്ധവുമില്ല. എന്നാല്‍ നല്ല ബന്ധമാണുതാനും. എന്റെ മരുമകളുടെ അടുത്ത കൂട്ടുകാരിയായിരുന്നല്ലോ രാധ.''

താന്‍ എത്ര ശ്രമിച്ചിട്ടും പറയാന്‍ സാധിക്കാതെ പോയ തന്റെ പ്രണയത്തിന്റെ അവശിഷ്ടങ്ങള്‍ അയാളുടെ മനസ്സില്‍ ചേക്കേറി. ഈ മാഞ്ചുവട്ടില്‍ നിന്ന് പറയാന്‍ സാധിക്കാത്തതുകൊണ്ട് അവരുടെ കോളജിന്റെ പടിക്കല്‍ പോയി നിന്നു നോക്കിയിട്ടുണ്ട്. പക്ഷേ, ഫലം തഥൈവ. എപ്പോഴും ആരെങ്കിലും ഇടയ്ക്ക് കേറിവരുമായിരുന്നു. ആരോ പറഞ്ഞുവച്ചു വരുന്ന പോലെയായിരുന്നു.

കൂടുതല്‍ പ്രാവശ്യം കുറുകേ വന്നത് രാധ തന്നെ. അതുകൊണ്ടു തന്നെ രാധയെ കാണുമ്പോള്‍ അയാള്‍ക്ക് അരിശമായിരുന്നു. തന്നിലും കൂടുതല്‍ അമ്മുവിന്റെ പുറകേ നടന്നിരുന്നത് രാധയായിരുന്നുവെന്ന് തോന്നുന്നു. പറയാന്‍ കഴിയാതെ പോയ പ്രേമവുമായി വണ്ടി കയറിയതാണ്. പിന്നെ വളരെ കാലത്തേയ്ക്ക് തിരിച്ചുവന്നതേയില്ല. 

ഇപ്പോള്‍ ഈ വണ്ടിയില്‍ കയറുവാനും താമരക്കുളത്ത് ഇറങ്ങുവാനും ഇടയായത് ഒരു നിയോഗം പോലെയെ കാണുവാന്‍ തരമുള്ളു. ഈ നിയോഗത്തില്‍ അമ്മുവിനെ കാണുവാനുള്ള യോഗം ഉണ്ടോ ആവോ?

''രാധയുടെ ഒരു കൂട്ടുകാരി ഇവിടെയുണ്ടായിരുന്നല്ലോ. ആ കുട്ടി എവിടെയാണെന്നറിയാമോ, ചേട്ടാ?'' അയാള്‍ രണ്ടും കല്പിച്ച് ധൈര്യം സമ്പാദിച്ച് ചോദിച്ചു. ചുമ്മാ എറിഞ്ഞ കല്ല് മാങ്ങയില്‍  കൊണ്ടാലായി.

''രാധയ്ക്കിവിടം മുഴുവന്‍ കൂട്ടുകാരികളായിരുന്നു. അതിലാരെ പറ്റിയാണ് ചോദിച്ചത്?'' കാരണവര്‍ രാധയുടെ ഒരു ആരാധകനാണോ എന്നായി അയാളുടെ സംശയം.

എന്തായാലും നനഞ്ഞു. ഇനി മുങ്ങിയേക്കാമെന്ന് അയാള്‍ കരുതി. ''നന്നായി വെളുത്തു മെലിഞ്ഞ് മുല്ലപ്പൂക്കള്‍ പോലെ പല്ലുകളുള്ള ഒരു കുട്ടി. അമ്മുവെന്നോ മറ്റോ ആയിരുന്നു പേരെന്നു തോന്നുന്നു.'' അയാള്‍  ഒരുവിധം പറഞ്ഞൊപ്പിച്ചു.

ഇതുകേട്ടതും കാരണവര്‍ ഉറക്കെ ചിരിക്കാന്‍ തുടങ്ങി. ആ പെണ്‍കുട്ടിയും കൂടെ ചിരിക്കുന്നുണ്ടായിരുന്നു.

''എന്താടോ ഉറക്കത്തില്‍ ചിരിക്കുന്നത്? പ്രേമം മൂത്ത് വട്ടായോ?'' ശശി എല്ലാവരും കേള്‍ക്കാന്‍ പാകത്തിന് ഉറക്കെയാണ് ചോദിച്ചത്.

