ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. അമല്‍ ഫെര്‍മിസ് എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
നനഞ്ഞീറനായ തോര്‍ത്തുണക്കാന്‍ ഇട്ടതു പോലെയായിരുന്നു, ഇടക്കിടെ മഴത്തുള്ളികള്‍ ഇറ്റിറ്റ് വീഴുന്ന ആകാശം. മഴക്കാലം അഷ്ടിക്കു വകയുള്ളവര്‍ക്ക് വാട്ട്‌സ്ആപ് സ്റ്റാറ്റസും കട്ടന്‍ ചായയും ജോണ്‍സണ്‍ മാഷുമൊക്കെയാണ്, എന്നാല്‍ ഈ മഴയത്ത് ചുളിവില്ലാതെ വൃത്തിയായി സാരിയുടുത്തു വരാന്‍ തന്നെ നേരമെത്ര വേണം!
അതു കഴിഞ്ഞിറങ്ങുമ്പോഴേക്കും സമയമായിരിക്കുന്നു. ഇനി തിരക്കുള്ള ബസ്സില്‍ കയറി സാരി ഉടയാതെ കടയിലെത്തണം. രണ്ടു മിനിട്ട് വൈകിയാല്‍ പിന്നെ ഫ്‌ലോര്‍ മാനേജറുടെ വായിലിരിക്കുന്നത് മുഴുവന്‍ കേള്‍ക്കണം, അതു പിന്നെയും സഹിക്കാം. ഇത്രയും കഷ്ടപ്പെട്ടിട്ടും ഇന്നത്തെ ശമ്പളം ഉച്ചവരെ കിഴിച്ചിട്ടാവും തരികയെന്ന ഓര്‍മ്മയില്‍ ഞാന്‍ പുലര്‍ച്ചെ എഴുന്നേറ്റ് ഉണ്ടാക്കി വെച്ച ഭക്ഷണം പോലും കഴിക്കാതെ ഓടി.
നഗരത്തിലെ ഏറ്റവും തിരക്കുള്ളയിടത്താണ് സാരിക്കട. രാവിലെ വന്നതേ തെരുവിലേക്ക് തിരിച്ചു വെച്ചിരിക്കുന്ന ബൊമ്മകള്‍ക്ക് വേഷം കെട്ടിക്കുകയാണ് ഞാനും ഐശ്വര്യയും. ഐശുവിന്റെ കണ്ണുകള്‍ ഇടക്കിടെ നിറയുന്നുണ്ട്. ഒന്നും മിണ്ടുന്നില്ല. ഇന്നലെ രാത്രിയും അയാള്‍ കള്ളും കുടിച്ച് വന്ന് അവളെ എടുത്തിട്ട് മെതിച്ചിട്ടുണ്ടാവും. കുട്ടികളെ ഓര്‍ത്താണവള്‍ അയാളുടെ സ്‌നേഹരാഹിത്യത്തേയും ഭാര്യയെന്നുള്ള നിലയില്‍ അവളോടുള്ള അവഗണനകളേയും മറന്നു എല്ലാം സഹിക്കുന്നത്. നീരു വെച്ച കൈകാലുകളിലെ ചുമന്ന അടയാളങ്ങള്‍ ആരും കാണാതിരിക്കാന്‍ അവളെത്ര പാടുപെടുന്നു!
ഒന്നും ചോദിക്കാന്‍ തോന്നിയില്ല, എന്തെങ്കിലും ചോദിച്ചാല്‍ ഇത്ര നേരവും മുറുക്കെ കെട്ടിവെച്ചിരുന്ന സങ്കടങ്ങളുടെ കെട്ട് പൊട്ടിപ്പോവും. രാവും പകലുമില്ലാതെ ഇരിക്കാതെ, ഉണ്ണാതെ, മിണ്ടാതെ, കഷ്ടപ്പെട്ടുണ്ടാക്കുന്ന കാശ് ഇത്തിരി നേരം കൊണ്ട് കുടിച്ചു കൂത്താടാന്‍ കൊടുക്കാത്തതിനാവും അയാള്‍. ബൊമ്മയെ ഉടുപ്പിക്കുന്ന സാരിയിലെ സൂചി അറിയാതെയെന്റെ കൈയ്യില്‍ കുത്തിക്കയറി.
