Malayalam Short Story: ഒരിക്കലും അയക്കാത്ത ഒരു കത്ത്, രതി രമേഷ് എഴുതിയ ചെറുകഥ

By Chilla Lit SpaceFirst Published Jun 18, 2022, 4:34 PM IST
Highlights

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.   രതി രമേഷ് എഴുതിയ ചെറുകഥ

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

Latest Videos

 

അന്നത്തെ ദിവസം അച്ഛനോട് പറഞ്ഞ കാര്യം ഓര്‍ത്ത് പിന്നീട്  പശ്ചാത്തപിച്ചിരുന്നെങ്കിലും ഒരിക്കല്‍ പോലും അദ്ദേഹത്തെ തേടി പോകണമെന്നോ തിരികെ വിളിക്കണമെന്നോ നിരഞ്ജന്റെ പിടിവാശി അനുവദിച്ചു കൊടുത്തിരുന്നില്ല. പ്രായത്തിന്റെ അഹന്തയും, എന്നോ മനസ്സില്‍ ഉരുണ്ടു കൂടിയിരുന്ന തെറ്റിദ്ധാരണകളുടെ ബാക്കിപത്രവുമായിരുന്നു ചിന്തകളെ അടക്കി ഭരിച്ചിരുന്നത്.  

മുഖം കറുപ്പിച്ച് എന്തെങ്കിലും സംസാരിക്കുകയോ, എന്നെങ്കിലും വഴക്ക് പറയുകയോ ചെയ്തതായി ഓര്‍മ്മകളില്‍ പോലും ഇല്ലായിരുന്നു.  ഒരു തടസ്സവും കൂടാതെ എല്ലാ അഭിലാഷങ്ങളും സഫലീകരിച്ചു തന്നിട്ടുണ്ട്.  എന്നിട്ടും താന്‍ അച്ഛനെ അകാരണമായി വെറുക്കുകയും ഒറ്റപ്പെടുത്തുകയും ഏറ്റവുമൊടുവില്‍ വീട്ടില്‍ നിന്നുതന്നെ  ഇറക്കി വിടുകയും ചെയ്തു. അതെ, ശരിക്കും പറഞ്ഞാല്‍ അതൊരു ഇറക്കിവിടല്‍ തന്നെയായിരുന്നു.

രണ്ട്

കൃത്യമായി പറഞ്ഞാല്‍ ഏഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പ്. അതൊരു മഴക്കാലമായിരുന്നു.  ഇരുണ്ടുമൂടിയ കാര്‍മേഘത്താല്‍ മനസ്സിനെയെന്നപോല്‍ അന്തരീക്ഷത്തെയും വിഷാദത്താല്‍  വലയം ചെയ്യപ്പെട്ടിരുന്നു.  ദ്രുതഗതിയില്‍ ലക്ഷ്യമില്ലാതെ നീങ്ങുന്ന ആകാശത്തിലെ കാര്‍മേഘങ്ങളെ നോക്കി എഴാം നിലയിലെ ഫ്‌ലാറ്റിലെ ബാല്‍ക്കണിയിലെ ചാരുകസേരയില്‍ ഇരിക്കുകയായിരുന്നു അച്ഛന്‍. മുഖം നിറയെ ഗൗരവം കുത്തിനിറച്ച് അവിടേക്ക് കടന്നുചെന്ന താന്‍,

'എപ്പോഴാണ് എനിക്കെന്റെ വിഹിതത്തിലുള്ള കാശ് തരുന്നത്?'

'മോനെ, സ്ഥലത്തിനൊക്കെ ഇപ്പോള്‍ വില ഇടിഞ്ഞിരിക്കുന്ന സമയമല്ലേ? ഇപ്പോള്‍ നമ്മുടെ വീടും പറമ്പും കൊടുക്കുകയാണെങ്കില്‍ വലിയ നഷ്ടമായിരിക്കും എന്നാണ് എല്ലാവരും പറയുന്നത്.'

' ഓഹോ! അങ്ങനെ ഓരോ പുതിയ വിദ്യകള്‍ പറഞ്ഞ് അത് വില്‍ക്കാതിരിക്കാനുള്ള ശ്രമമായിരിക്കും അല്ലേ?'