പതിവുപോലെ ബസിലിരുന്ന് ഉറങ്ങുകയായിരുന്നു അയാള്‍. ആ ചെറിയ ഉറക്കത്തിനിടയിലും അയാളുടെ സ്വപ്നത്തില്‍ അമ്മുവായിരുന്നു. പക്ഷേ, അപ്പോഴും തന്റെ സൈ്വര്യം കളയാനായി ആ രാധയും കയറിവന്നു. അയാളുടേയും അമ്മുവിന്റേയും ഇടയിലേയ്ക്ക് ഓടിക്കയറാന്‍  ശ്രമിച്ച രാധ കാലുതെറ്റി താമരക്കുളത്തില്‍  വീഴുന്നതു കണ്ടാണ് അയാള്‍  ഉറക്കത്തില്‍  ചിരിച്ചത്.

ആ വീഴ്ച ശരിയ്‌ക്കൊന്ന് ആസ്വദിക്കാന്‍ സമ്മതിക്കാതെ കൂട്ടുകാര്‍ വിളിച്ചുണര്‍ത്തിക്കളഞ്ഞു. അപ്പോഴാണ് ബസ് താമരക്കുളം സ്റ്റോപ്പില്‍ നിര്‍ത്തിയത്. അയാള്‍ ഉടനെ അവിടെ ചാടിയിറങ്ങി. കൂട്ടുകാരുടെ ബഹളമൊന്നും അയാള്‍ ശ്രദ്ധിച്ചില്ല. ഗുരുത്വാകര്‍ഷണത്തിലും ഉപരി വേറൊരു ശക്തിയുമില്ലല്ലോ.

അന്നും രാധയായിരുന്നു അവിടെ ഉണ്ടായിരുന്നത്. അയാളുടെ കണ്ണുകള്‍ രാധയെ ശ്രദ്ധിക്കാതെ അമ്മുവിനെ തെരയുകയായിരുന്നു. രാധ അടുത്തുവന്ന് അയാളുടെ കണ്ണുകള്‍ക്ക് മുന്നില്‍ രണ്ടുകൈകളും മലര്‍ത്തിപ്പിടിച്ചു വീശി. അയാളുടെ ശ്രദ്ധ പിടിച്ചുപറ്റാനാണെന്ന് മനസ്സിലായി. 

''എന്താ രാധേ ഇത്? വല്ലവരും കണ്ടാല്‍  എന്തു വിചാരിക്കും?'' അയാള്‍ നല്ല പിള്ള ചമഞ്ഞു. 

''ഈ നാട്ടുകാര്‍ അങ്ങനെ ഓരോന്ന് വിചാരിക്കുന്നവര്‍ ഒന്നുമല്ല. കൂട്ടുകാരെ കൂട്ടുകാരായിട്ടുതന്നെ കാണുന്നവരാണ് താമരക്കുളത്തുകാര്‍. പറവൂര്‍ക്കാരെ പോലെയല്ല.'' ചുണ്ടത്തൊരു പുഞ്ചിരിയോടെ രാധ പറഞ്ഞു. ''ഇയാളുടെ കണ്ണുകള്‍ പരതുന്നതാരെയെന്ന് എനിക്കറിയാം. പക്ഷേ, ഇന്നവള്‍ വരില്ലെന്ന് പറയാന്‍ എന്നോട് പറഞ്ഞിട്ടുണ്ട്.''

അവള്‍ പറഞ്ഞത് സത്യമാണെന്ന് അയാള്‍ക്ക് ബോദ്ധ്യമുണ്ടായിരുന്നില്ല. ''താനെന്തിനാ അമ്മുവിനെ എന്നില്‍ നിന്നും അകറ്റാന്‍ നോക്കുന്നത്?'' അയാള്‍ക്കതവളോട് ചോദിക്കാതെ വയ്യെന്നായി.

''ആര്‍ക്കും ആരേയും ആരില്‍ നിന്നും അകറ്റാന്‍ സാധിക്കുകയില്ല. ചേരേണ്ടവര്‍ തമ്മിലെ ചേരുകയുള്ളു. കേട്ടിട്ടില്ലെ വികടകവി പാടിയത്  ഇന്നാള്‍ക്ക് ഇന്നാളെന്ന് എഴുതിവച്ചേനെ ദൈവം കല്ലില്‍. അത് എല്ലാക്കാലത്തും സത്യമായിരിക്കും.'' രാധ എന്താണ് ഉദ്ദേശിച്ചതെന്ന് അന്നയാള്‍ക്ക് മനസ്സിലായതേയില്ല.

