പൂവാട്ടുപറമ്പിൽ സ്വകാര്യ ആശുപത്രിയുടെ പാർക്കിങ് ഏരിയയിൽ നിർത്തിയിട്ട കാറിൽ നിന്ന് 40 ലക്ഷം രൂപ കവർന്നതായി പരാതി
കോഴിക്കോട്: പൂവാട്ടു പറമ്പിൽ നിർത്തിയിട്ട കാറിൽ നിന്നും 40.25 ലക്ഷം രൂപ കവർന്നതായി പരാതി. പൂവാട്ടുപറമ്പ് കെയർ ലാൻ്റ് ആശുപത്രിയുടെ പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ട കാറിന്റെ ഗ്ലാസ് തകർത്താണ് കവർച്ച നടത്തിയതെന്നാണ് പരാതി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി.
ആനക്കുഴിക്കര സ്വദേശി റഹീസിന്റെ പണമാണ് നഷ്ടമായത്. കെഎൽ 11 ബിടി 2538 നമ്പർ കാറിലാണ് പണം സൂക്ഷിച്ചിരുന്നത്. നാല്‍പ്പത് ലക്ഷം രൂപ കാര്‍ഡ് ബോര്‍ഡ് പെട്ടിയിലാക്കി ചാക്കില്‍ കെട്ടി കാറിന്‍റെ മുന്‍വശത്തെ സീറ്റിന് സമീപത്താണ് വച്ചിരുന്നത്. 25000 രൂപ ഡാഷ് ബോര്‍ഡിലുമാണ് സൂക്ഷിച്ചത്. മാർച്ച് 19 ന് പകൽ 3.10 നും നാല് മണിക്കും ഇടയിലാണ് മോഷണം നടന്നത്. കാറിൻ്റെ മുൻവശത്തെ ഗ്ലാസ് തകർത്തായിരുന്നു മോഷണം. ബൈക്കിലെത്തിയ രണ്ടു പേർ ചാക്കുമായി പോകുന്ന സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചു. അതേസമയം പണത്തിന്റെ ഉറവിടം സംബന്ധിച്ച് സംശയമുണ്ടെന്ന് പൊലീസ് പറയുന്നു. ഭാര്യാ പിതാവ് നല്‍കിയ തുകയും സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഒരു ജ്വല്ലറിയില്‍ നിന്നും ലഭിച്ച തുകയുമാണ് നഷ്ടമായതെന്നാണ് റഹീസ് മൊഴി നല്‍കിയിരിക്കുന്നത്.