' സൂക്ഷിച്ച് '
ഐശു ചങ്കെരിയുന്ന ഒരു നോട്ടത്തോടെ എന്നെ താക്കീത് ചെയ്തു.
'ഇനിയും തീര്‍ന്നില്ലേ, കുറെ നേരായല്ലോ വേഷംകെട്ട്. ആ പൊക്കിള്‍ ചുഴിയൊക്കെ കണ്ടോട്ടെ, ഒന്നിറക്കി ഉടുത്തു കൊടുക്ക് സാരീ. അതിനെങ്ങനെ നിനക്കൊക്കെ ആള്‍ക്കാരെ എങ്ങനെ ആകര്‍ഷിക്കണമെന്നറിയോ?'
മാനേജറുടെ അശ്ലീലനോട്ടം കണ്ടപ്പോള്‍ ഒരു കുത്തു കൊടുക്കാനാണ് തോന്നിയത്. നിറയെ തൊങ്ങലുകളും തിളക്കവുമുള്ള സാരി ധരിച്ച ബൊമ്മയുടെ മുഖത്തേക്കു പോലും ഞങ്ങളുടെ നിസ്സഹായാവസ്ഥ പകര്‍ന്നിരിക്കുന്നു. ഒരു ദിവസം ഇത്തരം വര്‍ത്തമാനങ്ങള്‍ പറഞ്ഞു തുടങ്ങുമ്പോഴേ അയാളെ കൊന്നു തള്ളണമെന്ന വിഡ്ഢിവിചാരത്താല്‍ എന്റെ ഹൃദയം തുടിച്ചു.
കല്യാണങ്ങളും ഉത്സവങ്ങളുമൊക്കെ തുടങ്ങിയതിനാല്‍ തിരക്കാണ് കടയില്‍. ഒന്നിരിക്കാന്‍ പോലും ഒഴിവില്ല. പളപളാ മിന്നുന്ന തുണിത്തരങ്ങള്‍ നിരവധിയാണ് മുന്നില്‍ കുന്നുകൂടി കിടക്കുന്നത്. രമേച്ചി ഒരു വശത്ത് നിന്ന് തുണി മടക്കുന്നുണ്ട്. സൂപ്പര്‍വൈസര്‍ കണ്ടാല്‍ അതിനും വഴക്ക് കേള്‍ക്കും. തിരക്കുള്ളപ്പോഴും കസ്റ്റമറാണ് രാജാവ്. മുന്നില്‍ നില്‍ക്കുന്ന ചേച്ചിക്ക് എടുത്ത സാരി ഇഷ്ടമായെന്നുള്ള സമാധാനത്തില്‍ ഒന്നു ശ്വാസം വിടാനൊരുങ്ങുമ്പോഴാണ് അവരുടെ കൂടെയുള്ള മോള്‍ പീച്ച് നിറത്തില്‍ വേറെ ഡിസൈന്‍ ഉണ്ടോന്ന് ചോദിച്ചത്.
കുഴഞ്ഞുമറിഞ്ഞു കിടക്കുന്ന കൂമ്പാരത്തിന്നടിയില്‍ നിന്നും പീച്ച് നിറത്തിലുള്ള സാരിയെടുത്ത് നിവരുമ്പോള്‍ രാവിലെ ഒന്നു കഴിക്കാത്തതു കൊണ്ടാവും തലപൊട്ടിപ്പിളരുന്ന വേദന തോന്നി. മുഖമൊന്ന് ചുളിച്ച് സാരി അവരുടെ നേരെ നീട്ടിയതും ആ കുട്ടി അതെന്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞിരുന്നു.
