നാലു വയസുവരെയുള്ള കുട്ടികള്‍ക്ക് കാറിന്‍റെ പിൻ സീറ്റിൽ പ്രത്യേക സുരക്ഷ സീറ്റ് ഒരുക്കണം. ബൈക്ക് യാത്രക്ക് ഹെല്‍മറ്റിനൊപ്പം കുട്ടികളെ മാതാപിതാക്കളുമായി ചേര്‍ത്തുവെയ്ക്കുന്ന സുരക്ഷാ ബെല്‍റ്റും വേണം. ഡിസംബര്‍ മുതൽ നിര്‍ദേശം പാലിച്ചില്ലെങ്കില്‍ പിഴ ഈടാക്കി തുടങ്ങും. പുതിയ നിര്‍ദേശങ്ങളെക്കുറിച്ച് വിശദമായി അറിയാം.
തിരുവനന്തപുരം: വാഹനയാത്രയിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള മോട്ടോർ വാഹന വകുപ്പിന്‍റെ പുതിയ നിർദേശങ്ങള്‍ ഇപ്പോൾ വലിയ ചർച്ചയായിരിക്കുകയാണ്. നാല് വയസുവരെയുള്ള കുട്ടികൾക്കായി പിൻ സീറ്റിൽ പ്രത്യേക സീറ്റ് ഒരുക്കണമെന്നതിനൊപ്പം നാലു മുതൽ 14 വയസുവരെയുള്ള കുട്ടികൾക്ക് ഇരുചക്ര വാഹനയാത്രയ്ക്ക് ഹെൽമറ്റും നിർബന്ധമാക്കുകയാണ്. എന്തൊക്കെയാണ് പുതിയ നിർദേശങ്ങളെന്നും അവ പാലിക്കപ്പെട്ടിട്ടില്ലെങ്കിലുള്ള നിയമ നടപടികളും വാഹനം ഓടിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്.
കാറുകളിലും ഇരുചക്രവാഹനങ്ങളിലും യാത്ര ചെയ്യുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് നാലു വയസില്‍ താഴെയുള്ള കുട്ടികള്‍ കാറുകളുടെ പിൻസീറ്റിൽ പ്രായത്തിന് അനുസരിച്ച് ബെല്‍റ്റ് ഉള്‍പ്പെടെയുള്ള പ്രത്യേക ഇരിപ്പിടം ഉറപ്പാക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. നാല് മുതല്‍ 14 വയസ് വരെയുള്ള 135 സെന്‍റി മീറ്ററിൽ താഴെ ഉയരവുമുള്ള കുട്ടികള്‍ കാറിന്‍റെ പിന്‍സീറ്റിൽ ചൈല്‍ഡ് ബൂസ്റ്റര്‍ കുഷ്യനിൽ സുരക്ഷാ ബെൽറ്റ് ധരിച്ചു വേണം ഇരിക്കാന്‍. സുരക്ഷാ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഡ്രൈവര്‍ ഉറപ്പാക്കുകയും വേണം.
ഇരുചക്രവാഹനങ്ങളില്‍ നാല് വയസിനു മുകളിലുള്ള കുട്ടികള്‍ ഹെല്‍മറ്റ് നിര്‍ബന്ധമാണ്. കുട്ടികളെ മാതാപിതാക്കളുമായി ചേര്‍ത്തുവെയ്ക്കുന്ന സുരക്ഷാ ബെൽറ്റ് ഉപയോഗിക്കാനും ശ്രമിക്കണം. മാതാപിതാക്കള്‍ക്കൊപ്പം യാത്ര ചെയ്യുമ്പോള്‍ കുട്ടികള്‍ ഉറങ്ങിപ്പോയി അപകമുണ്ടാകുന്നത് ഒഴിവാക്കാനാണ് ഇങ്ങനെയൊരു നിര്‍ദേശം. കുട്ടികള്‍ക്ക് ഏതെങ്കിലും തരത്തില്‍ അപകടമുണ്ടായാല്‍ ഡ്രൈവര്‍ക്കായിരിക്കും പൂര്‍ണ ഉത്തരവാദിത്തമെന്നും മോട്ടോര്‍ വാഹന വകുപ്പ് പറയുന്നു.
ഘട്ടംഘട്ടമായി നിര്‍ദേശങ്ങള്‍ നടപ്പാക്കാനാണ് മോട്ടോര്‍ വാഹന വകുപ്പിന്‍റെ തീരുമാനം. ഒക്‌ടോബറില്‍ സമൂഹമാധ്യമങ്ങളിലൂടെ ബോധവത്കരണം നടത്തും. നവംബറില്‍ മുന്നറിയിപ്പും നൽകിയശേഷം ഡിസംബര്‍ മുതല്‍ പിഴയോടെ നിയമം നടപ്പാക്കും. കുട്ടികള്‍ക്കായി പ്രത്യേക സീറ്റ് ഇല്ലെങ്കില്‍ 1000 രൂപയായിരിക്കും പിഴ. അതുപോലെ കുട്ടികള്‍ ഹെല്‍മറ്റ് ധരിച്ചില്ലെങ്കിലും പിഴ ഈടാക്കും.
undefined
അതേസമയം, ടാക്സികളിൽ കുട്ടികളുടെ സീറ്റ് നിർബന്ധമാക്കുന്നതിലും പ്രായോഗിക ബുദ്ധമുട്ട് നിലനില്‍ക്കുന്നുണ്ട്. നിയമനം കർശമാക്കുമ്പോള്‍ കാറുള്ളവർക്ക് സീറ്റുവാങ്ങാനായി ഇനി പണം മുടക്കണം. രണ്ടു കുട്ടികളിലധികമുണ്ടെങ്കിൽ ഒരു കുടുബംത്തിൻെറ കാർ യാത്ര എങ്ങനെയെന്ന ചോദ്യവും ബാക്കിയാണ്. വാഹനഉടമകള്‍ സീറ്റുകള്‍ വാങ്ങി തുടങ്ങുമ്പോള്‍ മാർക്കറ്റിൽ സീറ്റുകളെത്തി തുടങ്ങുമെന്നാണ് ഗതാഗത വകുപ്പ് പറയുന്നത്. എന്തായാലും പുതിയ തീരുമാനവുമായി മുന്നോട്ടെന്നാണ് ഗതാഗത കമ്മീഷണര്‍ എച്ച് നാഗരാജു വ്യക്തമാക്കുന്നത്. കാറിൽ കുട്ടികളുടെ സുരക്ഷ സീറ്റില്ലെങ്കിൽ ഡിസംബർ മുതൽ 1000 രൂപ പിഴയീടാക്കുമെന്നും അദ്ദേഹം പറഞ്ഞു.