ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് ഡോ. അജിത്ത് കുമാര്‍ എം ജി എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
രാത്രിവണ്ടി വിദൂരതയിലേക്ക് കനപ്പിച്ചു യാത്ര തുടങ്ങിയപ്പോള്‍ ഞാന്‍ ഒരല്പം ആശ്വാസത്തോടെ കിതച്ചു. ഇനി മൂന്നു മണി വരെ വിശ്രമിക്കാം, അല്ലെങ്കില്‍ വിശ്രമ മുറിയില്‍ കിടന്നു മയങ്ങാo.
പുതിയ സ്റ്റേഷന്‍ മാസ്റ്റര്‍ ചാര്‍ജ് എടുത്തത് കാരണം എല്ലാ പ്ലാറ്റ്‌ഫോമിലും നല്ല പോലെ വെളിച്ചം ഉണ്ട്.
വന്നത് മുതല്‍ അദ്ദേഹത്തിന്റെ ശ്രദ്ധ ഇത്തരം കാര്യങ്ങളില്‍ ആയിരുന്നു.
ഇരുട്ടിന്റെ മറവില്‍ അരങ്ങേറുന്ന പ്രവൃത്തികള്‍ പലപ്പോഴും പൊതു സമൂഹത്തിനു ശ്‌ളീലം ആവണമെന്നില്ല, അത് പോലെ തന്നെയാണ് അതിലൂടെ ഉടലെടുക്കുന്ന പ്രതികരണങ്ങളും. ഇങ്ങനെയുള്ള അവസരങ്ങള്‍ക്ക് സന്ദര്‍ഭം ഉഴിവാക്കിയാല്‍ തന്നെ വിപത്തുകള്‍ ഇല്ലാതാകാം എന്ന ചിന്തയില്‍ നിന്നാവണം അദ്ദേഹം തുടക്കത്തില്‍ തന്നെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ചെറിയ മാറ്റങ്ങള്‍ ഈ റയില്‍വേ പ്ലാറ്റ്‌ഫോമില്‍ വരുത്തിയ മാറ്റങ്ങള്‍ ഏറെയാണ്.
ചെറിയ കാര്യങ്ങളില്‍ പോലും ശ്രദ്ധയില്ലാതെ വലിയ ഭരണചക്രം തിരിക്കുന്നവരെ എന്ത് പറയണം, ജനാധിപത്യത്തിന്റെ വിജയമോ അതോ ജനങ്ങളുടെ പരാജയമോ?
റൂമിലെത്തി ഞാനെന്റെ ഷര്‍ട്ടും വിയര്‍ത്തൊട്ടിയ ബനിയനും അഴിച്ചുമാറ്റി.
വിടര്‍ന്നു വിശാലമായ നെഞ്ചിലേക്ക് വളര്‍ന്ന് നില്‍ക്കുന്ന രോമപടങ്ങളില്‍ വിരലോടിച്ചു. പൗരുഷത്തിന്റെ അടയാളങ്ങള്‍ ആഭരണങ്ങള്‍ പോലെ അലംകൃതമായ ശരീരത്തില്‍ അഭിമാനത്തോടെ തന്നെ ഞാന്‍ നോക്കി.
ഈയാഴ്ച്ച എനിക്ക് തന്നെയാണ് ഹെഡ് ഡ്യൂട്ടി, അതൊരു തലവേദന പിടിച്ച ഏര്‍പ്പാടാണ്, കൈക്കരുത്തും മെയ്യഭ്യാസവും ഏറെ വേണം ഈ തന്റേടികളെ നിലയ്ക്ക് നിര്‍ത്താന്‍,
അടി കൊടുക്കേണ്ടിടത്തു അത് കൊടുക്കണം, നാവിനെക്കാള്‍ ഏറെ അഭ്യാസങ്ങള്‍ക്കാണു ഇവിടെ പ്രാധാന്യം. പുനരധിവാസത്തിന്റെ പേരിലാണ് ഇവിടെയുള്ള ചുമട്ടു തൊഴിലാളികളെ അകലെയുള്ള FCI യുടെ ഗോഡൗണിലേക്കെ് മാറ്റിയത്, പകരം ഇവരെ ഇവിടേക്കും. വന്നവരില്‍ പലര്‍ക്കും ബാഡ്ജ് എടുത്തു നല്‍കിയത് സാമൂഹ്യ ക്ഷേമ വകുപ്പായിരുന്നു.
