ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. സജിത്ത് കുമാര്‍ എന്‍ എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
undefined
പകല്‍വിളക്ക് അണഞ്ഞ ശേഷം നഗരമെടുത്തണിഞ്ഞ നിശാകമ്പളത്തില്‍ ഓട്ട വീഴ്ത്തി, കണ്ണിലേക്കിറങ്ങി വരുന്ന വെള്ളി വെളിച്ചങ്ങളും കാതുകളെ അലോസരപ്പെടുത്തുന്ന ഹോണടി ശബ്ദവുമായി നഗര വീഥിയിലൂടെ ചീറി പായുന്ന വാഹനങ്ങള്‍.
'അമ്മാ, ഈ വെളിച്ചം കണ്ണിലടിച്ച് ഉറങ്ങാനാവുന്നില്ല'
മല്ലികയുടെ മാറില്‍ മുഖമാഴ്ത്തി ലച്ചുമോള്‍ പറഞ്ഞു.
'മോള് ഉറങ്ങിക്കോ, അമ്മ തല തടവി തരാം.'
'നഗരം ഉറങ്ങുന്ന യാമങ്ങളില്‍ ഈ വെളിച്ചവും ശബ്ദവും ഒരു അനുഗ്രഹമാണ്. രാത്രിയില്‍, തെരുവ് പൂക്കളില്‍ സുഖനിമിഷങ്ങള്‍ തേടി വരുന്ന കരിവണ്ടുകളെ അകറ്റുന്ന രക്ഷകര്‍. അത് പാവം എന്റെ അഞ്ചു വയസ്സുകാരി കൊച്ചിനറിയില്ലല്ലോ!' മല്ലിക മനസ്സില്‍ പറഞ്ഞു
ലച്ചുമോള്‍ മല്ലികയുടെ കൈകള്‍ എടുത്ത് അവളുടെ കണ്ണുകളില്‍ വെച്ചു. മല്ലിക ശോഷിച്ച വിരലുകള്‍ അവളുടെ എണ്ണമയമില്ലാത്ത മുടിയിഴകളിലൂടെ ഓടിച്ചു കൊണ്ട്, കണ്ണുകള്‍ ദൂരത്തേക്കെറിഞ്ഞു.
കഴിഞ്ഞ രാത്രിവരെ വാഹനങ്ങളില്‍ നിന്നു വരുന്ന പ്രകാശത്തിനെതിരെ പ്രതിരോധ കവചം തീര്‍ത്തു സംരക്ഷിച്ച പരസ്യത്തിന്റെ വലിയ ഫ്‌ലക്‌സ് ബോര്‍ഡ് മണ്ണില്‍ മൂക്ക് കുത്തി കിടക്കുന്നു. ശാഖികള്‍ അരിഞ്ഞു വീഴ്ത്തി നഗ്‌നമാക്കപ്പെട്ട തണല്‍ മരങ്ങള്‍ മരണപ്പിടച്ചിലുമായ് മേല്‍പോട്ട് നോക്കി നില്‍ക്കുന്നു. മണ്ണു മാന്തി യന്ത്രങ്ങളുടെ കരാള ഹസ്തങ്ങള്‍ വലിച്ചു കീറിയ മണ്ണിന്റെ നിലവിളികള്‍ ആകാശം തുളച്ചു ഉയരുന്നുണ്ടായിരുന്നു. മല്ലികയുടെ കണ്ണുകളില്‍ ആസന്നമായ വിപത്തിന്റെ തിരയനക്കങ്ങള്‍ കാണാമായിരുന്നു
അമ്മയുടെ തലോടലുകളും സ്‌നേഹ മുത്തങ്ങളുമേകിയ സുരക്ഷാ വലയത്തിനുള്ളില്‍ ലച്ചു ഉറങ്ങി. മല്ലിക അവളെഅടുത്തു കിടന്നുറങ്ങുന്ന കതിരവന്റെ അരികിലേക്ക് നീക്കി കിടത്തി. നേര്‍ത്ത പുതപ്പിന്റെ കീറില്ലാത്ത ഭാഗമെടുത്തു അവളെ പുതപ്പിച്ചു.