പക്ഷേ, അയാള്‍ അന്ന് രാധയുമായി കുറേ സംസാരിച്ചു. രാധയെ പറ്റി മനസ്സിലാക്കുന്നതിനു പകരം അമ്മുവിനെ പറ്റി അറിയാനാണ് അയാള്‍ ശ്രമിച്ചത്. അമ്മുവിന്റെ അമ്മാവന്റെ മകനെ കുറിച്ച് അങ്ങനെ അയാള്‍  അറിഞ്ഞു.

''നിങ്ങള്‍ പറഞ്ഞുവന്ന അമ്മുവിനെ മനസ്സിലായി. ആ അമ്മു കുടുംബവുമായി ഇവിടെ അടുത്തുതന്നെയാണ് താമസം.'' കാരണവര്‍ക്ക് അമ്മുവിനെ അറിയാമെന്നുള്ളത് അയാള്‍ക്ക് ആശ്വാസമേകി. പക്ഷേ, അതു ക്ഷണികമാണെന്ന് ഉടനെ വെളിപ്പെടുകയും ചെയ്തു.

''എന്റെ മരുമകളാണ് അമ്മു. ദാ, ഇത് എന്റെ മകന്റെ മകളാണ്.'' കാരണവര്‍ പറയുന്നത് കേട്ട് അയാളുടെ മനസ്സൊന്ന് ഇടറി. ആ പെണ്‍കുട്ടിയെ എവിടെയോ കണ്ടുവെന്ന് തോന്നിയത് അവള്‍ അമ്മുവിന്റെ മകളായതുകൊണ്ടായിരുന്നു എന്നയാള്‍ തീര്‍ച്ചയാക്കി. 

അപ്പോള്‍ രാധ അന്നു സൂചിപ്പിച്ചത് സത്യമായിരുന്നു. അമ്മുവിന്റെ വിവാഹം അമ്മാവന്റെ മകനുമായി നിശ്ചയിച്ചിരുന്നു. അയാള്‍ പ്രീഡിഗ്രി കഴിഞ്ഞയുടനെ നാട് വിട്ടതും അതുകൊണ്ടു തന്നെയായിരുന്നു. പിന്നീട് താമരക്കുളത്ത് എന്താണ് സംഭവിച്ചതെന്ന് അയാള്‍  തെരക്കിയിട്ടേയില്ല.

ഉറക്കത്തില്‍ നിന്നുപോലും ഞെട്ടിയുണര്‍ന്ന് താമരക്കുളത്ത് ഇറങ്ങിയിരുന്നത് വെറുതെ ആയിരുന്നുവോ? അയാളുടെ സുഹൃത്തുക്കള്‍ പറഞ്ഞ് കളിയാക്കിയിരുന്ന ഗുരുത്വാകര്‍ഷണം എന്തായിരുന്നു?

ചിന്തകള്‍ മനസ്സിനെ കടയുമ്പോള്‍ പാലാഴി മഥിക്കുമ്പോള്‍ കണ്ടെടുത്തപോലെ പല പുതിയ അറിവുകളും അയാളെ തേടിയെത്തി.

സത്യത്തില്‍ തന്നെ താമരക്കുളത്തെത്തിച്ചിരുന്ന ആകര്‍ഷണത്തിന്റെ കാന്തികവലയം ആരുടെ കൈയ്യിലായിരുന്നു? അമ്മുവാണ് തന്നെ അവിടെ എത്തിച്ചിരുന്നതെന്നാണ് കൂട്ടുകാരും പറഞ്ഞിരുന്നത്. പക്ഷേ, പലപ്പോഴും താന്‍ അവിടെ ഇറങ്ങുമ്പോള്‍ അമ്മുവിനെ കാണാറില്ലായിരുന്നു. അവള്‍ അവളുടെ അമ്മാവന്റെ വീട്ടിലോ അമ്പലത്തിലോ മറ്റോ പോയിരിക്കുകയായിരിക്കും.

എല്ലാത്തവണയും താമരക്കുളത്ത് കണ്ടുമുട്ടിയിരുന്ന ഒരാളുണ്ടായിരുന്നു.

''അമ്മുവിനേയും രാധയേയും പരിചയമുള്ള നിങ്ങള്‍ ആരാണെന്നു പറഞ്ഞില്ലല്ലോ?'' കാരണവര്‍ ഈ ചോദ്യം ചോദിക്കുന്നതിന് മുന്നെ സ്ഥലം കാലിയാക്കണമെന്നായിരുന്നു അയാള്‍ വിചാരിച്ചിരുന്നത്. പക്ഷേ, അതിനുമുന്നെ തന്നെ കാരണവര്‍ സംശയനിവാരണത്തിനെത്തിപ്പോയി.

