അഭിനയിക്കാൻ എന്ത് മരുന്നാണ് കൊടുക്കാറുള്ളതെന്ന് അന്ന് അജുച്ചേട്ടൻ ചോദിച്ചു 

വീര ധീര സൂരനിൽ ചിയാൻ വിക്രമിന്റെ മകളായി ആവണി, അടുത്തത് സൂര്യയുടെ റെട്രോയിൽ  

aavni anjali nair exclucive interview

 

എമ്പുരാനൊപ്പം തിയറ്ററുകളിലെത്തിയ തമിഴ് ചിത്രം വിക്രം നായകനാവുന്ന വീര ധീര സൂരനിൽ സുരാജ് വെഞ്ഞാറമൂടിനും മാലാ പാര്‍വതിക്കുമൊപ്പം മലയാളത്തിൽ നിന്ന് ആവണി അഞ്ജലി നായർ കൂടിയുണ്ട്.ചിയാൻ വിക്രം സാറിന്റെ മകളുടെ വേഷമാണ് ആവണി അവതരിപ്പിച്ചിരിക്കുന്നത്.  ഇത്  രണ്ടാമത്തെ തമിഴ് സിനിമയാണിതെന്നും ആദ്യമായി അത്രയധികം ഇഷ്ടപ്പെട്ടു ചെയ്ത കഥാപാത്രമാണെന്നും പറഞ്ഞുകൊണ്ട് തന്റെ സിനിമാ വിശേഷങ്ങൾ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് ആവണി പങ്കുവെക്കുന്നു. 

Latest Videos

വിക്രം സാറിനൊപ്പമുള്ള ആദ്യ സീൻ 

വിക്രം സാറിന്റെ മകളുടെ വേഷമാണ് സിനിമയിൽ അവതരിപ്പിച്ചത്. വിക്രം സാർ കൂളായ മനുഷ്യനാണെങ്കിലും അദ്ദേഹത്തോടൊപ്പമുള്ള ആദ്യ ഷോട്ട് എടുക്കുമ്പോൾ ടെൻഷൻ തോന്നി. ആദ്യമായാണ് ഇത്രയും വലിയൊരു താരത്തിനൊപ്പം അഭിനയിക്കുന്നത്. ഒരുമിച്ചുള്ള  സീനിൽ ഞാൻ മോശമായാൽ  സിനിമയെ മൊത്തത്തിൽ ബാധിക്കാൻ സാധ്യതയുണ്ടല്ലോ, അതുകൊണ്ട് അത്യാവശ്യം നല്ല രീതിയിൽ ഒരു സീനിനെ കുറിച്ച് പഠിച്ചതിന് ശേഷം മാത്രമായിരുന്നു ക്യാമറയ്ക്ക് മുന്നിൽ നിന്നിരുന്നത്. വിക്രം സാറാണെങ്കിൽ നമ്മളെ ഞെട്ടിക്കും. 'ഹായ്' എന്ന് പറയേണ്ട ഒരു സീനാണെങ്കിൽ വിക്രം സാർ അവിടെ 'ഹലോ ഹായ്' എന്നൊക്കെ പറഞ്ഞു പോകും. പെട്ടന്ന് ഇംപ്രൊവൈസ് ചെയ്യുമ്പോൾ ഒപ്പം  നിൽക്കുന്ന ആളും അതനുസരിച്ച് തയ്യാറെടുക്കണം. വിക്രം സാറിൽ നിന്ന് അതെല്ലാം കണ്ടു പഠിക്കാൻ ശ്രമിച്ചു, അതുപോലെ അദ്ദേഹംആക്ഷൻ  രംഗങ്ങൾക്കെല്ലാം എടുക്കുന്ന പ്രയത്നം  കണ്ടു പഠിക്കേണ്ടതാണ്. 

 

 

