ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ആര്യ ബാബു എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
You left me boundaries of pain
Capacious as the sea,
Between eternity and time,
Your consciounsess and me.
(Emily Dickinson- You Left Me)
'എടോ ..പറയ്.. ജീവിതമൊക്കെ എങ്ങനെ?'
ആനന്ദ് ആണ് ചോദിച്ച് തുടങ്ങിയത്. അമുദ ആനന്ദിനെ തന്നെ നോക്കിയിരിക്കുകയായിരുന്നു.
പിരിഞ്ഞു പോയ രണ്ടു മനുഷ്യരാണ്. മൂന്നു കൊല്ലത്തിനു ശേഷം വീണ്ടും കണ്ടു മുട്ടുകയാണ്.
'ജീവിതം...അതിങ്ങനെഒഴുകികൊണ്ടിരിക്കുന്നു. അത്ര മാത്രം'
അത് പറഞ്ഞു അമുദ കണ്ണുകള്‍ പിന്‍വലിച്ചു.
അത് പിന്നങ്ങനല്ലേ, ജീവിതം ഒഴുകാനുള്ളതല്ലേ' നമ്മള്‍ വേണ്ടെന്ന് വച്ചാലും അത് ഇങ്ങനെ ഒഴുകിയിറങ്ങും.'
'ഉം...'-അവള്‍ തല ഉയര്‍ത്തി അവനെ നോക്കി.
'എന്റോള്‍മെന്റ് ഫോട്ടോ ഞാന്‍ ഫെയിസ്ബുക്കില്‍ കണ്ടിരുന്നു. എങ്ങനെ പോണു തന്റെ വക്കീല്‍ ജീവിതം?' -അവള്‍ ചോദിച്ചു.
'ആഹാ...,തിരക്കാടൊ. കേസും കോടതിയുമൊക്കെയായി ഇങ്ങനെ. താന്‍ പറഞ്ഞാ മതി ഫീസൊന്നുമില്ലാതെ വേണെങ്കില്‍ ഞാന്‍ വന്നു വാദിക്കാം.' അത് പറഞ്ഞു ആനന്ദ് ഉച്ചത്തില്‍ ചിരിച്ചു.
'ആനന്ദ്... താന്‍ ഒട്ടും മാറിയിട്ടില്ലല്ലോ, ആ ചിരി പോലും അങ്ങനെ തന്നെ.'
'ഹ ഹ...' ആനന്ദ് വീണ്ടും പൊട്ടിച്ചിരിച്ചു.
എങ്ങനെയാണ് ആനന്ദിന് ഇത്രയും സ്വാഭാവികമായി പെരുമാറാന്‍ കഴിയുന്നത്. ഓര്‍ത്തപ്പോള്‍ അമുദക്ക് അത്ഭുതം തോന്നി.
എന്നും ആനന്ദ് ഇങ്ങനെ തന്നെ ആയിരുന്നു.
'അമുദ, താന്‍ ഓര്‍ക്കുന്നുണ്ടോ.. ഇവിടെ വെച്ചാണ് നമ്മള്‍ അവസാനം കണ്ടു പിരിഞ്ഞത്.'
'ഉം...മൂന്നു കൊല്ലം.'
അവസാനം കണ്ടു പിരിഞ്ഞ ദിവസം അവള്‍ക്ക് വീണ്ടും ഓര്‍മ വന്നു. തന്റെ കണ്ണു നിറഞ്ഞതും അവന്‍ പിരിയാന്‍ തിടുക്കം കൂട്ടിയതും എല്ലാം.
ഏത് നിമിഷമാണ് തനിക്ക് എന്നോടുള്ള സ്‌നേഹം നഷ്ടപ്പെട്ടതെന്ന്, ഇനിയൊരിക്കലും നമ്മള്‍ പഴയതുപോലെ ആവില്ലേയെന്ന് ചോദിച്ചപ്പോള്‍ ശാന്തമായി, നമ്മള്‍ ഇനി ഒരുമിച്ച് മുന്നോട്ട് പോയാല്‍ അത് എനിക്ക് സമാധാനം നല്‍കില്ലെന്നും സമാധാനത്തോടെ സംസാരിക്കാന്‍ ഇനി നമുക്കിടയില്‍ ഒന്നും ബാക്കി നില്‍ക്കുന്നില്ലെന്നും ഉള്ള അവന്റെ മറുപടി ഓര്‍ത്തപ്പോള്‍ വീണ്ടും തലയ്ക്കുള്ളില്‍ പഴുതാര കടിച്ച പോലെ കടുപ്പമുള്ളൊരു വേദന അനുഭവപ്പെട്ടു.