''ഞാന്‍ അവരുടെ ഒരു പഴയ സ്‌നേഹിതനാണ്.''

''ഒന്നിച്ചാണോ പഠിച്ചിരുന്നത്?''

''അതേ.'' അതു പറഞ്ഞയുടനെ അയാള്‍ക്കു മനസ്സിലായി താന്‍ അബദ്ധത്തില്‍ ചാടിയെന്ന്.

''അപ്പോള്‍ അങ്കിള്‍ വിമന്‍സ് കോളജിലാണോ പഠിച്ചിരുന്നത്?'' വലിയ ഒരു ചിരിയോടെ ആ പെണ്‍കുട്ടി ചോദിച്ചു. ''സെന്റ് സേവിയേഴ്‌സില്‍ അന്ന് ആണ്‍കുട്ടികളെ പഠിപ്പിച്ചിരുന്നുവോ?''

കാരണവരും കിട്ടിയ സന്ദര്‍ഭം പാഴാക്കാതെ ഉറക്കെ ചിരിക്കാന്‍ തുടങ്ങി. തന്റെ മുഖത്തെ ചമ്മല്‍ പുറത്തു കാട്ടാതെ അയാള്‍ ആകാശത്തേയ്ക്ക് നോക്കി. പിന്നീട് വളിച്ച ഒരു ചിരിയോടെ അയാള്‍ ആ പെണ്‍കുട്ടിയെ നോക്കി പറഞ്ഞു. ''ഞാന്‍ യുസിയിലായിരുന്നു. രണ്ട് കോളജും അന്നെല്ലാം വളരെ അടുപ്പത്തിലായിരുന്നതിനാല്‍ ഒന്നു പോലെയായിരുന്നു. അതാ ഞാന്‍ അങ്ങനെ പറഞ്ഞത്. സോറി.''

''അതു സാരമില്ല. അങ്കിളിനെ കണ്ടപ്പോഴെ എനിയ്ക്ക് ആളെ മനസ്സിലായി. അമ്മയുടെ ആല്‍ബത്തില്‍ ഫോട്ടോ കണ്ടിട്ടുണ്ട്. അമ്മയും അമ്മായിയും പിന്നെ അങ്കിളും ചേര്‍ന്നുള്ള ഒരു ഫോട്ടോ. അമ്മായിയുടെ കൈയ്യിലും അതിന്റെ ഒരു കോപ്പിയുണ്ട്.'' അവളുടെ വര്‍ത്തമാനം അയാളെ അത്ഭുതപ്പെടുത്തി. ശശിയെടുത്ത ഫോട്ടോ. ഒരു കോപ്പി തന്റെ കൈയ്യിലും ഉണ്ടായിരുന്നു.

''അങ്കിളിനെ പറ്റി എപ്പോഴും സംസാരിക്കുമായിരുന്നു.'' അവളൊന്നു നിര്‍ത്തിയിട്ട് അയാളുടെ മുഖത്തേയ്ക്ക് നോക്കി. അയാളുടെ ആകാംക്ഷ കണ്ട് അവള്‍ തുടര്‍ന്നു. ''അമ്മായിക്ക് നൂറ് നാവാണ് അപ്പോള്‍. ഇപ്പോഴും എത്ര ഇഷ്ടമാണെന്നോ അമ്മായിക്ക് അങ്കിളിനെ.''

''അപ്പോള്‍ അമ്മായിയുടെ കല്യാണം കഴിഞ്ഞില്ലേ?'' അയാള്‍ അറിയാതെ തന്നെ അവളോട് ചോദിച്ചുപോയി.

''ഇല്ല. ഇനിയിപ്പോള്‍  അങ്കിള്‍  വന്നല്ലോ. അപ്പോള്‍  പിന്നെ ആവാമല്ലോ.''

ആലുവ സ്റ്റേഷനില്‍ നിന്നും തീവണ്ടി കയറുമ്പോള്‍ ശശിയും രാജനും യാത്ര അയക്കാന്‍ വന്നിരുന്നു. വീട്ടില്‍ നിന്ന് ആരോടും വരേണ്ട എന്ന് പ്രത്യേകം പറഞ്ഞിരുന്നു. അല്ലെങ്കിലും എല്ലാവരില്‍ നിന്നും എല്ലാത്തില്‍ നിന്നും ഒരു ഒളിച്ചോട്ടം ആയിരുന്നില്ലേ അന്നത്തെ യാത്ര? അങ്ങനെയൊരു യാത്രയ്ക്ക് എന്തിനാണ് ഒരു യാത്രയയപ്പ്? 