' ഞാന്‍ പറഞ്ഞത് ബീജാണ്, പീച്ചല്ല. പിന്നെ എന്തെങ്കിലും പറയുമ്പോള്‍ നിങ്ങള്‍ മുഖം ചുളിക്കുന്നതെന്തിനാണ്. അഷ്ടിക്കു വകയില്ലെങ്കിലും ഒരുങ്ങി കെട്ടി നില്‍ക്കുന്ന ഇവളുമാര്‍ക്കൊക്കെ എന്താെരു അഹങ്കാരമാണ്. നമുക്ക് വേറെ കടയില്‍ പോവാം അമ്മേ '
'മാഡം, ഞാന്‍'
അപ്പോഴേക്കും ഫ്‌ലോര്‍ മാനേജറും സൂപ്പര്‍വൈസറും ഓടി വന്നിരുന്നു.
'സോറി മാഡം, അവള്‍ക്കു വേണ്ടി ഞങ്ങള്‍ മാപ്പ് ചോദിക്കുന്നു. മാഡത്തിനു എന്തു വേണമെന്ന് പറയൂ ഞാന്‍ തന്നെ എടുത്തു തരാം.'
സൂപ്പര്‍വൈസര്‍ വല്ലാത്തൊരു ഭാവത്തില്‍ എന്നെ നോക്കി കൊണ്ട് അവരോട് വിനീതവിധേയനായി. എല്ലാവരുടെയും മുന്നില്‍ വെച്ച് ഫ്‌ലോര്‍ മാനേജര്‍ കേട്ടാലറക്കുന്ന വാക്കുകളാല്‍ എന്നെ ഉറക്കെ വഴക്കു പറഞ്ഞപ്പോള്‍ എന്റെ അനിയത്തിയുടെ പ്രായമുള്ള ആ പെണ്‍കുട്ടിയുടെ മുഖത്ത് ധാര്‍ഷ്ട്യത്തിന്റെ പൂക്കള്‍ വിരിഞ്ഞു. അവളുടെ മുഖത്തെ സന്തോഷ തിളക്കം അയാളുടെ വാക്കുകളുടെ മൂര്‍ച്ചക്കൂട്ടി. സങ്കടത്തിന്റെ വന്‍ തിരകള്‍ നെഞ്ചിലിട്ടു ഞാന്‍ കുനിഞ്ഞു നിന്നു. കാശുള്ളവന്റെ അവഗണനകള്‍ക്കു മുന്നില്‍ തല താഴ്ത്തി നില്‍ക്കല്‍ എനിക്ക് പുത്തരിയല്ലല്ലോ. എത്രയലറിക്കരഞ്ഞിട്ടും എന്റെ ഒച്ച മറ്റാരും കേള്‍ക്കുന്നുണ്ടായിരുന്നില്ല.
എത്ര വഴക്കു കേട്ടാലും മുഖം വീര്‍പ്പിച്ചിരിക്കാനോ, വികാരങ്ങള്‍ പ്രകടിപ്പിക്കാനോ പാടില്ല ഞങ്ങള്‍ വില്‍പ്പനക്കാരികള്‍ക്ക്. മിക്കവരുടെയും ഉള്ളില്‍ ഞങ്ങള്‍ വെറും വില്‍പ്പന ചരക്കാണ്. സാധനങ്ങള്‍ വിറ്റുപോവാന്‍ കടയിലേക്ക് ആളുകളെ ആകര്‍ഷിച്ച് കയറ്റാനുള്ള മാനിക്വിനുകള്‍*. ഭംഗിയില്‍ സാരിയുടുത്ത് വികാരങ്ങളേതുമില്ലാതെ ചലിക്കുന്ന ബൊമ്മകളെ പോലെ ഞങ്ങളും. വിശപ്പോ, ദാഹമോ, കാല്‍കഴപ്പാേ ക്ഷീണമോ, മൂത്രമൊഴിക്കാന്‍ മുട്ടലോ ഒന്നുമില്ലാത്തവരാണ് ഞങ്ങള്‍!