അവള്‍ നോട്ടം മാറ്റി.
'ഞാന്‍ തന്റെ എഴുത്തുകളൊക്കെ വായിക്കാറുണ്ട്. നന്നാവുന്നുണ്ട്. അത് പറഞ്ഞു പലവട്ടം കത്തെഴുതിയാലോ എന്നു ഓര്‍ത്തിരുന്നു. പിന്നെ ദിനംപ്രതി വരുന്ന കത്തുകള്‍ക്കിടയില്‍ എന്റേത് മുങ്ങിപോയാലോ വിചാരിച്ച് എഴുതിയില്ല.'
അമുദ പുഞ്ചിരിച്ചു.
'ആനന്ദ് ഇപ്പോഴും, എനിക്ക് തന്നോട് ആ പഴയ സ്‌നേഹം ബാക്കി നില്‍ക്കുന്നു എന്നു ഭയപ്പെടുന്നുണ്ടല്ലേ.'
ആനന്ദ് ഒന്നും പറഞ്ഞില്ല.
പതിയെ അവര്‍ക്കിടയില്‍ ഒരു നിശബ്ദത കനക്കുന്നത് തിരിച്ചറിഞ്ഞിട്ടെന്നോണം അമുദ പതിയെ തുടര്‍ന്നു.
'ആനന്ദ്, ഞാന്‍ എല്ലായ്‌പ്പോഴും എന്റെ ജീവിതത്തിലെ സാഹചര്യങ്ങളെയും മനുഷ്യരെയും പ്രതിബന്ധങ്ങളേയുമൊക്കെ വൈകാരികമായി മാത്രമാണ് നേരിട്ട് കൊണ്ടിരുന്നത്. നോവിക്കുന്ന ഇടങ്ങളില്‍ നിന്നു പുറത്തിറങ്ങാനോ നിങ്ങള്‍ എന്നെ നോവിക്കുന്നു എന്നു പറയാനോ കഴിയാതെ സ്വയം ഉരുകി തീര്‍ത്ത കാലങ്ങള്‍. സ്‌നേഹം കൊണ്ടാണ് എനിക്കുണ്ടായ മുറിവുകള്‍ എല്ലാം. സ്‌നേഹം കൊണ്ട് മുറിവേറ്റിടത്തുനിന്ന് രക്ഷപെടാനായി വീണ്ടും വീണ്ടും സ്‌നേഹത്തെ തന്നെ ആശ്രയിച്ച വിരോധാഭാസം. പക്ഷേ, ഞാന്‍ മാറിയിരിക്കുന്നു ആനന്ദ്, തന്നോട് യാതൊരു ഭാവവ്യത്യാസവുമില്ലാതെ സംസാരിക്കാന്‍ പറ്റുന്ന ഈ നില വരെ.'
ആനന്ദ് അവളുടെ കണ്ണുകളിലേക്ക് നോക്കി.
അതില്‍ നനവ് പടരുന്നത് അവനു കാണാമായിരുന്നു.
ആനന്ദ് പതിയെ ആമുദയുടെ വിരലുകളില്‍ തലോടി.
'അമുദ, ഞാന്‍ തന്നെ വേദനിപ്പിച്ചാണ് പോയതെന്ന് എനിക്കറിയാം.. പക്ഷേ അത്.'
'വേണ്ട ആനന്ദ്'-അവള്‍ കൈ പിന്‍വലിച്ചു.
'നമ്മള്‍ എന്നോ പിരിഞ്ഞു പോയവരാണ്. ഓര്‍മകള്‍ മാത്രം കൂട്ടിനുള്ള രണ്ട് അപരിചിതര്‍ മാത്രമാണ് ഇന്ന്.
പക്ഷേ, കാലം എത്ര മുന്നോട്ടോടിയാലും ചില നേരം ഓര്‍മകള്‍ നമ്മെ പിന്നില്‍ നിന്നു വലിക്കും.
ആനന്ദും ഈ നഗരത്തില്‍ വന്നിട്ടുണ്ടെന്ന് ദക്ഷ പറഞ്ഞ അന്ന് എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. അന്ന് ഞാന്‍ നമ്മളെ പറ്റി ഒരുപാട് ഓര്‍ത്തു. പൂര്‍ത്തിയാക്കാത്ത നിരവധി സ്വപ്നങ്ങള്‍ നമുക്കിടയില്‍ ബാക്കി നിന്നിരുന്നുവല്ലോ. '-അവള്‍ പതിയെ പറഞ്ഞു.