ശശിയേയും രാജനേയും എത്ര വിലക്കിയാലും വരുമെന്നുള്ളത് ഉറപ്പായിരുന്നു. അത്രയ്ക്കിണ പിരിയാത്ത ചങ്ങാതിമാരായിരുന്നു അവര്‍.

പ്രീഡിഗ്രി തോറ്റതിലേറെ വിഷമം അമ്മുവിനെ എങ്ങനെ നേരിടുമെന്നുള്ളതായിരുന്നു. അല്ലെങ്കിലും പഠിത്തത്തില്‍ തോറ്റ തന്നെ അവളെങ്ങനെ പ്രണയിക്കാനാണ്? അപ്പോള്‍ പിന്നെ മുന്നില്‍ കണ്ട ഏക വഴി വണ്ടി കയറുകയെന്നതായിരുന്നു. 

താമരക്കുളത്തെ വിശേഷങ്ങളൊന്നും തെരക്കാറില്ലായിരുന്നു. അറിഞ്ഞിട്ട് കാര്യമില്ലെന്നാണ് തോന്നിയത്. എങ്കിലും അമ്മുവിനെ പറ്റി ഓര്‍ക്കാന്‍ ശ്രമിക്കാറുണ്ട്. അപ്പോഴെല്ലാം ചിന്തയില്‍ രാധയും കയറി വരുമായിരുന്നു. എന്താണ് തന്റെ മനസ്സില്‍ രാധയ്ക്ക് കാര്യമെന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. സത്യത്തില്‍ താന്‍ അമ്മുവിനേക്കാള്‍ കൂടുതല്‍ കണ്ടിട്ടുള്ളത് രാധയെ ആയിരുന്നില്ലേ?

''എന്താ അങ്കിള്‍ ഉത്തരമൊന്നും പറഞ്ഞില്ലല്ലോ?'' ആ പെണ്‍കുട്ടിയുടെ ശബ്ദം അയാളെ ചിന്തകളില്‍ നിന്നും ഉണര്‍ത്തി.

''എന്താ, ഇയാളുടെ അമ്മായിയുടെ കല്യാണം ഉറപ്പിച്ചോ?'' ആ ചോദ്യം ചോദിയ്ക്കുമ്പോള്‍ അയാളുടെ ശബ്ദത്തില്‍ ഒരു നൈരാശ്യം കലര്‍ന്നിരുന്നുവോ എന്ന് അയാള്‍ക്കു തന്നെ സംശയമായി.

''അതിനെന്താ, ഇന്നു തന്നെ ഉറപ്പിയ്ക്കാമല്ലോ. ഈ വഴിയില്‍ കൂടി പോയി ആദ്യത്തെ വലതു തിരിഞ്ഞാല്‍ വലതുഭാഗത്ത് കാണുന്ന ആദ്യത്തെ വീടാണ് അമ്മായിയുടേത്. അങ്കിള്‍ നേരെ അങ്ങോട്ടു പോയിക്കൊള്ളു.'' അമ്മയെ പോലെതന്നെ മകള്‍ക്കും സംസാരത്തില്‍ ഒരു സംശയവും ഇല്ലായിരുന്നു.

അയാള്‍ക്കെന്തെങ്കിലും കൂടുതല്‍ ചോദിക്കാന്‍ സമയം കൊടുക്കാതെ ആലുവയ്ക്കുള്ള ഒരു ബസ് താമരക്കുളം സ്റ്റോപ്പിലെത്തി. കാരണവരും പെണ്‍കുട്ടിയും ധൃതിയില്‍ ബസില്‍ കയറി. ബസ് മുന്നോട്ട് നീങ്ങുന്നതിനിടയില്‍ ആ പെണ്‍കുട്ടി അയാളെ നോക്കി കൈ വീശികാണിച്ചു. കൂട്ടത്തില്‍ ഒരു പുഞ്ചിരിയും. അതേ മുല്ലപ്പൂമ്പല്ലുകള്‍.

അയാള്‍ കുറച്ചുനേരം അവിടെ നിന്നു, എന്താണിനി ചെയ്യേണ്ടതെന്ന് ആലോചിച്ച്. ഏതായാലും രാധയെ കണ്ടേക്കാമെന്ന് മനസ്സിലുറപ്പിച്ച് നേരെ കണ്ട വഴിയിലൂടെ മുന്നോട്ട് നടന്നു. മുന്നോട്ട് നീങ്ങുന്തോറും അയാളുടെ നടത്തത്തിന്റെ വേഗത കുറഞ്ഞുവന്നു. രാധയുടെ കൂടെ അമ്മുവും ഉണ്ടെങ്കില്‍ എന്താ പറയുക എന്നായിരുന്നു അയാളുടെ സംശയം. അമ്മുവിനെ പറ്റി ആലോചിക്കുന്തോറും അയാളുടെ ഹൃദയമിടിപ്പ് വര്‍ദ്ധിച്ചു.

റോഡില്‍ നിന്നും വലതു തിരിഞ്ഞു ആദ്യത്തെ വലതു വശത്തെ വീടാണ്. എല്ലാം വലത് വശത്താണെന്നുള്ളത് അയാളുടെ മനസ്സില്‍ ഒരു ശുഭാപ്തിവിശ്വാസം ഉണ്ടാക്കി. വലതെന്നു പറഞ്ഞാല്‍ ഇംഗ്ലീഷില്‍ റൈറ്റ് എന്നു തന്നെയാണല്ലോ. നല്ലതു ചിന്തിച്ചാല്‍ നല്ലതേ വരൂ എന്ന് അമ്മ എപ്പോഴും പറയാറുള്ളത് അയാള്‍ ഓര്‍ത്തു.

പൂക്കളുടേയും മരങ്ങളുടേയും ചിത്രങ്ങള്‍ വരച്ചുചേര്‍ത്ത ഗേറ്റ്. അത് പതുക്കെ തുറന്ന് അയാളകത്തേയ്ക്ക് കയറി. മുന്നിലെ വരാന്തയില്‍ ഇരിക്കുന്നവരെ കണ്ടപ്പോള്‍ അയാളുടെ ശ്വാസം നിലച്ചപോലെയായി. അയാളുടെ സംശയം അസ്ഥാനത്തായിരുന്നില്ല. 

അയാളെ കണ്ടതും രാധയും അമ്മുവും കസേരയില്‍  നിന്നും എഴുന്നേറ്റു. അയാളുടെ മുഖത്തെ പരിഭ്രമം കണ്ട് അവരുടെ ചുണ്ടുകളില്‍  ചെറുപുഞ്ചിരി രൂപം കൊണ്ടു. 

''എന്നെ ഓര്‍മ്മയുണ്ടോന്ന് അറിയില്ല. നമ്മള്‍ പണ്ട് ...'' അയാള്‍ക്ക് അതില്‍ കൂടുതലൊന്നും പറയാന്‍ കിട്ടിയില്ല.

''നല്ല കാര്യമായി. ഇയാളെ മറക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കുമോ? താമരക്കുളത്തിന്റെ ഗുരുത്വാകര്‍ഷണത്തിന്റെ ശക്തി ഇത്രയും കൊല്ലത്തിനു ശേഷവും തുടരുന്നു.'' രാധ തന്റെ സ്വതസിദ്ധമായ ചടുലതയോടെ സംസാരിച്ചു. ''ഞങ്ങള്‍ കാത്തിരിക്കുകയായിരുന്നു.''

ഇവര്‍ തന്നെ കാത്തിരിക്കുകയായിരുന്നെന്നോ? അയാള്‍ക്ക് അത്ഭുതമായി. താന്‍ ഇവിടെ എത്തുമെന്നുള്ള കാര്യം തനിയ്ക്കു തന്നെ അറിവില്ലായിരുന്നു. പിന്നെ എങ്ങനെയാണ് ഇവര്‍ക്ക് അറിയുവാന്‍ സാധിക്കുക. ''ഞാന്‍ വരുമെന്ന് നിങ്ങള്‍ക്കെങ്ങനെ മനസ്സിലായി?''

''ന്യൂട്ടന്റെ തിയറി ഓഫ് ഗ്രാവിറ്റിയുടെ കൂടെ ഞങ്ങള്‍ കുറച്ച് എക്‌സ്ട്രാ സെന്‍സറി പെഴ്‌സെപ്ഷന്‍ കൂട്ടിക്കുഴച്ചു. അങ്ങനെ ഇയാള്‍ ഇന്നിവിടെ എത്തുമെന്നുള്ള ഉള്‍വിളിയുണ്ടായി.'' രാധ വായ തുറന്നാല്‍ പിന്നെ നിര്‍ത്തുവാന്‍ പണ്ടും പ്രയാസമായിരുന്നു. 

