ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് അച്യുത് എ രാജീവ് എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
undefined
തൊട്ടുതൊട്ടൊരാളിരിക്കുന്നു
കൈയ്യിലെ ചതുര കാഴ്ച്ചയില്‍
കണ്ണുംനട്ടങ്ങനെ
തൊട്ടരികെ കട്ടിളപ്പടിയില്‍
തട്ടി വീണമ്മ
നീട്ടിയലറവേ
പൊട്ടിവീണ രസച്ചരടിന്‍ പേരില്‍
തട്ടിക്കേറിയമ്മതന്‍ നേര്‍ക്കയാള്‍
വീട്ടുമുറ്റത്തു പുത്തനായ് പൂവിട്ട
നാട്ടുമുല്ലകള്‍ നീട്ടിയ പുഞ്ചിരി
വീട്ടുവാനൊട്ടുകണ്ടതേയില്ലയാള്‍
സ്‌ക്രീനില്‍ നാട്ടിയ നോട്ടമൊരുവേള
ഒന്നടര്‍ത്താതിരിക്കയാല്‍
തൊട്ടുതൊട്ടയാളിരിക്കുന്നു
തൊട്ടയല്‍പക്കത്തൊട്ടു
നേരമായ് കേള്‍ക്കും
കൂട്ട നിലവിളി
കേട്ടില്ലെന്ന നാട്യത്തിലങ്ങനെ
വെട്ടം വീഴുന്നതിന്‍
തൊട്ടുമുന്നേവരെ
കോട്ടുവായിട്ടു പോക്കുന്ന രാവുകള്‍
എത്രപോയെന്നു തിട്ടമില്ലാതയാള്‍
തൊട്ടുരസിച്ചു കഴിഞ്ഞിടുന്നങ്ങനെ
തട്ടിലൂടൂര്‍ന്നിറങ്ങി
കള്ളന്‍ കട്ടുപോകുന്നു പണ്ടങ്ങള-
ന്നേരവും
തൊട്ടുതോണ്ടിയിരിക്കുന്നയാള്‍
ഒട്ടുമറിയാതെ വിഡ്ഢിയായങ്ങനെ
കട്ടുപോകുന്നു വാഴ്വിന്‍
വിലപ്പെട്ട മാത്രകള്‍തന്നെയും
പ്രായഭേദമന്യേ മര്‍ത്ത്യനിന്നു
പ്രിയപ്പെട്ടതാമീ
പുതുകളിപ്പാട്ടത്താലങ്ങനെ.
കട്ടിയുള്ള ചില്ലില്‍
കോറിയിട്ട വിരല്‍പ്പാടുകളൊഴികെ
ഇങ്ങു മിച്ചമായൊന്നും
വിട്ടുപോകാതെ
പട്ടുപോകുന്നൊട്ടു
ജന്‍മങ്ങളിങ്ങനെ.