വന്ന പതിനാറുപേരില്‍ രണ്ട് പേര്‍ കൊലക്കേസ് പ്രതികളാണ്, സരസനും വിജുവും.
ഒരുത്തന്‍ പാര്‍ട്ടിക്കു വേണ്ടി മറ്റൊരുത്തനെ പൂളി, വേറൊരുത്തന്‍ മുന്‍വൈരാഗ്യത്തിന്റ് പേരില്‍ സുഹൃത്തിനെ തന്നെ കാച്ചി, (അത് നന്നായി എന്നൊരു അടക്കം പറച്ചില്‍ പോലീസിന്റെ വായില്‍ നിന്നും കേട്ടിരുന്നു).
അവന്‍ ജീവിച്ചിരുന്നെങ്കില്‍ വെടിവെച്ചു കൊല്ലേണ്ടി വന്നേനെ എന്ന്.
ബാക്കി ഉള്ളവരാരും മോശക്കാരല്ല, ഒക്കെ ഒന്നിനൊന്നു മെച്ചം തന്നെ.
പള്ളിക്കാരും കന്യാസ്ത്രീകളും എല്ലാം സ്‌നേഹ വചനങ്ങളുമായി ഇവന്മാരെ തിരഞ്ഞു വരാനിടയായത് എന്തു കൊണ്ടും നന്നായി, അങ്ങനെ എങ്കിലും ദൈവത്തിന്റെ പേര് കേള്‍ക്കട്ടെ എന്നായിരുന്നു എല്ലാവരുടെയും ചിന്ത.
ദൈവ വചനങ്ങളിലൂടെ തങ്ങളുടെ തെറ്റുകളുടെ ആഴം ഇവര്‍ മനസ്സിലാക്കിയാല്‍ നന്നു.
ഭയാശങ്കയില്ലാതെ ഈ തന്റേടികളെ നേരിടുന്ന മനസ്സതന്നെയായിരുന്നു എന്റെ വിജയവും, പിന്നെ ഈ കൈക്കരുത്തും.
എങ്കിലും ഉറ്റ ചങ്ങാതിമാരെ ചതിച്ചു കൊന്ന ഈ കൊടും ക്രിമിനലുകളെ സൂക്ഷിക്കണം
ഞാന്‍ നാലാം പ്ലാറ്‌ഫോമില്‍ ഒറ്റ തിരിഞ്ഞു പിടിച്ചിട്ട ബോഗിയെ നോക്കി, ഒരു കൊലപാതകം നടന്ന ബോഗിയാണത്, ഇത് വരെ അനേഷണം ഒന്നും എങ്ങും എത്തിയില്ല!
പുസ്തക വില്‍പ്പനക്കാരന്‍ മണിയനാണ് കൊല്ലപ്പെട്ടത്, കൊന്നതാര് എന്നു ഇതുവരെ അറിഞ്ഞിട്ടില്ല!
ക്രൂരത തെറിക്കുന്ന മുഖവുമായി അവന്‍ തിരക്കിട്ടു പായുന്നത് ഇപ്പോഴും ഓര്‍മയിലുണ്ട്.
മഞ്ഞ ഷര്‍ട്ടും നീല മുണ്ടും, നെറ്റിയില്‍ ഒരു വെള്ള കര്‍ച്ചീഫിെന്റ നീട്ടിക്കെട്ടും, അവന്റെ അരയിലൊരു കത്തി ഏത് സമയത്തും ഉണ്ടായിരുന്നു.
അവന്‍ വന്ന സമയത്തു തന്നെ ചന്ദ്രനുമായി ഒന്നൊരസി, അതും നമ്മുടെ താവളത്തില്‍ കയറിവവന്നിട്ട്, ഒന്നു പറഞ്ഞു രണ്ടാമത്തതിന് അവന്‍ കത്തി ഊരി.
ക്രോസ് ബാറില്‍ ചാരിനിന്ന ഞാന്‍, അതില്‍ തൂങ്ങി അവന്റെ നെഞ്ചിന്‍ കൂട് നോക്കി ഒരു ചവിട്ടു കൊടുത്തു, പത്തടിയിലേറെ തെറിച്ചു വീണ്, അവന്‍ ഞരങ്ങി.