ആനന്ദ്, പിന്നീട് നിരവധി നഗരങ്ങളില്‍ ഞാന്‍ അലഞ്ഞു നടന്നപ്പോഴും, കൊല്‍ക്കത്ത മാറ്റി വെച്ചിരുന്നു.
ദക്ഷയെ കണ്ട അന്ന് രാത്രി വീണ്ടും ഞാന്‍ ആ സ്വപ്നം കണ്ടു. ഞാന്‍ എന്നും പറഞ്ഞുകൊണ്ടിരുന്ന നമ്മള്‍ രണ്ടാളും ഒരുമിച്ചുള്ള കൊല്‍ക്കത്ത നഗരത്തെ. കൊല്‍ക്കത്ത നഗരത്തിലൂടെ കൈകള്‍ കോര്‍ത്ത് നടക്കുന്ന നമ്മള്‍. താന്‍ വെള്ളയില്‍ പൂക്കള്‍ ഉള്ള ഷര്‍ട്ടിലായിരുന്നു. ഞാന്‍ ഒരു ബംഗള സാരിയിലും.
പതിവിലും കനത്തൊരു നിശബ്ദത നമുക്കിടയില്‍ ഉണ്ടായിരുന്നതായി ഞാന്‍ ഓര്‍ക്കുന്നു. ഞാന്‍ എന്തൊക്കെയോ സംസാരിക്കാന്‍ വെമ്പുന്ന പോലെ'
'അതിന്റെ പിറ്റേന്നാണ് ദക്ഷ എന്നെ വിളിച്ച് താന്‍ കാണാന്‍ പറ്റുമോ എന്നു ചോദിച്ചു എന്ന് പറഞ്ഞത്.
കാണാം എന്നു അപ്പോള്‍ തന്നെ മറുപടി കൊടുക്കുകയും ചെയ്തു. വൈകാരികമായല്ലാതെ തന്നെ നേരിടാന്‍ പറ്റുന്നൊരു കാലത്ത് കണ്ടുമുട്ടണം എന്നു ഞാന്‍ ആഗ്രഹിച്ചിരുന്നതുകൊണ്ടാവാം.'
അമുദ നിസ്'ംഗമായി പറഞ്ഞു പോയി. ആനന്ദ് ഒന്നും മിണ്ടിയില്ല.
'ആനന്ദ്, നമ്മള്‍ അന്ന് കണ്ട് പിരിഞ്ഞതിനു രണ്ടു മാസങ്ങള്‍ക്ക് ശേഷം ഞാന്‍ വീട് ഉപേക്ഷിച്ചിറങ്ങിയിരുന്നു. എന്നെ വേദനിപ്പിക്കാന്‍ ഇനിയൊരാളെയും ഒരു ബന്ധത്തിന്റെയും പേരില്‍ അനുവദിക്കില്ല എന്നും ഉറപ്പിച്ചിരുന്നു. ഈനഗരത്തില്‍ പിന്നെ നില്‍ക്കാന്‍ തോന്നിയില്ല.. ഹൈദരാബാദില്‍. രണ്ടു മാസത്തോളം യമുനയുടെ കൂടെ അവിടെ. പിന്നീട് ജോലി ശരിയാക്കി സ്വന്തമായി അപ്പാര്‍ട്‌മെന്റ് എടുത്ത് അങ്ങോട്ടു മാറി.
ജീവിതം ശാന്തമായി തിരിച്ചു പിടിച്ചു എന്നു വിശ്വസിച്ചു ജീവിച്ചു തുടങ്ങുകയായിരുന്നു. പക്ഷേ, ഇരുട്ടിന്റെ മറവില്‍ കൂട്ട് വന്നിരുന്ന ഏകാന്തത, വിഷാദം ചുവക്കുന്ന നേരങ്ങള്‍, ഒക്കെ ഞാന്‍ മരിച്ചു തുടങ്ങുകയാണ് എന്നു നിരന്തരം പറഞ്ഞു കൊണ്ടേയിരുന്നു. വായിച്ചതിനധികവും വിഷാദ രുചി. പിന്നീടെഴുതിയ വരികളിലെല്ലാം വിഷാദവും ഏകാന്തതയും മാത്രം നിഴലിക്കുന്നത് കണ്ടപ്പോഴാണ് പുതിയ നഗരങ്ങള്‍ തേടി അലയാന്‍ തുടങ്ങിയത്...പക്ഷേ .. ആനന്ദ് .. ജീവിതം ഇപ്പോള്‍ തികച്ചും ശാന്തമാണ്. എഴുത്തും, യാത്രകളും.. സമാധാനം അറിയുന്നുണ്ട്'
അമുദ ദീര്‍ഘമായൊന്നു നിശ്വസിച്ചു.