'അയ്യോ! അല്ല മോനെ'

' എന്നാല്‍ പിന്നെ ആ പറഞ്ഞവന്‍മാരുടെ വീട്ടില്‍ ചെന്ന് വാങ്ങിയിട്ടുവരുമോ, കാശ്. ആ കാശ് കിട്ടിയിട്ടു വേണം എന്റെ കുറെയേറെ ആഗ്രഹങ്ങള്‍ നടപ്പിലാക്കാന്‍.  അടുത്ത മാസം ക്യാഷ് മൊത്തം കൊടുത്ത് രജിസ്റ്റര്‍ ചെയ്യേണ്ട ഒരു പ്രോപ്പര്‍ട്ടി അഡ്വാന്‍സ് കൊടുത്തിട്ടുണ്ട്. എല്ലാം നിങ്ങളുടെ വാക്ക് വിശ്വസിച്ച് തുടങ്ങി വെച്ചത്.'

'അച്ഛന്‍' എന്ന വിളിക്ക് പകരം 'നിങ്ങള്‍' എന്ന വിളി കേട്ടപ്പോള്‍  അച്ഛന്റെ ഉള്ളം നീറി പുകഞ്ഞു കാണണം. തന്റെ ആഗ്രഹ പൂര്‍ത്തീകരണത്തിനായി വിറ്റുതുലക്കാന്‍ ആവശ്യപ്പെട്ട് അച്ഛനെ നിരന്തരം ശല്ല്യപ്പെടുത്തിയപ്പോള്‍ ഒട്ടുമേ ചിന്തിച്ചിരുന്നില്ല അച്ഛന്റെ എത്രയേറെ ആഗ്രഹങ്ങളെ നുളയിലേ  നുള്ളിയെറിഞ്ഞിട്ടാകണം ആ വീടെന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടത് എന്ന്.  സ്വന്തം മകന്റെ ആഗ്രഹങ്ങള്‍ക്ക് മേല്‍ കുഴിച്ചുമൂടപ്പെട്ട ഒരിക്കലും സഫലമാകാത്ത അച്ഛന്റെ സ്വപ്നങ്ങളൊക്കെയും തന്റെ  സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് വേണ്ടി മന:പൂര്‍വ്വം അവഗണിച്ചു.

മൂന്ന്

'എല്ലാം മോന്റെ പേരില്‍ തന്നെ എഴുതി തന്നേക്കാം.  ഉചിതമായ വില കിട്ടുമ്പോള്‍ മോന്‍ തന്നെ വിറ്റ് കാശെടുത്തോളു.'

'എനിക്കങ്ങനെ നിങ്ങളുടെ ഔദാര്യമൊന്നും വേണ്ട. എന്റെ വിഹിതത്തിലുള്ളത് മാത്രം മതി. അധികമായി ഒന്നും തന്നെ വേണ്ട.  ബാക്കിയുള്ളതെല്ലാം പൊന്നു മോള്‍ക്ക് തന്നെ കൊടുത്തോളൂ.'

അതെ, അവളായിരുന്നു എന്നും പ്രശ്‌നം. തന്റെ സ്വന്തം സഹോദരിയായിട്ട് പോലും അവളോട് തനിക്ക് എന്നും മത്സരമായിരുന്നു.

വര്‍ഷങ്ങള്‍ക്കു മുന്‍പ് മണലാരണ്യത്തില്‍ ചേക്കേറിയിരുന്ന അച്ഛനും അമ്മയ്ക്കും ഒപ്പമായിരുന്നു പഠനം പൂര്‍ത്തിയാക്കുന്നത് വരെ തങ്ങള്‍ രണ്ടു പേരും. പിന്നീട് ഉന്നതവിദ്യാഭ്യാസത്തിന് വേണ്ടിയായിരുന്നു നാട്ടിലുള്ള തറവാട് വീട്ടില്‍ നിര്‍ത്തിയത്. 

