'കൗതുകത്തിന് നിന്റെ അമ്മ കുളിക്കുമ്പോള്‍ ഒളിഞ്ഞു നോക്കാന്‍ വയ്യാരുന്നോ'-ഖാദറിക്കയിലെ സദാചാരവാദി ഉറഞ്ഞുതുള്ളി.
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
അന്നൊരു ഞായറാഴ്ച്ചയായിരുന്നു, സാധാരണ അവധി ദിവസങ്ങളിലെ പതിവ് തെറ്റിച്ചുകൊണ്ട് അഞ്ചരമണിക്ക് തന്നെ ഉറക്കമുണര്‍ന്ന കൗതുകകുമാര്‍ സൈക്കിളുമെടുത്ത് വീടിന് പുറത്തേക്ക്,
'ആ മയില്‍ വിഷയത്തില്‍ അമ്പലക്കാരും, നാട്ടുകാരും വന്നു കുടഞ്ഞ ശേഷം അടങ്ങി ഒതുങ്ങി നില്‍ക്കുവായിരുന്നു, ഇവന് വീണ്ടും കൗതുകം കയറിയോ?'
സാധാരണ അവധി ദിവസം ഒമ്പത് മണിവരെ ഉറങ്ങാറുള്ള കൗതുകകുമാര്‍, അമ്മയിട്ട കട്ടന്‍കാപ്പി പോലും കുടിക്കാന്‍ നില്‍ക്കാതെ പുലര്‍കാലെ പുറത്തേക്ക് പോകുന്നത് കണ്ട് അമ്മ ഉമ്മറപ്പടിയില്‍ നിന്ന് ആരോടെന്നില്ലാതെ ആവലാതിപ്പെട്ടു.
രണ്ട്
ഇനി കൗതുകകുമാറിലേക്ക് ഒന്ന് തിരിഞ്ഞു നടന്നാല്‍, പി.കെ.വി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെട്ട പാണപ്പറമ്പില്‍ പങ്കജാക്ഷന്‍ മകന്‍ വിമല്‍ എങ്ങനെയാണ് കൗതുകകുമാര്‍ എന്ന വിളിപ്പേരിന് അര്‍ഹനായത് എന്ന് ചോദിച്ചാല്‍ പിന്നെയും പിന്നെയും പിന്നോട്ട് സഞ്ചരിക്കേണ്ടി വരും.
1998 -ലെ മാര്‍ച്ച് മാസത്തിന്റെ പത്തൊമ്പതാം ദിവസം, അന്ന് രണ്ട് പ്രധാന സംഭവങ്ങള്‍ ചരിത്രത്തിന്റെ ഏടുകളില്‍ രേഖപ്പെടുത്തിയ ദിവസമാണ്, കമ്മ്യുണിസ്റ്റ് ആചാര്യന്‍ കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി സഖാവ് ഇ.എം.എസ് ലോകത്തോട് വിടപറഞ്ഞു. ഒപ്പം കേന്ദ്രത്തില്‍ അടല്‍ബിഹാരി വാജ്‌പേയ് നയിക്കുന്ന ബിജെപി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്തു. അന്നേ ദിവസം തന്നെയാണ്, പി.കെ.വി എന്ന പത്താംക്ലാസ്സുകാരന് മേല്‍ കൗതുകകുമാര്‍ എന്ന വിളിപ്പേര് ചാര്‍ത്തപ്പെടുന്നതിനുള്ള ശിലാസ്ഥാപനം നടന്നത്.
വൈകുന്നേരം ആറര മണി നേരത്ത് കൗതുകകുമാറിന്റെ അയല്‍വാസിയും പട്ടാളക്കാരന്‍ പ്രേമന്റെ ഭാര്യയുമായ ഗിരിജയുടെ അന്തിക്കുളി മറപ്പുരയില്‍ പുരോഗമിക്കവേ, മറപ്പുരയിലേക്ക് ഒളികണ്ണാല്‍ നോട്ടമെറിഞ്ഞ പികെവിയുടെ ഷര്‍ട്ടിന്റെ കോളറിലേക്ക് വീണ പിടുത്തം സമീപത്തെ തോട്ടില്‍ ഞണ്ട് കുത്താന്‍ വന്ന ഖാദറിക്ക വകയായിരുന്നു,
'മൊട്ടേല്‍ നിന്ന് വിരിയും മുമ്പേ കുളിസീന്‍ കാണുന്നോടാ നാറി.'
ഖാദറിക്കയുടെ അലര്‍ച്ചക്കൊപ്പം കുളി പാതിയില്‍ നിര്‍ത്തിയ ഗിരിജയും നാട്ടുകാരുമെല്ലാം പി.കെ.വിക്കരികിലേക്ക്. വിചാരണയുടെ നിമിഷങ്ങളില്‍ നാട്ടുകാരും ഇരയായ ഗിരിജയും ഉപദേശവും, കുറ്റപ്പെടുത്തലും മാത്രം പികെവിക്ക് നേരേ ചൊരിഞ്ഞപ്പോള്‍, ഖാദര്‍ അല്‍പ്പം ആവേശിതനായി കൗതുകകുമാറിന്റെ ഇടത്തെ ചെവിക്ക് താഴെയായി ഒരു തേമ്പ് സമ്മാനിച്ചു ഉത്തരവാദിത്തബോധം പ്രകടിപ്പിച്ചു.
'ഞാനൊരു കൗതുകത്തിന് ഒളിഞ്ഞു നോക്കിയതാണ്, ഇനി ആവര്‍ത്തിക്കില്ല.'- പികെവി സമസ്താപരാധങ്ങളും ഏറ്റു പറഞ്ഞു.
'കൗതുകത്തിന് നിന്റെ അമ്മ കുളിക്കുമ്പോള്‍ ഒളിഞ്ഞു നോക്കാന്‍ വയ്യാരുന്നോ'-ഖാദറിക്കയിലെ സദാചാരവാദി ഉറഞ്ഞുതുള്ളി.
എന്നും ഗിരിജചേച്ചി കുളിക്കുന്ന നേരത്ത് കൃത്യമായി ഞണ്ട് കുത്താന്‍ എത്തുന്ന ഖാദറിക്ക ഇതുവരെ ഒരു ഞണ്ടിനെയും പിടിച്ചു കണ്ടിട്ടില്ലെന്നും ഖാദറിക്ക കുത്തുന്നത് ഞണ്ടിനെയല്ല കണ്ണുകള്‍ കൊണ്ട് ഗിരിജ ചേച്ചിയുടെ നഗ്‌നമേനിയിലാണെന്നും നാട്ടുകാരോട് ഉറക്കെ പറയാന്‍ പി.കെ.വിയുടെ മനസ്സ് വെമ്പിയെങ്കിലും, തൊണ്ടിയോടെ പിടിക്കപ്പെട്ട തന്റെ വെറും ആരോപണങ്ങള്‍ മാത്രമായി ആള്‍ക്കൂട്ടകോടതി വിധിയെഴുതുമെന്ന് ഉറപ്പായതിനാല്‍ പുറത്തേക്ക് ഒഴുകാന്‍ വെമ്പിയ വാക്കുകളെ പികെവി അകത്തേക്ക് തന്നെ വിഴുങ്ങി.
അന്നേ വെറുത്തതാണ് ഖാദറിനെയും, ഞണ്ടിനെയും ഗിരിജയെയും. താന്‍ ഇനി ജീവിതത്തില്‍ ഞണ്ട് കഴിക്കില്ലെന്ന് പികെവി എന്ന പത്താംക്ലാസ്സുകാരന്‍ ഇടനെഞ്ചില്‍ ഊക്കോടെ ഇടിച്ചു ശപഥം ചെയ്തു .
കുളിസീന്‍ സംഭവത്തോടെ കൗതുകകുമാര്‍ എന്ന പേരിന് നാട്ടുകാര്‍ ശിലനാട്ടിയെങ്കിലും, അതിന് അടിത്തറ കെട്ടിയത് പികെവിയുടെ പ്രീഡിഗ്രികാലത്താണ്. ക്ലാസ് കഴിഞ്ഞു മടങ്ങി വരുമ്പോള്‍ നന്നേ തിരക്ക് കുറവുള്ള ബസ്സില്‍ ഇരിക്കുവാന്‍ ധാരാളം സീറ്റ് ഉണ്ടായിട്ടും, ബസ്സിനുള്ളില്‍ കയറാതെ ബസ്സിന്റെ പുറകിലെ ഏണിയില്‍ അള്ളിപിടിച്ചു യാത്ര ചെയ്യാന്‍ തുടങ്ങിയ പികെവിയെ പിന്തിരിപ്പിക്കാനുള്ള ആനവണ്ടിയിലെ ഡ്രൈവറുടെയും കണ്ടക്ടറുടെയും ശ്രമം വിഫലമായതോടെ ആള് കൂടി, ഒപ്പം കാക്കിയിട്ട ഏമാന്മാരും എത്തിചേര്‍ന്നു. ഏമാന്മാരുടെ ചൂരലടി ചന്തിയില്‍ ഏറ്റുവാങ്ങിയപ്പോള്‍ പികെവി തന്റെ നിലപാട് വ്യക്തമാക്കി,
'ഞാനൊരു കൗതുകത്തിന് ചെയ്തതാണ്, ഇനി ആവര്‍ത്തിക്കില്ല.'
പിന്നെയും കാലം മുന്നോട്ട് നീങ്ങുന്നതിനിടയില്‍ കൃത്യമായ ഇടവേളകളില്‍, കൗതുക കുമാറിന്റെ മനസ്സില്‍ ഓരോ കൗതുകങ്ങള്‍ ടലെടുത്തുകൊണ്ടേയിരുന്നു,
'മനസ്സില്‍ ഒരു കാര്യത്തോട് കൗതുകം തോന്നിയാല്‍, പിന്നെ ചുറ്റുമുള്ളതൊന്നും കാണുവാന്‍ കഴിയില്ല, ആ കാര്യം ചെയ്‌തേ പറ്റു'-കൗതുകകുമാര്‍ നാട്ടുകാരോടും വീട്ടുകാരോടുമൊക്കെതന്നെ വെളിപ്പെടുത്തി.
കൗതുകകുമാര്‍ എന്ന പേര് പികെവി യില്‍ സ്ഥിരപ്രതിഷ്ഠ നേടുവാന്‍ തക്കവിധം പിന്നെയും പല സംഭവങ്ങളും അരങ്ങേറി, വട്ടിപലിശക്കാരന്‍ ബാലന്റെ കയ്യില്‍ നിന്ന് പണം കടം വാങ്ങി സുരഭി തിയേറ്ററിലെ ഫസ്റ്റ് ഷോ ടിക്കറ്റ് മുഴുവന്‍ ബുക്ക് ചെയ്തു ഒറ്റക്കിരുന്നു പ്രേമം സിനിമ കണ്ടതും, സിനിമ കാണാന്‍ വന്നവര്‍ ഒറ്റ പ്രേക്ഷകന്‍ മാത്രമുള്ളപ്പോള്‍ ഹൗസ് ഫുള്‍ ബോര്‍ഡ് കണ്ട് നിരാശയോടെ മടങ്ങിയപ്പോള്‍, അവരോടും അവന്‍ ആവര്‍ത്തിച്ചു, ഇതൊരു കൗതുകം മാത്രം ഇനി ആവര്‍ത്തിക്കില്ല!