'നിങ്ങളോട് പലവട്ടം പറഞ്ഞിട്ടുണ്ട് കസ്റ്റമറുള്ളപ്പോള്‍ ഇതൊക്കെ അടക്കി പെറുക്കാന്‍ നില്‍ക്കരുതെന്ന്. തുണികള്‍ മടക്കുന്ന പേരും പറഞ്ഞ് സുഖിച്ചിരിക്കുകയാ. എനിക്കറിയില്ലാന്നാ ഭാവം. നിങ്ങളെയൊക്കെ വിറ്റുകൊണ്ടുവരാനുള്ള കാശുണ്ടെന്റെ കയ്യില്‍ എന്നോട് കളിക്കണ്ടാട്ടാ, കളി പഠിപ്പിക്കും ഞാന്‍.'
പാവം രമ ചേച്ചി. തുണികള്‍ മടക്കി വെക്കാനിരുന്നതിനാണ് അയാളിങ്ങനെ ഉറഞ്ഞു തുള്ളുന്നത്. കട അടച്ചാലും തുണികളെല്ലാം വൃത്തിയായി മടക്കി പഴയ സ്ഥാനങ്ങളിലേക്ക് തിരിച്ച് വെച്ചാലേ ഓരോ ദിവസവും വീട്ടില്‍ പോവാനാവൂ. രമേച്ചിയുടെ വീട്ടില്‍ പ്രായപൂര്‍ത്തിയായ രണ്ടു മക്കള്‍ തനിച്ചാണ്. പേടിയാണ് ചേച്ചിക്ക്. നാട്ടിലേക്കുള്ള അവസാനത്തെ ബസ് പോയാല്‍ പിന്നെ മടക്കം പോവുന്ന ഓട്ടോറിക്ഷയോ ജീപ്പാേ കിട്ടണം.
'ഞെളിഞ്ഞിരുന്നതൊന്നുമല്ലല്ലോ മോളേ, ഒന്നു നടു നിവര്‍ത്താന്‍ വേണ്ടി ഇരുന്നതല്ലേ, അയാളെന്തൊക്കെയാ പറഞ്ഞത്. ഇരിക്കാന്‍ സമ്മതിച്ചു കൊണ്ട് നിയമമൊക്കെ പാസ്സായി, പക്ഷേ ഇരിക്കരുതെന്നല്ലേ അലിഖിത നിയമം. ശമ്പളം എന്നുമൊന്നുതന്നെ ഒന്നിനും ഒരു മാറ്റവും വരാന്‍ പോണില്ല, നമുക്ക് വേണ്ടി സംസാരിക്കാന്‍ ആരുണ്ട്?'
'സാരല്ല രമേച്ചീ, നമ്മളൊക്കെ വെറും അടിമകളല്ലേ, ചത്തുപണിയെടുക്കുമ്പോഴും ചമഞ്ഞു നടക്കുന്നവര്‍'
'രാവിലെ തന്നെ നിനക്കു കണക്കിനു കിട്ടിയിരുന്നല്ലോ'
'അതിപ്പോ പുത്തരിയൊന്നുമല്ലല്ലാേ, ഒന്നും കഴിച്ചില്ലായിരുന്നു ചേച്ചീ, വിശന്നിട്ട് പാടില്ല. ആരോടു പറയാന്‍. വീട്ടില്‍ ചെന്നാലും ഒരു ഗ്ലാസ് ചായ കുടിക്കണമെങ്കില്‍ എത്ര ഇരുട്ടിയാലും നമ്മള്‍ തന്നെ അടുക്കളയില്‍ കയറണം. നാലു മണിക്കെഴുന്നേറ്റ് അടുക്കളയില്‍ കയറുന്നതാ. വീട്ടിലുള്ളവര്‍ക്കെല്ലാം ഭക്ഷണമുണ്ടാക്കി വീട് വൃത്തിയാക്കി അടിച്ച് തുടച്ച് എല്ലാം കഴിഞ്ഞാ, സാരി ഉടുത്ത് ഇങ്ങാേട്ടോടി വരുന്നത്. പലപ്പോഴും ഭക്ഷണം കഴിക്കാന്‍ പോലും നേരം കിട്ടാറില്ല. ഞാന്‍ കഴിച്ചോന്ന് പോലും ആരും നോക്കാറില്ല ചേച്ചീ.'