പിന്നെ അവിടെ നടന്നത് ആനയും അമ്പാരിയും ഇല്ലാത്ത ഒരാറാട്ടയിരുന്നു.
അതില്‍ പിന്നെ നേരിട്ടുമുട്ടാന്‍ അവന്‍ വരാറില്ലായിരുന്നു.
എങ്കിലും ആരാവും അവനെ തീര്‍ത്തത്, ഒരുപാട് നിഗുഢതകള്‍ ഒളിപ്പിച്ച് ഇരുട്ടിന്റെ മറവില്‍ കടന്നു വന്ന അവന്റെ മരണവും ദുരൂഹമായി നില്‍ക്കുകയാണ്.
രാത്രിയില്‍ ഈ സ്റ്റേഷനില്‍ എത്തുന്ന ഒരു ലോക്കല്‍ ട്രെയിനിന്റെ ആളൊഴിഞ്ഞ ബോഗിയിലാണ് അവന്റെ ശരീരം കിടന്നിരുന്നത്. ബാത്‌റൂമിലേക്കുള്ള വഴിയില്‍ ചിതറി തെറിച്ചു കിടക്കുന്ന പുസ്തക കെട്ടുകള്‍ക്കിടയില്‍, അപ്പോഴും അവന്റെ വലംകയ്യില്‍ ഊരി പിടിച്ച കത്തി ഉണ്ടായിരുന്നു.
അവന്റെ ശത്രു ആരായാലും അവനെക്കാള്‍ കൈവേഗവും ആക്രമണകാരിയും ആണ്. അതിന്റെ തെളിവാണ് മണിയന്റെ നെഞ്ചത്ത് പതിഞ്ഞത്.
ആയുധം ഉപയോഗിക്കാന്‍ അറിവില്ലാത്തവന്റെ കയ്യില്‍ അത് സ്വയം വിന വിളിച്ചു വരുത്തുന്ന ഒന്നാണ്. എന്നാലും മരിച്ചുകിടക്കുന്ന അവന്റെ മുഖത്ത് ദൈന്യത അല്ല, ക്രൂരത മാത്രമായിരുന്നു നിഴലിച്ചത് . ഒരവസരം കൂടി ലഭിച്ചിരുന്നെങ്കില്‍ എന്ന ചിന്തയാവും മരണ സമയത്തും അവന്റെ ഉള്ളില്‍ ത്രസിച്ചിരുന്നത്
പ്രതിയോഗിക്ക് തന്റെ ശരീര അളവുകള്‍ എത്തിപ്പിടിക്കാന്‍ കഴിയാത്തത്ര രീതിയില്‍ ആവണം ശരീരഭാഷയും നീക്കങ്ങളും, അല്ലെങ്കില്‍ മണിയന്റെ അവസ്ഥ ആവും.
പുറത്ത് ടിവിയില്‍ സിനിമയാണ് സ്വയം പോയി കുഴിയില്‍ ചാടുകയും , ഒടുവില്‍ പ്രേക്ഷകര്‍ക്ക് വേണ്ടി മാത്രം പ്രതികരിക്കുന്ന ഒരു നായകന്റെ കഥയാണ്. കുടെ എങ്ങനെയൊക്കെ മണ്ടത്തരം ചെയ്യാം എന്ന് ആലോചിച്ചു നടക്കുന്ന ഒരു വില്ലനും. പണ്ട് ഇത് കണ്ട് ഒരുപാട് കൈയടിച്ചിട്ടുണ്ടെങ്കിലും ഇന്ന് കാണുമ്പോള്‍ ഒരു തമാശ സിനിമ കാണുന്ന ഫീലാണ്. സിനിമ യുടെ പേരാണ് അതിലും ഗംഭീരം- 'ഉസ്താദ്!'
രാവിലത്തെ സിനിമ ഇതിലും തമാശ നിറഞ്ഞതായിരുന്നു, ഗാന്ധി ഭക്തനായ ഒരു അധോലോക ഗുണ്ട!
