നോമ്പ് തുറ സമയത്ത് എത്തിയപ്പോഴായിരുന്നു കൊലപാതകം നടന്നത്. തുടർന്ന് കാറിൽ രക്ഷപ്പെട്ടു.
കോഴിക്കോട്: താമരശ്ശേരി ഈങ്ങാപ്പുഴയിൽ കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ യാസർ ഇന്നലെ ഉച്ചക്കും വീട്ടിലെത്തിയിരുന്നതായി വിവരം. ഭാര്യ ഷിബിലയുടെ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഇയാൾ കൈമാറി. വൈകുന്നേരം വീണ്ടും വരാമെന്നും സലാം പറഞ്ഞു പിരിയാമെന്നും യാസിർ ഷിബിലയോട് പറഞ്ഞിരുന്നു. ഇതിന് ശേഷം വൈകുന്നേരം നോമ്പുതുറ സമയത്ത് എത്തിയപ്പോഴായിരുന്നു കൊലപാതകം.
കൊല്ലപ്പെട്ട ഷിബിലയുടെ മൃതദേഹത്തിൽ ഇൻക്വസ്റ്റ് നടപടികൾ ബുധനാഴ്ച രാവിലെ 9.30ഓടെ ആരംഭിക്കും. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഷിബിലയുടെ പിതാവ് അബ്ദുറഹ്മാനെ അടിയന്തര ഇന്ന് ശസ്ത്രക്രിയക്ക് വിധേയമാക്കും. നിലവിൽ അദ്ദേഹം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഷിബിലയുടെ ഉമ്മ ഹസീനയുടെ ആരോഗ്യനില തൃപ്തികരണെന്ന് ഡോക്ടർമാർ പറഞ്ഞു. ഇവരെ വാർഡിലേക്ക് മാറ്റി.
പുതിയതായി വാങ്ങിയ കത്തിയുമായാണ് യാസിർ ഭാര്യവീട്ടിലേക്ക് എത്തിയത്. നോമ്പുതുറ സമയം തന്നെ ആക്രമണത്തിന് തെരഞ്ഞെടുത്തത് ആൾപ്പെരുമാറ്റം കുറയുമെന്ന ധാരണയിലാണെന്നും പൊലീസ് സംശയിക്കുന്നു. 6.35ഓടെ ഭാര്യ വീട്ടിലേക്കെത്തിയ യാസിർ ആദ്യം ഭാര്യയെ ആക്രമിച്ചു. ഭാര്യ ഷിബിലയെ യാസിര്‍ കത്തികൊണ്ട് കുത്തുകയായിരുന്നു. ഇത് തടയാൻ എത്തിയപ്പോഴാണ് ഷിബിലയുടെ മാതാവിനും പിതാവിനും വെട്ടേറ്റത്.
കൊലപാതകത്തിനു ശേഷം കാറിൽ രക്ഷപ്പെട്ട യാസിറിനെ കോഴിക്കോട് മെഡിക്കൽ കോളേജ് പാർക്കിംഗിൽ വച്ചാണ് അർദ്ധരാത്രിയോടെ പിടികൂടിയത്. യാസിറിനെതിരെ ഷിബിലയുടെ കുടുംബം നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നുവെന്നും എന്നാൽ, പൊലീസ് ഇത് ഗൗരവത്തിലെടുത്തില്ലെന്നും ആരോപണമുണ്ട്. നേരത്തെയും ഷിബിലയെ യാസിര്‍ മര്‍ദിച്ചിരുന്നു. രാസലഹരിക്ക് അടിമയായ യാസറിന്റെ ഉപദ്രവം സഹിക്ക വയ്യാതെയാണ് ഷിബില കുഞ്ഞിനെയും കൂട്ടി അടിവാരത്തെ വാടക വീട്ടിൽ നിന്ന് കക്കാട്ടെ സ്വന്തം വീട്ടിലേക്ക് എത്തിയതെന്ന് അയൽവാസി പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം