ബിജെപിയിലെ തര്‍ക്കത്തിൽ ഇടപെട്ട് കേന്ദ്ര നേതൃത്വം; പരസ്യ പ്രസ്താവനകള്‍ പാടില്ല, സംസ്ഥാന നേതാക്കളുമായി ചര്‍ച്ച

By Web Team  |  First Published Nov 27, 2024, 7:50 AM IST

പാലക്കാട് ബിജെപിയിലും സംസ്ഥാന നേതാക്കള്‍ക്കിടയിലുമുണ്ടായ തര്‍ക്കത്തിൽ ഇടപെട്ട് ബിജെപി കേന്ദ്ര നേതൃത്വം. കേന്ദ്ര നേതൃത്വം കേരളത്തിലെ നേതാക്കളുമായി ചര്‍ച്ച നടത്തും. പരസ്യ പ്രസ്താവനകള്‍ പാടില്ലെന്നും നിർദേശം


തിരുവനന്തപുരം: പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ പാലക്കാട് ബിജെപിയിലും സംസ്ഥാന നേതാക്കള്‍ക്കിടയിലുമുണ്ടായ തര്‍ക്കത്തിൽ ഇടപെട്ട് ബിജെപി കേന്ദ്ര നേതൃത്വം. പ്രശ്ന പരിഹാരത്തിനായി കേന്ദ്ര നേതൃത്വം കേരളത്തിലെ നേതാക്കളുമായി ചര്‍ച്ച നടത്തും. പരസ്യ പ്രസ്താവനകള്‍ പാടില്ലെന്നും കേന്ദ്ര നേതൃത്വം നേതാക്കളോട് നിര്‍ദേശിച്ചിട്ടുണ്ട്.

അതേസമയം, സംസ്ഥാന നേതൃത്വത്തെ വിമര്‍ശിച്ച് രംഗത്തെത്തിയ മുതിര്‍ന്ന നേതാവ് എൻ ശിവരാജനും പാലക്കാട് നഗരസഭ അധ്യക്ഷ പ്രമീള ശശിധരനും എതിരെ നടപടിയെടുക്കുന്നതിലും പാര്‍ട്ടിയിൽ ആശയക്കുഴപ്പം തുടരുകയാണ്. ഇവര്‍ക്കെതിരെ നടപടി എടുത്താൽ പാലക്കട്ടെ കൗൺസിലർമാർ പാർട്ടി വിടുമോ എന്ന് ആശങ്കയാണ് നിലനില്‍ക്കുന്നത്. സന്ദീപ് വാര്യർ കൗൺസിലർമാരുമായി ആശയ വിനിമയം നടത്തുന്നുണ്ടോ എന്നും നേതൃത്വത്തിനു സംശയമുണ്ട്. ഈ സാഹചര്യത്തിലാണ് വിഷയത്തിൽ കേന്ദ്ര നേതൃത്വം ഇടപെട്ട് സംസ്ഥാന നേതാക്കളുമായി ചര്‍ച്ചയ്ക്ക് ഒരുങ്ങുന്നത്.

പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിന്‍റെ തോല്‍വിയിൽ പാലക്കാട് നഗരസഭ വാര്‍ഡുകളില്‍ വോട്ട് കുറഞ്ഞതുമായി ബന്ധപ്പെട്ട് നേതൃത്വത്തിന്‍റെ കണ്ടെത്തലുകളിൽ കൗണ്‍സിലര്‍മാര്‍ നേതൃത്വത്തെിനെതിരെ പൊട്ടിത്തെറിച്ചിരുന്നു. ബിജെപി നേതാവ് എൻ ശിവരാജനും പാലക്കാട് നഗരസഭ അധ്യക്ഷ പ്രമീളയും അടക്കമുള്ളവര്‍ കെ സുരേന്ദ്രനെതിരെ പരോക്ഷ വിമര്‍ശനവുമായും രംഗത്തെത്തിയിരുന്നു. വി മുരളീധരൻ, ബി ഗോപാലകൃഷ്ണൻ, സന്ദീപ് വാചസ്പതി അടക്കമുള്ള നേതാക്കളും സുരേന്ദ്രനെ പരോക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

Latest Videos

undefined

പരാജയ കാരണം പഠിക്കാൻ ബിജെപി; പാലക്കാട്, തൃശൂർ, വയനാട് ജില്ലാ പ്രസിഡന്റ്മാരോട് റിപ്പോർട്ട് തേടി സുരേന്ദ്രൻ

 

click me!