''ഇദ്ദേഹത്തിന്റെ വിവരങ്ങളൊക്കെ ഞങ്ങള്‍ ശശിയും രാജനും വഴി അറിഞ്ഞിരുന്നു.'' അയാളുടെ മുഖത്തെ ചളിപ്പും വിഷമവും കണ്ടിട്ടാവണം അതുവരെ മിണ്ടാതിരുന്നിരുന്ന അമ്മു പറഞ്ഞു.

അപ്പോള്‍ അവരായിരുന്നു ഹംസത്തിന്റെ പണി ചെയ്തിരുന്നത്. എന്നിട്ട് തന്നോട് ഇതുവരെ ഒരക്ഷരം ഇവരെ പറ്റി പറഞ്ഞിട്ടുമില്ല. അവരെ തെറ്റു പറയാനും പറ്റുകയില്ല. താന്‍  നാടിനെ പറ്റിയൊന്നും തന്നെ അന്വേഷിച്ചിരുന്നില്ല എന്നതായിരുന്നല്ലൊ വാസ്തവം.

''ഞാന്‍ അമ്മുവിന്റെ മകളേയും അമ്മാവനേയും കണ്ടിരുന്നു. അവര്‍ ആലുവയ്ക്കുള്ള ബസും കാത്ത് സ്റ്റോപ്പില്‍ ഉണ്ടായിരുന്നു.'' തല്ക്കാലത്തെ രക്ഷയ്ക്ക് അയാള്‍ വിഷയം മാറ്റി. ''മോള്‍ക്ക് അമ്മുവിന്റെ അതേ ഛായ.''

അതു കേട്ടതും രാധയും അമ്മുവും പൊട്ടിച്ചിരിക്കാന്‍ തുടങ്ങി. അവരുടെ നിര്‍ത്താതെയുള്ള ചിരികേട്ട് അയാള്‍ പകച്ചു. 

''എന്താ ഇത്ര ചിരി? ഞാന്‍ തമാശയൊന്നും പറഞ്ഞില്ലല്ലോ?''

''അമ്മുവിന്റെ അമ്മാവന്റെ കൂടെ കണ്ട കുട്ടിയ്ക്ക് അമ്മുവിന്റെ ഛായ എന്നു പറഞ്ഞാല്‍ ചിരിക്കാതെ പിന്നെന്താ ചെയ്യേണ്ടത്? ഇയാളുടെ കണ്ണുകള്‍ ഡോക്ടറെ കാണിക്കേണ്ട സമയമായി. എങ്ങനെയാണാവോ ഛായ മനസ്സിലാക്കിയത്?'' രാധ ചിരിക്കിടയില്‍  പറഞ്ഞൊപ്പിച്ചു.

അയാള്‍ ആ കുട്ടിയുടെ മുഖം ഓര്‍ത്തെടുക്കാന്‍ നോക്കി. മുമ്പെങ്ങോ കണ്ട ഒരു ഛായ. അതു അമ്മുവിന്റെ തന്നെയാവണമെന്നില്ലല്ലോ. പല്ലുകള്‍ മുല്ലപ്പൂക്കള്‍ പോലെ. അതു മാത്രമേ അമ്മുവിന്റെ എന്നു പറയാനുള്ളു. അതിപ്പോള്‍ നല്ല പല്ലുകളുള്ള എത്രയോ പേരുണ്ട്. അയാള്‍ രാധയുടെ ചിരിക്കുന്ന മുഖത്തേയ്ക്ക് നോക്കി. രാധയുടെ പല്ലുകളും അതേ പോലെ തന്നെയാണ്. താനെന്തൊരു മണ്ടനാണെന്ന് അയാള്‍ ആലോചിച്ചുപോയി.

അയാളുടെ മുഖത്തെ തെളിച്ചം കണ്ടപ്പോള്‍ രാധ ചോദിച്ചു. ''ഇപ്പോള്‍ മനസ്സിലായോ അത് ആരുടെ മോളാണെന്ന്?''

ആ ചോദ്യത്തോടെ അയാളുടെ മുഖം കൂടുതല്‍ തെളിഞ്ഞു. കാര്യങ്ങളുടെ കിടപ്പ് അയാള്‍ക്ക് കുറേശ്ശേ മനസ്സിലാവുന്നുണ്ടായിരുന്നു. ''അപ്പോള്‍ അമ്മുവിന്റെ അമ്മാവന്റെ മകന്‍?''

അതുകേട്ട് അമ്മു ഒരു പുഞ്ചിരിയോടെ തല കുനിച്ചു. 