തമിഴിൽ ഇത് രണ്ടാമത്തെ ചിത്രം

രജനി സാറിന്റെ അണ്ണാത്തെയിലാണ് ആദ്യമായി തമിഴിൽ അഭിനയിക്കാൻ അവസരം ലഭിക്കുന്നത്. അതൊരു പാട്ട് സീനിൽ മാത്രമാണ്. അരുൺ സാർ വീര ധീര സൂരനുവേണ്ടി വർക്ക് ഷോപ്പ്  സംഘടിപ്പിച്ചിരുന്നു.അതിൽ ഞാനും പങ്കെടുത്തിരുന്നു. ചെന്നൈയിൽ വച്ചായിരുന്നു. വിക്രം സാറും അവിടെ വന്നിരുന്നു. സീനുകൾ അഭിനയിപ്പിച്ചു. കുറേയൊക്കെ ശരിയാക്കിയാക്കുകയും  തെറ്റിക്കുകയും ചെയ്തു. ഒപ്പം കൺഫ്യൂഷൻസും  ഉണ്ടായിരുന്നു. വർക്ക് ഷോപ്പിന് ശേഷം കൊച്ചിയിൽ എത്തിയപ്പോഴും ആ കഥാപാത്രമായിരുന്നു മനസിൽ. അമ്മ വഴി ആ കഥാപാത്രത്തിന് വേണ്ടി എന്നെ പരിഗണിക്കാൻ സാധ്യതയുണ്ടോയെന്നൊക്കെ അന്വേഷിച്ചിരുന്നു. പിന്നീട് അത് കിട്ടിയെന്നറിഞ്ഞപ്പോൾ ഹാപ്പിയായി. തമിഴ് വലിയ രീതിയിൽ അറിയാത്തതിന്‍റെ പ്രശ്നം ഉണ്ടായിരുന്നു. പക്ഷേ അത് പഠിച്ചെടുക്കാൻ അടുത്തുള്ള ചെറിയ കടകളിലെല്ലാം പോയി തമിഴ് സംസാരിക്കുമായിരുന്നു. വീട്ടിലും തമിഴ് ശീലമാക്കി. ആദ്യ ഷോട്ട് എടുക്കുന്ന സമയം, സംവിധായകൻ അരുൺ സാർ തമിഴിൽ എന്തോ പറഞ്ഞു. എനിക്കാണെങ്കിൽ അത് ആദ്യം മനസിലായില്ല. പിന്നെ സാർ പറഞ്ഞ ഓരോ കാര്യങ്ങളും ചേർത്തുവച്ചാണ് അർത്ഥം കണ്ടു പിടിച്ചത്. ഭാഷ എനിക്ക് പ്രശ്നമുള്ള കാര്യമല്ല, അഭിനയിക്കാൻ അത്രമാത്രം ഇഷ്ടമായത് കൊണ്ട് ഏത് ഭാഷ എന്നത് ഒരു തടസമല്ല. വീര ധീര സൂരന്‍റെ ഷൂട്ടിംഗ് കഴിഞ്ഞതിന് ശേഷം ഒരു ഓട്ടോഗ്രാഫ് പോലെ മറ്റുള്ളവരില്‍ നിന്ന് എഴുതി വാങ്ങിയിരുന്നു. അതിൽ സംവിധായകൻ അരുൺ സാർ അദ്ദേഹത്തിന്റെ ജോലി ഞാന്‍ കുറച്ചുകൂടി എളുപ്പമാക്കി എന്ന്  എഴുതിയത് കണ്ടപ്പോൾ  സന്തോഷം തോന്നി. 

സൂര്യ സാറിനൊപ്പം റെട്രോ

മെയ് ഒന്നിന് റിലീസിനെത്തുന്ന സൂര്യ സാറിന്റെ റെട്രോയിൽ ഒരു സുപ്രധാന വേഷം ചെയ്യുന്നുണ്ട്. ആ  കഥാപാത്രത്തെ കുറിച്ച് കൂടുതലൊന്നും പറയാൻ കഴിയില്ല, അത്രയും സർപ്രൈസ് നിറഞ്ഞ വേഷമാണ്. സൂര്യ സാർ  നല്ലൊരു  വ്യക്തിത്വത്തിന്റെ ഉടമയാണ്.റെട്രോയുടെ ഭാഗമായത്  നല്ലൊരു അനുഭവമായിരുന്നു. സാറിനൊപ്പം ഒന്നിച്ചു ഫോട്ടോ എടുത്തു. റെട്രോയുടെ റിലീസിനായി കാത്തിരിക്കുകയാണ്. 

അജു ചേട്ടൻ അന്ന്  പറഞ്ഞത് 

ഫിനിക്സ് എന്ന ചിത്രം എനിക്ക് മലയാള സിനിമ ഇൻഡസ്ട്രിയിൽ ഒരു സ്പേസ് തന്ന സിനിമയാണ്.പേടിപ്പെടുത്തുകയും ഒപ്പം ഒരുപാട് ഇമോഷണൽ ലയറുകളുള്ള വേഷമായിരുന്നു ആ കഥാപാത്രം. ക്ലൈമാക്സ് സീനിലെ പ്രകടനം കണ്ട് അമ്മയോട് അജു ചേട്ടൻ ചോദിച്ചിരുന്നു അഭിനയിക്കാൻ എന്ത് മരുന്നാണ് കൊടുക്കുന്നതെന്ന്. ക്ലൈമാക്സിലെ സീൻ എടുത്തതിന് ശേഷം എല്ലാവരും കൈയ്യടിച്ചിരുന്നു. 

തിരഞ്ഞെടുപ്പുകൾ അമ്മയുമൊത്ത് 

അമ്മ അഞ്ജലി നായർ സിനിമ മേഖലയിൽ  നിന്നുള്ള ഒരാളായത് കൊണ്ട് ചെറുപ്പം മുതൽ സിനിമാ ലൊക്കേഷനുകൾ  പരിചിതമാണ്. അമ്മയുടെ സിനിമ തിരഞ്ഞെടുപ്പുകളിൽ ഞാൻ അഭിപ്രായം പറയാറുണ്ട്. അമ്മ ചെയ്തതിൽ തമിഴ് ചിത്രം ചിത്തയിലെ വേഷം പ്രിയപ്പെട്ടതാണ്. എനിക്ക് വരുന്ന സിനിമകളിൽ ലൊക്കേഷൻ എവിടെയാണെന്നൊക്കെയാണ്  പ്രധാനമായി  അമ്മ  നോക്കാറുള്ളത്. ഞാനാണെങ്കിൽ ആ  കഥാപാത്രത്തിന്  എന്തെങ്കിലും ചെയ്യാനുണ്ടോ എന്നൊക്കെ നോക്കിയാണ് തിരഞ്ഞെടുക്കാറുള്ളത്.

vuukle one pixel image
click me!