ആനന്ദ് ആമുദയുടെ സ്‌നേഹത്തെ പറ്റി ഓര്‍ക്കുകയായിരുന്നു.
പുഞ്ചിരിച്ചുകൊണ്ടല്ലാതെ സംസാരിക്കാനറിയാതിരുന്നൊരു പെണ്‍കുട്ടി. പ്രണയം എന്നതൊരു കുരുക്കാണെന്നും കെട്ടു വീണാല്‍ അഴിച്ചെടുക്കുക പ്രയാസമാണെന്നും അവനറിയാമായിരുന്നു. ഒരിടത്തും കാലുറപ്പിച്ചു നിര്‍ത്താന്‍ കഴിയാതെ പോയ തന്റെ ജന്‍മത്തെ അവന്‍ ഒരിക്കല്‍ കൂടി പഴിച്ചു.
മനുഷ്യര്‍ ഉപേക്ഷിച്ചു പോവുന്നതിനെ നേരിടാനുള്ള ശക്തി നഷ്ടപ്പെട്ടു തുടങ്ങിയ കാലത്താണ് അമുദയെ പരിചയപ്പെട്ടത് എന്നത് കാലദോഷം. നൊന്ത് നൊന്ത് ചോര പൊടിഞ്ഞു തുടങ്ങിയിരുന്ന അമുദയെ ചേര്‍ത്തുനിര്‍ത്താനുള്ള ശക്തി തന്റെ ഹൃദയത്തിനില്ലെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് അവന്‍ അവളെ ഉപേക്ഷിച്ചിറങ്ങി പോയത്.
താഴെ വീണു കിടന്നിരുന്ന ഒരു മഞ്ഞപൂവ് എടുത്ത് അവള്‍ക്ക് നേരെ നീട്ടിയിട്ട് അവന്‍ പറഞ്ഞു.
'അമ്മൂ.. നിന്നെ വീണ്ടും കാണാന്‍ കഴിഞ്ഞതില്‍ എനിക്ക് സമാധാനമുണ്ട്. നമ്മള്‍ അവസാനം കണ്ടുപിരിഞ്ഞതിന് ശേഷം നിന്നെ പറ്റി ഞാന്‍ ഓര്‍ക്കാതിരുന്നിട്ടില്ല. നിന്നെ നേരിടുക... എനിക്കത് വേദന ആയിരുന്നു. ഒരിക്കലും നിന്റെ വേദനകള്‍ക്ക് ആക്കം കൂട്ടാന്‍ വേണ്ടി ആയിരുന്നില്ല ഞാന്‍ നിന്നെ എന്റെ ജീവിതത്തിലേക്ക് ക്ഷണിച്ചത്. മുന്നോട്ടു പോയാല്‍ നമുക്ക് വേദന മാത്രമേ ലഭിക്കൂ എന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ് ഞാന്‍...എനിക്ക് ആരെയും വേദനിപ്പിക്കണ്ടായിരുന്നു. പക്ഷേ എന്നിട്ടും ഞാന്‍...'
അമുദ പൂവ് കൈ നീട്ടി വാങ്ങി.
ആനന്ദ്, എന്നെ യാതൊന്നും ഇപ്പോ വേദനിപ്പിക്കാറില്ല. നമുക്ക് ഇങ്ങനെ സമാധാനായിട്ട് ഇപ്പോ ഇവിടെ ഇരിക്കാന്‍ പറ്റുന്നതും അതുകൊണ്ടാണ്. നോക്കൂ. കണ്ണു നിറയാതെ തന്നോട് എനിക്ക് സംസാരിക്കാനാവുന്നുണ്ട്.'
അവള്‍ ആ പൂവ് ഫോണ്‍കേസിനുള്ളിലേക്ക് വയ്ക്കുന്നത് നോക്കി ആനന്ദ് പുഞ്ചിരിച്ചു.