മല്ലിക മെല്ലെ എഴുന്നേറ്റ് കടത്തിണ്ണയിലെ ചായം വറ്റി വിളറി വെളുത്ത ചുമരില്‍ ചാരിയിരുന്നു. നഗരസഭക്കാര്‍ ചുമരിലൊട്ടിച്ച നിയമാവലികള്‍ നിദ്രകൊള്ളുന്ന കടലാസു തുണ്ടുകളിലെ അര്‍ത്ഥം, മനസ്സിലാകാതെ വെറുതേ നോക്കി.
കടത്തിണ്ണയുടെ മൂലയില്‍ വെച്ചിരിക്കുന്ന കൊട്ട ശബ്ദമില്ലാതെ അടുത്തേക്ക് നീക്കി, മൂടി വെച്ചിരിക്കുന്ന തുണി മടക്കി തിണ്ണയില്‍ വെച്ചു.
മേല്‍ക്കൂര നഷ്ടമായ കടയുടെ കഴുക്കോലിനിടയിലൂടെ ഊര്‍ന്നു വീഴുന്ന നിലാവിന്റെ നിഴലിലിരുന്ന് കൊട്ടയിലെ മുല്ലമൊട്ടുകള്‍ ഒരോന്നായി കോര്‍ത്ത് പൂമാലകള്‍ ഉണ്ടാക്കാന്‍ തുടങ്ങി.
രാവിലെ ബസ്സ് സ്റ്റാന്റിനരികിലെ ട്രാഫിക് സിഗ്‌നലുകളില്‍ നിര്‍ത്തുന്ന വാഹനങ്ങള്‍ക്കരികിലേക്കു ഓടി പൂക്കളും പൂമാലകളും വില്‍ക്കണം. നികൃഷ്ട ജീവികളെ പോലെ ആട്ടിപ്പായിക്കുന്നവരുടെയും ചില്ലു ഗ്ലാസിനുള്ളിലൂടെ തുറിച്ചു നോക്കുന്നവരുടെ മുമ്പിലും കേണപേക്ഷിച്ചു വില്‍ക്കണം.
വിശപ്പകറ്റാനുള്ള കാശ് ഉണ്ടാക്കണം. പിന്നെ ലച്ചുവിന്റെ പരിഭവം തീര്‍ക്കാന്‍ കുറച്ച് സാധനങ്ങള്‍ വാങ്ങിക്കാന്‍ , മിച്ചം ഉണ്ടാവുമോ ആവോ?
ഇന്നവള്‍ സ്‌കൂളില്‍ നിന്ന് വന്നത് പരിഭവങ്ങള്‍ മാത്രം നിറച്ച സഞ്ചിയുമായായിരുന്നു.
കുടയില്ല. ബാഗില്ല, ഇല്ലായ്മകളുടെ നീണ്ട നിര. പക്ഷേ അവളുടെ ചില ചോദ്യങ്ങള്‍ക്ക് എപ്പോഴെങ്കിലും ഉത്തരം നല്‍കാന്‍ ആവുമോ?
മല്ലിക മാല കോര്‍ക്കുന്നതിനിടെ ഒരു നിമിഷം ആലോചനയിലാണ്ടു. മനസ്സില്‍ ലച്ചുവിന്റെ ചോദ്യങ്ങള്‍ മുഴങ്ങി.
'ഇന്ന് ടീച്ചര്‍ അമ്മയുടെയും അച്ഛന്റെയും പേരിന്റെ ഇനീഷ്യല്‍ ചോദിച്ചു? നമ്മുടെ മേല്‍ വിലാസവും''
ശരിക്കും ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം ഉണ്ടോ, മല്ലിക അവളോട് തന്നെ ചോദിച്ചു. 'തന്റെ ഇനീഷ്യല്‍ എന്താ? അങ്ങിനെ ഒന്നുണ്ടോ?'
