ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. സല്‍മാന്‍ കാവുങ്ങല്‍പറമ്പ് എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
പുതുശിഖരം
കിളിര്‍ത്തു.
താഴേക്കുനോക്കി
പച്ചപ്പ്,
മേലോട്ടുനോക്കി
നീലിച്ചമേലാപ്പ്.
ശിഖരങ്ങള്‍
കാറ്റിനൊത്ത് ചുവടുവെച്ചു.
വേരാഴ്ന്നിറങ്ങി ലവണമെത്തിച്ചു.
പുതുശിഖരത്തിന്റെ
ഒന്നാം പിറന്നാളിനു-
മുമ്പേ വേരിന്
ക്ഷതമേറ്റു ക്ഷയിച്ചു..
അവന്റെ കൊഞ്ചലു-
കാണാന്‍ നില്‍ക്കാതെ,
മരത്തെ തനിച്ചാക്കി,
വേര് മണ്ണില്‍ ലയിച്ചു.
കടപുഴകരുതല്ലോ,
വേരേല്‍പ്പിച്ചുപോയ
ശിഖരങ്ങളില്ലേ.
ഒരിടത്തെത്തിക്കണം..
മരമൊരു വേരായി,
വേരിന്റ ഭാവം
ശിഖരങ്ങളറിഞ്ഞില്ല.
കുഞ്ഞുശിഖരങ്ങളില്‍
ചില്ലകള്‍ പൊട്ടി,
ഇലകള്‍ കിളിര്‍ത്തു,
കാറ്റിനൊത്തു ചുവടു-
വെക്കാന്‍ തുടങ്ങി.
വേരായ മരം
ചുവടുകള്‍ കണ്ടു-
വേരിനോളമിറങ്ങി.
മൂത്തശിഖരം
താഴ്ന്നിറങ്ങിമണ്ണു-
തൊട്ട് പുതുവേരായി.
മരത്തിന്റെ
വേരേറ്റെടുത്ത
മൂത്ത ശിഖരം
മരത്തെയതിന്റെ
സ്ഥാനത്തുനിര്‍ത്തി.
കുഞ്ഞുശിഖരങ്ങള്‍
കാറ്റിനൊത്തും
അല്ലാതെയും
ചുവടുവെക്കുമിപ്പോള്‍,
വെയിലിനോടു-
പല്ലിളിച്ചുകാട്ടുന്നുമുണ്ട്.
ശിഖരങ്ങളില്‍
നിന്നെല്ലാം വേരിറങ്ങി-
യിട്ടുണ്ടിപ്പോള്‍,
ആല്‍മരംപോലെ
താഴോട്ടുതൂങ്ങിയ-
വേരുകളുള്ള പടുവൃക്ഷ-
മാണിപ്പോള്‍.
പുതുശിഖരങ്ങളില്ലേ,
കടപുഴകരുതല്ലോ.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...