കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സുരേഷ് ഗോപിയുടേത് കേന്ദ്ര മന്ത്രിയുടെ ഭാഷയല്ലെന്ന് വിമര്‍ശനം
പാലക്കാട്: കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സുരേഷ് ഗോപിക്ക് ധിക്കാരമാണെന്നും സിനിമ സ്റ്റൈലിലാണ് ശരീരഭാഷയും സംസാരവുമെന്നും വിഡി സതീശൻ വിമര്‍ശിച്ചു. കേന്ദ്ര മന്ത്രി ഉപയോഗിക്കേണ്ട ഭാഷയല്ല സുരേഷ് ഗോപി ഉപയോഗിച്ചത്. പൂരം കലക്കലിൽ സിബിഐ അന്വേഷണം വേണമെന്നാണ് സുരേഷ് ഗോപി പറഞ്ഞത്. എന്നാൽ, ഇക്കാര്യത്തിൽ ഇതുവരെ ഒരു സിപിഎം നേതാവ് പോലും പ്രതികരിച്ചില്ല. എന്തെങ്കിലും ഒരു സിപിഎം നേതാവിന് അതിനെ ചോദ്യം ചെയ്യാൻ ധൈര്യമുണ്ടോയെന്നും വിഡി സതീശൻ വെല്ലുവിളിച്ചു. മൂവ് ഔട്ട് എന്നും പ്രതികരിക്കാൻ സൗകര്യമില്ലെന്നുമൊക്കെയുള്ള സുരേഷ് ഗോപിയുടെ പ്രതികരണം ധിക്കാരപരമാണെന്നും വിഡി സതീശൻ പറഞ്ഞു. പാലക്കാട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു വിഡി സതീശൻ.
യുഡിഎഫ് ഒറ്റക്കെട്ടായാണ് ഉപതെരഞ്ഞെടുപ്പിനു വേണ്ടി പ്രവർത്തിക്കുന്നതെന്ന് കെസി വേണുഗോപാല്‍ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. 10 കൊല്ലമായി കേരളത്തിൽ സിപിഎം- ബിജെപി ഡീൽ ഉണ്ട്. കത്ത് വിവാദത്തിൽ പാലക്കാട് ഡിസിസിക്ക് അഭിപ്രായം പറയാൻ സ്വാതന്ത്ര്യം ഉണ്ട്. പാർട്ടിയിൽ ഇത്ര ഐക്യം ഇതിന് മുൻപ് ഉണ്ടായിട്ടില്ലെന്നും കെസി വേണുഗോപാൽ പറഞ്ഞു. എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ ജില്ലാ കളക്ടറെക്കൊണ്ട് മലക്കം മറിയിപ്പിച്ചു.
കണ്ണൂർ കളക്ടർ മര്യാദകളെല്ലാം കാറ്റിൽ പറത്തി. സ്വന്തം സഹപ്രവർത്തകനെ കുറ്റക്കാരനാക്കിയ കളക്ടർക്ക് ആസ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും കെസി വേണുഗോപാൽ പറഞ്ഞു. കളക്ടറുടെ മൊഴിക്ക് പിന്നിൽ സിപിഎമ്മാണ്. സിപിഎമ്മിലെ ഒരു വിഭാഗം കേരളത്തിൽ സെൽ ഭരണം നടത്തുകയാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
കേന്ദ്രം പിൻവലിച്ച കാർഷിക നിയമത്തെ പിന്തുണച്ച് സുരേഷ് ഗോപി; 'നിയമം കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം'