Malayalam Short Story : ജിന്നുകളുടെ പ്രണയം, ഇ വി മൊയ്തു എഴുതിയ ചെറുകഥ

By Chilla Lit SpaceFirst Published Jun 3, 2022, 2:41 PM IST
Highlights

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇ വി മൊയ്തു എഴുതിയ ചെറുകഥ

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


Latest Videos

 

കൊയിലോത്തും താഴെ പുഴക്കരയിലേക്ക് പോകാന്‍ സുന്ദരമായൊരു ഇടവഴിയുണ്ട്. കാറ്റില്‍വീണ ചെമ്പക പൂക്കളുടെ വാടാത്ത ഇതളുകള്‍ പലയിടങ്ങളിലായി കാണാം. ചെമ്മണ്‍ ചാലുകള്‍ക്കിരുവശവും പുതഞ്ഞു കിടക്കുന്ന കരിയിലകള്‍ക്കിടയില്‍ ഒരുപാട് മഞ്ചാടിക്കുരുകളും, കുന്നിക്കുരുകളും വീണു കിടക്കുന്നുണ്ട്. പലയിടത്തായി മൂനു നാല് ഇലഞ്ഞി മരങ്ങളുണ്ട്. അതില്‍ നിറയെ പൂക്കളാണ്. അതിന്റെ സുഗന്ധമാണ് ആ പ്രദേശം മുഴുവന്‍. അതിലൂടെ നടന്ന് പോകുന്ന ആരും മുകളിലേക്ക് നോക്കി കണ്ണടച്ച് നിന്ന് ഒരു നിമിഷം ശ്വാസം ഉള്ളിലേക്ക് വലിച്ചെടുക്കും. മരങ്ങളുടെ ചോലയും ഇളം കാറ്റും ആരെയും കുറച്ചു സമയം അവിടെ പിടിച്ചു നിര്‍ത്തും.

എന്നാല്‍ രാത്രി കാലങ്ങളില്‍ ഒരാള്‍ പോലും ആ ഇടവഴിയിലൂടെ സഞ്ചരിക്കാറില്ല. ആ ഗ്രാമത്തിലെ സകലര്‍ക്കും അവിടം പേടിയാണ്. അതിലൂടെ ജിന്നുകളുടെ പോക്കു വരവുണ്ടെന്ന് പഴമക്കാര്‍ പലവട്ടം പറയാറുണ്ട്.

ലോറി ഡ്രൈവര്‍ കൊമ്പന്‍മീശക്കാരന്‍ ചേക്കു, അരവട്ടന്‍ ബ്രഹ്മചാരിയായി മാറിയ മുഹൂര്‍ത്തത്തിന് കൊയ്‌ലോത്തും പറമ്പ് സാക്ഷിയാണ്. ഹൂറി പോലൊരു ജിന്നിന്റെ സൗന്ദര്യംകണ്ട് മദമിളകി, സുബഹി നേരത്ത് ജിന്നിനെ ഭോഗിക്കാന്‍ ആര്‍ത്തിപൂണ്ട് കളിച്ചിട്ടാണെന്ന് നാട്ടാര്‍ക്കറിയാം.
 
നേരംവെളുക്കും മുമ്പേ ലോറിയെടുക്കാന്‍ പോയ മീശചേക്കു കോയിലോത്ത് ഇടവഴിയില്‍ എത്തിയപ്പോളാണ്, പുഴയിലേക്ക് പോകുന്നൊരു മൊഞ്ചത്തിയെ കണ്ടത്! ഇരുട്ടില്‍ ചീവീടുകള്‍ നിലവിളിക്കുന്ന, തണുത്തുറഞ്ഞ വെളുപ്പാന്‍ കാലത്ത് തനിച്ചൊരു പെണ്ണ് !

മീശചേക്കുവിന്റെ ചുണ്ടില്‍ കാമത്തിന്റെ ആര്‍ത്തി നുരഞ്ഞു. പെണ്ണിന്റെ രൂപം ഇലഞ്ഞിമണമായി പടര്‍ന്നു! സ്വര്‍ഗ്ഗത്തിലെ ഹൂറിപോലുള്ള  അവളുടെ കൈയിലൊരു സോപ്പുപെട്ടിയും തോര്‍ത്തുമുണ്ടും. ഒറ്റച്ചുറമുണ്ടില്‍ പൊതിഞ്ഞുവെച്ച അരക്കെട്ടിന്റെ ഇളക്കത്തിലേക്ക്, ഓലച്ചൂട്ട് ആഞ്ഞുവീശിക്കൊണ്ട് മീശചേക്കു ആര്‍ത്തിയോടെ നോക്കി!.

