ജാതി അധിക്ഷേപം ആവര്‍ത്തിച്ച് കലാമണ്ഡലം സത്യഭാമ; നിയമ നടപടി സ്വീകരിക്കുമെന്ന് ആര്‍എല്‍വി രാമകൃഷ്ണൻ

By Web Team  |  First Published Mar 21, 2024, 9:01 AM IST

കലാമണ്ഡലത്തില്‍ മോഹിനിയാട്ടം പഠിക്കുന്ന സമയം മുതല്‍ നിറത്തിന്‍റെയും കുലത്തെയും പറ്റിയുള്ള അധിക്ഷേപം നേരിട്ടിട്ടുണ്ടെന്നും രാമകൃഷ്ണന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.


തൃശ്ശൂര്‍: കലാമണ്ഡലം സത്യഭാമയുടെ ജാതി അധിക്ഷേപത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കലാഭവൻ മണിയുടെ സഹോദരനും നര്‍ത്തകനുമായ ഡോ. ആര്‍എല്‍വി രാമകൃഷ്ണന്‍. പലവിധ അധിക്ഷേപങ്ങളെ അതിജീവിച്ചാണ് മുന്നോട് പോകുന്നതെന്ന് ആര്‍എല്‍വി രാമകൃഷ്ണന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. കലാമണ്ഡലത്തില്‍ മോഹിനിയാട്ടം പഠിക്കുന്ന സമയം മുതല്‍ നിറത്തിന്‍റെയും കുലത്തെയും പറ്റിയുള്ള അധിക്ഷേപം നേരിട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, പറഞ്ഞതില്‍ ഉറച്ച് നല്‍കുന്നു എന്നായിരുന്നു കലാമണ്ഡലം സത്യഭാമയുടെ പ്രതികരണം. കറുത്ത നിറമുള്ളവര്‍ അതിനനുസരിച്ചുള്ള ജോലി ചെയ്യണമെന്നും കലാമണ്ഡലം സത്യഭാമ പറഞ്ഞു.

ജാതി അധിക്ഷേപത്തില്‍ കലാമണ്ഡലം സത്യഭാമക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ആര്‍എല്‍വി രാമകൃഷ്ണന് പിന്തുണയുമായി നിരവധി പ്രമുഖരും രംഗത്തെത്തി. രാമകൃഷ്ണന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടത്തിന് കൊള്ളില്ലെന്നുമായിരുന്നു കലാമണ്ഡലം സത്യഭാമയുടെ പരാമർശം. യൂട്യൂബ് ചാനൽ അഭിമുഖത്തിലായിരുന്നു വിവാദ പരാമർശം. "മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കേണ്ടത്. ഇയാള് കണ്ട് കഴിഞ്ഞാല്‍ കാക്കയുടെ നിറം. എല്ലാം കൊണ്ടും കാല് ഇങ്ങനെ അകത്തി വെച്ച് കളിക്കുന്ന കലാരൂപമാണ് മോഹിനിയാട്ടം. ഒരു പുരുഷൻ ഇങ്ങനെ കാല് കവച്ചുവെച്ച് മോഹനിയാട്ടം കളിക്കുകയെന്ന് പറഞ്ഞാല്‍ ഇതുപോലെയൊരു അരോജകത്വം വെറെയില്ല. എന്‍റെ അഭിപ്രായത്തില്‍ ആണ്‍പിള്ളേര്‍ക്ക് മോഹിനിയാട്ടം ചേരുകയാണെങ്കില്‍ തന്നെ അവര്‍ക്ക് അതുപോലെ സൗന്ദര്യം വേണം. ആണ്‍ പിള്ളേരില്‍ നല്ല സൗന്ദര്യം ഉള്ളവര്‍ ഇല്ലേ? ഇവനെ കണ്ടാല്‍ ദൈവം പോലും, പറ്റ തള്ള പോലും സഹിക്കില്ല"- എന്നായിരുന്നു കലാമണ്ഡലം സത്യഭാമയുടെ വിവാദ പ്രസ്താവന.

Latest Videos

 

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.

undefined

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

 

click me!