താരങ്ങളെ മാത്രം സ്യഷ്ടിക്കുന്ന ഒരു എഴുത്തുകാരന് യാഥാര്‍ത്ഥൃം എന്നത് വൃര്‍ത്ഥ വ്യായാമം മാത്രമാണ്. അതിലേക്കായി അവര്‍ തെരഞ്ഞെടുക്കുന്ന വസ്തുക്കളില്‍ ഒന്നായി 'മഹാത്മാവും' മാറി എന്നതാണ് അതിലെ ദുരന്തം.
കുറച്ചു ദിവസമായി സ്റ്റേഷന് പുറത്തു ലോഡ്ജില്‍ താമസിക്കുന്ന ആളെ അടിച്ചു ആശുപത്രിയില്‍ ആക്കിയിരിക്കുകയാണ് വാവ. പൈസയുടെ പ്രശ്‌നo തന്നെയാണ് കാരണം.
അയാളെ പറ്റി പലരും പലതും പറയുന്നുണ്ടായിരുന്നു, ആളത്ര ശരിയല്ലെന്ന്, അറിയില്ല?
കറുത്തു തടിച്ചു കഷണ്ടി കയറിയ തലയില്‍ കോലന്‍ തലമുടി പറ്റി കിടന്നിരുന്നു.
ഒരു അയഞ്ഞ ഷര്‍ട്ടും മുണ്ടും ധരിച്ചു അളെ പലപ്പോഴും ഈ പ്ലാറ്റ്‌ഫോമില്‍ കാണാം. പ്രധാന മായി പലിശ യ്ക്ക് പണം കടം കൊടുക്കുകയാണ് അയാളുടെ തൊഴില്‍. ഇവിടുത്തെ മിക്കവാറും ആള്‍ക്കാര്‍ അയാളില്‍ നിന്നും പലിശ യ്ക്ക് പണം പറ്റുന്നുണ്ടായിരുന്നു.
പൈസയുടെയോ പലിശയുടെയോ കാര്യം പറഞ്ഞാണ് അവര്‍ തെറ്റിയത്.
മുഖമടച്ചു കിട്ടിയ രണ്ടു കുത്തിന് ആശാന്‍ മലന്നടിച്ചു വീണു. ജൂണ്‍ മാസത്തില്‍ കാണാറുള്ള മാക്കാച്ചി തവളെയെ മലത്തിയിട്ട പോലെ ആയിരുന്നു അയാളുടെ കിടപ്പ്.
ഇനിയും ഒരു യുദ്ധത്തിന് തയാറായി നിന്ന വാവയെ ആരൊക്കെയോചേര്‍ന്ന് തടുത്തു.
വീണ് കിടന്ന അയാളെ എടുത്തു റയില്‍വെ ആശുപത്രിയിലും ആക്കി.
വൈകിട്ട് കറമ്പന്‍ പോലീസ് തിരഞ്ഞു വന്നപ്പോളാണ് ഞാന്‍ കാര്യം അറിഞ്ഞത്.
സ്വകാര്യം പോലെ അയാള്‍ പറഞ്ഞു
'ഞാന്‍ കേസ് ചാര്‍ജ് ചെയ്യുന്നില്ല, എങ്ങനെ എങ്കിലും ഇതു പറഞ്ഞു തീര്‍ക്കും. കേസ് എടുത്താല്‍ എനിക്ക് 307 ചാര്‍ജ്ജ് ചെയ്യേണ്ടി വരും.'
ഒരു സൂചന പോലെ അയാള്‍ കനപ്പിച്ചു പറഞ്ഞു.
മണിയന്റെ കേസ് തലയ്ക്കു മുകളില്‍ ഇങ്ങനെ ചുറ്റി തിരയുകയാണ്. വേണമെങ്കില്‍ അതും, ഇതിനോടൊപ്പം കൂട്ടി വായിച്ചാല്‍.
'പ്രശ്‌നമാണ്, നല്ല നടപ്പിന് വന്ന മക്കളാണ്, എന്നിട്ടാണ്...'
എന്ത് ചെയ്യണം?
'കേസ് ചാര്‍ജ് ചെയ്താല്‍ എല്ലാവരെയും പൊക്കും, പിന്നെ ഇവന്മാര്‍ ആരും പുറം ലോകം കാണില്ല.'
