എസ്റ്റേറ്റ് സെക്യൂരിറ്റി ജീവനക്കാരനുമായുണ്ടായ തര്‍ക്കത്തിന് പിന്നാലെയാണ് മധ്യവയസ്കൻ മരത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്.
ഇടുക്കി: 'ഇത് ബിജു മേനോന്റെ പടത്തിലെ പോലല്ല, പിന്നെ രാജ്യത്തിൻ്റെ സമ്പത്ത് കളയണ്ടല്ലോന്ന്, ഇറങ്ങി വരാം. നിങ്ങള് വണ്ടിയൊക്കൊയായി ഇവിടെ വന്നു കിടന്നാൽ സംസ്ഥാനത്തിൻ്റെ പണമാണ് നഷ്ടമാകുന്നത്'. ആത്മഹത്യ ഭീഷണിയുമായി മരത്തിൽ കയറി കഴുത്തിൽ കുടുക്കിട്ട് നിന്ന മധ്യവയസ്കൻ്റെ വാക്കുകളാണിവ. അനുനയിപ്പിച്ച് താഴെ ഇറക്കാൻ ശ്രമിച്ച അഗ്നിശമന സേനാംഗങ്ങളോടായിരുന്നു ഈ മറുപടി. തൊടുപുഴയ്ക്ക് സമീപം കാളിയാർ എസ്റ്റേറ്റിന് സമീപമാണ് ഈ സംഭവം നടന്നത്.
പ്രദേശവാസിയായ 50കാരൻ വെള്ളിയാഴ്ച വൈകിട്ട് 5.30ഓടെയാണ് കയ്യിൽ കയറുമായി മരത്തിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്. എസ്റ്റേറ്റ് സെക്യൂരിറ്റി ജീവനക്കാരനുമായുണ്ടായ തര്‍ക്കമാണ് സംഭവങ്ങളുടെ തുടക്കം. തര്‍ക്കത്തിനിടെ ഇയാൾ സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിക്കാന്‍ ശ്രമിച്ചു. ജീവനക്കാരന്‍ പൊലീസില്‍ പരാതി നല്‍കിയതോടെ ഇയാള്‍ എസ്റ്റേറ്റ് ജീവനക്കാരുടെ ക്വാര്‍ട്ടേഴ്‌സിന് അടുത്തുള്ള വലിയ ബദാം മരത്തിന് മുകളില്‍ കയറി താഴേയ്ക്ക് ചാടുമെന്ന് ഭീഷിണി മുഴക്കുകയായിരുന്നു.
കാളിയാര്‍ പൊലീസും അഗ്‌നി രക്ഷാ സേനയും നാട്ടുകാരും ചേര്‍ന്ന് വൈകിട്ട് ആറ് മണിയോടെ ഇയാളെ സമാധാനിപ്പിച്ച് താഴെയിറക്കി ഭാര്യയ്ക്കൊപ്പം പറഞ്ഞയച്ചു. ഇയാള്‍ ഡി അഡിക്ഷന്‍ സെന്ററില്‍ ചികിത്സ തേടിയിട്ടുള്ള ആളാണ്.
READ MORE: സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്; 8 ജില്ലകളിൽ യെല്ലോ അലർട്ട്