നിറഞ്ഞ മാറിടം പൊത്തിവെച്ച ഒറ്റത്തുണിയില്‍ അമര്‍ത്തിപിടിച്ചുകൊണ്ട് അവള്‍, ചേക്കുവിനെ നോക്കി, ചുണ്ടുനനച്ചു!

ചേക്കുവിന്റെ തലച്ചോറില്‍ ഇരുട്ട് പൂത്തു. നെഞ്ചില്‍ കാമവെപ്രാളം നുരഞ്ഞു!.

'ഇഞ്ഞെങ്ങോട്ടാടീ.. ഈ പാതിരക്ക്...?'
 
ഇടറിയ ഒച്ച നേരെയാക്കാന്‍ ഉമിനീറക്കി. ചുറ്റുവട്ടം കണ്ണോടിച്ചു.
 
അവള്‍ കണ്ണിറുക്കി ചിരിച്ച് വശീകരണ സ്വരത്തില്‍ മൊഴിഞ്ഞു. 'കുളിക്കാന്‍ പോവ്വാ.'

ഓലച്ചൂട്ടിന്റെ വെളിച്ചത്തില്‍ പെണ്ണിന്റെ മണം നുണഞ്ഞ മീശചേക്കു കുടിയിലുറങ്ങുന്ന ബീവിയെ മറന്നു. മനസ്സുനിറയെ പൂത്ത ഇലഞ്ഞിമരംപോലെ നിറഞ്ഞുനിന്ന, പാതിരാപെണ്ണിന്റെ ഉടല്‍ക്കാഴ്ചയില്‍ പൗരുഷം ഉണര്‍ന്നു. ഓലച്ചൂട്ട് കുത്തിക്കെടുത്തി ഹൂറിയുടെ പിന്നാലെ പുഴക്കരയിലേക്ക്.

പുഴക്കരയിലെ നീരളത്തിന്‍ ചോട്ടിലെത്തിയപ്പോള്‍, ചേക്കു പെണ്ണിന്റെ അരകൂട്ടി അണച്ചുപിടിച്ച് തന്നോട് ചേര്‍ത്തു. കുതറിമാറിയ പെണ്ണിന്റെ ചുണ്ടിലെ ഇളം ചിരി ചേക്കുവിനെ പിന്നെയും കാമോഷ്ണത്തില്‍ തുള്ളിച്ചു! പുഴക്കാറ്റിന്റെ മൂളലില്‍ തണുപ്പിന്റെ സീല്‍കാരം കാതില്‍ അലയ്‌ക്കെ, തിടുക്കത്തില്‍ നടക്കുന്ന പെണ്ണിനെ കീഴ്‌പ്പെടുത്താന്‍ ചേക്കു വെപ്രാളപ്പെട്ടു.
 
ഇതുപോലൊരു നേരം ഇനിയുണ്ടാവില്ല.

ആളറിയാതെ, നാടറിയാതെ!

വീണുകിട്ടിയ ഇലഞ്ഞി മണമുള്ള പെണ്ണ്! 

സ്റ്റിയറിങ്ങ് പിടിക്കുന്ന കൈകളാലവളെ  കെട്ടിപ്പിടിക്കാന്‍ തുനിഞ്ഞതും, കാമപരവശനായ ചേക്കു രണ്ടടി പിന്നോട്ട് തെറിച്ചു. നീരളത്തിലെ പൂങ്കുലകള്‍ തുള്ളിയാര്‍ത്തു. കടവാതിലുകള്‍ ചിതറിപ്പറന്നു. കോയിലോത്ത് താഴെ പുഴയിലെ പരല്‍മീനുകള്‍ വെള്ളത്തിനുമീതെ തുള്ളിച്ചാടി! 

വെളിപ്പെട്ട മാറിടവുമായി, ചേക്കുവിനു മുന്നില്‍ ആ കൊച്ചുസുന്ദരി പനപോലെ വളരാന്‍തുടങ്ങി! മനുഷ്യ രൂപം വിട്ട് ഉഗ്ര രൂപം പൂണ്ട്  കനത്തൊരു മുരളിച്ചയാലെ വലിഞ്ഞു നീളാന്‍ തുടങ്ങി. നീരളത്തിന്റെ ഏറ്റവും മുകളിലത്തെ കൊമ്പില്‍ ആഞ്ഞു പിടിച്ചു. കൊമ്പ് കുലുക്കി  ആടിയുലഞ്ഞ്, ആ ഭീകരരൂപം ഇരുണ്ട വെള്ളത്തിലേക്ക് എടുത്തുചാടി. ഉഗ്ര ശബ്ദത്തിനു പിന്നാലെ കറുത്തിരുണ്ട പുഴയില്‍ ഓളങ്ങള്‍ വെട്ടി മറിഞ്ഞു.

ചേക്കുവിന് ബോധം വന്നപ്പോള്‍ പുഴ വീണ്ടും ശാന്തമായി ഒഴുകുന്നുണ്ടായിരുന്നു. എങ്കിലും ഈ കാഴ്ചകള്‍ നേരില്‍ കണ്ട് അരവട്ടായ ചേക്കുവിന് മരണം വരെ സ്ത്രീകള്‍ അലര്‍ജിയായിരുന്നു.

 

 

രണ്ട്

ഡാനിഷിന് ഉപ്പൂപ്പമാരുടെ ഇത്തരം കഥകളിലൊന്നും വലിയ വിശ്വാസമില്ല. പക്ഷെ ചെറുപ്പം മുതല്‍ ഇത്തരം കഥകള്‍ കേട്ട് വളര്‍ന്നത്‌കൊണ്ട് ചെറിയ പേടിയുണ്ട്. നാട്ടിലെ അന്ധവിശ്വാസം ഇല്ലാതാക്കാന്‍ പല കൂട്ടുകാരോടും തന്റെ കൂടെ രാത്രിയില്‍ കൊയിലോത്തും താഴെ ഇടവഴിയിലൂടെ നടന്ന് പുഴക്കരയിലെ നീരളത്തിന്‍ ചോട്ടില്‍ വരാമോ എന്ന് ചോദിച്ചിരുന്നു. ആരും ആ സാഹസത്തിന് തയ്യാറായില്ല.

'ഇഞ്ഞൊന്ന് പോ ചങ്ങായീ... വെറുതേ എന്തിന് ആവശ്യല്ലാത്ത സൊല്ല മാല വലിച്ച് തലേലിട്ന്ന്?'

കുറച്ചു നാള്‍ മുമ്പ് അന്യനാട്ടില്‍ നിന്നും വന്നൊരു മാഷ് കൊയിലോത്തെ കാട്ടുപറമ്പില്‍ ഇടവഴിയോട് ചേര്‍ന്ന്  ചുരുക്കം പൈസയ്ക്ക് പത്ത് സെന്റ് വാങ്ങിച്ചു. മാഷും, ഭാര്യയും, ഡെലീഷ മോള്‍ക്കും താമസിക്കാന്‍ ഒരുനിലയില്‍ ചെറിയൊരു കോണ്‍ക്രീറ്റ് വീട് പണിതു. അധ്യാപക കുടുംബം അധികമാരോടും സംസാരിക്കാറില്ല. ഡെലീഷ എന്നും കൊയിലോത്തെ ഇടവഴിയിലേക്ക് നോക്കിയിരിക്കും. കൂട്ടിന് തടിച്ച പുസ്തകങ്ങളും. പിന്നെ പഞ്ഞി പോലുള്ളൊരു പൂച്ചക്കുട്ടി അവളുടെ ചുറ്റും മണ്ടി നടക്കുന്നുണ്ടാവും.

രാത്രിയില്‍ ഡാനിഷിന്റെ വീട്ടില്‍ നിന്നും നോക്കിയാല്‍ ദൂരെ ഒരു വെളിച്ചം കാണാം. പൂക്കള്‍ നിറഞ്ഞ ഇടവഴിയുടെ ഓരത്തുള്ള ഡെലീഷയുടെ വീട്ടിലെ വെളിച്ചം ഡാനിഷിന് വലിയ പ്രതീക്ഷയാണ്.

ഡാനിഷ് എന്നും രാത്രി ആ വെളിച്ചത്തിനു കുറച്ചകലെ ചെന്നു നിന്ന് കൊയിലോത്തെ ഇടവഴിയിലെ പൂക്കളുടെ ഗന്ധം ആസ്വാദിക്കും. പുതു വെളിച്ചത്തിലേക്ക് നടന്നടുത്താല്‍ കൂടുതല്‍ ഒന്നും സംഭവിക്കില്ല എന്ന് ഉറപ്പുണ്ടായിട്ടും അവന് മുന്നോട്ട് നടക്കാന്‍ പേടിയായിരുന്നു.

അങ്ങ് ദൂരെ നിലാ വെളിച്ചത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്ന നീരള മരം അവനൊരു വെല്ലുവിളിയായി തന്നെ നിലകൊണ്ടു. അപ്പോള്‍ അരികിലായി കാണുന്ന ഡെലീഷയുടെ വീട്ടിലെ വെളിച്ചം ചെറിയൊരു ധൈര്യം പകര്‍ന്നുതരും. രണ്ടു മൂന്നു തവണ രാത്രിയേറെ വൈകി അവന്‍ ആ ഇടവഴിക്കകത്തേക്ക് പ്രവേശിച്ചു. കൂടുതല്‍ മുന്നോട്ട് പോകാതെ പെട്ടന്നുതന്നെ പേടിച്ച് പിറകോട്ടു പോന്നു.

എന്നും രാത്രി വൈകുന്നത് വരെ ഡെലീഷയുടെ വീടിന് എതിര്‍വശമുള്ള ഇലഞ്ഞി മരത്തിന് ചോട്ടിലിരുന്ന് പുതിയ വെളിച്ചം കാണുന്നത് അവന്റെ ശീലമായി മാറി. കൊയിലോത്ത് താഴെ പുഴക്കരയിലെ കേട്ടു ശീലിച്ച അന്ധവിശ്വാസങ്ങള്‍ പൊളിച്ചടുക്കുക എന്നത് ഡാനിഷിന്റെ ഒരു വാശിയായിരുന്നു.

എന്നാല്‍ പതിയെ ഡാനിഷിന്റെ മനസ്സ് ഡെലീഷയിലേക്ക് അടുത്തുകൊണ്ടിരുന്നു. രാത്രിയേറെ വൈകുന്നത് വരെ വീട്ടു കോലായില്‍ എല്‍ ഇ ഡി വെളിച്ചത്തില്‍ പുസ്തകം വായിച്ചിരിക്കുന്ന പെണ്‍കുട്ടിയാണവള്‍. അവള്‍ക്കരികിലായി അനുസരണയോടെ പൂച്ച കുട്ടിയും സ്ഥാനം പിടിച്ചിട്ടുണ്ടാകും. എല്‍ ഇ ഡി വെളിച്ചത്തില്‍ അതീവ സുന്ദരിയാണവള്‍. ആ സമയങ്ങളിലൊന്നും അവളുടെ അച്ഛനെയും, അമ്മയെയും ആ വീടിന് പുറത്ത് കാണാറില്ലായിരുന്നു.

പിന്നീടുള്ള ദിവസങ്ങളില്‍ എന്നും വൈകുന്നേരം കൊയിലോത്തെ ഇടവഴിയില്‍ നിന്നും പെറുക്കിയെടുത്ത ഇരഞ്ഞി പൂക്കളുമായി ഡാനിഷ് ഡെലീഷയുടെ മുന്നിലെത്തും. ഒന്നും മിണ്ടാതെ അതെല്ലാം അവള്‍ക്കരികില്‍ വെച്ച് തിരിച്ചു പോരും.

ഡെലീഷ ഒരു ദിവസം ഡാനിഷിനെ നോക്കി പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു.

'എന്നോടെന്തെങ്കിലും സംസാരിച്ചൂടെ?'

അന്ന് വരാന്തയിലെ വെളിച്ചത്തിലിരുന്ന് അവന്‍ ഡെലീഷയോട് ഒരുപാട് സംസാരിച്ചു. ആ നാടിനെ പറ്റിയും, കേട്ടറിഞ്ഞ മിത്തിനെ പറ്റിയും.