ഞാന്‍ കൃഷ്‌ണേട്ടന്റെ ഹോട്ടലില്‍ എത്തി. വര്‍ഷങ്ങളായി ഇവിടുത്തെ വെജിറ്റേറിയന്‍ കാന്റീന്‍ നടത്തുന്ന ആളാണ്.
ഇവര്‍ തമ്മില്‍ പണമിടപാടുകള്‍ ഉള്ളതായി അറിയാം. കൗണ്ടറില്‍ കൃഷ്‌ണേട്ടന്റെ മകനായിരുന്നു ഉണ്ടായിരുന്നത്. നല്ല വെളുത്തു തുടുത്ത ഒരു മോന്‍. അവന്‍ ചിരിച്ചു
'കൃഷ്‌ണേട്ടന്‍ സ്വകാര്യം പറഞ്ഞു, കൂടും കിടക്കയൊന്നും ഇല്ലാതെ വന്ന ഒരു പഹയനാണ് അവന്‍, കേസ് കളിച്ചൊന്നും ഓന്‍ രാജാവാവില്ല മോനെ'
കൃഷ്‌ണേട്ടന്‍ തുടര്‍ന്നു.
'യ്യി ഓനെ കണ്ടത് തീര്‍ത്താളി'
നിവൃത്തിയില്ല, പോയേ പറ്റു.
റെയില്‍വേ പ്ലാറ്‌ഫോമിന്റെ പടിഞ്ഞാറ് ഭാഗത്ത് ലേശം ഉയരത്തിലാണ് കെട്ടിടം. വെളുത്ത നിറമുള്ള പടികള്‍ക്ക് വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. കാരണം വ്യക്തമാണ് അത്രയ്ക്ക് മാത്രമേ ആള്‍ക്കാര്‍ ഇതിന്റെ സേവനം ഉപയോഗിച്ചിട്ടുള്ളൂ.
കവാടം കടന്നു വൃത്തിയുള്ള ഹാളിനു പുറം വശത്തു തന്നെയാണ് റൂമുകള്‍.
ആദ്യത്തെ മുറിയില്‍ തന്നെ ആശാന്‍ കിടപ്പുണ്ടായിരുന്നു.
വാവയുടെ 'ബ്ലോയുടെ ബാക്കിപത്രം മുഖത്ത് സ്പഷ്ടമായിരുന്നു.
കണ്ടപ്പോഴേ സൗഹൃദ ഭാവത്തില്‍ കട്ടിലില്‍ നിന്നും എഴുന്നേറ്റ് അടുത്ത കസേരയിലിരുന്നു.
ഞാന്‍ പറഞ്ഞു തുടങ്ങിയപ്പോഴെ അയാള്‍ കൈ കൊണ്ട് ആംഗ്യം കാണിച്ചിട്ട് പറഞ്ഞു
'ആ ചെക്കനൊരു വിവരക്കേട് കാണിച്ചു എന്ന് വെച്ച് ഞാന്‍ പരാതി കൊടുക്കുവാനൊന്നും പോവുന്നില്ല'-പതിഞ്ഞ ശബ്ദത്തില്‍ അയാള്‍ പറഞ്ഞു.
കേട്ടപ്പോള്‍ തന്നെ സന്തോഷമായി.
'പതിനായിരം രൂപയും അതിന്റെ പലിശയും നീ മേടിച്ചുതന്നാല്‍ മതി, അല്ലെങ്കില്‍ വേണ്ട, പലിശ വേണ്ട മുതല് മതി.'
കാലന്‍ ബ്രഹ്മാസ്ത്രം എന്റെ നേര്‍ക്കു തന്നെ തിരിച്ചല്ലൊ!
ഇനി അവനുമായി അങ്കത്തിന് ഞാന്‍ പോണം.
കടം മേടിച്ചിട്ടു അത് തിരികെ കൊടുക്കുക എന്നത് ഒരു മാനസികാവസ്ഥയാണ്, അല്ലെങ്കില്‍ അതൊരു വ്യക്തിത്വത്തിന്റെ ഭാഗമാണ്. അതൊക്കെ ഇവന്മാരോട് പറഞ്ഞിട്ട് കാര്യം ഇല്ല.
കൈക്കരുത്തും നെഞ്ചളവും മാത്രമേ ഇവിടെ ചെലവാകു.
