വളപട്ടണത്ത് വ്യാപാരിയുടെ വീട്ടിൽ വൻകവർച്ച നടന്ന സംഭവത്തിൽ അന്വേഷണം തുടരുന്നു. കേസിൽ അന്വേഷണം മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചു.
കണ്ണൂർ: കണ്ണൂർ വളപട്ടണത്ത് ഒരു കോടിയും 300 പവന് സ്വർണവും വജ്ര ആഭരണങ്ങളും കവർന്നതിന് തൊട്ടടുത്ത ദിവസവും കള്ളൻ ഇതേ വീട്ടിൽ കയറി. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ഇക്കാര്യം വ്യക്തമായത്. രണ്ടാം ദിവസവും വീട്ടിൽ ആൾ ഉണ്ടാകില്ലെന്ന് അറിഞ്ഞാണ് മോഷ്ടാവ് എത്തിയതെന്ന് പൊലീസ് പറയുന്നു. മോഷണത്തിന് പിന്നിൽ വീട്ടുകാരെ നേരിട്ട് അറിയുന്നവർ ഉണ്ടെന്നാണ് പൊലീസിന്റെ നിഗമനം. കേസിൽ അന്വേഷണം മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചു. കർണാടകയിലും തമിഴ്നാട്ടിലുമാണ് അന്വേഷണം നടക്കുന്നത്.
രണ്ട് ദിവസങ്ങളിൽ വീട്ടിനകത്ത് കയറി മോഷണം നടത്തിയത് ഒരാൾ ആണെങ്കിലും ഇയാൾക്ക് പുറമെ നിന്നും സഹായം ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് കരുതുന്നത്. വീട്ടീന് അകത്ത് നിന്ന് ലഭിച്ച ഉളിയും 16 കൈ വിരൽ അടയാളങ്ങളും കേസിൽ നിർണായകമാണെന്ന് പൊലീസ് പറയുന്നു. അതേസമയം, മോഷണ കേസിൽ മനുഷ്യവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംസ്ഥാനത്ത് വർധിക്കുന്ന മോഷണ ഭീതി അവസാനിപ്പിക്കാൻ നടപടി എടുക്കണമെന്ന് പൊലീസ് മേധാവിക്ക് കമ്മീഷൻ നിർദേശം നൽകി. 15 ദിവസത്തിനകം റിപ്പോർട്ട് നൽകാനാണ് നിർദേശം. വളപട്ടണം മോഷണത്തെ തുടർന്ന് കമ്മീഷൻ സ്വമേധയാ എടുത്ത കേസിലാണ് നടപടി.
വളപട്ടണം മന്ന സ്വദേശി അഷ്റഫിന്റെ വീട്ടിൽ നിന്നാണ് ഒരു കോടി രൂപയും 300 പവനും മോഷണം പോയതായി പരാതി ഉയർന്നത്. അഷ്റഫും കുടുംബവും യാത്ര പോയിരുന്ന സമയത്താണ് വീട്ടിൽ കവർച്ച നടന്നിരിക്കുന്നത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നിരിക്കുന്നത്. മൂന്നംഗ സംഘം എത്തി കവര്‍ച്ച നടത്തിയെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം. കഴിഞ്ഞ 19ാം തീയതി മധുരയിൽ വിവാഹത്തിൽ പങ്കെടുക്കാൻ പോയതായിരുന്നു അഷ്റഫും കുടുംബവും. ഇന്നലെ രാത്രിയാണ് ഇവർ തിരികെയെത്തുന്നത്. വീട്ടിലെത്തിനോക്കിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വീട്ടിലെ കിടപ്പുമുറിക്കുള്ളിലെ ലോക്കറിനുള്ളിൽ നിന്നാണ് പണവും സ്വർണവും കവർന്നിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം