ഉത്തരവിന്റെ പൂർണ്ണരൂപം കിട്ടിയതിനുശേഷം സഹപ്രവർത്തകരുമായി ആലോചിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നും യുഡിഎഫിന് രാഷ്ട്രീയമായ തിരിച്ചടിയാണ് എന്ന് പറയാൻ ആവില്ലെന്നും മാത്യു കുഴൽനാടൻ പ്രതികരിച്ചു.
കൊച്ചി: അഴിമതിക്കെതിരായ പോരാട്ടം തുടരുമെന്ന് മാത്യു കുഴൽനാടൻ. ഒരുപാട് അക്രമികളും അഴിമതിക്കാരും ബലാത്സംഗം ചെയ്തവരും തെളിവില്ലാത്തതിന്റെ പേരിൽ കോടതി നടപടികളിൽ നിന്ന് രക്ഷപ്പെട്ടിട്ടുണ്ട്. എന്ന് കരുതി അവർ ചെയ്ത കുറ്റകൃത്യം ഇല്ലാതാകുന്നില്ല. ഉത്തരവിന്റെ പൂർണ്ണരൂപം കിട്ടിയതിനുശേഷം സഹപ്രവർത്തകരുമായി ആലോചിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നും യുഡിഎഫിന് രാഷ്ട്രീയമായ തിരിച്ചടിയാണ് എന്ന് പറയാൻ ആവില്ലെന്നും മാത്യു കുഴൽനാടൻ പ്രതികരിച്ചു.
മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളിയതിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണം. മാത്യു കുഴൽനാടനും ഗിരീഷ് ബാബുവും നൽകിയ ഹർജികളാണ് തള്ളിയത്. ജസ്റ്റിസ് കെ ബാബുവിന്‍റേതാണ് ഉത്തരവ്. ഹർജി രാഷ്ട്രീയ പ്രേരിതമാണെന്ന വിജിലൻസ് കോടതി പരാമർശം അനാവശ്യമെന്ന് ഹൈക്കോടതി പരാമര്‍ശിച്ചു. മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനമായ എക്സാലോജിക്കും കൊച്ചിയിലെ കരിമണൽ കമ്പനിയായി സി എം ആർ എല്ലും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാട് വിജിലൻസ് അന്വേഷിക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.
മൂവാറ്റുപുഴ വിജിലൻസ് കോടതി നേരത്തെ ഈ ആവശ്യം തളളിയിരുന്നു. ഹർജിയിൽ വാദം നടക്കുന്നതിനിടെ ഹർജിക്കാരനായ ഗിരീഷ് ബാബു മരിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനടക്കമുളളവരെ എതിർകക്ഷികളാക്കിയാണ് മാത്യു കുഴൽനാടന്‍റെ ഹർജി. മുഖ്യമന്ത്രിയുടെ മകൾ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്സാലോജിക് കമ്പനി സിഎം ആർ എല്ലിൽ നിന്ന് മാസപ്പടി വാങ്ങിയതെന്നും ഇത് വിജിലൻസ് അന്വേഷണത്തിന്‍റെ പരിധിയിൽ വരുമെന്നുമായിരുന്നു വാദം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...