ഫ്‌ലോര്‍ മാനേജറുടെ നിഴല്‍ വെട്ടം കണ്ടതും രമേച്ചി ധൃതിയില്‍ നടന്നു നീങ്ങി.
ഞാനപ്പോഴും വീടിനെക്കുറിച്ച് ഓര്‍ക്കുകയായിരുന്നു. ഏതു സങ്കടക്കടലിലും ഒറ്റക്കാവാന്‍ പഠിപ്പിച്ച ആ വീട്ടിലുള്ളവരെക്കുറിച്ച്. കല്യാണം കഴിഞ്ഞ് വരുമ്പോള്‍ എന്തൊക്കെ സ്വപ്നങ്ങളായിരുന്നു. എത്ര സ്‌നേഹത്തോടെയാണ് ഞാനവരെ ഉറ്റുനോക്കിയിരുന്നത്. സ്വന്തം അമ്മയായി തന്നെയാണ് കണ്ടത്. പക്ഷേ മകനെ അവരില്‍ നിന്നും തട്ടിയെടുത്താലോന്നുള്ള പേടി കാരണമാവണം അവരെനിക്ക് ഒരു വളര്‍ത്തു പൂച്ചയുടെ വില പോലും നല്‍കാതിരുന്നത്. അയാള്‍ക്ക് പിന്നെ മൂക്കത്തായിരുന്നു ശുണ്ഠി. തൊട്ടതിനും പിടിച്ചതിനുമൊക്കെ വഴക്കിടുമ്പോള്‍ തകര്‍ന്നു പോയിരുന്നു ആദ്യം. സത്യം പറഞ്ഞാല്‍ ആ പ്രശ്‌നഭരിത ദിവസങ്ങളില്‍ നിന്നും പുറത്തു കടക്കാന്‍ വേണ്ടി മനപ്പൂര്‍വ്വം എടുത്തു ചാടിയതായിരുന്നു ഈ ആഴക്കടലിലേക്ക്.
ഇവിടെ പിന്നെ ചീത്ത കേട്ടാലും ചെറുതെങ്കിലും ഒരു തുക കയ്യില്‍ കിട്ടുമല്ലോ. വീട്ടിലാവുമ്പോള്‍ രാത്രി വരെ പണികളും വഴക്കും മാത്രം. എത്ര പണിയെടുത്താലും സന്തോഷത്തോടെ ഒന്നു ചേര്‍ത്തു പിടിച്ചിരുന്നെങ്കില്‍, നിനക്കു ഞങ്ങളില്ലേന്ന് പറഞ്ഞിരുന്നെങ്കില്‍ എത്ര സന്തോഷായേനെ. ഇതിപ്പോള്‍ കല്യാണം കഴിഞ്ഞ് ഇത്രനാളായിട്ടും കുട്ടികളായില്ലല്ലോന്ന് പറഞ്ഞ് അമ്മയുടെയും മകന്റേയും വക മച്ചി വിളികളും. സ്വന്തം വീട്ടിലേക്ക് പോവാനുമില്ല. താഴെ കെട്ടുപ്രായമെത്തിയ മൂന്നു പേരുണ്ട്. അല്ലെങ്കിലും കല്യാണം കഴിയുന്നതോടെ സ്വന്തമായി വീട് നഷ്ടപ്പെടുന്നവരാണല്ലോ നമ്മുടെ നാട്ടിലെ പെണ്ണുങ്ങള്‍. ബാധ്യതയാവുമെന്നറിഞ്ഞാല്‍ പിന്നെ ഉടപ്പിറന്നവര്‍ പോലും മെല്ലെ അവഗണിക്കുകയേയുള്ളൂ. സങ്കടങ്ങള്‍ കണ്ടില്ലെന്നും കേട്ടില്ലെന്നും നടിച്ചാല്‍ സമാധാനമാണല്ലോ.
