ഗോവയിലെ ഫത്തോര്‍ഡ സ്റ്റേഡിയത്തില്‍ ശക്തമായ സ്റ്റാര്‍ട്ടിംഗ് ഇലവനെയാണ് ഇരു ടീമും അണിനിരത്തിയത്.
ഫത്തോര്‍ഡ: ഐഎസ്എല്‍ ഏഴാം സീസണിലെ കലാശപ്പോരില്‍ മുംബൈ സിറ്റി-എടികെ മോഹന്‍ ബഗാന്‍ ആദ്യപകുതി തുല്യം(1-1). 18-ാം മിനുറ്റില്‍ ഡേവിഡ് വില്യംസിന്‍റെ ഗോള്‍ കൊല്‍ക്കത്തന്‍ കരുത്തരെ മുന്നിലെത്തിച്ചപ്പോള്‍ 29-ാം മിനുറ്റില്‍ തിരിയുടെ ഓണ്‍ഗോളാണ് സമനിലയിലേക്കെത്തിച്ചത്.
ഗോവയിലെ ഫത്തോര്‍ഡ സ്റ്റേഡിയത്തില്‍ ശക്തമായ സ്റ്റാര്‍ട്ടിംഗ് ഇലവനെയാണ് ഇരു ടീമും അണിനിരത്തിയത്. എന്നാല്‍ മുംബൈ സിറ്റിയുടെ സൂപ്പര്‍താരം ബെര്‍ത്തലോമ്യൂ ഓഗ്‌ബെച്ചേ ബഞ്ചിലായിരുന്നു. ആഡം ലെ ഫോന്‍ഡ്രേയെ ആക്രമണത്തിന് നിയോഗിച്ച് 4-2-3-1 ഫോര്‍മേഷനിലായിരുന്നു മുംബൈയുടെ പടപ്പുറപ്പാട്. ഡേവിഡ് വില്യംസും റോയ് കൃഷ്‌ണയും സ്‌ട്രൈക്കര്‍മാരായി ഇറങ്ങിയപ്പോള്‍ 3-5-2 ശൈലിയില്‍ അഞ്ച് താരങ്ങളെ എടികെ മധ്യനിരയില്‍ പരീക്ഷിച്ചു.
മുംബൈ സിറ്റി സ്റ്റാര്‍ട്ടിംഗ് ഇലവന്‍: അമരീന്ദര്‍ സിംഗ്(ഗോള്‍കീപ്പര്‍, ക്യാപ്റ്റന്‍), അമയ് റെനാവാഡേ, മൗര്‍ത്താഡ ഫാള്‍, ഹെര്‍നന്‍ സാന്‍റാന, വിഗ്‌നേഷ് ദക്ഷിണാമൂര്‍ത്തി. അഹ്‌മദ് ജാഹൂ, റൗളിന്‍ ബോര്‍ജസ്, റെയ്‌നിയര്‍ ഫെര്‍ണാണ്ടസ്, ഹ്യൂഗോ ബൗമസ്, ബിപിന്‍ സിംഗ്, ആഡം ലെ ഫോന്‍ഡ്രേ.
എടികെ സ്റ്റാര്‍ട്ടിംഗ് ഇലവന്‍: അരിന്ദം ഭട്ടാചാര്യ(ഗോള്‍കീപ്പര്‍), പ്രീതം കോട്ടാല്‍, സന്ദേശ് ജിംഗാന്‍, തിരി, സുഭാശിഷ് ബോസ്, കാള്‍ മക്ഹ്യൂ, ഹാവിയര്‍ ഹെര്‍ണാണ്ടസ്, ലെന്നി റോഡ്രിഗസ്, മന്‍വീര്‍ സിംഗ്, ഡേവിഡ് വില്യംസ്, റോയ് കൃഷ്‌ണ(ക്യാപ്റ്റന്‍).
ആവേശം ആദ്യപകുതി
എടികെയുടെ ആക്രമണത്തുടക്കമായിരുന്നു ഫത്തോര്‍ഡയിലെ ആദ്യ മിനുറ്റുകളില്‍. 11-ാം മിനുറ്റില്‍ എടികെയുടെ ഹാവിയര്‍ ഹെര്‍ണാണ്ടസ് തൊടുത്ത ഫ്രീകിക്ക് ബാറിനെ ഉരുമി കടന്നുപോയി. 15-ാം മിനുറ്റില്‍ മുംബൈക്ക് ലഭിച്ച ഫ്രീക്കിക്കും വല തൊട്ടില്ല. തൊട്ടുപിന്നാലെ റോയ് കൃഷ്‌ണയുടെ ഷോട്ട് അമരീന്ദര്‍ തട്ടിയകറ്റി. എന്നാല്‍ 18-ാം മിനുറ്റില്‍ ഡേവിഡ് വില്യംസ് എടികെയെ മുന്നിലെത്തിച്ചു. അഹ്‌മദ് ജാഹുവിന്‍റെ പിഴവില്‍ പന്ത് റാഞ്ചിയ റോയ് കൃഷ്‌ണ വഴിവെട്ടിയപ്പോള്‍ ബുള്ളറ്റ് ഷോട്ട് പായിക്കുകയായിരുന്നു വില്യംസ്.
എന്നാല്‍ 29-ാം മിനുറ്റില്‍ എടികെ ഡിഫന്‍റര്‍ തിരിയുടെ ഓണ്‍ഗോള്‍ മുംബൈയെ ഒപ്പമെത്തിച്ചു. ബിബിന്‍ സിംഗിനായി അഹ്‌മദ് ജാഹു നീട്ടിയ ലോംഗ് ബോളില്‍ പന്ത് ഹെഡ് ചെയ്ത് പുറത്തുകളയാന്‍ ശ്രമിച്ച തിരിക്ക് പിഴയ്‌ക്കുകയായിരുന്നു. ആദ്യപകുതിയുടെ ഇഞ്ചുറിസമയത്ത് റോയ് കൃഷ്‌ണ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും എടികെയുടെ രണ്ടാം ഗോള്‍ പിറന്നില്ല. തൊട്ടുപിന്നാലെ അമയ് റെനാവാഡേ പരിക്കേറ്റ് മൈതാനത്ത് വീണത് വലിയ ആശങ്ക സൃഷ്‌ടിച്ചു.