'നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സാ ചിലവ് വഹിക്കും'; മന്ത്രിസഭാ യോഗ തീരുമാനങ്ങൾ അറിയാം

By Web TeamFirst Published Oct 30, 2024, 5:37 PM IST
Highlights

154 പേര്‍ക്കാണ് നീലേശ്വരം അപകടത്തില്‍ പൊള്ളലേറ്റത്. 98 പേര്‍ ഇപ്പോഴും വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്

തിരുവനന്തപുരം: കാസര്‍കോട് നീലേശ്വരത്ത് ഇന്നലെ നടന്ന വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ ഏറ്റെടുത്തു. ഇന്ന് ചേർന്ന മന്ത്രിസഭായോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. 154 പേര്‍ക്കാണ് നീലേശ്വരം അപകടത്തില്‍ പൊള്ളലേറ്റത്. 98 പേര്‍ ഇപ്പോഴും വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇതില്‍ പത്ത് പേരുടെ നില ഗുരുതരമായി തുടരുകയാണ്. സംഭവത്തില്‍ എക്സ്പ്ലോസീവ് സബ്സ്റ്റന്‍സ് ആക്റ്റ്, ബി എന്‍ എസ് എന്നിവയിലെ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്ത് അന്വേഷണം തുടരുകയാണ്. പ്രതികള്‍ക്കെതിരെ വധശ്രമം കൂടി ഉള്‍പ്പെടുത്തി കേസെടുത്തിട്ടുണ്ട്. കാഞ്ഞങ്ങാട് ഡി വൈ എസ് പിയുടെ നേതൃത്വത്തില്‍ ഏഴംഗ സംഘമാണ് അന്വേഷണം നടത്തുന്നത്. 

നീലേശ്വരം വെടിക്കെട്ട് അപകടം; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍, ഒരാൾ കൂടി അറസ്റ്റില്‍

Latest Videos

മന്ത്രിസഭായോഗത്തിലെ മറ്റ് തീരുമാനങ്ങൾ

ഭിന്നശേഷി നിയമപ്രകാരം ജോലി

വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ വെങ്ങാനൂര്‍ ഗവ. മോഡല്‍ എച്ച്.എസ് എസിലെ എല്‍ പി സ്‌കൂള്‍ അസിസ്റ്റന്റ് സന്ധ്യാറാണിക്ക് ഭിന്നശേഷി നിയമപ്രകാരം സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിച്ച് സര്‍വ്വീസില്‍ തുടരാന്‍ അനുവദിക്കും. വൈകല്യം സംഭവിച്ച 19.12.2023 മുതല്‍ ജോലിയില്‍ പ്രവേശിക്കുവാന്‍ പ്രാപ്തയാകുന്ന തീയതി വരെയോ സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നതുവരെയോ ഏതാണോ ആദ്യം അതുവരെയാണ് എല്‍ പി സ്‌കൂള്‍ അസിസ്റ്റന്റിന്റെ സൂപ്പര്‍ ന്യൂമററി തസ്തിക വെങ്ങാനൂര്‍ സര്‍ക്കാര്‍ മോഡല്‍  എച്ച് എസ് എസില്‍ സൃഷ്ടിക്കുക.

ദര്‍ഘാസ് അംഗീകരിക്കും

കാസർകോട് ബെല്ലൂര്‍ ഗ്രാമപഞ്ചായത്തിലേക്കുള്ള ജലനിധി കുടിവെള്ള പദ്ധതിയുടെ ബദിയഡുക്ക മുതല്‍ സുള്ള്യപടവ് വരെയുള്ള പൈപ്പ് ലൈന്‍, കെ ആര്‍ എഫ് ബിയുടെ ഡെപ്പോസിറ്റ് വര്‍ക്കായി പുനഃസ്ഥാപിക്കുന്നതിനുള്ള ദര്‍ഘാസ് അംഗീകരിക്കാന്‍ ജലനിധി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ക്ക് അനുമതി നല്‍കി.

മുദ്രവില ഒഴിവാക്കി

കേരള ഷിപ്പിംഗ് ആന്റ് ഇന്‍ലാന്റ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് കൊച്ചിന്‍ പോര്‍ട്ട് അതോറിറ്റിയില്‍ നിന്നും 01.01.2012 മുതല്‍ 30 വര്‍ഷത്തേക്ക് പാട്ടത്തിനെടുത്ത കൊച്ചി താലൂക്ക് തോപ്പുംപടി വില്ലേജിലെ 2.75 ഏക്കര്‍ സ്ഥലത്തിന്റെ ലീസ് ഡീഡ് റജിസ്‌ട്രേഷന് ആവശ്യമായി വരുന്ന മുദ്രവില ഒഴിവാക്കി.

അനുമതി നല്‍കി

കോഴിക്കോട് തൂണേരി വില്ലേജിലെ  കുടിവെള്ള പദ്ധതിയുടെ ഭാഗമായി നാദാപുരം ജംഗ്ഷന്‍ മുതല്‍ കക്കംവെള്ളിക്കുന്ന് ജി എല്‍ എസ് ആര്‍ വരെ നിലവിലുള്ള 200 എം എം എസി ഗ്രാവിറ്റി മെയിന്‍ മാറ്റി 200 എം എം ഡി ഐ കെ 9 പൈപ്പ് സ്ഥാപിക്കുന്നതിന് ക്വാട്ട് ചെയ്ത കരാര്‍ നല്‍കുവാന്‍ അനുമതി നല്‍കി. 

ടെണ്ടര്‍ അംഗീകരിച്ചു

ഇരവിപുരം നിയോജക മണ്ഡലത്തിലെ ബി എം ആന്റ് ബി സി ടു വൈ എം സി എ റോഡ് പ്രവര്‍ത്തിക്കായി സമര്‍പ്പിച്ച ടെണ്ടര്‍ അംഗീകരിച്ചു.

അങ്കമാലി നിയോജക മണ്ഡലത്തില്‍ കിഫ്ബി സഹായത്തോടെ  പാര്‍ട്ട് 1 പാക്കേജ് 2 ല്‍ ഉള്‍പ്പെടുത്തി ജലവിഭവ ജോലികള്‍ക്കുള്ള ടെണ്ടര്‍ അംഗീകരിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!