ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ടി എം പ്രിന്‍സ് എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
ആദ്യമൊന്നും
അതിരുകളില്ലായിരുന്നു.
അരിയും മണ്ണണ്ണയും വാങ്ങാന്‍
ഏത് പാതിരാത്രിക്കും
വാഴക്കും ചേമ്പിനും ഇടയിലൂടെ ഓടി
അടുക്കളപ്പടിയില്‍ എത്തും.
കൂട്ടാന്‍ എന്താണ്?
കുഞ്ഞെന്തേ കരഞ്ഞത്?
ഓരോന്ന് ചോദിക്കും.
കുഞ്ഞുങ്ങളൊക്ക വളര്‍ന്നു.
മരങ്ങളും വളര്‍ന്നു..
എപ്പോഴോ ഒരു വേലികെട്ടി
അതിനൊരു കാരണം പറഞ്ഞു.
അപ്പുറത്തെ പശു
വാഴ തിന്നുന്നു.
ആട് ചെടി കടിച്ചു.
അപ്പോഴും വേലിക്കിടയിലൂടെ
വിശേഷം ചോദിച്ചു കൊണ്ടിരുന്നു.
തോട്ടിലെ വരാലിനെ പിടിച്ചു
കുടംപുളി ഇട്ട് വറ്റിച്ചത്
അപ്പുറത്തേക്ക് കൊടുത്തു.
ഇപ്പുറത്തു നിന്നു വിളിച്ചു പറഞ്ഞു
ഒന്‍പതരക്കുള്ള റേഡിയോ നാടകം
ഇത്തിരി ഉച്ചത്തില്‍ വെക്കണം.
വളര്‍ന്ന മരങ്ങളുടെ കൊമ്പുകള്‍
അതിര്‍ത്തി കടന്ന്
വളര്‍ന്നുപന്തലിച്ചു.
മരത്തിന്റെ മറപറ്റി മക്കള്‍
ആരും കാണാതെ
അങ്ങോട്ടുമിങ്ങോട്ടും നോക്കി.
അതൊന്നും കണ്ട് നില്‍ക്കാന്‍ പറ്റാതെ
നിന്റെ ചെക്കന്‍
എന്റെ പെണ്ണ്
എന്നായി.
വേലി പൊളിച്ചു മതില് കെട്ടി.
ഗേറ്റ് വെച്ച് പൂട്ടുവെച്ചു.
അകത്തൊരു നായയെ
കാവല്‍ നിര്‍ത്തി.
മതില്‍ക്കട്ടിനുള്ളില്‍
രാജ്യങ്ങള്‍ വളര്‍ന്നു.
പോര്‍മുനയുള്ള മനുഷ്യരും.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...