'ഇവള്‍ക്കാരാ മൂത്രമൊഴിക്കാന്‍ വാഷ് റൂമിന്റെ താക്കോല് കൊടുത്തത്. ഞാനാ കസ്റ്റമറുമായി പോയപ്പോഴുണ്ട് ഇവളവിടെ. ഇമ്മാതിരി ആള്‍ക്കാരൊക്കെയാണോ നിങ്ങളെ സെയില്‍സ് ഗേള്‍സെന്ന് അയാള്‍ ചോദിച്ചപ്പോള്‍ എന്റെ തൊലിയുരിഞ്ഞു പോയി. ഇവളെ വാഷ് റൂമില്‍ കണ്ടതുകൊണ്ട് അയാള്‍ക്കിനി ആ ടോയ്‌ലറ്റില്‍ കയറണ്ടാന്നും പറഞ്ഞു. തിന്നാനും ഇരിക്കാനും തൂറാനും വേണ്ടി ആരുമിങ്ങോട്ട് വരണ്ടാന്ന് ഒരായിരം വട്ടം പറഞ്ഞിട്ടുണ്ട് ഞാന്‍.'
തൊലിയുടെ നിറം കറുത്തു പോയതു കൊണ്ട് എപ്പോഴും തല കുനിക്കേണ്ടി വരുന്ന വനജ. കട നിറച്ചും ആളുകള്‍ സന്തോഷത്തോടെ തുണി വാങ്ങാന്‍ വരുമ്പോഴും ഞങ്ങളെ പോലുള്ളവര്‍ സങ്കട മഴകളില്‍ അടിമുടി നനഞ്ഞു നില്‍ക്കാറുണ്ടവിടവിടെ. പക്ഷേ ഞങ്ങളുടെ സങ്കടങ്ങള്‍ കാണാന്‍ ആര്‍ക്കാണ് കണ്ണുകള്‍. സൂപ്പര്‍വൈസര്‍ പോയിട്ടും മഴയും കണ്ണീരും നനച്ച മുഖവുമായി നില്‍ക്കുന്ന വനജയുടെ അടുത്തുചെന്നു ഞാനവളുടെ കൈകളില്‍ പിടിച്ചമര്‍ത്തി. കണ്ണീരാന്ധ്യത്തില്‍ ചുറ്റുമുള്ളതൊന്നും കാണാതെ നിന്നിരുന്നവള്‍ മെല്ലെയെന്നെയൊന്നു നോക്കി. ഭ്രാന്തമായൊരു കരച്ചിലോടെ എന്നെ കെട്ടിപ്പിടിച്ചു.
'മൂത്രമൊഴിക്കാന്‍ അത്രക്കും മുട്ടിയിട്ടാ ചേച്ചീ. എനിക്ക് പറ്റുന്നില്ലായിരുന്നു. എത്ര ചോദിച്ചിട്ടാ താക്കോല് കിട്ടിയതെന്നോ. അയാള് പറയുന്നതിനൊന്നും വഴങ്ങാത്തതുകൊണ്ടാ എന്നോടിത്ര ദേഷ്യം'
അവള്‍ മുളച്ചീന്തും പോലെ പൊട്ടിപ്പിളര്‍ന്നുകൊണ്ടിരുന്നു.
കടയിലെ ആളുകള്‍ പരസ്പരം കുശുകുശുക്കുകയും വായമര്‍ത്തി ചിരിക്കുകയും ചെയ്യുന്നു. ഞാന്‍ ദീര്‍ഘനിശ്വാസമെടുത്തു. അവളെ ചേര്‍ത്തു പിടിച്ച് നെറുകയില്‍ ചുംബിച്ചു. സാരമില്ല പോട്ടേന്ന് ചെവിയില്‍ പതിഞ്ഞ സ്വരത്തില്‍ മന്ത്രിച്ചു.
അപ്പോഴും ഞങ്ങള്‍ക്കു ചുറ്റും നിരവധി മാനിക്വിനുകള്‍ വിഷാദഭരിതമായ ദുഃഖക്കടലുകളിരമ്പുന്ന കണ്ണുകള്‍ മറച്ചു പിടിച്ചു കൊണ്ട് വരുന്നവരെ നോക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നു.
*മാനിക്വിന്‍ - തുണിക്കടയിലെ ബൊമ്മ
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...