സഹോദരി അച്ഛനമ്മമാരുടെ അടുത്ത് മടങ്ങിയെത്തിയെങ്കിലും പഠനം പൂര്‍ത്തിയാക്കിയ താന്‍ നാട്ടില്‍ തന്നെ ജോലിയില്‍ പ്രവേശിച്ചതോടെ പ്രിയപ്പെട്ടവരുടെ കൂടെ ചെലവഴിക്കുന്നത് അവധിക്ക് നാട്ടിലെത്തുന്ന പത്തോ ഇരുപതോ ദിവസങ്ങള്‍ മാത്രമായി ചുരുങ്ങി. 

കല്യാണത്തിന് ശേഷം സഹോദരി ഭര്‍ത്താവുമൊത്ത് കാനഡയിലേക്ക് ഷിഫ്റ്റ് ചെയ്തുവെങ്കിലും അവളോട് എന്തോ മാനസികമായി ഒരകല്‍ച്ച ചെറുപ്പം മുതല്‍ ഉണ്ടായിരുന്നു. അച്ഛനും അമ്മയും അവളെയാണ് കൂടുതല്‍ സ്‌നേഹിക്കുന്നത് എന്ന് ചെറുപ്പം മുതല്‍ പരാതിപ്പെടുമായിരുന്നു. ആ സംശയം വളര്‍ന്ന് അവളോട് വെറുപ്പായി മാറി, പിന്നീട് ദേഹോപദ്രവം ചെയ്യാന്‍ പോലും മടിയില്ലാത്തവനായി മാറി. അവള്‍ ഏട്ടനുമായി എത്രമാത്രം അടുക്കാന്‍ ശ്രമിച്ചിരുന്നോ അതിനേക്കാള്‍ ഇരട്ടിയായി താന്‍ അവളില്‍ നിന്ന് അകന്നു മാറി.

ഗള്‍ഫിലെ ജീവിതം അവസാനിപ്പിച്ച് നാട്ടില്‍ സ്ഥിരതാമസമാക്കിയ അച്ഛനും അമ്മയും കൂടെ താമസിക്കാന്‍ പലപ്പോഴും നിര്‍ബ്ബന്ധിച്ചെങ്കിലും തന്റെ വികടമനസ്സ് അതിനെ അംഗീകരിക്കാന്‍ അനുവദിച്ചില്ല. പിന്നീട് കല്യാണം കഴിഞ്ഞപ്പോഴും മക്കളുണ്ടായപ്പോഴും മന:പൂര്‍വ്വം അവരില്‍ നിന്ന് അകന്നു മാറി തന്നെ ജീവിച്ചു. 

വല്ലപ്പോഴും തന്റെ കനിവിന് കാത്തിരിക്കണമായിരുന്നു - കൊച്ചുമക്കളെ ഒന്ന് കണ്‍നിറയെ കാണാന്‍. ഒടുവില്‍ അച്ഛനെ തനിച്ചാക്കി അമ്മ യാത്രയായപ്പോള്‍ ഗത്യന്തരമില്ലാതെ കൂടെ താമസിപ്പിക്കുകയായിരുന്നു. ആള്‍ക്കാരുടെ നിര്‍ബ്ബന്ധത്തിനു വഴങ്ങി എന്ന് വേണമെങ്കില്‍ പറയാം.

കാരണം ഇനിയൊരു വിദേശവാസം വേണ്ടെന്ന തീരുമാനത്തില്‍ അച്ഛന്‍ മകളുടെ കൂടെ പോകാന്‍ വിസമ്മതിക്കുകയായിരുന്നു.

നാല്

അന്നത്തെ സംഭാഷണത്തിന് ശേഷം, അച്ഛന്‍ എല്ലാം തന്റെ പേരില്‍ എഴുതി വെച്ച് വീട്ടില്‍ എത്തിയ ദിവസം.

'ഇതാ മോനെ വീടിന്റെ ആധാരം. ഇനി എല്ലാം നിന്റെ ഇഷ്ടം പോലെ ചെയ്യാം. ഞാന്‍ അടുത്ത ആഴ്ച ഒരു ദീര്‍ഘയാത്ര പോകുന്നുണ്ട്.  കൂടെ ജോലി ചെയ്തിരുന്ന സുഹൃത്തും സംഘവും ഒരു തീര്‍ത്ഥയാത്ര പ്ലാന്‍ ചെയ്തിട്ടുണ്ട്.  ഋഷികേശ്, വാരണാസി, ഹിമാലയ സാനുക്കള്‍ അങ്ങനെ എല്ലായിടവും ദര്‍ശിച്ച് മടങ്ങിയെത്താന്‍ ചിലപ്പോള്‍ നാളുകളെടുക്കും.'

