ഒടുവിൽ ദുരിതത്തിന് അറുതി! ആശ്വാസ തീരത്തേക്ക്; കമ്പോഡിയ മനുഷ്യക്കടത്തിൽ കുടുങ്ങിയ 7 പേർ നാട്ടിലേക്ക് തിരിച്ചു

By Web TeamFirst Published Oct 27, 2024, 12:08 PM IST
Highlights

മനുഷ്യക്കടത്തിന് ഇരകളായി കംബോഡിയയില്‍ കുടുങ്ങിയ കോഴിക്കോട് വടകര സ്വദേശികളായ യുവാക്കള്‍ നാട്ടിലേക്ക് തിരിച്ചു. 

ദില്ലി: മനുഷ്യക്കടത്തിന് ഇരകളായി കംബോഡിയയില്‍ കുടുങ്ങിയ കോഴിക്കോട് വടകര സ്വദേശികളായ യുവാക്കള്‍ നാട്ടിലേക്ക് തിരിച്ചു. കംബോഡിയയിലെ ഇന്ത്യന്‍ എബസി ഒരുക്കിയ താല്‍ക്കാലിക അഭയകേന്ദ്രത്തിലായിരുന്ന ഇവര്‍ ഇന്ന് രാത്രിയോടെ കൊച്ചിയിലെത്തും. ഈ മാസം മൂന്നിന് കംബോഡിയയില്‍ എത്തപ്പെട്ട യുവാക്കള്‍ സാഹസികമായാണ് ഒരു ടാക്സി ഡ്രൈവറുടെ സഹായത്തോടെ ഇന്ത്യന്‍ എബസിയിലെത്തിപ്പെട്ടത്.

എന്നാല്‍ നാട്ടിലേക്കുള്ള ഇവരുടെ യാത്ര പ്രതിസന്ധിയിലായിരുന്നു. എംബസി അധികൃതരുടെയും മലയാളി കൂട്ടായ്മയുടെയും സഹായത്തോടെയാണ് നാട്ടിലേക്ക് തിരിക്കാനുള്ള വഴിയൊരുങ്ങിയത്. വിമാനടിക്കറ്റിനുള്ള തുക നാട്ടില്‍ നിന്നും അയച്ചുകൊടുക്കുകയായിരുന്നു. കംബോഡിയയില്‍ നിന്നും മലേഷ്യ വഴി രാത്രിയോടെ നെടുമ്പാശ്ശേരിയില്‍ ഏഴു യുവാക്കളും വിമാനമിറങ്ങുമെന്ന് കെകെ രമ എംഎല്‍എ അറിയിച്ചു.
 
ഐടി മേഖലയില്‍ ജോലി വാഗ്ദാനം ചെയ്താണ് ഒരോ ലക്ഷം രൂപ വീതം വാങ്ങി വടകര സ്വദേശിയായ യുവാക്കളെ സുഹൃത്ത് കൂടിയായ ഇടനിലക്കാരന്‍ ആദ്യം മലേഷ്യയിലെത്തിച്ചത്. എന്നാല്‍ പിന്നീട് കംബോഡിയയിലേക്ക് കൊണ്ടു പോവുകയായിരുന്നു. സൈബര്‍ മേഖലയിലെ കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന ജോലിയാണ് അവിടെയെന്നും തങ്ങളെ അതിനായി ഒരു കമ്പനിക്ക് വില്‍ക്കുകയായിരുന്നെന്നും പിന്നീടാണ് മനസിലായതെന്ന് യുവാക്കള്‍ പറയുന്നു. വലിയ ശാരീരിക മാനസിക പീഡനങ്ങളാണ് അവിടെ നേരിട്ടത്. 

Latest Videos

click me!