വളരുന്തോറും പിളർന്നും ലയിച്ചും പുതിയ പാർട്ടിയുണ്ടാക്കിയും മുന്നോട്ട്; കേരള കോൺഗ്രസിന് ഇന്ന് 60ാം പിറന്നാൾ

By Web TeamFirst Published Oct 9, 2024, 12:46 PM IST
Highlights

തുടർച്ചയായ പിളർപ്പിലൂടെയും കാല് മാറ്റത്തിലൂടെയും കേരള കോൺഗ്രസിന് പഴയ പ്രതാപം നഷ്ടമായി. ഇന്ന് പല കേരള കോൺഗ്രസുകളുണ്ടെങ്കിലും മാണി, ജോസഫ് വിഭാഗങ്ങളൊഴിച്ചാൽ മറ്റെല്ലാം ദുർബലമാണ്.

കോട്ടയം: സംസ്ഥാന രാഷ്ട്രീയത്തിന്‍റെ ചരിത്രം തിരുത്തിയെഴുതിയ കേരള കോൺഗ്രസിന് ഇന്ന് അറുപതാം പിറന്നാൾ. മുന്നണി രാഷ്ട്രീയത്തിലൂടെ കരുത്ത് നേടിയ പാർട്ടി, രൂപീകരണ കാലം മുതൽ നിർണായക ശക്തിയായിരുന്നു. പക്ഷെ തുടർച്ചയായ പിളർപ്പിലൂടെയും കാല് മാറ്റത്തിലൂടെയും കേരള കോൺഗ്രസിന് പഴയ പ്രതാപം നഷ്ടമായി. ഇന്ന് പല കേരള കോൺഗ്രസുകളുണ്ടെങ്കിലും മാണി, ജോസഫ് വിഭാഗങ്ങളൊഴിച്ചാൽ മറ്റെല്ലാം ദുർബലമാണ്.

ആറ് പതിറ്റാണ്ട് മുമ്പ് കേരളത്തെ പിടിച്ചുകുലുക്കിയതായിരുന്നു കേരള കോൺഗ്രസിന്റെ പ്രഖ്യാപന സമ്മേളനം. ആർ ശങ്കർ മന്ത്രിസഭയ്ക്കെതിരായ അവിശ്വാസ പ്രമേയത്തെ കെ എം ജോർജിന്റെ നേതൃത്വത്തിൽ 15 എംഎൽഎമാർ പിന്തുണച്ചതോടെയാണ് കോൺഗ്രസിൽ നിന്ന് വിഘടിച്ചുള്ള ഒരു ഗ്രൂപ്പിന്റെ തുടക്കം. മന്ത്രിസഭയിൽ നിന്നുള്ള പി ടി ചാക്കോയുടെ രാജിയും വിവാദങ്ങളും അദ്ദേഹത്തിന്റെ മരണവും കൂടിയായപ്പോൾ കേരള കോൺഗ്രസ് പാർട്ടിയുടെ രൂപീകരണത്തിന് വഴിയൊരുക്കി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ നാമാവശേഷമാക്കി സംസ്ഥാന പാര്‍ട്ടിയായ കേരള കോണ്‍ഗ്രസിനെ അധികാരത്തിൽ എത്തിക്കുകയായിരുന്നു ലക്ഷ്യം. 

Latest Videos

വിവിധ സംസ്ഥാനങ്ങളില്‍ പ്രാദേശിക പാര്‍ട്ടികള്‍ കരുത്തു നേടിയ പോലെ കേരളത്തിലും ഒരു പരീക്ഷണം. കെ എം ജോർജും ആർ ബാലകൃഷ്ണയും വയല ഇടിക്കുളയും ജോസഫ് പുലിക്കുന്നേലും പിൽക്കാലത്ത് കെ എം മാണിയും കേരള കോൺഗ്രസിന് വെള്ളവും വളവും നൽകി വള‍ർത്തി. പാർലമെന്ററി രാഷ്ട്രീയത്തിലും അതിവേഗത്തിൽ പടർന്ന് പന്തലിച്ചു. ആദ്യ തെരഞ്ഞെടുപ്പിൽ ഇറങ്ങിയ പാർട്ടി 25 സീറ്റിൽ ജയിച്ചു. തോട്ടം മുതലാളിമാരുടെ പാര്‍ട്ടിയെന്നും മധ്യകേരളത്തിലെ ക്രൈസ്തവ സഭകളുടെ ആശീര്‍വാദത്തോടെ തുടങ്ങിയ പാര്‍ട്ടിയെന്നും പരിഹാസമുണ്ടായിരുന്നെങ്കിലും കര്‍ഷകരുടെ രാഷ്ട്രീയ പ്രസ്ഥാനമെന്നാണ് കേരള കോണ്‍ഗ്രസിനെ നേതാക്കള്‍ വിശേഷിപ്പിച്ചിരുന്നത്. 

ആദ്യ തെരഞ്ഞെടുപ്പിലേ വലിയ വിജയം നേടിയതോടെ കേരള രാഷട്രീയത്തിലെ അനിഷേധ്യ ശക്തിയായിരുന്നു 70കളില്‍ കേരള കോണ്‍ഗ്രസ്. പക്ഷെ നേതാക്കളുടെ താന്‍പോരിമയും അധികാര താത്പര്യങ്ങളും പാര്‍ട്ടിയെ നിരവധി പിളര്‍പ്പുകളിലേക്ക് നയിച്ചു. ആശയപരമായ പോരാട്ടങ്ങള്‍ക്കും നിലപാടുകള്‍ക്കുമപ്പുറം വ്യക്തി താത്പര്യങ്ങളായിരുന്നു ഈ പിളര്‍പ്പുകള്‍ക്കെല്ലാം പിന്നില്‍. ആര്‍ ബാലകൃഷ്ണപിള്ളയും കെ എം മാണിയും പി ജെ ജോസഫും ടി എം ജേക്കബുമെല്ലാം പിളര്‍പ്പിലൂടെ പുതിയ ഗ്രൂപ്പ് രൂപീകരിച്ച് മുന്നണി രാഷ്ട്രീയത്തിന്‍റെ ഭാഗമായി. ഇന്ന് പിളർന്ന് പിളർന്ന് കേരള കോൺഗ്രസുകൾ എട്ടെണ്ണമുണ്ട്. 

കുറെ ഗ്രൂപ്പുകള്‍ തെരഞ്ഞെടുപ്പുകളിലൂടെ സ്വയം ഇല്ലാതായി. അഞ്ച് കൂട്ടർക്ക് നിയമസഭയിൽ പ്രാതിനിധ്യം. മക്കള്‍ രാഷട്രീയത്തിന് വളക്കൂറുള്ള കേരള കോണ്‍ഗ്രസിലെ മിക്ക ഗ്രൂപ്പുകളേയും ഇപ്പോള്‍ നയിക്കുന്നത് അന്തരിച്ച നേതാക്കന്മാരുടെ മക്കളാണ്. ജോസ് കെ മാണി നേതൃത്വം നൽകുന്ന ഇടത് മുന്നണിയിലെ കേരള കോൺഗ്രസും പി ജെ ജോസഫിന്‍റെ യുഡിഎഫിലെ കേരള കോൺഗ്രസും മാത്രമാണ് മുന്നണി രാഷ്ട്രീയത്തിൽ സ്വാധീന ശക്തിയുള്ളവ

റബർ അടക്കമുള്ള കാർഷിക മേഖലയായിരുന്നു കേരള കോൺഗ്രസിന്‍റെ വളർച്ചയുടെ വളം. പക്ഷെ റബറിന് വില ഇടിഞ്ഞത് പോലെ സംസ്ഥാന രാഷ്ട്രീയത്തിൽ കേരള കോൺഗ്രസുകളുടെ പ്രാധാന്യം ഇടിയുന്ന കാലത്താണ് പാർട്ടിയുടെ അറുപതാം ജന്മദിനം. പുതുതലമുറക്കിടയില്‍ സ്വാധീനം കുറയുന്നതു മുതല്‍ മധ്യ കേരളത്തിലെ വിദേശ കുടിയേറ്റം വരെ കേരള കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്തി. നിരവധി സംസ്ഥാനങ്ങളില്‍ പ്രാദേശിക പാര്‍ട്ടികള്‍ ഒറ്റക്ക് ഭരണം പിടിക്കുന്നത് ഈ കാലയളവില്‍ രാജ്യം കണ്ടു. എന്നാല്‍ 60 ആണ്ട് പിന്നിട്ടിട്ടും തമ്മില്‍ തല്ലിയും പിളർന്നും ലയിച്ചും പുതിയ പാർട്ടിയുണ്ടാക്കിയും മുന്നോട്ട് പോകാനാണ് കേരള കോൺഗ്രസിന്‍റെ വിധി.

പൊലീസിനോടും എംവിഡിയോടും മന്ത്രി ഗണേഷ് കുമാർ; വഴിയിൽ തടഞ്ഞ് കൂളിങ് ഫിലിം വലിച്ചുകീറരുത്, അപമാനിക്കലാണത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!