'മദ്യലഹരിയിൽ 20 സെക്കന്റ് കണ്ണടച്ച് പോയി'; നാട്ടികയിൽ 5 പേരുടെ ജീവനെടുത്ത അപകടത്തിൽ കുറ്റം സമ്മതിച്ച് പ്രതികൾ

By Web Team  |  First Published Nov 27, 2024, 9:03 AM IST

വണ്ടി എന്തിലോ തട്ടുന്നെന്ന് തോന്നിയപ്പോൾ വെട്ടിച്ചു. അപ്പോൾ നിലവിളി കേട്ടു. അതോടെ രക്ഷപെടാൻ നോക്കിയെന്നുമാണ് ക്ലീനർ അലക്സിന്റെ കുറ്റസമ്മത മൊഴി. 


തൃശ്ശൂർ: തൃശ്ശൂർ നാട്ടികയിൽ അഞ്ച് പേരുടെ ജീവനെടുത്ത ലോറി അപകടത്തിൽ കുറ്റം സമ്മതിച്ച് പ്രതികൾ. യാത്രക്കിടയിൽ ഡ്രൈവറുമൊത്ത് തുടർച്ചയായി മദ്യപിച്ചെന്നും മദ്യലഹരിയിൽ മയങ്ങിപ്പോയെന്നുമാണ് ക്ലീനർ അലക്സിന്‍റെ മൊഴി. കേസിലെ പ്രതികളായ ഡ്രൈവറെയും ക്ലീനറെയും കോടതി റിമാൻഡ് ചെയ്തു. മദ്യലഹരിയിൽ വരുത്തിയ ദുരന്തമെന്നായിരുന്നു റിമാൻഡ് റിപ്പോർട്ട്. മനഃപൂർവ്വമായ നരഹത്യക്കാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഡ്രൈവറുടെ ലൈസൻസും വാഹനത്തിന്റെ രജിസ്ട്രഷനും റദ്ദാക്കിയിരുന്നു.

മദ്യലഹരിയിൽ ഇരുപത് സെക്കന്റ് കണ്ണടച്ചു പോയിയെന്ന് ക്ലീനർ അലക്സിന്റെ മൊഴി. വണ്ടി എന്തിലോ തട്ടുന്നെന്ന് തോന്നിയപ്പോൾ വെട്ടിച്ചു. അപ്പോൾ നിലവിളി കേട്ടു. അതോടെ രക്ഷപെടാൻ നോക്കിയെന്നുമാണ് ക്ലീനർ അലക്സിന്റെ കുറ്റസമ്മത മൊഴി. വൈകിട്ട് 5 മണിക്കാണ് ലോറിയില്‍ തടി കയറ്റി പുറപ്പെട്ടത്. മാഹിയിൽ നിന്ന് മദ്യ വാങ്ങി. യാത്രക്കിടയിൽ മദ്യപിച്ചു കൊണ്ടേയിരുന്നു. പൊന്നാനി എത്തിയപ്പോഴേക്കും ഡ്രൈവർ ജോസ് അബോധാവസ്ഥയിലായി. പിന്നീടാണ് ക്ലീനർ വണ്ടിയോടിച്ചത്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ രണ്ട് ദിവസത്തിനകം കോടതിയിൽ അപേക്ഷ നൽകുമെന്നും പൊലീസ് അറിയിച്ചു.

Latest Videos

undefined

രണ്ട് പിഞ്ചുകുഞ്ഞുങ്ങൾ അഞ്ച് പ്രിയപ്പെട്ടവരെ നഷ്ട്ടപ്പെട്ടത്തിൻ്റെ ഞെട്ടലിലാണ് പാലക്കാട് ഗോവിന്ദാപുരത്തെ ചെമ്മണ്ണാംതോട്ടിൽ പുറമ്പോക്കിൽ താമസിക്കുന്ന ബന്ധുക്കൾ . കാളിയപ്പന്‍ (50 വയസ്സ്), നാഗമ്മ (39 വയസ്സ്), ബംഗാരി (20 വയസ്സ്), ജീവന്‍ (4 വയസ്സ്), വിശ്വ (1 വയസ്സ്) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ജാന്‍സി (24), ചിത്ര (24), ദേവേന്ദ്രന്‍ (27) എന്നിവരും പരിക്കേറ്റ ശിവാനി (4), വിജയ് (23), രമേഷ് (23) എന്നിവരും തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!