മുഖ്യമന്ത്രി 7 വർഷത്തിനിടെ 6 മാസത്തോളം ചെലവഴിച്ചത് വിദേശ രാജ്യങ്ങളിൽ, ആകെ 26 വിദേശയാത്രകളെന്ന് വിവരാവകാശ രേഖ

By Web TeamFirst Published Nov 2, 2024, 11:22 AM IST
Highlights

സിആർ പ്രാണകുമാറിന്റെ വിവരാവകാശ അപേക്ഷയ്ക്ക് മറുപടിയായാണ് മുഖ്യമന്ത്രിയുടെ ഓഫീസിനു കീഴിലുള്ള പ്രോട്ടോക്കോൾ വിഭാഗം ഈ വിവരം നൽകിയത്. 

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ഏഴ് വർഷത്തിനിടെ ആറ് മാസത്തോളം വിദേശ രാജ്യങ്ങളിൽ ചെലവഴിച്ചുവെന്ന വിവരാവകാശ രേഖ. വിവരാവകാശ പ്രവർത്തകനും കോൺഗ്രസ് നേതാവുമായ അഡ്വ സിആർ പ്രാണകുമാറിന്റെ വിവരാവകാശ അപേക്ഷയ്ക്ക് മറുപടിയായാണ് മുഖ്യമന്ത്രിയുടെ ഓഫീസിനു കീഴിലുള്ള പ്രോട്ടോക്കോൾ വിഭാഗം ഈ വിവരം നൽകിയത്. 

രേഖ പ്രകാരം പിണറായി വിജയൻ വിവിധ വർഷങ്ങളിലായി 173 ദിവസം വിദേശയാത്ര നടത്തി. 2016, 2017, 2018, 2019, 2022, 2023, 2024ലുമാണ് ഈ യാത്രകൾ. അതേസമയം, കൊവിഡ് കാലഘട്ടമായ 2020, 2021 വര്‍ഷങ്ങളിൽ അദ്ദേഹം വിദേശ യാത്രകളൊന്നുംനടത്തിയിട്ടില്ലെന്നത് ശ്രദ്ധേയമാണ്. മുഖ്യമന്ത്രി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ആദ്യ വിദേശയാത്ര 2016-ൽ ഉദ്യോഗസ്ഥരോടൊപ്പം യുഎഇയിലേക്കായിരുന്നു. 2017ൽ അഞ്ച് ദിവസം ബഹ്‌റൈൻ സന്ദർശിച്ചു. 2018-ൽ മൂന്ന് തവണ അമേരിക്കയിലേക്കും ഒരു യാത്ര യുഎഇയിലേക്കും നടത്തി. 

Latest Videos

അടുത്ത വർഷം, നെതർലാൻഡ്‌സ്, സ്വിറ്റ്‌സർലൻഡ്, ഫ്രാൻസ്, യുകെ, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങളിൽ അദ്ദേഹം  സന്ദര്‍ശനം നടത്തി. ഒപ്പം രണ്ട് യുഎഇ സന്ദർശനങ്ങളും നടത്തി. കൊവിഡ് കാലത്തിന് ശേഷം, 2022-ൽ, അദ്ദേഹം യുഎസും യുഎഇയും രണ്ടുതവണ വീതവും നോർവേയും യുകെയും ഓരോ തവണയും സന്ദർശിച്ചു. 2023-ൽ അമേരിക്ക, ക്യൂബ, യുഎഇ എന്നിവിടങ്ങളിലേക്ക് അദ്ദേഹത്തിന്റെ യാത്രകൾ തുടർന്നു. മുഖ്യമന്ത്രി ആകെ 26 വിദേശ യാത്രകൾ നടത്തിയതായി പ്രോട്ടോക്കോൾ വകുപ്പിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നത്.  

ഇക്കാലയളവിൽ അദ്ദേഹം അഞ്ച് തവണയാണ് യുഎസിലേക്ക് പോയത്. മൊത്തം 87 ദിവസമാണ് അവിടെ ചെലവഴിച്ചത്. മയോ ക്ലിനിക്കിലെ ചികിത്സയ്ക്കായി പോയതടക്കമുള്ള വിവരങ്ങളാണിത്. അതേസമയം, മുഖ്യമന്ത്രിയുടെ പല യാത്രകളിലും മകൾ അദ്ദേഹത്തെ അനുഗമിച്ചിരുന്നുവെങ്കിലും ഈ യാത്രകളിൽ അദ്ദേഹത്തോടൊപ്പം പോയ വ്യക്തികളുടെ പട്ടികയിൽ വീണ വിജയന്റെ പേരില്ല. ഭാര്യ കമലയുടെയും ചെറുമകന്റെയും പേരുകളുണ്ടെങ്കിലും വീണയുടെ പേര് മാത്രം യാത്രാരേഖകളിൽ ഉൾപ്പെടുത്തിയിട്ടില്ല. 

കെപിസിസി സെക്രട്ടറി സിആര്‍ പ്രാണകുമാര്‍

മുഖ്യമന്ത്രിക്കൊപ്പം യാത്ര ചെയ്തവരുടെ പട്ടികയിൽ നിന്ന് വീണാ വിജയന്റെ പേര് മാത്രം മാറ്റിയത് ദുരൂഹമാണെന്ന് കെപിസിസി സെക്രട്ടറി സിആര്‍ പ്രാണകുമാര്‍ പറഞ്ഞു. വിദേശയാത്രകളിൽ മകൾ വീണ മുഖ്യമന്ത്രിക്കൊപ്പം പോകുന്നതിന് ദൃശ്യമാധ്യമങ്ങളിൽ വന്ന വാര്‍ത്തകൾ തെളിവാണ്. എന്നാൽ പ്രോട്ടോക്കോൾ വിഭാഗം നൽകിയ വിവരാവകാശ രേഖകൾ മറിച്ച് പറയുന്നത് എന്തിന് വേണ്ടിയാണെന്ന് അന്വേഷിക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബസ് കസ്റ്റഡിയിൽ, അലക്ഷ്യമായ ഡ്രൈവിങ്ങിന് കേസ്; നടപടി മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് ബസ് കയറ്റിയതിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!