ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. പ്രജിത രാജേഷ് എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
ഒന്ന് സമാധാനമായി ഉറങ്ങിയിട്ട് എത്ര കാലമായി. നേരം വൈകുമ്പോഴേക്കും നൂറു കൂട്ടം പ്രശ്‌നങ്ങള്‍ തലയില്‍ കൂടു കൂട്ടും. പോംവഴികള്‍ ആലോചിച്ച് ആലോചിച്ച് നിവൃത്തിയില്ലാതെ ഒടുവില്‍ ഉറക്കമില്ലാത്ത ഒരു രാത്രി കൂടെ കഴിച്ചു കൂട്ടും.
കോവിഡ് മഹാമാരി ലോകത്തെ മുഴുവന്‍ ബാധിച്ചതോടെ പല ജീവിതങ്ങളും താളം തെറ്റി. തന്റേത് ഉള്‍പ്പെടെ. കോളിംഗ് ബെല്‍ മുഴങ്ങുന്നത് കേട്ട് അവള്‍ ചിന്തകളില്‍ നിന്നും തിരികെ വന്നു.
'എന്താ കതക് തുറക്കാന്‍ വൈകിയത്?'
അയാള്‍ അങ്ങേയറ്റം അക്ഷമയോടെ മുഖം ചുളിച്ചു.
'അത്....വല്ലാത്തൊരു തലവേദന. ഞാന്‍ കിടക്കുകയായിരുന്നു.'
'ഹും..'
അലക്ഷ്യമായി ബാഗ് വലിച്ചെറിഞ്ഞ് അയാള്‍ കിടപ്പുമുറിയിലേക്ക് നടന്നു.
'ഒരു ചായ കിട്ടിയാല്‍ കൊള്ളാം'-നടക്കുന്നതിനിടയില്‍ ആവശ്യപ്പെടാന്‍ അയാള്‍ മറന്നില്ല.
ചായയുമായി ചെന്നതും അയാള്‍ പരിഭവങ്ങളുടെ കെട്ടഴിച്ചു.
'ഞാന്‍ ജോലി റിസൈന്‍ ചെയ്യാന്‍ പോവുകയാണ്. മടുത്തു. എന്നും ടാര്‍ജറ്റിന്റെ പ്രഷര്‍. ഓരോരുത്തരെയായി അവര്‍ പിരിച്ചു വിട്ടുകൊണ്ടിരിക്കുകയാണ്!'
'കഴിഞ്ഞ രണ്ടു വര്‍ഷമായി ഞാന്‍ ദിവസവും കേള്‍ക്കുന്നത് ഇത് തന്നെയല്ലേ! എന്നായാലും മരിക്കും മരിക്കുമെന്ന് പേടിച്ച് ആരും ആത്മഹത്യ ചെയ്യാറില്ലല്ലോ'
'നിന്റെ സാഹിത്യമൊക്കെ കേള്‍ക്കാന്‍ കൊള്ളാം. പക്ഷെ ജോലി ചെയ്യുന്നത് ഞാന്‍ അല്ലേ?'
തൊടുത്തു വിട്ട അമ്പ് ലക്ഷ്യത്തില്‍ കൊണ്ട വിജയഭാവം അയാളുടെ മുഖത്ത് പ്രകടമായി കണ്ടു.
'വിവാഹശേഷം എന്നെക്കൊണ്ട് ജോലി ഉപേക്ഷിപ്പിച്ചത് നിങ്ങളാണ്. കഴിഞ്ഞ പതിനാറു വര്‍ഷത്തിനടയില്‍ പലതവണയായി ജോലിക്ക് തിരിച്ചു കയറാന്‍ ശ്രമിച്ചപ്പോഴും നിങ്ങള്‍ അത് മുടക്കി. ജോലി ഉപേക്ഷിക്കുകയോ തുടരുകയോ ചെയ്യുക എന്നത് നിങ്ങളുടെ ഇഷ്ടം. പക്ഷെ വീട്ടിലെ സകല ചിലവുകള്‍ക്കുമുള്ള മാര്‍ഗം നിങ്ങള്‍ തന്നെ കണ്ടു പിടിക്കേണ്ടി വരും. ഇനി ഞാന്‍ ജോലിക്ക് പോകാമെന്ന് കരുതിയാലും ഇത്ര വര്‍ഷത്തിനു ശേഷം എനിക്കു കിട്ടാന്‍ പോകുന്ന ശമ്പളം ഒന്നിനും തികയാന്‍ പോകുന്നില്ല.'
കൂടുതല്‍ സംസാരത്തിന് ഇട നല്‍കാതെ അവള്‍ ചായക്കപ്പും എടുത്ത് തിരികെ നടന്നു.
ഹോംലോണും കുട്ടികളുടെ വിദ്യാഭ്യാസചിലവും വീട്ടുചിലവും അവള്‍ക്ക് ചുറ്റും വട്ടമിട്ടു കറങ്ങി.
കുട്ടികളുടെ അനക്കമൊന്നും കേള്‍ക്കുന്നില്ല. അവര്‍ ഉറങ്ങിക്കാണും. രണ്ടു പേരും കൗമാരപ്രായമെത്തി. അതിന്റേതായ മാറ്റങ്ങളുമുണ്ട് സ്വഭാവത്തില്‍. അവരുടെ ലോകം കൂട്ടുകാരുടേതു മാത്രമായി ക്കഴിഞ്ഞിരിക്കുന്നു. ഓണ്‍ലൈന്‍ ക്ലാസിന്റെ പേരില്‍ എപ്പോഴും സ്മാര്‍ട്ട് ഫോണില്‍.ഉപദേശിക്കുന്നത് അവര്‍ക്ക് ഇഷ്ടമല്ല.
ഉറക്കത്തെ കാര്‍ന്നു തിന്നുന്ന ചിന്തകള്‍ അനവധിയാണ്.
പതിയെ കുട്ടികളുടെ മുറി തുറന്നു. രണ്ടു പേരും ഉറക്കമാണ്. തലയില്‍ ഒന്ന് തലോടി പുതപ്പ് നേരെയിട്ട് തിരികെ നടന്നപ്പോള്‍ ആണ് അലമാരയില്‍ പതിച്ചിരിക്കുന്ന കുറിപ്പ് ശ്രദ്ധിച്ചത്.
അമ്മാ,
എന്റെ പഠിത്തം ശ്രദ്ധിക്കാന്‍ എനിക്കറിയാം. ഞാന്‍ ഇപ്പോള്‍ ചെറിയ കുട്ടിയല്ല. എപ്പോഴും എന്റെ പുറകെ നടന്ന് പറയണമെന്നില്ല. എനിക്ക് അത് ഇഷ്ടമല്ല. നല്ല മാര്‍ക്കോടെ ഞാന്‍ പാസ്സ് ആവും. അടുത്ത വര്‍ഷം ഞാന്‍ ആഗ്രഹിക്കുന്ന കോളേജില്‍ ഹോസ്റ്റലില്‍ നിന്ന് പഠിക്കും. എന്റെ ലൈഫ് ഞാന്‍ പ്ലാന്‍ ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ എപ്പോഴും എപ്പോഴും എന്നെ ഓര്‍മ്മപ്പെടുത്തേണ്ട ആവശ്യമില്ല,
നീന.
കവിളിലൂടെ ഒഴുകിയ കണ്ണീര്‍ അവളെ സ്ഥലകാല ബോധത്തിലേക്ക് തിരികെ കൊണ്ടു വന്നു.
മക്കളുടെ കുട്ടിക്കാലത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ അവളില്‍ സങ്കടക്കടല്‍ തീര്‍ത്തു. തന്റെ സാരിതുമ്പില്‍ നിന്നും മാറാതിരുന്ന കുഞ്ഞുങ്ങള്‍ എത്രയും വേഗം വളര്‍ന്നു വലുതായെങ്കില്‍ എന്നായിരുന്നു ആഗ്രഹം. വേണ്ടിയിരുന്നില്ല. അവര്‍ എന്നും കുഞ്ഞുങ്ങളായിരുന്നാല്‍ മതിയായിരുന്നു.
കുറിപ്പിനു താഴെയായി അവള്‍ എഴുതി ചേര്‍ത്തു.
മകളേ ,
നീ ഇത്ര വലിയ കുട്ടിയായ വിവരം അമ്മ അറിഞ്ഞിരുന്നില്ല. അമ്മയ്ക്ക് നിന്നോടുള്ള കരുതല്‍ ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നും ചിന്തിച്ചില്ല. ഇഷ്ടമുള്ള കോളേജില്‍ ഇഷ്ടമുള്ള വിഷയം പഠിച്ച് ഉയരങ്ങളിലെത്തൂ,ഒപ്പം നല്ലൊരു വ്യക്തിയായി വളരാനും നിനക്ക് സാധിക്കട്ടെ,
അമ്മ.
തലയ്ക്കും മനസ്സിനും ഭാരമേറുന്നു. കിടപ്പുമുറിയിലെ ജനാല കടന്നു വന്ന കാറ്റില്‍ താരാട്ടിന്റെ ഈണം. സുഖമായി ഉറങ്ങുന്നവരെ ഓര്‍ത്ത് അവള്‍ അസൂയയാല്‍ പിടഞ്ഞു. ഒന്ന് ഉറങ്ങാന്‍ മനസ്സ് കൊതിച്ചവളെ മേശവലിപ്പിലെ ഉറക്ക ഗുളികകള്‍ ദയയോടെ നോക്കി.
വിഷാദം കീഴ്‌പ്പെടുത്തുന്ന പകലുകളെയും ഉറക്കം പിണങ്ങി മാറുന്ന രാത്രികളെയും അവള്‍ വെറുത്തു തുടങ്ങിയിരുന്നു. സ്‌നേഹത്തോടെ നോക്കിയ കാക്കത്തൊള്ളായിരം ഗുളികകളെ അവള്‍ പ്രണയപൂര്‍വ്വം തന്നിലേക്ക് ആവാഹിച്ചു.
അപ്പൂപ്പന്‍ താടി പോലെ ഭാരം കുറഞ്ഞ അവള്‍ നീണ്ടു നിവര്‍ന്നു കിടന്നു. സുഖനിദ്ര കൊതിച്ച്.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...