'ആനന്ദ്, എന്തിനാണ് ജീവിച്ചിരിക്കേണ്ടുന്ന ജീവിതത്തില്‍ വൈകാരികമായി മറ്റൊരാളെ ആശ്രയിക്കേണ്ടി വരുന്നത്? എന്തിനിത്ര ഇമോഷണല്‍ ആവുന്നു എന്ന് എന്നോട് ഏറ്റവും അധികം ചോദിച്ചിട്ടുള്ളത് നീയാണെന്ന് ഓര്‍ക്കുന്നു. ഈ ലോകത്ത് എത്രയോ മനുഷ്യര്‍ ഉണ്ടായിട്ടും എങ്ങനെയാണിത്രയും മനുഷ്യര്‍ സ്‌നേഹം കൊണ്ട് അവഗണിക്കപ്പെട്ടു പോവുന്നത്. സ്‌നേഹരാഹിത്യമാണ് ഒരു മനുഷ്യനും അനുഭവിക്കാന്‍ പാടില്ലാത്തതെന്ന് എനിക്ക് തോന്നുന്നു. '
'അമ്മൂ...'
അവന്‍ അവളെ ചേര്‍ത്ത് പിടിച്ചു.
അമുദക്ക് തൊണ്ടക്കുഴിയില്‍ കനമുള്ളൊരു വേദന നിറഞ്ഞു.
'എടോ, താന്‍ അന്ന് പറഞ്ഞപോലെ എനിക്കീ കൂടിക്കാഴ്ച മനോഹരമായി തോന്നുന്നു.'- അവള്‍ പറഞ്ഞു.
ആനന്ദ് പുഞ്ചിരിച്ചു.
അമ്മു, നമുക്കിടയിലെ പ്രണയം മാത്രമാണ് നമ്മള്‍ ഉപേക്ഷിച്ചത്. സ്‌നേഹം ഇപ്പോഴും ബാക്കിയുണ്ട്. ആ നിശബ്ദത ഗുലാം അലിയുടെ ഗസല്‍ പോലെ മനോഹരമായിരുന്നു.'
'ആനന്ദ്, എങ്കില്‍ നമുക്ക് ഇനി പിരിഞ്ഞാലോ, ഞാന്‍ ഇന്ന് തിരിച്ചു പോവും.'
ആനന്ദ് അവളെ നോക്കി.
അവളുടെ കണ്ണുകളിലെ സന്തോഷം അവന്‍ കണ്ടു. അവന്റെ ഉള്ള് നിറഞ്ഞു.
'എങ്കില്‍ അങ്ങനാവട്ടെടോ, ഞാന്‍ എഴുതാം'
അവനും ഏഴുന്നേറ്റു.
അമുദ അപ്പോള്‍ ബാഗ് തുറന്ന് ഒരു പുസ്തകം കയ്യിലെടുത്തു അവന് നീട്ടി.
'അജയ് പി മങ്ങാട്ടിന്റെ 'സൂസന്നയുടെ ഗ്രന്ഥപ്പുര' വായിച്ചതാണോ?'
അവള്‍ ചോദിച്ചു.
അല്ലെന്ന് പറഞ്ഞു അവന്‍ പുസ്തകം വാങ്ങി.
'ആനന്ദ്, ഈ പുസ്തകത്തില്‍ എന്റെ പേരിലൊരു കഥാപാത്രം ഉണ്ട്. നമ്മള്‍ പണ്ട് സ്വന്തം പേരില്‍ കഥാപത്രം ഉള്ള പുസ്തകങ്ങള്‍ തിരയില്ലായിരുന്നോ. നമ്മള്‍ പിരിഞ്ഞ കൊല്ലം ഇറങ്ങിയതാണ് ഇത്.
ഇത് വായിച്ചപ്പോ തന്നെ ഓര്‍മ വന്നിരുന്നു. എന്നെങ്കിലും കണ്ടാല്‍ ഇത് നല്‍കണമെന്നും വിചാരിച്ചിരുന്നു.'
ആനന്ദിന് കൈ കൊടുത്ത് സംതൃപ്തി നിറഞ്ഞൊരു സന്തോഷത്തോടെ അമുദ തിരിഞ്ഞു നടന്നു.
പിരിഞ്ഞു പോയ മനുഷ്യര്‍ക്ക്, വാന്‍ ഗോഗിന്റെ ഒരു പെയിന്റിങ് പോലെയോ, നെരൂദയുടെ ഒരു കവിത പോലെയോ മനോഹരമായി വീണ്ടും കണ്ടുമുട്ടാനാവുമെന്നും ചേര്‍ത്ത് നിര്‍ത്താനും കഴിയുമെന്ന് ആനന്ദ് അന്ന് പറഞ്ഞത് അവള്‍ക്കപ്പോള്‍ ബോധ്യപ്പെട്ട് കഴിഞ്ഞിരുന്നു.