അശ്വിനി കുമാർ വധക്കേസ്; 3-ാം പ്രതി മാത്രം കുറ്റക്കാരൻ, 13 എൻഡിഎഫ് പ്രവർത്തകരെ വെറുതെവിട്ടു

By Web TeamFirst Published Nov 2, 2024, 11:27 AM IST
Highlights

2005 മാർച്ച്‌ 10 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബസിനുള്ളിൽ വെച്ച് ഹിന്ദു ഐക്യവേദി ജില്ലാ കൺവീനറും ആർഎസ്എസ് നേതാവുമായ അശ്വിനി കുമാറിനെ വെട്ടികൊലപ്പെടുത്തുകയായിരുന്നു.

കണ്ണൂര്‍: ഹിന്ദു ഐക്യവേദി കണ്ണൂർ ജില്ലാ കൺവീനർ അശ്വിനി കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മൂന്നാം പ്രതിയായ എൻഡിഎഫ് പ്രവർത്തകൻ മർസൂക്ക് കുറ്റക്കാരൻ. മറ്റ് 13 പ്രതികളെയും തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി വെറുതെവിട്ടു. 2005 മാർച്ച്‌ പത്തിനാണ് ബസിൽ വെച്ചു അശ്വിനി കുമാറിനെ കൊലപ്പെടുത്തിയത്.

പതിനാല് എൻഡിഎഫ് പ്രവർത്തകരാണ് കേസില്‍ പ്രതികളായിരുന്നത്. ഹിന്ദു ഐക്യ വേദി ജില്ലാ കൺവീനറും ആർഎസ്എസ് നേതാവുമായിരുന്ന അശ്വിനി കുമാറിനെ ബസിൽ ക്രൂരമായി വെട്ടികൊലപ്പെടുത്തിയ കേസ്. അതിലാണ് ഒരാൾ മാത്രം കുറ്റക്കാരനെന്ന ജഡ്‌ജ്‌ ഫിലിപ്പ് തോമസിന്റെ വിധി. ചാവശ്ശേരി സ്വദേശിയായ മൂന്നാം പ്രതി മർസൂക്കിനുള്ള ശിക്ഷ ഈ മാസം 4ന് വിധിക്കും. അക്രമി സംഘത്തിലുണ്ടായിരുന്നവരും ഗൂഢാലോചനയിൽ പങ്കെടുത്തവരുമെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയ പതിമൂന്ന് പേരെ വെറുതെവിട്ടു. അന്വേഷണത്തിൽ വീഴ്ച ഉണ്ടായെന്നും മേൽക്കോടതിയെ സമീപിക്കുമെന്നും പ്രോസിക്യൂഷൻ പ്രതികരിച്ചു.

Latest Videos

ഇരിട്ടിയിലേക്ക് ബസിൽ പോകുന്നതിനിടെയാണ് 2005 മാർച്ച്‌ പത്തിന് അശ്വിനി കുമാറിനെ ആക്രമിച്ചത്. ഒന്ന് മുതൽ നാല് വരെ പ്രതികൾ ബസിൽ സഞ്ചരിച്ചു. അഞ്ച് മുതൽ ഒൻപത് വരെയുള്ളവർ ജീപ്പിൽ എത്തി ബോംബെറിഞ്ഞു ഭീകരന്തരീക്ഷം സൃഷ്ടിചെന്നും കേസ്. ഒന്നാം പ്രതി അസീസ് നാറാത്തു ആയുധ പരിശീലന കേസിൽ ശിക്ഷിക്കപെട്ടിരുന്നു. പത്തും പന്ത്രണ്ടും പ്രതികൾ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കൊലപ്പെടുത്തിയ കേസിലും കുറ്റക്കാർ. 42 സാക്ഷികളെയാണ് വിസ്തരിച്ചത്. കൊലപാതകത്തിന് പിന്നാലെ വ്യാപക അക്രമങ്ങളാണ് കണ്ണൂരിൽ ഉണ്ടായത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!