ഇലക്ട്രോണിക്സ് ബിരുദധാരിയായ സെയ്ഫുളള കൃഷിയോടുളള താത്പര്യം കാരണമാണ് ബിഎസ്സി അഗ്രികൾച്ചറിന് മണ്ണുത്തി കാർഷിക സർവകലാശാലയിൽ ചേരുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും വലിയ തണ്ണിമത്തൻ തോട്ടം സ്ഥിതി ചെയ്യുന്നത് പാലക്കാട് ജില്ലയിലാണ്. അവിടെ കായ്ച്ചു കിടക്കുന്ന വിവിധയിനം തണ്ണീർ മത്തന്റെ രുചിയും മധുരവും അറിയാം. സെയ്ഫുളള എന്ന ബിരുദ വിദ്യാർത്ഥിയാണ് പാലക്കാട് ലക്കിടിപേരൂർ പഞ്ചായത്തിൽ 16 ഏക്കർ സ്ഥലത്ത് തണ്ണിമത്തൻ കൃഷി ചെയ്യുന്നത്.
ഉള്ളിൽ ചുകചുകപ്പുളള ജൂബിലി കിംഗ്, മഞ്ഞ നിറത്തിൽ ഓറഞ്ച് മഞ്ച് പല പേരുകളിലായി പല നിറങ്ങളിലായി സെയ്ഫുളളയുടെ തോട്ടത്തിൽ കായ്ച്ചു കിടക്കുകയാണ് തണ്ണിമത്തൻ. ഇലക്ട്രോണിക്സ് ബിരുദധാരിയായ സെയ്ഫുളള കൃഷിയോടുളള താത്പര്യം കാരണമാണ് ബിഎസ്സി അഗ്രികൾച്ചറിന് മണ്ണുത്തി കാർഷിക സർവകലാശാലയിൽ ചേരുന്നത്. സിലബസിനും അപ്പുറത്തേക്ക് അഞ്ചാം സെമസ്റ്ററുകാരൻ ചുവട് വെച്ചപ്പോൾ വിളഞ്ഞത് 16 ഏക്കറിൽ തണ്ണിമത്തൻ. ലക്കിടി പേരൂരിലെ ഈ 16 ഏക്കറിന് പുറമെ മലപ്പുറത്തും കോഴിക്കോടും കൊയ്ത്ത് കഴിഞ്ഞ പാടങ്ങളിൽ പാട്ടത്തിന് എടുത്ത തണ്ണിമത്തൻ കൃഷിയുണ്ട്.
നമ്മുടെ നാട്ടിൽ തണ്ണിമത്തന് വലിയ ഡിമാന്റ് ഉണ്ടെന്ന് കണ്ടതോടെയാണ് ഈ കൃഷി തുടങ്ങിയത്. സെയ്ഫുളളയ്ക്ക് കൃഷിയോടുളള താത്പര്യം പാരമ്പര്യമായി കിട്ടിയതാണ്. അതുകൊണ്ടു തന്നെ കൃഷിയിലെ ലാഭനഷ്ടത്തിന്റെ ഏറ്റകുറച്ചിലുകളിൽ ആകുലതയില്ല. പ്രാദേശിക മാര്ക്കറ്റുകളിലേക്കാണ് ഇവിടെ നിന്നുളള തണ്ണിമത്തൻ കൊണ്ടു പോകുന്നത്. പുറത്തു നിന്നുളള തണ്ണിമത്തനേക്കാൾ നാടൻ ഇനങ്ങൾക്ക് ആവശ്യക്കാരും ഏറെയാണ്.