ശബരിമലയിൽ വെര്‍ച്വൽ ക്യൂ ബുക്ക് ചെയ്യുന്നവരിൽ 30% പേർ ദര്‍ശനത്തിനെത്തുന്നില്ല, വൻ പ്രതിസന്ധി

By Web Team  |  First Published Nov 27, 2024, 6:31 AM IST

ശബരിമലയിൽ വെ‍ർച്വൽ ക്യൂ വഴി ബുക്ക് ചെയ്യുന്നവരിൽ മുപ്പത് ശതമാനത്തോളം ആളുകളും ദ‍ർശനത്തിനെത്തുന്നില്ല. വരാൻ കഴിയാത്തവർ ബുക്കിങ് ക്യാൻസൽ ചെയ്യണമെന്ന നി‍ർദേശം പാലിക്കാത്തത് വലിയ പ്രതിസന്ധിക്കിടയാക്കുന്നു.


പത്തനംതിട്ട: ശബരിമലയിൽ വെ‍ർച്വൽ ക്യൂ വഴി ബുക്ക് ചെയ്യുന്നവരിൽ മുപ്പത് ശതമാനത്തോളം ആളുകളും ദ‍ർശനത്തിനെത്തുന്നില്ല. വരാൻ കഴിയാത്തവർ ബുക്കിങ് ക്യാൻസൽ ചെയ്യണമെന്ന ദേവസ്വം ബോർഡിന്‍റെ ആഹ്വാനം പാലിക്കപ്പെടാത്തത് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. അതേസമയം, തത്സമയ ബുക്കിങ് ഓരോ ദിവസം കഴിയും തോറും കൂടി വരികയാണ്.

പ്രതിദിനം എഴുപതിനായിരം ആളുകൾക്കാണ് വെർച്വൽ ക്യൂ വഴി പരമാവധി ബുക്ക് ചെയ്യാൻ കഴിയുന്നത് . ഇത്തവണ മണ്ഡലകാലത്ത് നട തുറക്കും മുമ്പ് തന്നെ നവംബർ മാസത്തിലെ ബുക്കിങ് അവസാനിച്ചിരുന്നു. എന്നാൽ, മുൻകൂട്ടി ബുക്ക് ചെയ്തവർ ദർശനത്തിന് എത്തുന്നില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പല ദിവസങ്ങളിലും ബുക്ക് ചെയ്തവരിൽ പകുതിയോളം മാത്രമാണ് എത്തിയത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയും ശനിയാഴ്ചയും ഗണ്യമായ കുറവാണുണ്ടായത്. നേരത്തെ തന്നെ ബുക്കിങ് പൂർത്തിയായതോടെ പുതുതായി ബുക്ക് ചെയ്യാൻ ശ്രമിക്കുന്നവർക്കും ഉദ്ദേശിച്ച സമയത്ത് ദർശനം കിട്ടുന്നില്ല.

Latest Videos

undefined

ബുക്ക് ചെയ്തവര്‍ ശബരിമലയിലെത്താത്തത് പ്രതിസന്ധിയാണെന്നും വരുന്നില്ലെങ്കിൽ ബുക്കിങ് ക്യാന്‍സൽ ചെയ്യണമെന്ന് നിര്‍ദേശം നൽകിയിട്ടും പാലിക്കപ്പെടുന്നില്ലെന്നും ദേവസ്വം പ്രസിഡന്‍റ് പിഎസ് പ്രശാന്ത് പറഞ്ഞു.പ്രതിദിന വെർച്വൽ ക്യൂ ബുക്കിങ്ങ് എഴുപതിനായിരത്തിൽ നിന്ന് എൺപതിനായിരം ആക്കി ഉയ‍ർത്തണമെന്ന ദേവസ്വം ബോർഡിന്‍റെ ആവശ്യം ഹൈക്കോടതിയുടെ പരിഗണിനയിലിരിക്കെയാണ് ബുക്ക് ചെയ്തവർ ദർശനത്തിനെത്താത്ത സാഹചര്യം.

മൂന്നിടങ്ങളിൽ തത്സമയ ബുക്കിങ്ങ് സൗകര്യമുണ്ടെങ്കിലും എത്തിയാൽ ദർശനം കിട്ടാതെ മടങ്ങിപോകേണ്ടി വരുമോ എന്ന ആശങ്കയുണ്ട് ചില തീർത്ഥാടകർക്ക്. അങ്ങനെയുള്ളവർക്കാണ് വെർച്വൽ ബുക്കിങ് സ്ലോട്ട് കിട്ടാത്തത് പ്രതിസന്ധിയുണ്ടാക്കുന്നത്. എന്നാൽ, തത്സമയ ബുക്കിങിലൂടെ പതിനായിരത്തിലധികം തീർത്ഥാടകരാണ് ദിവസവും ദ‍‍ർശനത്തിനെത്തുന്നത്.   

തീവ്രന്യൂന മർദം; തമിഴ്നാട്ടിൽ അതിശക്തമായ മഴ, 2 ജില്ലകളിൽ റെഡ് അലർട്ട്, 9 ജില്ലകളിൽ സ്കൂളുകൾക്ക് അവധി

 

click me!