രാവുകളിലെ തുടര്‍ക്കഥകളില്‍ ദേശത്തിലെ കഥാപാത്രങ്ങള്‍ നിറഞ്ഞുനിന്നു. അവരുടെ മാധുര്യമുള്ള വാക്കുകള്‍ പുഴയോടൊപ്പം അലിഞ്ഞൊഴുകി. പിന്നീടുള്ള ദിവസങ്ങളില്‍ പതിയേ അവള്‍ അവനിലേക്ക് അടുത്തുകൊണ്ടിരുന്നു. അവളൊരു ഇണയെ ആഗ്രഹിക്കുന്നുണ്ടായിരുന്നു. ഡാനിഷ് നിര്‍ത്താതെ സംസാരിക്കുമ്പോഴെല്ലാം ഡെലീഷ അവന്റെ കണ്ണുകളിലേക്ക് നോക്കിയിരുന്നു. അവളുണ്ടാക്കിയ പലഹാരങ്ങള്‍ അവനുമായി പങ്കുവെച്ചു. ഇടവഴിയിലെ പൂമരങ്ങള്‍ക്കൊപ്പം മൊട്ടിട്ട സൗഹൃദവും പൂത്തുലഞ്ഞു.

'ഡെലീഷാ ഇന്ന് രാത്രി നീ എന്റെ കൂടെ പൂക്കള്‍ വീണ വഴിയിലൂടെ നടക്കുമോ? നമുക്ക് അതിലൂടെ നടന്ന് പുഴക്കരയിലെ നീരളത്തിന്‍ ചോട്ടില്‍ ചെന്നിരിക്കാം. കുറച്ചു നേരം അവിടിരുന്ന് സംസാരിച്ച് പെട്ടന്നുതന്നെ തിരിച്ചുവരാം.'

ഡെലീഷ ഒന്നും മിണ്ടാതെ ഡാനിഷിന്റെ കണ്ണുകളിലേക്ക് നോക്കി ചിരിച്ചു. അന്ന് അവളുടെ അച്ഛനും അമ്മയും ഉറങ്ങിയപ്പോള്‍ ഡെലീഷ ഡാനിഷിന്റെ കൈപിടിച്ച് മുന്നില്‍ നടന്നു. അവള്‍ അത് ആഗ്രഹിച്ചിരുന്നു. ഇരുള്‍പൂത്ത ഇടവഴിയിലൂടെ ഇലഞ്ഞിമരവും കടന്ന് ഇലഞ്ഞി മണവും നുകര്‍ന്ന് ഇരുവരും പതിയേ നടന്നുതുടങ്ങി. ചുറ്റും നിശബ്ദതയാണ്. ദൂരെ പുഴയുടെ അക്കരെ നിന്നും കുറുക്കന്‍മാര് ഓരിയിടുന്ന ഒച്ച മാത്രം.

'നമ്മളെ ആരെങ്കിലും പിന്തുടരുന്നതായി തോന്നുന്നുണ്ടോ'

'ഇല്ല നീയെന്റെ കൈകള്‍ മുറുകെ പിടിച്ചോളൂ'

നിലാവില്‍ നീരള ചില്ലകള്‍ ഇളം കാറ്റേറ്റ് ചെറുതായി ഇളകുന്നുണ്ട്. നിശബ്ദതയെ വകഞ്ഞുമാറ്റിക്കൊണ്ട് അവര്‍ പുഴക്കരയിലേക്ക് പ്രവേശിച്ചു. കൈകള്‍ കോര്‍ത്തുപിടിച്ച് മണല്‍ തിട്ടയിലേക്കിറങ്ങി.

'ഈ ലോകം മുഴുവന്‍ നമുക്ക് നേരെ കണ്ണുകള്‍ തുറന്നിരിക്കുന്നത് പോലെ തോന്നുന്നല്ലോ. പേടിയാകുന്നു. വല്ലതും സംഭവിച്ചാല്‍?'

ഡെലീഷയുടെ നാടിമിടിപ്പിലും ശരീര താപത്തിലും മാറ്റങ്ങള്‍ വന്നതായി അവനറിഞ്ഞു. അവനവളെ ചേര്‍ത്ത് പിടിച്ചു. അവളുടെ ഹൃദയ താളം അവനില്‍ പ്രതിധ്വനിച്ചു. ഏറെ നേരം അവര്‍ പരസ്പരം ചൂടറിഞ്ഞു. ഡാനിഷ് ഡെലീഷയുടെ മുഖത്തു പാറിവീണ മുടിയിഴകള്‍ വകഞ്ഞുമാറ്റി. പതിയേ അവളുടെ അധരത്തില്‍ ചുംബിച്ചു. അവളുടെ കവിള്‍ തടങ്ങള്‍ ചുവന്നു തുടുത്തു.

ചെറിയ കാറ്റ് വീശുന്നുണ്ട്. ഇലഞ്ഞി പൂക്കളുടെ മണം രണ്ട് പേരെയും കൂടുതല്‍ മത്ത് പിടിപ്പിച്ചു. കരിയിലകള്‍ക്കിടയില്‍ നിന്നും മിന്നാമിനുങ്ങുകള്‍ പറന്നുയരുന്നു. ആകാശത്തോളം വളര്‍ന്ന നീരളത്തിന്റെ ചില്ലകള്‍ക്കിടയിലൂടെ അവ പറന്നുയര്‍ന്ന് അനന്തമായ ആകാശത്തിലെ താരങ്ങള്‍ക്കൊപ്പം നൃത്തം ചെയ്യുന്നു.

കുറുക്കന്റെ ഓരിയിടല്‍ നിലച്ചിരിക്കുന്നു. ഇപ്പോള്‍ ഇളം കാറ്റില്‍ നീരളത്തിലെ ഇലയനക്കത്തിന്റെ സീല്‍ക്കാരത്തോടൊപ്പം പുഴയിലെ ഓളങ്ങളുടെ കുളു... കുളു താളവും ചേര്‍ന്ന ഒരു സ്വരലയത്തില്‍ അവരലിഞ്ഞു.

ഡെലീഷ കൈകള്‍ നീട്ടി വെള്ളം കോരിയെടുത്ത് മുകളിലേക്കെറിഞ്ഞു. കുഞ്ഞോളങ്ങളെ തട്ടി തെറിപ്പിച്ചുകൊണ്ടിരുന്നു. ഡാനിഷ് ആകാശത്തിലെ താരങ്ങളെ നോക്കി പൊട്ടിച്ചിരിച്ചു.

'മണ്ടന്‍മാര്‍... എന്തിനെയാണവര്‍ പേടിച്ചത്? കൊയ്ലോത്തെ മനോഹരമായ ഇടവഴിയെയോ...! അതോ പുഴക്കരയിലെ ഈ വസന്തത്തെയോ?'

ഡെലീഷ ഡാനീഷിനെ നോക്കി ചിരിച്ചു. അവന്‍ അവളെ പുണര്‍ന്നു. അവളത് ആഗ്രഹിച്ചിരുന്നു. അവന്‍ അവളുടെ കരിമിഴികളിലേക്ക് ഇമവെട്ടാതെ നോക്കി നിന്നു.

'നീ ഇന്ന് വളരെ സുന്ദരിയാണ്. നമ്മള്‍ മാത്രമായ ഈ നിമിഷം ഞാന്‍ ഒരുപാട് സ്വപ്നം കണ്ടതാണ്.'

അവള്‍ അവനിലലിഞ്ഞു. നിശാശലഭങ്ങള്‍ അവര്‍ക്ക് ചുറ്റും പാറി പറന്നു. ചെമ്പകവും ഇലഞ്ഞിയും ചേര്‍ന്ന സുഗന്ധം അവിടം വിട്ട് ആ ഗ്രാമം മുഴുവനായി പടര്‍ന്നു.

ഉയര്‍ന്നും താഴ്ന്നുമുള്ള കൊയിലോത്തെ ഇടവഴിയിലൂടെ  ഇരുളും വെളിച്ചവും ഇണചേര്‍ന്നൊരുക്കിയ അവരുടെ കരിനിഴലുകള്‍  അനന്തമായി നീണ്ടുപോയി. 

നിലാവുദിക്കാത്ത രാവുകളില്‍ ഞരക്കങ്ങളും, കിതപ്പും, പൊട്ടിച്ചിരികളുമെല്ലാം ആ ഇടവഴിയികളില്‍ ഇന്നും മുഴങ്ങികേള്‍ക്കാറുണ്ട്.!         
 


ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

click me!