വാജ്പേയ് സർക്കാരിന്റെ കാലംമുതൽ സുരേന്ദ്രനും ആയി നല്ല ബന്ധമാണുള്ളത്. സാമ്പത്തിക സഹായങ്ങൾ ചെയ്തിരുന്നു. അമിത് ഷാ തിരുവനന്തപുരം ഇലക്ഷൻ പ്രചരണത്തിന് വന്നപ്പോൾ തിരുവനന്തപുരത്ത് പോയി.
തൃശൂർ: കൊടകര കുഴൽപ്പണക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനുമായുള്ള ബന്ധം സമ്മതിച്ച് കൊടകര കുഴൽപണ കവർച്ചാ കേസിൽ പരാതിക്കാരനായ ധർമ്മരാജൻ. ചെറുപ്പത്തിൽ ആർഎസ്എസുകാരൻ ആയിരുന്നുവെന്നും സുരേന്ദ്രുമായി ബന്ധമുണ്ടെന്നും ധർമ്മരാജൻ്റെ മൊഴിയിൽ പറയുന്നു. ഈ മൊഴി പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. വാജ്പേയ് സർക്കാരിന്റെ കാലംമുതൽ സുരേന്ദ്രനുമായി നല്ല ബന്ധമാണുള്ളത്. സാമ്പത്തിക സഹായങ്ങൾ ചെയ്തിരുന്നു. അമിത് ഷാ തിരുവനന്തപുരം ഇലക്ഷൻ പ്രചരണത്തിന് വന്നപ്പോൾ തിരുവനന്തപുരത്ത് പോയി. സുരേന്ദ്രന്റെ കോന്നിയിലെ ഇലക്ഷൻ പരിപാടിക്ക് വന്നപ്പോഴും പോയിരുന്നു. അസംബ്ലി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോന്നിയിൽ മൂന്നു തവണ പോയെന്നും ധർമ്മരാജൻ്റെ മൊഴിയിൽ പറയുന്നു.
അതേസമയം, കൊടകര കുഴല്‍പ്പണക്കേസിൽ ബിജെപി നേതാക്കളുടെ പങ്ക് വ്യക്തമാക്കിയാണ് ആദ്യ കുറ്റപത്രം. കെ സുരേന്ദ്രന്‍റെ അടുപ്പക്കാരന്‍ ധര്‍മ്മരാജന്‍ ഹവാല ഏജന്‍റാണെന്നും കേസിൽ തുടരന്വേഷണം ആവശ്യമാണെന്നും ആദ്യ കുറ്റപത്രത്തിൽ തന്നെ പൊലീസ് പറയുന്നു. കുറ്റപത്രത്തിൻ്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. പുനരന്വേഷണത്തിന്റെ ഭാഗമായി തിരൂര്‍ സതീശിനെ ഉടൻ ചോദ്യം ചെയ്യും. അതേസമയം, സതീശിൻ്റെ വീടിന് പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിരിക്കുകയാണ്.
ഇന്നലെ മുതലാണ് സതീശിൻ്റെ വീട്ടിൽ പൊലീസ് കാവൽ ഏർപ്പെടുത്തിയത്. മെഡിക്കൽ കോളേജ് പൊലീസാണ് സുരക്ഷ ഒരുക്കുന്നത്. അതേസമയം, കേസില്‍ തുടരന്വേഷണം വേണമോ പുനരന്വേഷണം വേണമോ എന്ന കാര്യം സതീശിന്‍റെ മൊഴിക്ക് ശേഷമായിരിക്കും തീരുമാനിക്കുക. അന്വേഷണ ഉദ്യോഗസ്ഥനായി ഇരിങ്ങാലക്കുട ഡിവൈഎസ്പി രാജുവാണ് മൊഴി രേഖപ്പെടുത്തുന്നത്. മൊഴി പരിശോധിച്ച ശേഷം വൈകാതെ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ക്രമസമാധാന ചുമതലയുളള എഡിജിപി മനോജ് എബ്രഹാമിനാണ് മേല്‍നോട്ട ചുമതല.
https://www.youtube.com/watch?v=Ko18SgceYX8