നഗരത്തില്‍ പ്രവൃത്തിക്കുന്ന സാമൂഹ്യ സംഘടനയുടെ നിര്‍ബന്ധത്തിനു വഴങ്ങി ലച്ചുവിനെ സ്‌കൂളില്‍ ചേര്‍ക്കുമ്പോള്‍ ഈ പുലിവാലിനെ കുറിച്ച് ആലോചിച്ചിരുന്നില്ല.
വര്‍ഷങ്ങള്‍ക്ക് മുമ്പ് അഗതിമന്ദിരത്തിലെ അസ്വാതന്ത്ര്യത്തിന്റെ തടവറയില്‍ നിന്ന്, അനാഥത്വത്തിന്റെ ഒരേ പാതയില്‍ സഞ്ചരിച്ച കതിരവന്റെ കൂടെ ഒളിച്ചോടുമ്പോള്‍ പേരിന്റെ ഇനീഷ്യലിനെ കുറിച്ചോ മേല്‍വിലാസത്തെ കുറിച്ചോ അന്നത്തെ 14 വയസ്സുകാരി ചിന്തിച്ചിരുന്നില്ല. വിശാലമായ ലോകത്ത് സ്വാതന്ത്ര്യത്തിന്റെയും സ്‌നേഹത്തിന്റെയും ശുദ്ധ വായു ശ്വസിച്ച് ജീവിക്കണം എന്ന ആശ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
മേല്‍വിലാസം എന്നൊരു വാക്കിന്റെ അര്‍ത്ഥമോ വ്യാപ്തിയോ ഒന്നും അറിഞ്ഞിരുന്നില്ല. വിശപ്പും തല ചായ്ക്കാനൊരിടവുമായിരുന്നു മുമ്പിലെ വലിയ സമസ്യ. അടുക്കും ചിട്ടയും ഇല്ലാതെ ചിന്തകള്‍ മല്ലികയുടെ മനസ്സിലൂടെ തെന്നി നീങ്ങുന്നുണ്ടായിരുന്നു.
തെരുവില്‍ കതിരവന്റെ തണലില്‍ ജീവിക്കാന്‍ അന്ന് ഭയമില്ലായിരുന്നു. പക്ഷേ ഇന്ന് രാത്രിയെ പേടിയാണ്. എല്ലാറ്റിനെയും മറച്ചു വെക്കുന്ന കൂരിരുട്ടിന്റെ നിറം, തന്റെ ജീവിതത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത സൗഭാഗ്യത്തെ നീറുന്ന വേദനയോടെ മല്ലിക ഓര്‍ത്തു പോയി
പകലിന്റെ മിന്നുന്ന വര്‍ണ്ണാടകള്‍ അഴിച്ചു വെച്ച് നഗരവും നഗരവാസികളും അവരവരിലേക്ക് മാത്രം ഒതുങ്ങുന്ന യാമങ്ങളില്‍, രാത്രിയുടെ നിറമണിഞ്ഞ് തെരുവില്‍ വിളഞ്ഞു നില്‍ക്കുന്ന യൗവന പൂക്കളില്‍ നിമിഷസുഖം തേടി എത്തുന്ന കാമപ്പിശാചുക്കള്‍.
തന്റെ നേരെ വന്ന ദിവസം ഓര്‍ത്തതും മല്ലിക പേടിയോടെ അടുത്തു കിടുന്നുറങ്ങുന്ന കതിരവനെ കെട്ടിപിടിച്ചു. അറിയാതെ അവന്റെ ശരീരത്തിലൂടെ കൈകള്‍ താഴേക്ക് നീങ്ങിയതും വെപ്പുകാലിന്റെ തണുപ്പ് തട്ടി മല്ലിക വിറങ്ങലിച്ചു.
ആ ദിവസം അവളെയും മോളെയും രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ശത്രുക്കള്‍ കവര്‍ന്നെടുത്തത് കതിരവന്റെ ശക്തിയുള്ള വലുതുകാല്‍ ആയിരുന്നു. അവളുടെ രണ്ടു കാലുകളും നഷ്ടമായ അവന്റെ കാലിന് പകരമാവില്ലല്ലോ എന്നോര്‍ത്തതും ജീവിതം മുറിവേല്‍പ്പിച്ച മല്ലികയുടെ കണ്ണുകളില്‍ നനവ് പടര്‍ന്നു.
