ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് കെഎസ്ഇബിയുടെ 'ഇരുട്ടടി'; സർക്കാർ വീടുകളിൽ താമസിക്കുന്നവരുടെ ഫ്യൂസ് ഊരിയെന്ന് പരാതി

By Web TeamFirst Published Oct 9, 2024, 1:39 PM IST
Highlights

വയനാട് മുണ്ടേരിയിൽ സർക്കാർ വീടുകളിൽ താമസിക്കുന്നവരുടെ ഫ്യൂസ് കെഎസ്‍ഇബി ഊരി എന്നാണ് പരാതി. വൈദ്യുതി ബില്ല് അടച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

വയനാട്: ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ ഫ്യൂസ് ഊരിയെന്ന് പരാതി. മുണ്ടേരിയിലെ സർക്കാർ വീടുകളിൽ താമസിക്കുന്നവരുടെ ഫ്യൂസ് കെഎസ്‍ഇബി ഊരി എന്നാണ് പരാതി. വൈദ്യുതി ബില്ല് അടച്ചില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് കെഎസ്ഇബിയുടെ നടപടി. താൽക്കാലിക പുനരധിവാസ കേന്ദ്രങ്ങളിൽ താമസിക്കുന്നവരോട് വൈദ്യുതി ചാർജ് ഈടാക്കുകയാണ് കെഎസ്ഇബി. ഉപജീവന മാർഗം ഇല്ലാതെ കഷ്ടപ്പെടുന്ന ദുരിതബാധിതർ ബില്ലടക്കാൻ പണമില്ലാതെ ദുരിതത്തിലാണ്.

വയനാടിലെ ദുരന്ത മേഖലയിലെ ഉപഭോക്താക്കളിൽ നിന്നും 6 മാസത്തേക്ക് വൈദ്യുതി ചാർജ് ഈടാക്കില്ലെന്നായിരുന്നു വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ ഉറപ്പ്. മേപ്പാടി പഞ്ചായത്തിലെ 10, 11, 12 വാർഡുകളിൽ ഉൾപ്പെടുന്ന കെഎസ്ഇബിയുടെ ചൂരൽമല എക്സ്ചേഞ്ച്, ചൂരൽമല ടവർ, മുണ്ടക്കൈ, കെ കെ നായർ, അംബേദ്കർ കോളനി,അട്ടമല,അട്ടമല പമ്പ് എന്നീ ട്രാൻസ്ഫോർമറുകളിൽ ഉൾപ്പെടുന്ന ഉപഭോക്താക്കൾക്ക് ആറ് മാസം സൗജന്യമായി വൈദ്യുതി വിതരണം ചെയ്യാന്‍ മന്ത്രി നിർദ്ദേശിച്ചിരുന്നു. മന്ത്രിയുടെ ഉറപ്പ് മറികടന്നാണ് കെഎസ്‍ഇബിയുടെ നടപടി.

Latest Videos

click me!