Latest Videos

'സിപിഎം പ്രവര്‍ത്തകരോട് തീരാത്ത കടപ്പാടെന്ന് സുരേഷ് ഗോപി'; ഏഷ്യാനെറ്റ് ന്യൂസിന്‍റെ പേരിൽ വ്യാജ പ്രചാരണം

By Web TeamFirst Published Jun 4, 2024, 3:59 PM IST
Highlights

സിപിഎം ജില്ലാ കമ്മിറ്റി ഭാരവാഹികൾ, ജില്ലയിലെ സിപിഎം പ്രവര്‍ത്തകര്‍ എന്നിവരോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് എന്ന് സുരേഷ് ഗോപി പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തുവെന്നാണ് വ്യാജ പ്രചാരണം.

തൃശൂര്‍: വിജയത്തിന് പിന്നാലെ തൃശൂരിലെ സിപിഎം പ്രവര്‍ത്തകര്‍ക്ക് സുരേഷ് ഗോപി നന്ദി പറഞ്ഞതായി വ്യാജ പ്രചാരണം. ഏഷ്യാനെറ്റ് ന്യൂസിന്‍റെ കാര്‍ഡ് ആണ് എഡിറ്റ് ചെയ്ത് പ്രചരിക്കപ്പെടുന്നത്. സിപിഎം ജില്ലാ കമ്മിറ്റി ഭാരവാഹികൾ, ജില്ലയിലെ സിപിഎം പ്രവര്‍ത്തകര്‍ എന്നിവരോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് എന്ന് സുരേഷ് ഗോപി പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തുവെന്നാണ് വ്യാജ പ്രചാരണം.

കോണ്‍ഗ്രസ് പടയാളികള്‍, കോണ്‍ഗ്രസ് സൈബര്‍ ടീം കേരള, ഐയുഎംഎല്‍, ഗ്രൂപ്പില്ലാ കോണ്‍ഗസ് വ്യത്യസ്ഥ ചിന്തകര്‍ എന്നീ ഗ്രൂപ്പുകളില്‍ റൗഫ് കണ്ണാന്തളി എന്ന അക്കൗണ്ടില്‍ നിന്നാണ് വ്യാജ കാര്‍ഡ് പോസ്റ്റ് ചെയ്തിട്ടുള്ളത്. അതേസമയം, തൃശൂര്‍ മണ്ഡലത്തില്‍ സുരേഷ് ഗോപി മിന്നുന്ന വിജയമാണ് സ്വന്തമാക്കിയത്. 75079 ആണ് സുരേഷ് ഗോപിയുടെ ഭൂരിപക്ഷം. രണ്ടാം സ്ഥാനത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി എസ് സുനില്‍ കുമാറിനാണ്.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ മുരളീധരൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. നാല് ലക്ഷത്തിലേറെ വോട്ട് നേടി കൊണ്ടാണ് സുരേഷ് ഗോപി വെന്നിക്കൊടി പാറിച്ചത്. 2019 ൽ  ടി എൻ പ്രതാപൻ ഉയർത്തിയ 4,15,089 വോട്ടുകളുടെ അടുത്തുപോലും എത്താൻ മുരളീധരന് കഴിഞ്ഞില്ല എന്നുള്ളതാണ് ശ്രദ്ധേയം. ഒരു ലക്ഷത്തിലേറെ വോട്ടുകള്‍ സുരേഷ് ഗോപിയിലൂടെ ബിജെപിക്ക് പിടിക്കാനും സാധിച്ചു. ഇത് വളരെ നിര്‍ണായകമായി.

പ്രധാനമന്ത്രി നരേന്ദ്ര മോദി തൃശ്ശൂർ മണ്ഡലത്തില്‍ നേരിട്ടെത്തി സുരേഷ് ഗോപിക്കു വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ചിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിനിടെ 'തൃശൂർ എനിക്ക് വേണം, ഞാനങ്ങ് എടുക്കുവാ' എന്ന സുരേഷ് ഗോപി പറഞ്ഞിരുന്നു . ആ  ഡയലോഗ് വലിയ രീതിയിൽ തന്നെ ഹിറ്റായിരുന്നു. എന്നാല്‍, തോറ്റതോടെ തൃശൂര് എടുക്കുന്നില്ലേ എന്ന് ചോദിച്ച് താരത്തിന് കടുത്ത പരിഹാസം ഏറ്റുവാങ്ങേണ്ടി വന്നു. ഇപ്പോള്‍ പറഞ്ഞ പോലെ തൃശൂര്‍ എടുത്ത് കൊണ്ട് ചരിത്രത്തില്‍ ആദ്യമായി കേരളത്തില്‍ ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകാനും താരത്തിന് സാധിച്ചു. 

ആദ്യ ജയപ്രഖ്യാപനം, കേരളത്തില്‍ ബിജെപിയുടെ ആദ്യ അക്കൗണ്ട്; തൃശൂര് എടുത്ത് സുരേഷ് ഗോപി, ഭൂരിപക്ഷം മുക്കാൽ ലക്ഷം

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!