വിഴിഞ്ഞത്തേക്കുള്ള ലോറിയിടിച്ച് കാൽ നഷ്ടപ്പെട്ട സംഭവം; സന്ധ്യാറാണി ടീച്ചർക്ക് ജോലിയിൽ തുടരാം

By Web TeamFirst Published Oct 30, 2024, 2:59 PM IST
Highlights

2023 ഡിസംബർ 19നാണ് വെങ്ങാനൂർ സർക്കാർ മോഡൽ സ്കൂൾ അധ്യാപികയായ സന്ധ്യാറാണി അപകടത്തില്‍പ്പെട്ടത്. വിഴിഞ്ഞത്തേക്ക് അമിത വേഗത്തിൽ പോയ ലോറി ഇടിച്ചായിരുന്നു അപകടം. 

തിരുവനന്തപുരം: തിരുവനന്തപുരം വിഴിഞ്ഞം തുറമുഖനിർമ്മാണത്തിനായി കല്ല് കൊണ്ട് പോയ ലോറിയിടിച്ച് കാൽ നഷ്ടപ്പെട്ട സന്ധ്യാറാണി ടീച്ചർക്ക് ഒടുവിൽ ആശ്വാസം. വെങ്ങാനൂർ സ്കൂളിലെ അധ്യാപികയായ ടീച്ചർക്കായി സൂപ്പർ ന്യൂമറി തസ്തിക സൃഷ്ടിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ശമ്പളവും ആനുകൂല്യങ്ങളും ഇല്ലാതെ രണ്ട് വർഷമായി വീട്ടിൽ കഴിയുന്ന ടീച്ചറുടെ ദുരവസ്ഥ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. സർക്കാർ തീരുമാനത്തിൽ ആശ്വാസമുണ്ടെന്ന് സന്ധ്യാറാണി പ്രതികരിച്ചു.

2023 ഡിസംബർ 19നാണ് വെങ്ങാനൂർ സർക്കാർ മോഡൽ സ്കൂൾ അധ്യാപികയായ സന്ധ്യാറാണിയുടെ ജീവിതം മാറ്റിമറിഞ്ഞ അപകടം ഉണ്ടായത്. മകനെ ആശുപത്രിയിൽ കൊണ്ടുപോയി സ്കൂട്ടറിൽ മടങ്ങുന്നതിനിടെ കൂറ്റൻ ലോറി ഇടിക്കുകയായിരുന്നു. ലോറിയുടെ ചക്രങ്ങൾ സന്ധ്യാറാണിയുടെ കാലിലൂടെ കയറിയിറങ്ങി. ഒരു കാൽ പൂർണ്ണമായും നഷ്ടമായി. അന്ന് മുതൽ ചികിത്സയിലാണ്. ജോലിക്കും പോകാൻ കഴിഞ്ഞില്ല. അവധിയും തീർന്നതോടെ ശമ്പളവുമില്ല. ‍

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടിന് പിന്നാലെ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി സന്ധ്യാറാണിയുടെ വീട്ടിലെത്തിയിരുന്നു. മന്ത്രിയുടെ ഇടപെടലിനെ തുടർന്നാണ് സൂപ്പർ ന്യൂമറി തസ്തിക ഉണ്ടാക്കുന്നത്. അപകടം ഉണ്ടായ ദിവസം മുതൽ മുൻകാലപ്രാബല്യത്തിലാണ് തസ്തിക സൃഷ്ടിക്കുന്നത്. ജോലിയിൽ പ്രവേശിക്കാൻ പ്രാപ്തയാകുന്നത് വരെയോ വിരമിക്കുന്നത് വരെയോ ആനുകൂല്യം ലഭിക്കും. 

click me!