'ങ്ഹാ! എവിടെയെങ്കിലും പോയി തുലയ്, എനിക്കെന്താ!'

അന്ന് അങ്ങനെ ആയിരുന്നു  നാവില്‍ നിന്നും വീണത്.

തീര്‍ത്ഥയാത്രാ സംഘത്തിന്റെ കൂടെ കൊണ്ടു വിടാന്‍ പോലും താന്‍ തയ്യാറായില്ല. ഒരു ടാക്‌സി ഏര്‍പ്പാടാക്കി കൊടുത്തു, അത്രമാത്രം. 

അതിന് ശേഷം മൊബൈലില്‍ ശ്രമിച്ചപ്പോഴൊക്കെ പരിധിക്ക് പുറത്താണ് എന്ന പതിവ് സന്ദേശം മാത്രം ലഭിച്ചു. പിന്നീട് ഒരു ദിവസം 'ഞാന്‍ ഇവിടെ ഒരു സുഹൃത്തിന്റെ  ഉടമസ്ഥതയിലുള്ള ഒറ്റമുറി വീട്ടില്‍ താമസം തുടങ്ങിയെന്നും അന്വേഷിച്ച് വരേണ്ടതില്ല' എന്നും' എഴുതിയ കത്ത് കിട്ടി.

തന്റെ ക്രൂരതയുടെ വലുപ്പം മനസ്സിലാക്കാന്‍ ഒരിക്കലും ശ്രമിച്ചിരുന്നില്ലെന്നതാണ് സത്യം. തിരിച്ചറിവ് നേടിയപ്പോഴേക്കും ഒത്തിരി വൈകിപ്പോയിരുന്നു.  

എന്നിലെ അച്ഛന്‍ മുറിവേറ്റു തുടങ്ങിയപ്പോള്‍, കൗമാരത്തിലെത്തിയ ആണ്‍മക്കള്‍ തറുതല പറയാന്‍ തുടങ്ങിയപ്പോള്‍, തന്നിഷ്ട പ്രകാരമുള്ള അവരുടെ പ്രവൃത്തികള്‍ മനസ്സിനെ നൊമ്പരപ്പെടുത്തിയപ്പോള്‍ ഉള്ളിലിരുന്ന് ആരോ മന്ത്രിച്ചു കാലചക്രം കറങ്ങിത്തിരിഞ്ഞ് അവിടെ തന്നെ എത്തി ചേര്‍ന്നിരിക്കുന്നു. 

മുമ്പെങ്ങോ കൈപ്പറ്റിയ അച്ഛന്റെ കത്തിനടിയില്‍ ശ്രദ്ധിക്കാതെ പോയിരുന്ന മേല്‍വിലാസം പൊടിതട്ടിയെടുത്ത് വായിക്കാന്‍ ശ്രമിച്ചു. പിറ്റേന്ന് രാവിലെ തന്നെ ആരോടും ഒന്നും പറയാതെ വണ്ടിയെടുത്ത് പുറപ്പെട്ടു. മനസ്സില്‍ പതിച്ചുവെച്ച മേല്‍ വിലാസം തേടിയുള്ള യാത്ര.

അഞ്ച്

അനാഥമായി കിടക്കുന്ന ആ ഒറ്റമുറി വീടിന്റെ താക്കോല്‍ തുരുമ്പെടുത്ത് ദ്രവിച്ചു കിടക്കുന്നുണ്ടായിരുന്നു. ഗേറ്റിന്റെ കറകറ ശബ്ദം കേട്ടിട്ടാകണം തൊട്ടപ്പുറത്തുള്ള വീട്ടില്‍ നിന്നും അച്ഛന്റെ പ്രായം തോന്നിപ്പിക്കുന്ന ഒരു മനുഷ്യന്‍ അടുത്തേക്ക് വരുന്നത് കണ്ടു. മുമ്പൊരിക്കലും കണ്ടിട്ടില്ലെങ്കിലും ഒറ്റനോട്ടത്തില്‍..

