വാക്സിനെടുത്ത രോഗി കിടപ്പിലായ സംഭവം; വിശദീകരണവുമായി ആലപ്പുഴ മെഡിക്കൽ കോളേജ്, 'അപൂർവമായ പാർശ്വഫലമാകാം'

By Web TeamFirst Published Oct 30, 2024, 12:46 PM IST
Highlights

വാക്സിൻ എടുത്താൽ ഉണ്ടാകുന്ന അപൂർവമായ പാർശ്വഫലം ആകാമെന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ മിറിയം വർക്കി പ്രതികരിച്ചു. അപൂർവ്വം ആളുകളിൽ ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും അധികൃതര്‍ വിശദീകരിക്കുന്നു.

ആലപ്പുഴ: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വാക്സിനെടുത്ത രോഗി കിടപ്പിലായ സംഭവത്തിൽ വിശദീകരണവുമായി മെഡിക്കൽ കോളേജ്‌. വാക്സിൻ എടുത്താൽ ഉണ്ടാകുന്ന അപൂർവമായ പാർശ്വഫലം ആകാമെന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ മിറിയം വർക്കി പ്രതികരിച്ചു.

ടെസ്റ്റ് ഡോസ്സിൽ അലർജി പ്രകടിപ്പിച്ചപ്പോഴേ മറുമരുന്ന് നൽകിയിരുന്നു. എന്നാൽ വാക്സിൻ എടുത്തപ്പോൾ ഗുരുതരാവസ്ഥയിലായി. അപൂർവ്വം ആളുകളിൽ ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും മെഡിക്കൽ കോളേജ് അധികൃതര്‍ വിശദീകരിക്കുന്നു. സംഭവത്തില്‍ അടിയന്തര മെഡിക്കൽ ബോർഡ് ഉച്ചയ്ക്ക് ഒരു മണിക്ക് ചേരും. മെഡിക്കൽ കോളേജ് സൂപ്രണ്ട്, ഡെപ്യൂട്ടി സൂപ്രണ്ട്, മെഡിസിൻ വിഭാഗം എച്ച് ഒ ഡി എന്നിവർ യോഗം പങ്കെടുക്കും.

Latest Videos

തകഴി കല്ലേപ്പുറത്ത് സോമന്റെ ഭാര്യ ശാന്തമ്മ (61) ആണ് കുത്തിവെപ്പെടുത്തതിന് പിന്നാലെ ഗുരുതരാവസ്ഥയിലായത്. വാക്സിൻ എടുത്തതിന് പിന്നാലെ ശാന്തമ്മയുടെ ശരീരം പൂർണ്ണമായി തളർന്നുവെന്നും സംസാരശേഷി നഷ്ടപ്പെട്ടുവെന്നും കുടുംബം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. മുയൽ കടിച്ചതിനെ തുടർന്ന് കഴിഞ്ഞ 21 നാണ് ശാന്തമ്മ വാക്സിനെടുത്തത്.

ടെസ്റ്റ് ഡോസിൽ തന്നെ അലർജി പ്രകടമായെങ്കിലും മൂന്ന് ഡോസ് വാക്സിനുകളും എടുത്തു. വാക്സിനെടുത്തതിന് പിന്നാലെ ശാന്തമ്മ തളർന്നു വീണു. പിന്നെ അനക്കമില്ലെന്നും കുടുംബം പറയുന്നു. 7 ദിവസം വെന്റിലേട്ടറിലായിരുന്ന ശാന്തമ്മ ഇപ്പോൾ തീവ്രപചരണ വിഭാഗത്തിലാണ്. ശാന്തമ്മയുടെ മകൾ സോണിയ അമ്പലപ്പുഴ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!