മേല്‍വിലാസം ഇല്ലായ്മയുടെ ദുരിതം പോലീസ് സ്റ്റേഷനില്‍ നിന്നും ആശുപത്രിയില്‍ നിന്നും അനുഭവിച്ചറിഞ്ഞു. പിന്നീട് ആ നാടിനോട് വിട പറഞ്ഞ് അവര്‍ ഇവിടെ കുടിയേറി.
സ്‌നേഹം നിറഞ്ഞ മുഹമ്മദിക്ക. അദ്ദേഹത്തിന്റെ കടയുടെ മുന്‍വശം അവര്‍ക്ക് രാത്രി കൂടാരത്തിനായ് അനുവദിച്ചു കൊടുത്തു. നാലു വര്‍ഷത്തിലേറെയായി ഇവിടെ ചേക്കേറിയിട്ട്. ഇനിയെത്ര കാലം കൂടി എന്നോര്‍ത്ത് മല്ലിക മേല്‍പോട്ട് നോക്കി.
ഓടുകള്‍ പൊളിച്ചു മാറ്റിയ ഉത്തരത്തില്‍ മോക്ഷം കാത്തിരിക്കുന്ന കഴുക്കോലുകള്‍, ഊര്‍ദ്ധശ്വാസം വലിക്കുന്ന നെഞ്ചിന്‍കൂടിലെ അസ്ഥികള്‍ പോലെ തോന്നി മല്ലികയ്ക്ക്.
ചൂളമടിച്ചു വന്ന മകരക്കാറ്റ് കുളിര് വാരി വിതറിയപ്പോള്‍ കതിരവന്‍ ആയാസപ്പെട്ടു ചുരുണ്ടു കിടന്നു. മല്ലിക പഴകി പിഞ്ഞിയ തുണിസഞ്ചിയില്‍ തിരുകി വെച്ച ഒരു പുതപ്പെടുത്ത് കതിരവനെ പുതപ്പിച്ചു. അവന്റെ ശരീരം മുഴുവനും പുതപ്പില്‍ മൂടണമെന്നുണ്ട്. പക്ഷേ കീറിപ്പറിഞ്ഞ പുതപ്പുകൊണ്ടാകുമോ? ഓര്‍ത്തതും തണുപ്പ് സഹിക്കാനാവാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുന്ന ലാലയെ നോക്കി.
'പാവം അവന് തെരുവില്‍ കിടന്ന് പരിചയം ഇല്ലല്ലോ!'
മല്ലിക മനസ്സില്‍ പറഞ്ഞു കൊണ്ട് ഒരു ചാക്കെടുത്ത്, ചുരുണ്ടുകൂടി കിടന്നുറങ്ങുന്ന ലാലയെ പുതപ്പിച്ചു കൊണ്ട് അവനോട് പറഞ്ഞു.
'ഇനി എല്ലാം ശീലമായിക്കൊള്ളും. നീ വളര്‍ത്തു നായയില്‍ നിന്ന് തെരുവ് നായയിലേക്ക് പരിണമിച്ചിരിക്കുന്നു.'
കഴിഞ്ഞ ആഴ്ചയിലെ ഒരു രാത്രിയിലായിരുന്നു ലാലയെ ഉടമ തെരുവില്‍ ഉപേക്ഷിച്ചത്. പിന്നാലെ ഓടിച്ചെന്ന ലാലയെ വലിയ വടി കൊണ്ടാണ് അയാള്‍ അടിച്ചോടിച്ചത്.
പ്രതീക്ഷ കൈവിട്ട് വിശപ്പില്‍ വലഞ്ഞ ലാലയെ ലച്ചു മോള്‍ കൂട്ടിക്കൊണ്ടുവരികയായിരുന്നു.
അവനെ കണ്ടപ്പോള്‍ അന്ന് കതിരവന്‍ പറഞ്ഞത് മല്ലിക ഓര്‍ത്തു.