പിന്നെ നിപ്പ വൈറസ്സ് കേരളത്തില്‍ പടര്‍ന്ന കാലം. ആശുപത്രിയില്‍ നേരിട്ടെത്തി കൗതുകകുമാര്‍ തനിക്ക് നിപ്പയാണെന്ന് അറിയിക്കുകയും, എന്നാല്‍ വിദഗ്ദ്ധ പരിശോധനയില്‍ നിപ്പ ലക്ഷണങ്ങള്‍ ഒന്നുമില്ല എന്ന് കണ്ടെത്തി ഡോക്ടര്‍മാര്‍ മടക്കിയയക്കാന്‍ ശ്രമിച്ചപ്പോള്‍ ഹോസ്പിറ്റല്‍ വരാന്തയില്‍ സത്യാഗ്രഹം ഇരുന്ന് നിപ്പ രോഗിയായ തനിക്ക് വൈദ്യസേവനം നിഷേധിക്കുന്നുവെന്ന് മൊബൈല്‍ ലൈവ് വഴി ലോകത്തെ അറിയിച്ചു. ഒടുവില്‍ കേസും പുലിവാലും ആകുമെന്ന് കണ്ടപ്പോള്‍ പഴയ അതേ കാരണം അതിന് പറഞ്ഞു: 'ഒരു ദിവസമെങ്കിലും ഐസൊലേഷന്‍ വാര്‍ഡില്‍ കിടക്കാന്‍ ഒരു കൗതുകം. അത് കൊണ്ടാണ്, ഇനി ആവര്‍ത്തിക്കില്ല.'
ഒരു അവധി ദിവസം പുലര്‍ച്ചെ പുറത്തേക്ക് പോയ കൗതുകകുമാര്‍ മടങ്ങിയെത്തിയത്, തൊട്ടടുത്ത അമ്പലത്തില്‍ വളര്‍ത്തുന്ന മയിലും ആയിട്ടാണ്.
'അമ്മേ ഇതിനെ വേഗം കൊന്ന് കറിവെക്കണം, കറി വെക്കേണ്ട രീതികളൊക്കെ ഞാന്‍ പറഞ്ഞു തരാം'
അമ്മ, മയിലിനെയും, കൗതുകകുമാറിനയും മാറി മാറി നോക്കി അന്തം വിട്ട് നില്‍ക്കുന്ന നേരത്ത് തന്നെ , അമ്പല കമ്മറ്റിക്കാരും നാട്ടുകാരും മയിലിനെ തിരഞ്ഞെത്തിയിരുന്നു. കാര്യം കുഴപ്പത്തിലാകുമെന്ന ഘട്ടം വന്നപ്പോള്‍ കൗതുകകുമാര്‍ മയിലിനെ തിരികെ നല്കി തന്റെ ഭാഗം വിശദീകരിച്ചു,
'ചൈനയില്‍ ആളുകള്‍ മയിലിറച്ചി തിന്നു ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു എന്നൊരു വാര്‍ത്ത കേട്ടു, അത് കേട്ടപ്പോള്‍ ഒരു കൗതുകം, ഇനി ആവര്‍ത്തിക്കില്ല.'
മൂന്ന്
' ഇപ്പോള്‍ കുറേ നാളായി കൗതുകമൊന്നുമില്ലല്ലോ?'
സൈക്കിളില്‍ ധൃതിയില്‍ ചവുട്ടി പോകുന്ന കൗതുകകുമാറിനോടായി വഴിയരികില്‍ കണ്ട പലരും പരിഹാസചുവയോടെ ചോദിക്കുന്നുണ്ടായിരുന്നു,
'എല്ലാം ഇന്ന് കൊണ്ട് നിര്‍ത്തുവാ'
മുന്നോട്ട് സൈക്കിള്‍ ചവുട്ടുമ്പോഴും എല്ലാ ചോദ്യങ്ങള്‍ക്കും ഒറ്റ ഉത്തരം തന്നെ കൗതുക കുമാര്‍ നല്‍കി, കൗതുക കുമാറിന്റെ സൈക്കിള്‍ ചെന്ന് നിന്നത് ഖാദറിന്റെ വീടിന്റെ മുറ്റത്തായിരുന്നു,
'രണ്ടു കിലോ ഞണ്ട് വേണം ചേച്ചി'
മുറ്റമടിച്ചു കൊണ്ട് നിന്ന ഗിരിജ കൗതുക കുമാറിനെയും അവന്റെ ചോദ്യവും കേട്ട് അമ്പരപ്പിലായി.