'നിരഞ്ജന്‍' എന്ന് കണ്ണില്‍ തന്നെ തറപ്പിച്ച് നോക്കി വിളിച്ചു.

'അതെ, എന്നെ എങ്ങനെ അറിയാം? '

'അത്, പിന്നെ..... മോനെ, മക്കള്‍ക്കെല്ലാം ഒരേ രൂപമാണ് ഞങ്ങള്‍ അച്ഛനമ്മമാരുടെ മനസ്സില്‍.  കാലും കൈയ്യും വളരുന്നതിനനുസരിച്ച് നമ്മുടെ മക്കളെ കുറിച്ച് പ്രിയപ്പെട്ടവരോട് വര്‍ണ്ണിച്ച് വര്‍ണ്ണിച്ച് അവരങ്ങനെ വളര്‍ന്ന് വലുതാകും, നമ്മുടെ കണ്‍മുന്നില്‍ എന്നത് പോലെ സുഹൃത്തുക്കളുടെ മനസ്സിനുള്ളിലും. പിന്നെ നിങ്ങള്‍ ഒരിക്കല്‍ അന്വേഷിച്ചു വരുമെന്ന് അച്ഛന്‍ മരിക്കുന്നതിന്റെ അന്ന് രാവിലെ വരെ പറഞ്ഞിരുന്നു.'

ഉത്തരംമുട്ടി നില്‍ക്കുന്ന തനിക്ക് മുന്നിലൂടെ ആ മനുഷ്യന്‍ മെല്ലെ നടന്ന് പകുതി അടഞ്ഞിരുന്ന ജനല്‍ പാളി തുറന്ന് വലതുകൈ അകത്തേക്ക് നീട്ടി താക്കോലെടുത്തു. അത് അവിടെ വെച്ചിരുന്നത് തന്റെ വരവ് പ്രതീക്ഷിച്ചു കൊണ്ടായിരുന്നു എന്ന് വാതില്‍ തുറക്കുന്നതിനിടെ അദ്ദേഹം പറഞ്ഞു.  

അച്ഛന്റെ ഉള്ളില്‍ അടക്കി വെച്ചിരുന്ന സങ്കടമാണ് ആ വാതില്‍ തുറക്കുമ്പോള്‍ കേട്ട രോദനമെന്ന് തോന്നി. 

ഒരാള്‍ക്ക് സൗകര്യമായി ഉപയോഗിക്കാവുന്ന കൊച്ചു മുറിയില്‍ ചുമരിന് ചേര്‍ന്ന് ഒരു ചെറിയ കട്ടില്‍,  അടുത്ത് കിടന്ന പൊടി പിടിച്ച മേശമേല്‍ പകുതി എഴുതിയ ഡയറിയും പേനയും,  പോസ്റ്റ് ചെയ്യാത്ത ഒരു കത്തും അനാഥമായി കിടക്കുന്നുണ്ടായിരുന്നു. മേല്‍വിലാസത്തില്‍ നിരഞ്ജന്‍ എന്ന് മാത്രം എഴുതിയ ആ കത്ത് വിറയ്ക്കുന്ന കൈകളോടെ എടുക്കുമ്പോള്‍ അദ്ദേഹം പറഞ്ഞു,

മരിക്കുന്നതിന് ഏറെ നാള്‍ മുന്‍പ് എഴുതിയ കത്തായിരുന്നു.

ഒരിക്കലും ഈ കത്ത് അതിന്റെ മേല്‍വിലാസക്കാരനെ തേടി അങ്ങോട്ട് പോകരുതെന്നും, അവന്‍ ഒരിക്കല്‍ ഈ കത്ത് തേടി ഇവിടെയെത്തും എന്നുമായിരുന്നു അച്ഛന്‍ മരിക്കുന്നതിന് മുന്‍പ് പറഞ്ഞത്....  

മാപ്പ് ചോദിക്കാന്‍ പോലും അര്‍ഹനല്ലല്ലോ ഈ മകന്‍! അല്ലെങ്കിലും ആരോട് മാപ്പിരക്കാന്‍..


ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

click me!