സംസ്ഥാന അധ്യക്ഷനും ജില്ലാ അധ്യക്ഷനും അറിഞ്ഞാണീ പണം വന്നത് എന്നാണ് വെളിപ്പെടുത്തൽ. ഫലപ്രദമായി അന്വേഷണം നടക്കണമെന്നും എം വി ഗോവിന്ദൻ ആവശ്യപ്പെട്ടു.
തിരുവനന്തപുരം: കുഴൽപ്പണം, കള്ളപ്പണം ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പ് പ്രവർത്തനം നടത്തുന്ന പ്രധാനപ്പെട്ട പാർട്ടിയാണ് ബിജെപിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ചേലക്കര, പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ കോടിക്കണക്കിന് രൂപയുടെ കള്ളപ്പണമാണ് ഇത്തരത്തിൽ ഉപയോഗിക്കുന്നത്. ബിജെപി ഓഫീസുകളുടെ വെളിപ്പെടുത്തൽ ടിവി ചാനലിൽ കണ്ടെന്നും എംവി ഗോവിന്ദൻ പറഞ്ഞു. സംസ്ഥാന അധ്യക്ഷനും ജില്ലാ അധ്യക്ഷനും അറിഞ്ഞാണീ പണം വന്നത് എന്നാണ് വെളിപ്പെടുത്തൽ. ഫലപ്രദമായി അന്വേഷണം നടക്കണമെന്നും എം വി ഗോവിന്ദൻ ആവശ്യപ്പെട്ടു.
കള്ളപ്പണത്തിന്റെ ഒഴുക്ക് കേരളത്തിലെ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 3 ഇടങ്ങളിലും ഉണ്ട്. പോലീസ് അന്വേഷണം ഗവൺമെന്റ് സംവിധാനത്തിന് ഭാഗമാണ്. കേസിന്റെ ഉള്ളടക്കങ്ങളിലേക്ക് പാർട്ടി പോയിട്ടില്ല. മൂന്നര കോടി രൂപ ചാക്കിൽ കെട്ടി കൊടുത്താൽ ആരാണ് തട്ടാത്തതെന്നും എംവി ഗോവിന്ദൻ ചോദിച്ചു. ഇ ഡി അന്വേഷിക്കാത്തത് എന്തുകൊണ്ടെന്ന് ബിജെപിയോടും ഗവൺമെന്റിനോടും ചോദിക്കണം. സിപിഎമ്മിന് സതീഷിനെ വിലക്കെടുക്കേണ്ട കാര്യമില്ല. മൂന്നരക്കോടി രൂപ കൈകാര്യം ചെയ്യാൻ അവകാശമുള്ള, ഓഫീസിൽ സർവ്വസ്വാതന്ത്ര്യം ഉള്ള ഒരാളാണ് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.