തൊണ്ണൂറ്റെട്ട് മാര്‍ച്ച് മാസത്തിലെ ആ ഒളിഞ്ഞു നോട്ടത്തിന് ശേഷം , ഗിരിജയെയോ, ഖാദറിനെയോ കണ്ടാല്‍ മിണ്ടാത്ത, ഞണ്ട് കൂട്ടാത്ത കൗതുകകുമാര്‍ ഞണ്ടിനായ് ഇതാ തങ്ങളുടെ മുറ്റത്ത്.'
'സത്യത്തില്‍ അന്ന് ഞാന്‍ അവിടെ മറപ്പുരയുടെ അടുത്തെത്തിയത്, എല്ലാദിവസവും ചേച്ചി കുളിക്കുന്ന സമയത്ത്, ഞണ്ടില്ലാത്ത തോട്ടില്‍ ഞണ്ടിനെ കുത്താന്‍ എത്തുന്ന ഖാദറിക്കയെ നിരീക്ഷിക്കാനായിരുന്നു, നിരീക്ഷണം ഇടക്കൊന്നു വഴുതി മാറി മറപ്പുരയിലേക്കും നീണ്ടു എന്നത് സത്യം. കൃത്യമായി ഖാദറിക്കയുടെ ബുദ്ധി അവിടെ പ്രവര്‍ത്തിച്ചു. എല്ലാര്‍ക്കും മുന്നില്‍ ഞാന്‍ കുളിസീന്‍ കാണുവാന്‍ എത്തിയ സാമദ്രോഹിയായി. നിങ്ങളോട്, രണ്ടുപേരോടുമുള്ള വെറുപ്പ് ഞണ്ടിനോടുമായി, ആ വെറുപ്പ് കൗതുകം എന്ന വാക്കിനോടുള്ള ഇഷ്ടമായി. നാട്ടുകാര്‍ക്ക് മുന്നില്‍ കോമാളിയായി. കഴിഞ്ഞ ആഴ്ച്ച നിങ്ങള്‍ ഒന്നിച്ചപ്പോള്‍, അമ്പത് വയസ്സുകാരി, അമ്പത്തഞ്ച്കാരനൊപ്പം ഒളിച്ചോടിയ വാര്‍ത്ത നാട്ടിലാകെ ചര്‍ച്ചയാകുമ്പോഴും മധ്യവയസ്സുകാലത്തെ കാമഭ്രാന്തായി നാടാകെ വിധിയെഴുതുമ്പോഴും സംഭവിച്ചത്, ഇരുപത്തിരണ്ടു വര്‍ഷത്തെ പ്രണയസാഫല്യം ആയിരുന്നു എന്നത് എനിക്ക് മാത്രമല്ലേ അറിയൂ. സത്യത്തില്‍ അതറിഞ്ഞപ്പോള്‍ നിങ്ങളോടുള്ള മനസ്സിലെ വെറുപ്പ് ഇല്ലാതാകുകയായിരുന്നു. എന്തായാലും, നിങ്ങള്‍ ഒന്നിച്ചു, സന്തോഷത്തോടെ ജീവിക്കുക, ഞാനും ഇന്നുമുതല്‍ കൗതുകമെല്ലാം നിര്‍ത്തി ജീവിക്കാന്‍ തുടങ്ങുകയാണ്.'
ഖാദര്‍ നല്‍കിയ ഞണ്ട് വാങ്ങി മടങ്ങുമ്പോള്‍, പികെവിയിലേക്കുള്ള ഒരു തിരിച്ചുവരവ് കൗതുകകുമാറില്‍ തുടങ്ങുകയായിരുന്നു.