'അക്കാര്യം ഏറ്റു 'എന്നു പറഞ്ഞു ഞാന്‍ ഇറങ്ങി.
'ഇവന്‍ അത്ര വിഷമല്ല, അല്ലെങ്കില്‍ ഭയന്നു പോയിക്കാണും'-ഞാന്‍ മനസ്സിലോര്‍ത്തു.
ദുരൂഹമായി ഒടുങ്ങിയ മണിയന്റെ മരണം ആണ് സംഭവം ഇത്ര സങ്കീര്‍ണമാക്കിയത്. പിന്നെ ഈ കൊശവന്മാരുടെ ചരിത്രവും.
ഇടയ്‌ക്കെപ്പോഴെക്കെയോ തീവണ്ടികള്‍ വന്നും പോയും ഇരുന്നു.
പിടിച്ച പിടിയാലേ അയാളെ കൊണ്ട് പരാതിയില്ല എന്നെഴുതി വാങ്ങിക്കണം നാളെത്തെ ജോലി അതാവട്ടെ.
റൂമില്‍ ആരും തന്നെയില്ലായിരുന്നു, ഒരു എതിര്‍ ശബ്ദത്തിനോ, വ്യാഖ്യാനത്തിനോ നില്‍ക്കാതെ അയാള്‍ പരാതി ഇല്ല എന്നെഴുതി തന്നു.
തിരിച്ചു നടന്നെപ്പൊഴും എന്റെ മനസ്സ് ആ കൊലപാതകം നടന്ന ദിവസവും സന്ദര്‍ഭവും ആയിരുന്നു.
ആ അപകടകാരി ഈ പരിസരത്തു ചുറ്റി തിരയുന്നുണ്ട്. ഒരു പക്ഷെ എന്റെ കൂടെ ഉള്ള തന്റേടികളെക്കാള്‍ മുന്‍പില്‍ നില്‍ക്കുന്നവന്‍,
ഏതു നിമിഷവും അവന്‍ നമുക്കിടയില്‍ ചാടി വീഴാം, ഇതൊരു വല്ലാത്ത സ്ഥിതിയാണ്. ഇതു വരെ അവന്മാരെ മേയ്ച്ച എന്റെ പിടിപ്പുകേടാണെന്നു വ്യാഖാനിക്കപ്പെടും. വമ്പത്തരത്തിനു ഇവിടെ പ്രസക്തിയില്ല. ഒഴിഞ്ഞുമാറലാണ് ഏറ്റവും അഭികാമ്യം.
ഒരു രാത്രി കൂടി വഴി മാറി, തിരക്കുകളുടെ കണക്കുകള്‍ നിരത്തി നേരം പുലര്‍ന്നു.
ഉത്തരം കിട്ടാത്ത ചോദ്യം പോലെ ആ ബോഗിയും മണിയന്റെ മരണവും.
രാവിലെത്ത തിരക്കുകളില്‍ നിന്നും അകന്നു മാറി ഞാന്‍ മുറിയില്‍ തന്നെ ഇരുന്നു.
ആലോചനകളില്‍ കറമ്പന്‍ പോലീസും സംഘവും ഊളിയിട്ട് നടന്നു.
ഒരു കേസ് പതിച്ചു കിട്ടാന്‍ കോപ്പുകൊട്ടുകയാണോ എന്ന് തോന്നി, പരസ്പരധാരണ യോടെ ആരോ ചിലന്തി വല നെയ്യുന്നത് പോലെ??
പുറത്ത് പോലീസും സംഘവും റോന്തു ചുറ്റുന്നുണ്ട്. തിരക്കേറിയ ഒരു റെയില്‍വേ സ്റ്റേഷനില്‍ ഇത് ഒരു നിത്യ സംഭവം ആണ്, മനസ്സിന്റെ ആകുലതയില്‍ മറിച്ചാണ് തോന്നുന്നത്.
ഉച്ചയോടെ സരസനും സംഘവും എത്തി, ഞാന്‍ ഒന്നും പറഞ്ഞില്ല, ഉച്ചയ്ക്ക് ലോഡ് എടുക്കുന്നവരുടെ ലിസ്റ്റ് നോക്കി അവര്‍ മടങ്ങി.
വൈകുന്നേരത്തെ ബാംഗ്ലൂര്‍ വണ്ടി പുറപ്പെട്ടപ്പോള്‍ ഞാന്‍ പുറത്തേക്കിറങ്ങി, കൃഷ്‌ണേട്ടന്റെ കടയില്‍ നിന്നും ഒരു ചായ മേടിച്ചു കുടിച്ചു, ആരും കുശലം ചോദിച്ചു വന്നില്ല, ഞാന്‍ തിരഞ്ഞതുമില്ല.
റൂമില്‍ തകൃതിയായി ചീട്ടു കളിച്ചോണ്ടിരിക്കെ ആരോ ചോദിച്ചു, മൂപ്പനിന്നു എന്തു പറ്റി?
'കൂട്ടിലിട്ട വെരുക് നിലവിളിക്കാറില്ല, പരിതപിക്കാറും'.
പെട്ടെന്ന് അവിടo നിശബ്ദമായി.
മറുപടി പറയാനില്ലാത്തത് കൊണ്ട് ഓരോരുത്തരായി മുറിവിട്ടിറങ്ങി.
ഇരമ്പിയാര്‍ത്തു ഒരു ട്രെയിന്‍ സ്റ്റേഷനില്‍ പ്രവേശിച്ചു.
ട്രെയിന്‍ നില്‍ക്കുന്നതിന് മുന്‍പ് അഭ്യാസിയെ പോലൊരാള്‍ ഒരു കെട്ട് പുസ്തകവുമായി ചാടിയിറങ്ങി, അടുക്കി വെച്ച പുസ്തകക്കെട്ട് ഒന്ന് മേലോട്ട് എടുത്തു എറിഞ്ഞു വലം കൈകൊണ്ട് ഏന്തി പിടിച്ചു എന്നിട്ട് കൗശലത്തോടെ ചിരിച്ചു.
വളരെ ഉറക്കെ 'ങാ റൈറ്റ്' എന്ന് പറഞ്ഞു വണ്ടിയെ യാത്രയാക്കി.
മുറിക്കൈയന്‍ കടും ചുമന്ന ഷര്‍ട്ടും നീല കൈലിയും ഉടുത്തൊരു രൂപം. ക്രൂരത വമിക്കുന്ന അവന്റെ കണ്ണുകള്‍ ഇടതടവില്ലാതെ ചലിച്ചു. ട്രെയ്നിനെ ഓടി തോല്‍പിക്കാന്‍ എന്ന മട്ടില്‍ അയാള്‍ പാഞ്ഞു.
വിശ്രമ മുറിയിലെ ജനലിലൂടെ ഒരുപാട് മുഖങ്ങള്‍ അവനെ നോക്കി. തുടര്‍ന്ന് അവര്‍ പരസ്പരവും. ഇത് ഒരു കോട്ടയാണ്, ഇവിടുത്തെ നിയമ പാലകര്‍ അവരാണ്, നിയമ ലംഘകരും.
പുറത്തെ ഒറ്റ തിരിഞ്ഞ ബോഗിയില്‍ നിന്നും ഒറ്റപ്പെട്ട ഒരു അലര്‍ച്ച പാതിയടങ്ങിയ പോലെ തോന്നി.
മുറിയില്‍ നിന്നും പുറത്തേക്കിറങ്ങി അവര്‍ സാകൂതം അവനെ നോക്കി, ഒരു കൊളാഷ് ക്യാന്‍വാസില്‍ ഫ്രെയിം ചെയ്ത വെച്ച പോലെ. അടുത്ത നിമിഷം ആ ക്യാന്‍വാസില്‍ നിന്നും പുറത്തേക്കിറങ്ങി അവര്‍ തുടര്‍ന്നും മനുഷ്യരായി. അവരുടെ കണക്കുകൂട്ടുകളില്‍ ഒരു ചിത്രം കൂടി തെളിഞ്ഞു.
കുടുക്കുകള്‍ ഏറെയില്ലാത്ത ഒരു ചരട് അപ്പോഴും എന്റെ കൈയില്‍ ഭദ്രമായിരുന്നു.
രാത്രിവണ്ടികളുടെ വരവറിയിച്ചു. സിഗ്നല്‍ ലൈറ്റുകളില്‍ എല്ലാം ചുമന്ന നിറം കത്തി.