''അതാണ് എന്റെ മകളുടെ അച്ഛന്‍. അവളുടെ കൂടെ കണ്ടത് അമ്മുവിന്റെ അമ്മാവന്‍. എന്റേയും അമ്മാവന്‍ - എന്റെ കെട്ടിയോന്റെ അച്ഛന്‍. ഇപ്പോഴെങ്കിലും ആ തലയിലേയ്ക്ക് കാര്യങ്ങള്‍  കേറിയോ?'' രാധയുടെ വാക്കുകള്‍ അയാളെ കുളിരണിയിച്ചു എന്നു പറഞ്ഞാല്‍  അധികമാകുകയില്ല. 

''അപ്പോള്‍ അമ്മു ...?'' അയാള്‍ അര്‍ദ്ധോക്തിയില്‍ നിര്‍ത്തി. അയാള്‍ക്ക് കേള്‍ക്കേണ്ടിയിരുന്നത് അമ്മുവിന്റെ വായില്‍ നിന്നും വരട്ടേ എന്നയാള്‍ കരുതി.

അമ്മു അയാളെ നോക്കിയൊന്ന് പുഞ്ചിരിച്ചു. താമരക്കുളം സ്റ്റോപ്പിലെ മാഞ്ചുവട്ടില്‍ നിന്ന് തന്നെ കാണുമ്പോഴുള്ള അതേ മുഖഭാവം. അയാളും അവളെ നോക്കി മനസ്സു തുറന്നൊന്ന് ചിരിച്ചു.

''ഞാനന്നെ പറഞ്ഞതല്ലേ, ആരാണ് ആര്‍ക്കെന്നുള്ളത് ദൈവം എഴുതിവച്ചിട്ടുണ്ടെന്നുള്ളത്. ഇയാള്‍ അതൊന്നും കേള്‍ക്കാതെ വണ്ടികേറി പോയാല്‍ പിന്നെ ഞങ്ങള്‍ എന്തു ചെയ്യാനാണ്?'' രാധ പണ്ട് പറഞ്ഞത് അയാളുടെ മനസ്സില്‍ തെളിഞ്ഞു വന്നു. കാര്യങ്ങളെ നേരിടാനുള്ള തന്റെ വിമുഖതയാണ് ഇതെല്ലാം ഇത്രയും വൈകിച്ചത്. 

''അമ്മാവനോട് ചോദിച്ചപ്പോള്‍ രാധയെ അറിയാമെന്നേ പറഞ്ഞുള്ളു. രാധയുടെ മകളും ഒന്നും തെളിച്ചു പറഞ്ഞില്ല.'' അയാള്‍ തന്റെ മനസ്സിന്റെ സമനില തിരിച്ചെടുക്കാനുള്ള ശ്രമത്തില്‍ തുടര്‍ന്നു.

''മകള്‍ക്ക് രാധയുടെ സ്വഭാവം തന്നെ. ബാക്കിയുള്ളവരെ കളിയാക്കാന്‍ മിടുക്കിയാണ്. അതിനുപറ്റിയ അച്ഛാച്ഛനാണ് കൂടെയുള്ളത്. ഈ ബസില്‍ വന്നിറങ്ങുമെന്ന് അവര്‍ക്കും അറിയാമായിരുന്നു.'' അമ്മു അയാളുടെ പരിഭ്രമത്തിന് അയവ് വരുത്തി. 

''എന്നാല്‍ പിന്നെ അകത്തേയ്ക്ക് കയറിയിരുന്നു കൂടേ? നമുക്കിതൊരു ഒഫീഷ്യല്‍ പെണ്ണുകാണല്‍ ആക്കിക്കളയാം. ഇയാളുടെ കൂട്ടുകാര്‍ ആലുവയില്‍ ഇയാള്‍ എത്താത്തതുകൊണ്ട് ഇങ്ങോട്ട് പുറപ്പെട്ടിട്ടുണ്ട്.'' രാധയുടെ സംസാരത്തിനൊപ്പം അയാള്‍ ഉമ്മറത്തേയ്ക്ക് കയറി.

അയാളുടെ കണ്ണുകള്‍  അമ്മുവിന്റെ മുല്ലപ്പൂമ്പല്ലുകളെ തെരയുകയായിരുന്നു.

താമരക്കുളത്തെ ഗുരുത്വാകര്‍ഷണം സത്യമുള്ളതായിരുന്നു - അന്നും ഇന്നും! ഇതു ന്യൂട്ടന്റേയോ വേറെയാരുടേയോ അല്ല. തന്റെ മാത്രം. തന്റേതു മാത്രം!


ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

click me!