ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഡോ. ഗീത കാവാലം എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
ഭ്രമകല്പനകളുടെ
പെയ്ത്തുതാളം!
ആദ്യത്തെ മഴത്തുള്ളി
തെന്നിത്തെറിച്ച്
നീണ്ട ഇമകളില്‍ വീണ്
പൊട്ടിയടര്‍ന്നൊഴുകി;
കുളിര്‍മയുടെ
ആദിബോധം തേടി ,
സൗന്ദര്യത്തിന്റെ
വര്‍ണ്ണരൂപങ്ങളില്‍ത്തട്ടി
പ്രണയതാളത്തില്‍
പെയ്തു വീണു !
തപസ്സിന്റെ അഗ്‌നിച്ചൂടുകളെ
തണുപ്പിച്ചുകൊണ്ട് ,
ഇനിയുമുണരാത്ത
പുരുഷശിലകളെ
തൊട്ടുണര്‍ത്താന്‍!
മഴയുടെ വന്യത വട്ടമിട്ടുനിന്നു ,
പുതുമണ്ണിന്റെ മണംകൊണ്ട്
കറുകയും കൈതോന്നിയും പൂത്തു
പ്രകൃതിയുടെ ജീവതാളം!
വനഭംഗിയില്‍,
പഞ്ചാഗ്നിക്കു നടുവില്‍
ആദ്യത്തെമഴയുടെ
ആനന്ദബിന്ദു
നാഭിയില്‍ വീണലിഞ്ഞു.
മഴയുടെ നിര്‍വൃതി!
ജീവധാരയായത്
പെയ്തിറങ്ങി.
അഗ്‌നിക്കണ്ണില്‍
കാമം പൂത്തുലഞ്ഞു.
ലാസ്യ താണ്ഡവ
നടനകേളീ വിലാസം
പ്രകൃതിപുരുഷ
സംയോഗം!
ജീവന്റെ അനാദി
മന്ദ്രധ്വനി!
കടപ്പാട് - (കുമാരസംഭവം)-കാളിദാസനോട്.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...