'പാവം അതിനു പ്രായമായി, രോമങ്ങള്‍ മുഴുവന്‍ കൊഴിഞ്ഞു. ഇനി അവര്‍ക്ക് അതിന്റെ ആവിശ്യമില്ല. പാഴ് ജീവിതങ്ങളുടെ കേദാരമല്ലേ തെരുവ്. അവനും ലോമി പൂച്ചയോടൊപ്പം നമ്മുടെ കൂടെ ജീവിക്കട്ടെ നമുക്ക് ഉള്ളതില്‍ കുറച്ച് അവനും നല്‍കാം.'
കതിരവന്റെ വാക്ക് കേട്ടതും ലച്ചു സ്‌നേഹത്തോടെ അവന്റെ കവിളില്‍ പോയി തുരുതുരാ ഉമ്മ വെച്ചിരുന്നു.
മല്ലിക വീണ്ടും മുല്ലപ്പൂക്കളുടെ കൂട നീക്കി അടുത്തു വെച്ച് ദൂരെ കിടക്കുന്ന ലോമി പൂച്ചയോട് ചോദിച്ചു.
'നിന്റെ പിണക്കം ഇതുവരെ മാറിയില്ലേ? ഞങ്ങള്‍ നിന്നോട് ഒന്നും ചെയ്തില്ലല്ലോ?'
പീടികത്തിണ്ണയില്‍ ഉറങ്ങുമ്പോള്‍ ലച്ചു മോളുടെ കാല്‍ക്കീഴില്‍ എന്നുമൊരു കൂട്ടിനായ് ലോമി പൂച്ച ഉണ്ടായിരുന്നു. കഴിഞ്ഞ മാസം ദേശീയപാതാ വികസനത്തിനായി കുതിച്ചോടുന്ന ട്രയിലര്‍ ലോറി തട്ടി അതിന്റെ കുഞ്ഞുങ്ങള്‍ മരിച്ചതിനു ശേഷം ലോമിപ്പൂച്ച അവരുടെ അടുത്ത് വരാറില്ല.
ചിലപ്പോള്‍ അതിന്റെ കണ്ണില്‍ എല്ലാം മനുഷ്യര്‍ക്കും ഒരേ രൂപം ആയിരിക്കുമോ?
മല്ലിക ചെറിയ ഒരു ചാക്ക് എടുത്ത് വിറച്ചു കിടക്കുന്ന ലോമിയുടെ അടുത്തെത്തിയതും അത് ഓടി ദൂരെ പോയിരുന്നു. കൊച്ചു കൊച്ചു സന്തോഷങ്ങളും പരിഭവങ്ങളും പങ്കുവെക്കുന്ന മ്യാവൂ ശബ്ദം ആ സംഭവത്തിനു ശേഷം
ലോമി പൂച്ചയില്‍ നിന്നും പുറത്ത് വന്നിട്ടില്ല . പൂച്ചയുടെ മൗനം മനുഷ്യന്റെ തിന്മകളോടുള്ള നിശ്ശബ്ദ വിപ്ലവമാണോ?
'ഇതിനെ എങ്ങിനെ മനസ്സിലാക്കും എല്ലാം മനുഷ്യരും ഒരു പോലെ അല്ല എന്നത്?'-മല്ലിക നെടുവീര്‍പ്പിട്ടു കൊണ്ട് തിരിച്ചു നടന്നു.
പൂമാല കോര്‍ക്കുമ്പോള്‍ , മനസ്സിലേക്ക് ആഴ്ന്നിറങ്ങിയ ചിന്തകള്‍ മല്ലികയുടെ ഉറക്കം നഷ്ടപ്പെടുത്തിയിരുന്നു.
പാതിരാ നേരത്ത് എപ്പഴോ കണ്ണു ചിമ്മി.
