കേസ് ഇപ്പോൾ ചർച്ചയാക്കുന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.
തിരുവനന്തപുരം: കൊടകര കുഴൽപ്പണ കേസിലെ ഇപ്പോഴത്തെ വെളിപ്പെടുത്തൽ തെരഞ്ഞെടുപ്പ് സ്റ്റണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. തിരൂർ സതീഷ് ഇപ്പോൾ ആർക്കൊപ്പമാണെന്ന കാര്യം അന്വേഷിക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. കേസ് ഇപ്പോൾ ചർച്ചയാക്കുന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും കെ സുരേന്ദ്രൻ ആരോപിച്ചു. പാലക്കാട് യുഡിഎഫ് സ്ഥാനാർഥിക്ക് വേണ്ടി പ്രവർത്തിക്കുന്ന പിആർ ഏജൻസി ആണ് ഇപ്പോളത്തെ ആരോപണങ്ങൾക്ക് പിന്നിലുള്ളത്.
തേഞ്ഞൊട്ടിയ മുനയൊടിഞ്ഞ ആരോപണങ്ങളുമായി എൽഡിഎഫും യുഡിഎഫും വന്നതാണ്. പോലീസ് അന്വേഷിച്ചു ചാർജ് ഷീറ്റ് കൊടുത്ത കേസ് ആണിതെന്ന് പറഞ്ഞ സുരേന്ദ്രൻ ആഭ്യന്തര വകുപ്പ് തന്റെ കൈയിൽ അല്ലല്ലോ എന്നും ചൂണ്ടിക്കാട്ടി. ഓഫീസ് സെക്രട്ടറിയെ രണ്ട് വർഷം മുമ്പ് പുറത്താക്കിയതാണെന്നും സുരേന്ദ്രൻ അറിയിച്ചു. സന്ദീപ് വാര്യരെ ഹൃദയത്തിൽ ചേർത്തുനിർത്തിയതേ ഉള്ളൂ. എൻഡിഎ കൺവെൻഷനിൽ വേദിയിൽ ഇരുന്നത് പ്രധാന ചുമതലക്കാർ മാത്രമാണ്. ചെറിയ ചെറിയ കാര്യങ്ങൾ ഊതി പെരുപ്പിക്കുകയാണെന്നും ബിജെപിയിൽ ആശയക്കുഴപ്പം ഉണ്ടാക്കാൻ നോക്കേണ്ടെന്നും കെ സുരേന്ദ്രൻ പറഞ്ഞു. സന്ദീപ് വാര്യർ ശക്തമായി പ്രവർത്തിക്കുന്ന ബിജെപി പ്രവർത്തകൻ ആണ്. സന്ദീപ് ബിജെപിയോട് ഉടക്കി നില്‍ക്കുന്നു എന്ന് റിപ്പോര്‍ട്ടുകളോടായിരുന്നു പ്രതികരണം.
സംസ്ഥാനത്ത് വലിയ ഭരണവിരുദ്ധ വികാരമാണ് ഉള്ളതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു. സർക്കാരിന് വെല്ലുവിളി ഉയർത്താൻ പ്രതിപക്ഷത്തിനു ഇത് വരെ കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ സുരേന്ദ്രൻ സർക്കാരിനെ സഹായിക്കുന്ന പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിലുള്ള ഉപജാപക സംഘത്തിന്റെ പ്രവർത്തനം വിലയിരുത്തപ്പെടുന്ന തെരഞ്ഞെടുപ്പാണിതെന്നും കൂട്ടിച്ചേർത്തു. നവീൻ ബാബുവിന്റെ കേസിനെ സാരമായി ബാധിക്കുന്ന ഇടപെടൽ ആണ് കണ്ണൂർ കളക്ടറുടെ ഭാഗത്തു നിന്നും ഉണ്ടായത്. കളക്ടർ സ്വമേധയാ കൊടുത്ത മൊഴിയല്ല. കളക്ടർ മുമ്പ് നൽകിയ മൊഴിയിൽ ഇല്ലാത്ത കാര്യം എസ്ഐ ടിക്കു നൽകി. മുഖ്യമന്ത്രിയുമായും റവന്യുമന്ത്രിയുമായും ആശയ വിനിമയം നടത്തിയ ശേഷമാണു മൊഴി മാറ്റി പറയുന്നത്. സിപിഎം ബന്ധമുള്ള ആളാണ് കളക്ടർ എന്നും കെ സുരേന്ദ്രൻ ആരോപിച്ചു.
സിപിഎമ്മും സർക്കാരും ഇടപെട്ടാണ് കളക്ടറെ കൊണ്ട് ഇങ്ങനെ മൊഴി നൽകിച്ചത്. കളക്ടർ ചെയ്തത് നീചമായ കാര്യമാണെന്നും സിപിഎമ്മിന്‍റേത് ഇരട്ടതാപ്പാണെന്നും കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി. പത്തനംതിട്ട പാർട്ടി കുടുംബത്തിനൊപ്പം നിൽക്കുന്നു എന്ന് പറയുകയും പാർട്ടി ദിവ്യയെ രക്ഷിക്കാൻ ശ്രമം നടത്തുകയും ചെയ്യുന്നു. സതീശൻ എന്ത് കൊണ്ട് ഈ കാര്യങ്ങളിൽ ഒന്നും പറയുന്നില്ലെന്ന് ചോദിച്ച സുരേന്ദ്രൻ കേരള പോലീസ് അന്വേഷണം നടത്തിയാൽ കുടുംബത്തിന് നീതി കിട്ടില്ലെന്നും വിമർശിച്ചു. ഹൈക്കോടതി സിറ്റിംഗ് ജഡ്ജിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണം. അല്ലെങ്കിൽ മറ്റേതെങ്കിലും ഏജൻസി അന്വേഷിക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.