ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.ഭാഗ്യ സരിത ശിവപ്രസാദ് എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
ഇന്നലകള്‍
പിന്‍വിളിയാലേ
വിരുന്നൊരുക്കുന്നു.
കണ്ണാടിയിലോര്‍മ്മ
പടംവരക്കുന്നു.
കന്നിമധുരങ്ങളാലേ
കൊതിയതേറ്റുന്നു.
മരമരനീളെ മലമലമേലെ
ആറ്റുതൊടികവലയിലും
മാരുതന്റെ കരുതലോടെ
അലഞ്ഞൊഴുകുന്നു.
ഇന്നലെപ്പടര്‍പ്പുകള്‍
ചുറ്റിപ്പടര്‍ന്നാകെ-
വേരുകളാല്‍ കെട്ടുന്നു.
ഇന്നിതേതു ജീവഘട്ട -
മെന്നോര്‍ത്തോര്‍ത്തു
ചികയുന്നു.
ശലഭം തന്നുടെ
ശബളിമ പൂകാതെ.
ജീവചക്രം
പൂര്‍ണ്ണമല്ലെന്ന
നിഗമനമെത്തുന്നു.
പിന്നെയുമോരോന്നു
നിവര്‍ത്തിത്തുറക്കവേ
എതിരെ തിരിയുന്ന
ശലഭജീവിതമല്ലോ,
നമുക്കുള്ളുവെന്നറിയുന്നു.
കുരുന്നുകാലത്തെ
പാറിപ്പറക്കങ്ങള്‍
കളിയുന്മാദവര്‍ണ്ണങ്ങള്‍.
സാക്ഷ്യപ്പെടുത്തുന്നു.
വീണ്ടും
വെറുതെയെന്‍
കിനാക്കളില്‍
ശലഭദലങ്ങളേറി
പറക്കാനായവേ,
വഴിയിടങ്ങളില്‍
കുടഞ്ഞ ചായങ്ങള്‍
തിരികെചേര്‍ക്കുന്നു..
ചിറകു നീരാതെ
തെന്നിവീണ
നേരമെല്ലാം,
നിര്‍ത്തിടാതെ
പിടഞ്ഞതേ മിച്ചം.
ഒന്നൊതുങ്ങി
പ്യൂപ്പയറയില്‍
ധ്യാനിയാവുന്നു!
അന്ധകാരനിബിഡതയില്‍
പൊരുളുതേടുന്നു!
തോടടര്‍ത്തി നിസ്സാരനായ
പുഴുവതാവുന്നു!
തളിരിലയിലന്നമുണ്ട്
പതിയെപോവുന്നു!
ആദിരൂപമേറി
മണിമുത്തതാവുന്നു!
ഇലമറയില്‍
കുടിയിരിക്കുന്നു.
ശൂന്യമാവുന്നു.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...