ജെ സി ബികള്‍ തലങ്ങും വിലങ്ങും പായുന്നതിന്റെ മുരള്‍ച്ചയും തിണ്ണയില്‍ വടി അടിച്ചു കൊണ്ട് 'എഴുന്നേറ്റു പോടാ ' എന്ന ആക്രോശവും കേട്ടാണ് അവര്‍ ഉണര്‍ന്നത്. പേടിച്ചു നിന്ന ആ ദിനം എത്തി എന്ന് മനസ്സിലായി. നേരത്തെ തന്നെ തയ്യാറാക്കി വെച്ച സഞ്ചികളും ചാക്കു കെട്ടുകളുമായി അവര്‍ കടത്തിണ്ണയില്‍ നിന്നിറങ്ങി.
ഏറ്റവും മുന്നില്‍ ലോമിപ്പൂച്ച, ലാല, ലച്ചു, ഒറ്റക്കാലില്‍ മല്ലികയുടെ മേലേക്ക് തൂങ്ങി കതിരവനും .
അധികാരികളുടെയും ഭരണസംവിധാനങ്ങളുടെയും നിര്‍ബന്ധ പാലായനത്തിന് വിധിക്കപ്പെട്ട കാല്‍ക്കാശിനു വിലയില്ലാത്ത തെരുവിലെ പാഴ് ജന്മങ്ങളുടെ ഘോഷങ്ങളില്ലാത്ത യാത്ര ആരംഭിച്ചു.
കുറച്ച് മുന്നോട്ട് നടന്നതും വൃത്തിയായി കെട്ടിവെച്ച ഒരു പന്തലിനു മുമ്പില്‍ നിന്നു കൊണ്ട് ലച്ചു വിളിച്ചു പറഞ്ഞു.
' അച്ഛാ . വാ സാധനങ്ങള്‍ നമുക്ക് ഇവിടെ വെക്കാം. എനിക്ക് ഉറക്കം വരുന്നു'
വികസനത്തില്‍ കിടപ്പാടം നഷ്ടപ്പെടുന്നവരുടെ പുനരധിവാസ പാക്കേജ് വേഗം നടപ്പിലാക്കാനുള്ള രാഷ്ട്രീയ പാര്‍ട്ടിയുടെ ധര്‍ണ്ണ നടത്താനായി കെട്ടിപ്പൊക്കിയ പന്തല്‍ ആയിരുന്നു അത്.
'വേണ്ട മോളെ , മേല്‍ വിലാസമില്ലാത്ത നമുക്ക് ഇവിടെയും സ്ഥാനമില്ല. മോള് നടക്ക്'
'അച്ഛാ അപ്പോ നമുക്ക് മേല്‍വിലാസം ഇല്ലേ ! ഞാന്‍ ടീച്ചറോട് എന്ത് പറയും?'
ലച്ചുവിന്റെ ചോദ്യത്തിനു ഉത്തരമില്ലായിരുന്നു.
പുനരധിവാസ പട്ടികയില്‍ ഇടം പിടിക്കാത്ത പീഡിതരും ഉപേക്ഷിക്കപ്പെട്ടവരും അനാഥരും ചേര്‍ത്തുണ്ടാക്കിയ ആ ശ്രേണി വികസനം പ്രതീക്ഷിച്ചു നില്‍ക്കുന്ന ദേശീയ പാതയുടെ ഓരത്ത് കൂടി നടന്നു. ഒരിക്കലും നടന്നു തീരാത്ത അതിജീവന പാതയിലൂടെ നടക്കുമ്പോള്‍, അവര്‍ക്ക് 'നീലകാശത്തിനു കീഴെ' എന്നല്ലാതെ മറ്റൊരു മേല്‍ വിലാസം ഇല്ലായിരുന്നു.
പുനരധിവാസം മേല്‍വിലാസമുള്ളവര്‍ക്കുവേണ്ടി മാത്രമാണോ? ലച്ചുവിനും ലാലയ്ക്കും ലോമിക്കോ? മണ്ണില്‍ ഇവര്‍ക്കും തുല്യനീതിയും അവകാശവും വേണ്ടേ?
ചോദ്യങ്ങളുടെ നിര മനസ്സില്‍ കടന്നുവന്നപ്പോള്‍ വാനിലേക്ക് ഉയര്‍ന്ന മുഷ്ടി മല്ലിക നിരാശയോടെ താഴ്ത്തി.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...